
' ജനിച്ചു വീണ ദാരിദ്ര്യത്തില്‍ ജീവിതം ഹോമിക്കില്ല', ഒന്നുമില്ലെന്നും ആരും കൂടെയില്ലെന്നും തോന്നിയ ഘട്ടത്തില്‍ ഷെമി എടുത്ത പ്രതിജ്ഞയാണത്. കണ്ണൂരിലെ തെരുവുകളില്‍ ബാപ്പയോടൊപ്പം ആക്രി സാധനങ്ങള്‍ ശേഖരിച്ചു വിറ്റു നടന്നിരുന്ന പെണ്‍കുട്ടിയായിരുന്നു അന്നവള്‍. ക്ഷീണിച്ച് തളരുമ്പോള്‍ ബാപ്പ അവളോട് പറയും: ''മോള് പഠിക്കണം. ആ ലൈബ്രറിയിലിരുന്ന് ഇഷ്ടം പോലെ വായിച്ച് വലുതാകണം.'' പിന്നീട് ഉമ്മയും ബാപ്പയും ദാരിദ്ര്യം കൊണ്ടും രോഗം കൊണ്ടും ഈ ലോകത്തോട് വിടപറഞ്ഞപ്പോഴാണ് അനാഥത്വം എത്ര വലുതാണ് എന്ന് മനസ്സിലായത്. ''ആരെയും ആശ്രയിക്കാതെ ജീവിക്കണം. പഠിച്ച് വലിയ ആളാവണം.'' അവളൊരു പ്രതിജ്ഞയെടുത്തു. കൂടപ്പിറപ്പുകളെയും കൂട്ടി കോഴിക്കോട്ടേക്ക് ബസ്സ് കയറുമ്പോള്‍ അനാഥാലയം എന്നത് എവിടെ നിന്നോ കേട്ട ഒരു കച്ചിത്തുരുമ്പായിരുന്നു മനസ്സില്‍. ഇന്നവള്‍ അനാഥയല്ല. അക്ഷരങ്ങളുടെ കൈപിടിച്ച് ഷെമി താണ്ടിയ ദൂരങ്ങളേറെ. പ്രവാസി എഴുത്തുകാരി, പ്രഭാഷക, സാംസ്‌കാരിക പ്രവര്‍ത്തക... എന്നിങ്ങനെ അവര്‍ക്കിന്ന് വിശേഷണങ്ങള്‍ ഏറെ. ഒട്ടേറെ പതിപ്പുകള്‍ വിറ്റഴിഞ്ഞ ഒന്നാമത്തെ നോവലിനു തന്നെ ഏറെ പുരസ്‌കാരങ്ങള്‍ ലഭിച്ച എഴുത്തുകാരിയാണ്. നടവഴിയിലെ നേരുകള്‍, മലപ്പുറത്തിന്റെ മരുമകള്‍, കബന്ധ നൃത്തങ്ങള്‍ തുടങ്ങി അനേകം കൃതികള്‍ രചിച്ച എഴുത്തുകാരി...
ദാരിദ്ര്യം നിറഞ്ഞ ജീവിതം
Also Read
ബാപ്പയും ഉമ്മയും അഞ്ച് സഹോദരങ്ങളും അടങ്ങുന്നതായിരുന്നു ഷെമിയുടെ കുടുംബം. പോഷകക്കുറവു കൊണ്ടും ദാരിദ്ര്യവും കഷ്ടപ്പാടു കൊണ്ടും ചെറുപ്പത്തിലേ അസുഖങ്ങള്‍. ആങ്ങളമാരുടെ സ്വതന്ത്ര ജീവിതവും ബാപ്പയുടെ നിത്യരോഗങ്ങളും. ഉമ്മയോടൊപ്പം കൊച്ചുന്നാളിലേയുള്ള നാടുതെണ്ടല്‍. പരിഹാസങ്ങളള്‍ക്കും കുത്തുവാക്കള്‍ക്കുമിടയില്‍ നിര്‍വികാരതയോടെ കഴിച്ചുകൂട്ടിയ നാളുകള്‍. ഒരു നല്ല ഭക്ഷണം കഴിക്കാന്‍ വേണ്ടി കൊതിയോടെ കാത്തിരിക്കുന്ന പെരുന്നാള്‍. ഷെമി കുട്ടിക്കാലത്തെ ഓര്‍ത്തു വച്ചിട്ടുള്ളത് ഇങ്ങനെയൊക്കെയാണ്.
തീരുമാനമെടുത്ത സമയം
''ബാപ്പയുടെ കൂടെ ആക്രി സാധനങ്ങള്‍ ശേഖരിച്ചു വില്‍ക്കലായിരുന്നു കുട്ടിക്കാലത്ത് എന്റെ ജോലി. ഉമ്മ അന്ന് ഒരു വീട്ടില്‍ ജോലി ചെയ്യുകയാണ്. എന്റെ മൂത്ത സഹോദരങ്ങളെ കുടുംബവീടുകളില്‍ സഹായികളായി നിര്‍ത്തി. ഇളയവളായ എന്നെയും കൂട്ടി ബാപ്പ തെരുവിലേക്കിറങ്ങി. ആക്രി സാധനങ്ങള്‍ കൂട്ടി വയ്ക്കുന്ന റോഡരികിലെ ഷെഡ്ഡിലായിരുന്നു അന്ന് ഞങ്ങളുടെ താമസം. ഒഴിവു സമയങ്ങളില്‍ തൊട്ടടുത്ത ലൈബ്രറിയില്‍ പോയിരിക്കും. ആദ്യമൊക്കെ വെറുതെ ഇരുപ്പായിരുന്നു. പിന്നെ വായന ശീലമായി. വലിയ പുസ്തകങ്ങള്‍. മനസ്സുണര്‍ത്തുന്ന ജീവചരിത്രങ്ങള്‍. മനസ്സില്‍ ഒരു പുതിയ സ്വപ്നം കടന്നു കൂടി. രക്ഷപ്പെടണം. നിരാശപ്പെടരുത്. പഠിക്കണം. ജോലി സമ്പാദിക്കണം.''
അകാലത്തില്‍ ആദ്യം ബാപ്പയും പിന്നെ ഉമ്മയും ഈ ലോകത്തോട് വിടപറഞ്ഞപ്പോള്‍ ഷെമി ഒന്ന് പകച്ചു. മുന്നിലെ വഴികള്‍ അടഞ്ഞു. എന്നാല്‍ തളരാന്‍ അവിടെയും അവര്‍ ഒരുക്കമായിരുന്നില്ല.
അനാഥാലയത്തിലേക്ക്
''കോഴിക്കോട്ടെ അനാഥാലയം എന്നു കേട്ടറിവ് വച്ച് കൂടപ്പിറപ്പുകളെയും കൂട്ടി കിട്ടിയ ബസ്സില്‍ കയറി. കോഴിക്കോട് സ്റ്റാന്‍ഡില്‍ നിന്ന് ആരോ ജെ. ഡി. ടി യില്‍ എത്തിച്ചു. കഷ്ടപ്പാടുകളും അനാഥത്വവും വകവയ്ക്കാതെ പഠനത്തില്‍ മാത്രം മുഴുകി. പരിഹാസങ്ങളും അവഗണനയും പലവഴികളിലൂടെ വരുന്നുണ്ടായിരുന്നു. പക്ഷേ, ശ്രദ്ധ പഠനത്തില്‍ മാത്രമായി ഉറപ്പിച്ചു. നല്ല മാര്‍ക്കോടെ പ്ലസ് ടു പാസ്സായി. പെട്ടെന്ന് ജോലി കിട്ടാന്‍ വേണ്ടി ബി.എസ്.സി നഴ്‌സിങ്ങിന് അപേക്ഷിച്ചു. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ തന്നെ അഡ്മിഷന്‍ കിട്ടി.
സ്വപ്നംപോലെ ഒരാള്‍
''അവിചാരിതമായാണ് മാധ്യമപ്രവര്‍ത്തകനായ ഫസലുവിനെ പരിചയപ്പെടുന്നത്. ചങ്ങാത്തത്തിന് അപ്പുറത്തേക്ക് ഒരു ബന്ധമായി അത് വളര്‍ന്നു. ജീവിത പ്രതിസന്ധികളില്‍ പ്രണയത്തിന് എന്ത് പ്രസക്തി എന്നായിരുന്നു അന്നും ചിന്ത. ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചു. പക്ഷേ, ഫസലു എല്ലാമറിഞ്ഞു കൊണ്ടു തന്നെയാണ് എന്നെ സ്‌നേഹിക്കുന്നതെന്നറിഞ്ഞപ്പോള്‍ എവിടെയോ ഒരു സ്വപ്നം. അപ്പോഴേക്കും ഫസലു ദുബായിലേക്ക് പുതിയ ജോലി തേടിപ്പോയിരുന്നു.

ദുബായിലേക്ക്
''നഴ്‌സിങ് സര്‍ട്ടിഫിക്കറ്റുമായി ദുബായിലേക്ക്. അവിടെ ഫസലു എന്നെ കാത്തുനില്‍ക്കുമോ എന്നൊന്നും എനിക്കന്ന് ഉറപ്പുണ്ടായിരുന്നില്ല. ഒരു നല്ല ജീവിതം യാഥാര്‍ഥ്യമായ കാലമായിരുന്നു പിന്നീട്. ഫസലുവിന്റെ നിര്‍ബന്ധമാണ് എഴുത്തിന്റെ ലോകത്ത് മുഴുകാന്‍ കാരണം. അലക്ഷ്യമായി കുത്തിക്കുറിച്ച ഒട്ടേറെ സംഭവങ്ങള്‍ ഫസലു കാണാനിടയായി. ആ കുറിപ്പുകള്‍ ശേഖരിച്ച് ക്രോഡീകരിച്ച് പുസ്തകമാക്കിയതും ഫസലുവിന്റെ നിര്‍ബ്ബന്ധം കൊണ്ടായിരുന്നു.''
ഷെമിയുടെ ഭര്‍ത്താവ് ഫസലു ദുബായില്‍ റേഡിയോ ജോക്കിയാണ്. ഇന്ന് ഷെമി തിരക്കിലാണ്. ഏക മകളുടെ വിദ്യാഭ്യാസം. തന്നെപ്പോലെ ദാരിദ്ര്യം കൊണ്ട് തെരുവിലയേണ്ടിവന്ന കുട്ടികള്‍ക്ക് ജീവിതം കൊണ്ട് സഹായം. സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍. പുതിയ രചനകള്‍... ഒട്ടേറെ പുരസ്‌കാരങ്ങളും ഷെമിയെത്തേടിയെത്തിയിട്ടുണ്ട്. എല്ലാമുണ്ടായിട്ടും അസ്വസ്ഥരാവുന്നവര്‍, ചെറിയ പ്രശ്‌നങ്ങള്‍ പോലും അഭിമുഖീകരിക്കാന്‍ കഴിയാതെ ജീവിതം ഒടുക്കുന്നവര്‍, ഇവര്‍ക്ക് പ്രചോദനമാണ് ഷെമിയുടെ ജീവിതം.
Content Highlights: lifetsory of writer and social activist shemi
Published: 07 Aug 2023, 09:58 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented