ആംഗ്യഭാഷ സത്യത്തില്‍ എനിക്ക് വശമില്ലാത്തതാണ്. എങ്കിലും ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ അത് ഉപയോഗിക്കേണ്ടിവരും. പാടത്ത് പണിക്കുവരുന്ന ബംഗാളികളോട് ഞാനത് പരീക്ഷിച്ചുനോക്കിയിട്ടുണ്ട്. അവരില്‍ കുറെ പേര്‍ക്ക് ഹിന്ദി അറിയാം. പക്ഷേ, എനിക്കറിയില്ലല്ലോ. എന്റെ ഹിന്ദി 'ഗാന്ധിനഗര്‍ സെക്കന്‍ഡ് സ്ട്രീറ്റിലെ' ഗൂര്‍ഖയുടെ ഹിന്ദിയാണ്. ബംഗാളിയാണ് ഭേദം. അംഗവിക്ഷേപങ്ങളിലൂടെ ഞാന്‍ അഭിനയിച്ചുകാണിക്കുന്നത് അവര്‍ക്ക് മനസ്സിലാകാറുണ്ട്. മൂന്നാമതൊരാള്‍ മാറിനിന്ന് നോക്കിയാല്‍ ചിരിക്കാനുള്ള വകയുണ്ടാകുമെന്നുമാത്രം.

പണ്ട് 'മണ്ടന്മാര്‍ ലണ്ടനില്‍' എന്ന സിനിമയെടുക്കാന്‍ ലണ്ടനിലേക്ക് പോയപ്പോള്‍ സംഗീതസംവിധായകന്‍ ശ്യാം ഞങ്ങളോടൊപ്പം വന്നു. ഷൂട്ടിങ് സ്ഥലത്ത് സംഗീതസംവിധായകന്റെ സാന്നിധ്യം ആവശ്യമുണ്ടായിട്ടൊന്നുമല്ല. മദ്രാസിലെ ജോലിത്തിരക്കുകള്‍ക്കിടയില്‍നിന്ന് കുറച്ചുനാള്‍ അവധിയെടുത്ത് ഒന്ന് ചുറ്റിയടിക്കാം. അത്രയേ അദ്ദേഹം കരുതിയിട്ടുള്ളൂ. ലണ്ടനില്‍ കുറച്ചുദിവസം തങ്ങിയതിനുശേഷം ടൂറിസ്റ്റ് വിസയില്‍ പാരീസ് ഒന്ന് കണ്ടുവരാമെന്ന് പറഞ്ഞ് ശ്യാം ഫ്രാന്‍സിലേക്ക് പോയി. പത്തുദിവസം കഴിഞ്ഞപ്പോള്‍ തിരിച്ചുവരികയും യാത്ര ഭംഗിയായി എന്നുപറയുകയും ചെയ്തു.

പിന്നേയും ഒരുവര്‍ഷം കഴിഞ്ഞിട്ടാണ് ഞാന്‍ പാരീസില്‍ പോകുന്നത്. 'വെറുതെ ഒരു പിണക്കം' എന്ന സിനിമയുടെ ലൊക്കേഷന്‍ നോക്കാനായിരുന്നു യാത്ര. ഒപ്പം നിര്‍മാതാവ് റഷീദുമുണ്ട്. ഇന്നത്തെ സിനിമാനടന്‍ റിയാസ്ഖാന്റെ പിതാവാണ് റഷീദ്. ഞങ്ങള്‍ പാരീസിലെത്തിയപ്പോഴാണ് ഫ്രഞ്ച് ഭാഷയറിയാതെ അവിടെ പുറത്തിറങ്ങിയാല്‍ പെട്ടുപോകുമെന്ന് മനസ്സിലായത്. ഒരാളും ഇംഗ്ലീഷ് പറയില്ല. ഇംഗ്ലീഷിലെന്തെങ്കിലും ചോദിച്ചാല്‍ മറുപടി പോലുമുണ്ടാകില്ല. ഒരു ഹോട്ടലില്‍ കയറി ഭക്ഷണം ഓര്‍ഡര്‍ ചെയ്യാന്‍ നിവൃത്തിയില്ല. കടകളില്‍ എന്തെങ്കിലും സാധനമുണ്ടോ എന്ന് അന്വേഷിച്ചാല്‍ അവര്‍ മനസ്സിലാകാതെ കൈമലര്‍ത്തും. ഫ്രാന്‍സില്‍ സ്ഥിരതാമസക്കാരായ രണ്ട് സുഹൃത്തുക്കളുണ്ടായിരുന്നതുകൊണ്ട് ഞങ്ങളാ കടമ്പകളൊക്കെ കടന്നുവെന്നുമാത്രം. അപ്പോഴാണ് ഓര്‍ത്തത് ഒരു പരിചയക്കാരുമില്ലാതെ പത്തുദിവസം ശ്യാം ഇവിടെ കഴിഞ്ഞത് എങ്ങനെയാണെന്ന്!

നാട്ടിലെത്തിയ ഉടനെ ശ്യാമിനെ നേരിട്ട് കണ്ട് ഞാനത് ചോദിച്ചു. ശ്യാം പൊട്ടിച്ചിരിച്ചു, ''ഒന്നും പറയണ്ട മോനെ. കഷ്ടപ്പെട്ടുപോയി.'' ആദ്യദിവസം ഒരു റെസ്റ്റോറന്റില്‍ പോയി 'ചിക്കന്‍' ചോദിച്ചുവത്രെ. അറിയാവുന്ന ഭാഷയിലൊക്കെ ചോദിച്ചിട്ടും അവര്‍ക്ക് മനസ്സിലാവാതെ വന്നപ്പോള്‍ അറ്റകൈ പ്രയോഗിച്ചു. കോഴികൂകുന്നതുപോലെ 'കൊക്കരക്കോ' എന്ന് കൂകിക്കാണിച്ചു. കോഴിക്ക് ഫ്രഞ്ച് കൂവല്‍, ഇംഗ്ലീഷ് കൂവല്‍ എന്നൊന്നുമില്ലല്ലോ. കൃത്യമായി ചിക്കന്‍ ഐറ്റംസ് ടേബിളിലെത്തി. ഞാനതുകേട്ട് ചിരിച്ചുമറിഞ്ഞു. ശ്യാമിനെ നേരിട്ടറിയാവുന്നവര്‍ക്കേ അതിന്റെ തമാശ പൂര്‍ണമായി മനസ്സിലാകൂ. വളരെ ഗൗരവക്കാരനാണ് ശ്യാം. എപ്പോഴും കൂളിങ് ഗ്ലാസൊക്കെവെച്ച് നല്ല സ്‌റ്റൈലില്‍ നടക്കുന്ന പ്രശസ്തനായ സംഗീതസംവിധായകന്‍ ഫ്രാന്‍സിലെ ഒരു റെസ്റ്റോറന്റില്‍നിന്ന് കോഴി കൂവുന്നപോലെ കൂകിയ രംഗമോര്‍ത്ത് എനിക്ക് ചിരി നിയന്ത്രിക്കാനായില്ല. അതുകണ്ടതും അനുഭവം പറച്ചിലിന് ശ്യാം പെട്ടെന്ന് ഫുള്‍സ്റ്റോപ്പിട്ടു. ഞാനിത് നാടുമുഴുവന്‍ പാട്ടാക്കുമെന്ന് മൂപ്പര്‍ക്ക് മനസ്സിലായിക്കാണും. എത്രചോദിച്ചിട്ടും പാരീസ് യാത്രയെപ്പറ്റി പിന്നീട് ഒരക്ഷരം മിണ്ടിയില്ല. ഇപ്പോള്‍ ചോദിച്ചാലും ശ്യാം അത് പറയുമെന്നെനിക്ക് തോന്നുന്നില്ല.

വിഷയത്തിലേക്ക് വരുന്നതേയുള്ളൂ. സംവിധാനം പഠിക്കാന്‍ കെട്ടുംകെട്ടി ഞാന്‍ മദ്രാസിലെത്തിയ കാലം. കേരളത്തില്‍നിന്ന് പുറത്തുപോകുന്നത് ആദ്യമായിട്ടാണ്. എഗ്മൂര്‍ ഹൈറോഡിലാണ് ഡോക്ടര്‍ ബാലകൃഷ്ണന്റെ ഓഫീസ്. അതിന്റെ തൊട്ടടുത്ത് പാലസ് ലോഡ്ജില്‍ എനിക്കുവേണ്ടി ഡോക്ടര്‍ ഒരു മുറി പറഞ്ഞുവെച്ചിരുന്നു. താമസിക്കാനുള്ള മുറികള്‍ മാത്രമേ അവിടെയുള്ളൂ. ഭക്ഷണത്തിനൊക്കെ പുറത്തുപോകണം. രണ്ടുമൂന്ന് മാസം ഞാനവിടെ ഒറ്റയ്‌ക്കൊരു മുറിയില്‍ താമസിച്ചു. നൂറ്റമ്പത് രൂപയാണ് മാസവാടക. അമ്പതുകൊല്ലംമുന്‍പ് നൂറ്റമ്പത് രൂപ ഒരു വലിയ സംഖ്യയാണ്. ഡോക്ടറുടെ 'രേഖാ സിനി ആര്‍ട്സി'ല്‍ നിന്ന് കിട്ടുന്ന ചെറിയ തുകകൊണ്ടാണ് ജീവിതം.

ഒരു ദിവസം ലോഡ്ജിന്റെ മാനേജര്‍ പറഞ്ഞു, മുറി മറ്റൊരാള്‍ കൂടി ഷെയര്‍ ചെയ്യുകയാണെങ്കില്‍ പകുതി വാടക തന്നാല്‍ മതിയെന്ന്. അത് വലിയ ആശ്വാസമായി. ശെല്‍വരാജ് എന്ന തഞ്ചാവൂര്‍കാരനാണ് സഹമുറിയന്‍. അവിടെ അടുത്തൊരു ടെക്സ്‌റ്റൈല്‍ ഷോപ്പിലെ മാനേജരാണ്. നെറ്റിയില്‍ വലിയ ഭസ്മക്കുറിയണിഞ്ഞുനടക്കുന്ന മെലിഞ്ഞുനീണ്ട ഒരു സാധു. ശെല്‍വരാജിന് മലയാളവും എനിക്ക് തമിഴും അറിയാത്തതുകൊണ്ട് മുറിയിലെപ്പോഴും നിശ്ശബ്ദതയാണ്. പരസ്പരം ചിരിക്കും. കിടക്കാറായോ, ലൈറ്റ് ഓഫ് ചെയ്യണോ എന്നൊക്കെ ആംഗ്യഭാഷയില്‍ ചോദിക്കും. ആരും ആര്‍ക്കും ഭീഷണിയല്ലാത്ത ശാന്തസുന്ദരമായ ജീവിതം.

ശെല്‍വരാജ് രാവിലെ നേരത്തെ ഉണരും. പഴനിയാണ്ടവന്‍ മുതല്‍ തിരുപ്പതിഭഗവാന്‍ വരെയുള്ളവരുടെ ചിത്രങ്ങള്‍ ഒരു മൂലയില്‍ നിരത്തിവെച്ചിട്ടുണ്ട്. കുളിച്ച് ഭസ്മം പൂശി കുറച്ച് ചന്ദനത്തിരിയും കത്തിച്ച് ദീര്‍ഘനേരം അതിന്റെ മുന്‍പിലിരുന്ന് പ്രാര്‍ഥിക്കും. ഉറക്കത്തിലാണെന്ന ഭാവത്തില്‍ പുതപ്പിനിടയിലൂടെ ഞാന്‍ ഒളിച്ചുനോക്കുമ്പോള്‍ പ്രാര്‍ഥന മാത്രമല്ല നേര്‍ത്ത ശബ്ദത്തില്‍ ദൈവങ്ങളോട് എന്തൊക്കെയോ യാചിക്കുന്നുമുണ്ട്.
എന്നേക്കാള്‍ മുന്‍പേ അയാള്‍ ജോലിക്കുപോകും. പോകുമ്പോള്‍ തന്റെ ഇരുമ്പുപെട്ടി ഭദ്രമായി അടച്ചുപൂട്ടി താക്കോല്‍ പോക്കറ്റിലിട്ട് ആംഗ്യഭാഷയില്‍ എന്നോടു പറയും-''റൂമിന്റെ താക്കോല്‍ റിസപ്ഷനില്‍ കൊടുക്കാന്‍ മറക്കരുത്.''

അത്യാവശ്യം ചില തമിഴ്വാക്കുകളൊക്കെ പഠിച്ചിട്ടും ഞാനതൊന്നും ശെല്‍വരാജിനോട് പ്രയോഗിക്കാറില്ല. ടെക്സ്‌റ്റൈല്‍ ഷോപ്പില്‍ മാനേജരാണെങ്കിലും അതിനനുസരിച്ചുള്ള ശമ്പളമൊന്നും അയാള്‍ക്ക് കിട്ടുന്നില്ല എന്നെനിക്ക് തോന്നിയിട്ടുണ്ട്. മാസത്തില്‍ ഒന്നോ രണ്ടോ തവണ ശെല്‍വരാജിന് നാട്ടില്‍നിന്നു കത്തുവരും. ഇന്‍ലെന്‍ഡിലാണ് എഴുത്ത്. മുറിയില്‍ ഞാന്‍ നേരത്തേ തിരിച്ചെത്തുന്ന ദിവസമാണെങ്കില്‍ റിസപ്ഷനിലെ പയ്യന്‍ കത്ത് എന്റെ കൈയില്‍ തരും. അതുകൊടുക്കുമ്പോള്‍ ചിരിച്ചുകൊണ്ട് ശെല്‍വരാജ് പറയും: ''പൊണ്ടാട്ടി...''

പൊണ്ടാട്ടിയെന്നുവെച്ചാല്‍ ഭാര്യയെന്നാണെന്ന് എനിക്ക് മനസ്സിലാകുമെങ്കിലും കഴുത്തില്‍ താലികെട്ടുന്ന ആക്ഷനോടെയാണ് അയാളതു പറയുക. ആംഗ്യഭാഷ ഞങ്ങള്‍ക്കിടയില്‍ ഒരു ശീലമായെന്നു ചുരുക്കം. കത്തുവരുന്ന ചില ദിവസങ്ങളില്‍ പോക്കറ്റിലും പെട്ടിയിലുമുള്ള നോട്ടും ചില്ലറയും തപ്പിയെടുത്ത് പോസ്റ്റോഫീസിലേക്ക് ഓടുന്നതുകാണാം. മണിയോര്‍ഡര്‍ അയക്കാനാണ്. എനിക്കതുകണ്ട് പാവം തോന്നും. പണം വല്ലതും വേണോ എന്നുചോദിക്കാനുള്ള അവസ്ഥ എനിക്കുമില്ലല്ലോ. ദാരിദ്ര്യത്തിന്റെ മധുരം നുണഞ്ഞ് ഞങ്ങള്‍ രണ്ടാത്മാക്കള്‍ ആ ചെറിയ മുറിയില്‍ സസുഖം കഴിഞ്ഞുവന്നു.

മിക്കവാറും ദിവസങ്ങളില്‍ ഞാന്‍ രാത്രി വൈകിയേ മുറിയിലെത്താറുള്ളൂ. രോഗികളൊഴിഞ്ഞ് ക്ലിനിക്കില്‍ നിന്ന് വീട്ടിലേക്ക് പോകുമ്പോള്‍ സംവിധാനം പഠിക്കാന്‍ വന്ന ഞങ്ങള്‍ മൂന്നുവിദ്യാര്‍ഥികളെയും ഡോക്ടര്‍ ബാലകൃഷ്ണന്‍ കൂടെക്കൂട്ടും. സിനിമയെപ്പറ്റിയും തിരക്കഥയെപ്പറ്റിയുമൊക്കെ ക്ലാസെടുക്കും. ഡോക്ടറുടെ വീട്ടില്‍നിന്നു കിട്ടുന്ന സുഭിക്ഷമായ ഭക്ഷണവും കഴിച്ചാണ് തിരിച്ചുവരിക. ഞാന്‍ മുറിയിലെത്തുമ്പോഴേക്കും ശെല്‍വരാജ് നല്ല ഉറക്കമായിക്കാണും.
 

ഡോക്ടര്‍ എവിടേക്കോ യാത്രപോയ ദിവസം ഓഫീസിനടുത്തുള്ള 'ബെന്‍സ് ഹോട്ടലി'ല്‍നിന്ന് പൊറോട്ടയും ചാപ്സും കഴിച്ച് ഞാന്‍ അല്പം നേരത്തേ മുറിയിലെത്തി. ശെല്‍വരാജ് ഷോപ്പില്‍നിന്നെത്തി വേഷം മാറുന്നതേയുള്ളൂ. എന്നെക്കണ്ടപ്പോള്‍ പതിവില്ലാത്ത ഒരു പരുങ്ങല്‍. അത്ര നേരത്തേ ഞാനെത്തുമെന്ന് പ്രതീക്ഷിക്കാത്തതുപോലെ. കുളികഴിഞ്ഞ് കുറച്ചുനേരം ഞാന്‍ വായിച്ചു. ''ഉറങ്ങണോ'' എന്നുചോദിച്ചപ്പോള്‍ ''വേണം'' എന്ന് ശെല്‍വരാജ് തലയാട്ടി. ലൈറ്റ് ഓഫ് ചെയ്ത് പുതപ്പെടുത്തു പുതച്ച് ഞാന്‍ കിടന്നു.

പുറത്തെ സ്ട്രീറ്റ് ലൈറ്റില്‍നിന്ന് നിലാവുപോലൊരു പ്രകാശം മുറിയിലുണ്ട്. പതുക്കെപ്പതുക്കെ ഞാനുറങ്ങിപ്പോയി. എപ്പോഴോ ഇടയ്‌ക്കൊന്നുണര്‍ന്നപ്പോള്‍ മുറിയില്‍ ചിക്കന്‍ ബിരിയാണിയുടെ മണം. തോന്നലാകുമെന്നു വിചാരിച്ചു. അല്ല. ചവച്ചുതിന്നുന്ന ശബ്ദം കേള്‍ക്കാം. തലതിരിച്ച് അറിയാത്തപോലെ നോക്കുമ്പോള്‍ പുറംതിരിഞ്ഞിരുന്ന് ശെല്‍വരാജ് ബിരിയാണി തിന്നുകയാണ്. എന്നെക്കണ്ടപ്പോഴുള്ള പരുങ്ങലിന്റെ കാരണം ഇതായിരുന്നുവെന്ന് എനിക്കു മനസ്സിലായി. പാവം, സ്വസ്ഥമായി മുറിയിലിരുന്ന് കഴിക്കാമെന്നുവെച്ചിട്ടാകാം ബിരിയാണി പാര്‍സലായി വാങ്ങിയത്.

പങ്കുവെയ്‌ക്കേണ്ടിവന്നാലോ എന്നുകരുതി അക്കാര്യം എന്നോടു പറഞ്ഞതുമില്ല. ചോദിച്ചാലും ഞാന്‍ വേണ്ടെന്നേ പറയൂ. ഭക്ഷണം കഴിച്ചിട്ടാണല്ലോ ഞാന്‍ വന്നത്. പക്ഷേ, ലൈറ്റിടാതെ ഒരു കള്ളനെപ്പോലെ ബിരിയാണിപ്പൊതിയഴിച്ച് ധൃതിയില്‍ കഴിക്കുന്ന ശെല്‍വരാജിനെ കണ്ടപ്പോള്‍ എനിക്ക് നെഞ്ചിനുള്ളിലൊരു വിഷമം. ഒപ്പം, അയാളുടെ കണ്ണില്‍ ഞാന്‍ അത്രയും ദരിദ്രവാസിയായിപ്പോയല്ലോ എന്നോര്‍ത്ത് സ്വയമൊരവജ്ഞയും.

ഞാന്‍ ഉറക്കംനടിച്ചുതന്നെ കിടന്നു. ബിരിയാണി പൊതിഞ്ഞുകൊണ്ടുവന്ന കടലാസ് ബാഗിനകത്ത് തിരുകിവെച്ച് സംതൃപ്തിയോടെ കൈകഴുകി വന്ന് കിടക്കുന്ന ശെല്‍വരാജിനെ എനിക്കു കാണാം.
രണ്ടുദിവസത്തിനുള്ളില്‍ത്തന്നെ ഞാന്‍ വേറേ താമസസ്ഥലം കണ്ടുപിടിച്ചു. പെട്ടിയും സാധനങ്ങളുമെടുത്ത് പോരുന്നതിനുമുന്‍പ് ശെല്‍വരാജിന് കൈകൊടുത്ത് ഞാന്‍ പറഞ്ഞു: ''താങ്ക്യൂ ശെല്‍വരാജ്. എവിടെയെങ്കിലുംവെച്ച് നമുക്ക് വീണ്ടും കാണാം. അപ്പറം പാര്‍ക്കലാം...''

അയാളുടെ കണ്ണിലെ പകച്ച നോട്ടം ഞാന്‍ തിരിച്ചറിഞ്ഞു. ഉടനേ മറ്റൊരു സഹമുറിയനെ കിട്ടിയില്ലെങ്കില്‍ മുഴുവന്‍ വാടക കൊടുക്കേണ്ടിവരുമല്ലോ എന്ന പേടിയാകാം. അല്ലെങ്കില്‍, ഇനി വരുന്നവന്‍ എന്നെപ്പോലെ സൗമ്യനും ശാന്തസ്വഭാവക്കാരനുമായില്ലെങ്കിലോ എന്ന സംശയമാകാം. ശെല്‍വരാജിനെ ചിന്തിക്കാന്‍ വിട്ട് ഞാന്‍ പാലസ് ലോഡ്ജിന്റെ പടിയിറങ്ങി. പിന്നീട് കുറെക്കാലം കഴിഞ്ഞ് അതുവഴി പോയപ്പോള്‍ ഞാനവിടെയൊന്നു കയറിനോക്കി. റിസപ്ഷനില്‍ കണ്ടുപരിചയമില്ലാത്ത വേറൊരു തമിഴനായിരുന്നു. ശെല്‍വരാജ് എന്നുപേരുള്ള ആരും അവിടെ താമസിക്കുന്നില്ലെന്ന് അയാള്‍ പറഞ്ഞു.
ജീവിതം ഒരു വലിയ യാത്രയാണല്ലോ. ചില മുഖങ്ങളെ പിന്നീടൊരിക്കലും കണ്ടില്ലെന്നുവരും. പ്രതീക്ഷിക്കാത്ത നേരത്ത് ഏതെങ്കിലുമൊരു വഴിത്തിരിവില്‍വെച്ച് കണ്ടുമുട്ടിയാലും അതിശയിക്കാനില്ല.