വെയില്‍ തെളിഞ്ഞ ഒരു പകല്‍, ഭൂഗോളത്തിന്റെ ഒരറ്റത്തുള്ള അമേരിക്കയിലെ ഒരുവീട്ടുമുറി, ആ മുറിയുടെ ചുമരിനോട് ചേര്‍ത്തുവച്ച എഴുത്തുമേശയിലിരുന്ന് മെക്‌സിക്കോക്കാരി 'സാറ' മിഠായിപോലെ മധുരമുള്ള അക്ഷരങ്ങളെ മഷിയിലാക്കി ഒരുപോസ്റ്റ്കാര്‍ഡിലേക്ക് പകര്‍ത്തി, ജനാലവഴി പുറത്തേക്ക് നോക്കിയപ്പോള്‍ മാനത്ത് തെളിഞ്ഞ മഴവില്ലിന് അവള്‍ ആ സ്‌നേഹദൂത് കൈമാറി, ഏഴഴകുകള്‍ നിറഞ്ഞവന്‍കരകളിലൂടെ മെക്‌സിക്കന്‍ തിരമാലപോലെ ഒഴുകിയൊഴുകി മലപ്പുറത്തെ അരീക്കോട്ടെ വീട്ടുമുറ്റത്ത് ആ മഴവില്ല് ചെന്നുതൊട്ടു, വീടിന്റെ കോലായിരുന്ന റസ്ബിന്‍ അബ്ബാസ് എന്ന മിടുക്കിയുടെ മടിയിലേക്ക് മഴവില്ലിന്റെ തുഞ്ചത്ത് നിന്ന് ആ കത്ത് പൊട്ടിവീണു. ഹൃദയംകൊണ്ടവള്‍ ആ കത്തുവായിച്ചു....

Some Day we'll find it, the rainbow connection
...the lovers, the dreamers and Me.
all of us under its Spell, we know
its probably MAGIC


'സാറ' എന്ന മെക്‌സിക്കോക്കാരി, മലപ്പുറം അരിക്കോട്ടുകാരി റസ്ബിന്‍ അബ്ബാസിന്റെ അടുത്ത സുഹൃത്തായത് അന്ന് മുതലാണ്. മെക്‌സിക്കോയിലെ സാറയെ പോലെ ലോകത്തിന്റെ പലരാജ്യങ്ങളിലെ നാമറിയാത്ത ദേശങ്ങളില്‍ നിന്ന് ഒരുപാട് മനുഷ്യന്‍ അരിക്കോട് പോസ്‌റ്റോഫീസിലേക്ക് കത്തുകള്‍ പറത്തിവിട്ടുകൊണ്ടേയിരുന്നു, എല്ലാ കത്തുകളും തേടിവന്നത് റെസ്ബിന്‍ അബ്ബാസ് എന്ന പതിനെട്ടുകാരിയെയാണ്. ബ്രസീല്‍, റഷ്യ, ഇന്തോനേഷ്യ, ഇറ്റലി, കാനഡ, തുര്‍ക്കി, സ്‌പെയിന്‍ തുടങ്ങി 43 രാജ്യങ്ങളില്‍ ഇന്ന് റസ്ബിന്‍ സൗഹൃദവലയമുണ്ട്, അവരോടെല്ലാം റസ്ബിന്‍ സംസാരിക്കുന്നത് കത്തുകള്‍ വഴിയാണ്. വിഷാദരോഗത്തിന്റെ കടലാഴങ്ങളില്‍ ഒറ്റപ്പെട്ടുപോയ റസ്ബിന് ജീവിതത്തിലേക്ക് തിരിച്ചുകയറാനുള്ള കരുത്തായത് ഈ പോസ്റ്റ്കാര്‍ഡ് സൗഹൃദങ്ങളാണ്. കര്‍ക്കിടക മഴ തിമിര്‍ത്തുപെയ്യുന്ന പകലില്‍ തിരുവമ്പാടി അല്‍ഫോണ്‍സ കോളജ് അങ്കണത്തില്‍ വച്ച് കണ്ടുമുട്ടിയപ്പോള്‍ നിറഞ്ഞ ചിരിയോടെ റസ്ബിന്‍ കൈനീട്ടി. ശേഷം തന്റെ ജീവിതകഥകളുടെ തപാല്‍പ്പെട്ടി തുറന്നിട്ടു.....

കത്ത് പഠിപ്പിച്ചത്....

വേഗതയുടെ ലോകമാണ് പുതിയ തലമുറയുടേത്. അത്തരത്തില്‍ എല്ലാം വേഗത്തില്‍ ചെയ്യണമെന്ന സ്വഭാവക്കാരിയായിരുന്നു റസ്ബിനും എന്നാല്‍ കത്തെഴുത്ത് തുടങ്ങിയതോടെ ക്ഷമയുടെ പാഠങ്ങള്‍ പഠിച്ചുതുടങ്ങിയെന്ന് റസ്ബിന്‍ പറയുന്നു ' തീരെ ക്ഷമയില്ലാത്ത ഒരാളായിരുന്നു ഞാന്‍. ഒരു എ.ടി.എമ്മിന് മുന്നിലെ ആശുപത്രിയിലോ എവിടെയായാലും ക്യൂ നില്‍ക്കാന്‍ ഇഷ്ടമില്ലായിരുന്നു. എല്ലാകാര്യവും പെട്ടെന്ന് നടക്കണം എന്നതായിരുന്നു രീതി. എന്നാല്‍ കത്തുകളെ കാത്തിരുന്ന് തുടങ്ങിയതോടെ ക്ഷമിക്കാന്‍ പഠിച്ചു. കാരണം പലരാജ്യങ്ങളില്‍ നിന്നയച്ച കത്തുകള്‍ തപാല്‍ വഴി നമ്മുടെ അടുത്തേക്ക് എത്താന്‍ മാസങ്ങളെടുക്കും. അതുവരെ ക്ഷമയോടെ ആകാംക്ഷയോടെ കാത്തിരിക്കാന്‍ സാധിക്കുന്നുണ്ട്. അതുപോലെ ഓരോ രാജ്യത്തെ ആള്‍ക്കാരുടെ കാഴ്ചപ്പാടുകള്‍, സംസ്‌കാരങ്ങള്‍, ഭക്ഷണരീതികള്‍ അങ്ങനെ പലതും മനസ്സിലാക്കാന്‍ കത്തുകളിലൂടെ സാധിച്ചു. ജീവിതത്തിലുണ്ടായ ചില പ്രശ്‌നങ്ങള്‍ കാരണം വളരെ അന്തര്‍മുഖയായി ജീവിച്ചിരുന്ന ഒരുപെണ്‍കുട്ടിയായിരുന്നു ഞാന്‍. ഈ സമൂഹത്തെ ഭയത്തോടെയാണ് ഞാന്‍ നോക്കിയിരുന്നത്. എന്നാല്‍ കത്തെഴുത്ത് തുടങ്ങിയതോടെ സ്വയം നവീകരിക്കപ്പെട്ടു, കാര്യങ്ങളെ തുറന്നമനസ്സോടെ കാണാന്‍ തുടങ്ങി. ''

കടന്നുപോയ വിഷാദക്കാലം.....

പെട്ടെന്നൊരു പകലില്‍ ഹോബിക്ക് വേണ്ടി കത്തെഴുതി തുടങ്ങിയതല്ല റസ്ബിന്‍, മറിച്ച് ജീവിത വഴിയിലുണ്ടായ പ്രതിസന്ധികളില്‍ നിന്ന് പ്രതീക്ഷയിലേക്കുള്ള തിരിച്ചുനടത്തമായിരുന്നു റസ്ബിന് ഓരോ കത്തുകളും. കടന്നുപോയ വിഷാദകാലത്തിന്റെ മുറിവുകള്‍ ഇന്നും മനസ്സില്‍ റസ്ബിന്റെ മനസ്സില്‍ അവശേഷിക്കുന്നുണ്ട്.

'' ചെറുപ്പത്തില്‍ പഠിത്തത്തിലും കലാ-കായിക പ്രവര്‍ത്തനങ്ങളിലുമെല്ലാം വളരെ മികവ് പൂലര്‍ത്തിയ ഒരാളാണ് ഞാന്‍. ആയിടെയാണ് പെട്ടെന്ന് ഉപ്പയും ഉമ്മയും വേര്‍പിരിയുന്നത്. ഞാന്‍ ഉമ്മയുടെ കൂടെ ആയി. ആദ്യഘട്ടത്തില്‍ അതെന്നെ ബാധിച്ചിരുന്നില്ല. എന്നാല്‍ പിന്നെ പിന്നെ സ്‌കൂളില്‍ നിന്നും  ബന്ധുക്കളില്‍ നിന്നും നാട്ടുകാരില്‍ നിന്നുമെല്ലാം മാതാപിതാക്കളുടെ വേര്‍പിരിയലുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ അഭിമുഖീകരിക്കേണ്ടി വന്നതോടെ മാനസികമായി ഞാനാകെ തകര്‍ന്നു. പലതരം കഥകള്‍ അവരെല്ലാം എന്നിലേക്ക് കുത്തിവയ്ക്കാന്‍ ശ്രമിച്ചു. സ്‌കൂള്‍ വിദ്യാര്‍ഥിനിയായ ഒരുപെണ്‍കുട്ടിയുടെ മനസ്സില്‍ അത്തരം സംസാരങ്ങള്‍ ഉണ്ടാക്കുന്ന ആഘാതം വളരെ വലുതായിരുന്നു.

പഠിത്തതില്‍ ഞാന്‍ പിന്നോക്കംപോയതോടെ അധ്യാപികമാര്‍ എന്റെ പ്രശ്‌നം തിരിച്ചറിഞ്ഞു. അപ്പോഴേക്കും ഞാന്‍ വിഷാദരോഗത്തിന് അടിമപ്പെട്ടിരുന്നു. ആറാം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു അത്. അതോടെ ഞാന്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങാത്ത അവസ്ഥയായി, ആളുകളെ പേടിയായി. സ്‌കൂള്‍ പഠനം മുറിഞ്ഞു. നാലുവര്‍ഷത്തോളം ഒന്നും ചെയ്യാതെ വീട്ടിന്റെ ഇരുട്ടിലിരുന്നു. വെളിച്ചത്തെ പോലും ഞാന്‍ ഭയപ്പെട്ടു. ആത്മഹത്യക്ക് വരെ ശ്രമം നടത്തി. ഒമ്പതാം ക്ലാസിലെത്തിയ സമയത്താണ് പഴയ സൗഹൃദങ്ങളെ കണ്ടെത്താം എന്നെ ആഗ്രഹത്തില്‍ ഫെയ്‌സ് ബുക്കും ഇന്‍സ്റ്റഗ്രാമും തുടങ്ങുന്നത്. കൗണ്‍സിലിങിന്റെയൊക്കെ ഭാഗമായി പത്താം ക്ലാസിലെത്തിയ സമയത്താണ് എന്നില്‍ കുറച്ച് മാറ്റങ്ങളുണ്ടായി. നല്ല മാര്‍ക്ക് വാങ്ങി കളിയാക്കിയവരുടെ മുന്നില്‍ തലയുയര്‍ത്തി നില്‍ക്കണം എന്ന ചിന്ത വന്നു. ആ സമയം ഞാന്‍ നോട്ട് ബുക്കില്‍ ചെറിയ ചിത്രങ്ങള്‍ വരയ്ക്കുമായിരുന്നു. അത് കണ്ടിട്ട് എന്റെ തൊട്ടടുത്ത സീറ്റിലിരുന്ന സുഹൃത്താണ് പറഞ്ഞത്, ഡൂഡിള്‍ ആര്‍ട്ടാണ് നീ ചെയ്യുന്നത്, ഗൂഗിളൊക്കെ നോക്കി നല്ലരീതിയില്‍ ചെയ്യൂ, നല്ല സ്‌കോപ്പുള്ള സംഭവമാണെന്ന്. അതോടെ ഞാന്‍ ഡൂഡില്‍ ആര്‍ട്ടിനെ കുറിച്ച് പഠിച്ചു. അങ്ങനെയാണ് ഇന്‍സ്റ്റഗ്രാമില്‍ ഡൂഡില്‍ ആര്‍ട്ട് പോസ്റ്റ് തുടങ്ങുന്നത്. എന്റെ ചിത്രങ്ങള്‍ കണ്ടാണ് സാറ ആദ്യമായി എനിക്ക് ഇന്‍സ്റ്റയില്‍ ഒരുമെസേജ് അയക്കുന്നത്. എന്റെ ഡൂഡില്‍ ഇഷ്ടപ്പെട്ടെന്നും അഡ്രസ് ഒന്നുതരാമോ എന്നും ചോദിച്ചു. അഡ്രസ് നല്‍കി നാലുമാസം കഴിഞ്ഞപ്പോള്‍ സാറയുടെ പോസ്റ്റ്കാര്‍ഡ് എന്നെ തേടിയെത്തി. ''

നമുക്കായി ആരൊക്കെയോ ഉണ്ട്... 

ഹംഗറിയില്‍ നിന്നുള്ള തേയില, അമേരിക്കയില്‍ നിന്നുള്ള ചോക്ലേറ്റ്, തായലന്റില്‍ നിന്നു നാണയങ്ങള്‍.. അങ്ങനെ കത്തിനൊപ്പം റസ്ബിനെ തേടിയെത്തുന്നത് ഒരുപിടി സമ്മാനങ്ങള്‍ കൂടിയാണ്. വാട്‌സാപ്പും മെയിലുമൊക്കെയുള്ള ഈ കാലത്ത് കത്തില്‍ നിന്ന് സന്തോഷം കണ്ടെത്തുന്നത് എങ്ങനെയെന്ന് ചോദിച്ചാല്‍ അതിനും റസ്ബിന് നല്ലൊരു മറുപടിയുണ്ട് ' 2018 ല്‍ പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണ് ഒരുദിവസം എന്നെ തേടി അമേരിക്കയില്‍ നിന്ന് സാറയുടെ കത്ത് വരുന്നത്. ആ കത്ത് കൈയില്‍ കിട്ടിയപ്പോള്‍ ഞാനനുഭവിച്ച സന്തോഷം വാട്‌സാപ്പില്‍ ആയിരം ബ്ലൂ ടിക്കുകള്‍ ഒന്നിച്ചു കിട്ടിയതിനേക്കാള്‍ വലുതായിരുന്നു. ആയൊരു എക്‌സൈറ്റ്‌മെന്റും സന്തോഷത്തിലും എനിക്ക് തോന്നി ഇനിയും കത്തുകളിലൂടെ ഒരുപാട് പേരെ പരിചയപ്പെടണമെന്ന്. അങ്ങനെയാണ് കത്ത് സൗഹൃദങ്ങള്‍ തുടങ്ങുന്നത്.

എനിക്ക് കത്തെഴുതാനായി അവര്‍ മാറ്റിവെക്കുന്ന സമയമാണ് എന്നെ ഏറെ സന്തോഷിപ്പിക്കുന്നത്. ഇതുവരെ കേരളമോ മലപ്പുറമോ അരിക്കോടോ എന്നെയോ ഒന്നുംനേരിട്ട കണ്ടിട്ടില്ലാത്ത മനുഷ്യര്‍ ലോകത്തിന്റെ വിവിധ കോണുകളില്‍ നമുക്കായി സമയം മാറ്റിവയ്ക്കുന്നു എന്നറിയുമ്പോള്‍ അത് വല്ലാത്തൊരു ഊര്‍ജം നമുക്ക് നല്‍കും. കത്തുകള്‍ക്കൊപ്പം ഓരോരുത്തരും പല പല സമ്മാനങ്ങള്‍ അയക്കാറുണ്ട്, ചോക്ലേറ്റ്, മിഠായികള്‍, തേയിലപ്പൊടി, നാണയങ്ങള്‍... അങ്ങനെ പലതും.

അതെല്ലാം ജീവിതത്തില്‍ കിട്ടുന്ന ഏറ്റവും അമൂല്യ സമ്മാനങ്ങളായാണ് ഞാന്‍ കാണുന്നത്. ആര്‍ക്കും ഒന്നിനും സമയമില്ലാത്ത വര്‍ത്തമാന ലോകത്ത് എനിക്കായി സമയം മാറ്റിവയ്ക്കാന്‍ അമ്പതോളം രാജ്യങ്ങളില്‍ ഇന്ന് ആള്‍ക്കാരുണ്ട്, അതെന്നെ സന്തോഷിപ്പിക്കുന്നു, ജീവിതത്തെ മുന്നോട്ട് നയിക്കുന്നു. കൂട്ടുകാരിലേറെ പേരും 17 നും 23 നും ഇടയിലുള്ള പെണ്‍കുട്ടികളാണ്. ഓരോ രാജ്യങ്ങളുടെയും പോസ്റ്റ്കാര്‍ഡും സ്റ്റാമ്പുകളുമൊക്കെ വ്യത്യസ്തമാണ്. നമ്മളിവിടെ സ്റ്റാമ്പുകള്‍ നവോത്ഥാന നായകരുടെയും സ്വാതന്ത്രസമരസേനാനികളുടെയും രാജാക്കന്മാരുടെയുമൊക്കെ പടങ്ങളാണ് ആലേഖനം ചെയ്യുന്നത്. എന്നാല്‍ മറ്റ് രാജ്യങ്ങളില്‍ ആള്‍ക്കാരുടെ ചിത്രങ്ങള്‍ കുറവാണ് പകരം പ്രകൃതി ദൃശ്യങ്ങള്‍, പൂക്കള്‍, മൃഗങ്ങള്‍ അങ്ങനെ വ്യത്യസ്തമായവയാണ് സ്റ്റാമ്പുകളില്‍ കാണാനാകുക.  ''

ഒറ്റപ്പെട്ടുപോയവര്‍ക്ക് കൈകൊടുക്കാം... 

വടക്കുമുറി പാറപ്പുറത്ത് റഹീനയുടെ മകളാണ് റസ്ബിന്‍. അനിയന്‍ അബി സ്‌കൂള്‍ വിദ്യാര്‍ഥിയാണ്. കത്ത് സൗഹൃദങ്ങള്‍ തുടങ്ങിയപ്പോള്‍ പലരും സംശയത്തോടെ നോക്കിയതെന്നും റസ്ബിന്‍ പറയുന്നു. എന്നാല്‍ ഉമ്മയും അനിയനും സുഹൃത്തുക്കളുമൊക്കെ നല്‍കുന്ന പിന്തുണയാണ് മുന്നോട്ടുള്ള കരുത്തായത്. പഠനത്തിന്റെ തിരക്കുകള്‍ക്കിടയിലും പുതിയ രാജ്യങ്ങളില്‍ നിന്ന് പുതിയ കൂട്ടുകാരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ റസ്ബിന്‍ തുടരുകയാണ്.

' ഒരുപാട് പേര്‍ ഇന്‍സ്റ്റയില്‍ മെസേജ് ചെയ്യാറുണ്ട്. അതില്‍ എല്ലാവരെയും സുഹൃത്തുക്കളാക്കുകയും കത്തയക്കുകയും ചെയ്യാറില്ല. ഒറിജിനലിനേക്കാള്‍ ഫേക്ക് അക്കൗണ്ടുകളുള്ള ഇടങ്ങളാണ് സാമൂഹ്യമാധ്യമങ്ങളെന്ന് നമുക്കറിയാം. ഓരോരുത്തരുടെയും പ്രൊഫൈല്‍ നന്നായി നിരീക്ഷിച്ച ശേഷമാണ് അവരുമായി സൗഹൃദം ആരംഭിക്കുന്നത്. ഇപ്പോള്‍ അമ്പതോളം രാജ്യങ്ങളിലുമുള്ള സൗഹൃദവും ഞാന്‍ ഹാന്‍ഡ് പിക്ക് ചെയ്തവയാണെന്ന് പറയാം. എനിക്ക് നല്ല രീതിയില്‍ മുന്നോട്ട് കൊണ്ടുപോകാന്‍ പറ്റും എന്ന് തോന്നിയവരുമായി മാത്രമേ കത്ത് സൗഹൃദം നടത്താറുള്ളൂ.

പുതിയ പുതിയ രാജ്യങ്ങളില്‍ നിന്ന് സൗഹൃദം ഉണ്ടാക്കാനാണ് ഇപ്പോഴും ശ്രമിക്കുന്നത്. തിരുവമ്പാടി അല്‍ഫോണ്‍സ കോളജിലെ ബി.എസ്.സി സൈക്കോളജി രണ്ടാംവര്‍ഷ വിദ്യാര്‍ഥിയാണ് ഞാനിപ്പോള്‍. വേര്‍പിരിഞ്ഞ ദമ്പതിമാരുടെ മക്കളുടെ മാനസികാരോഗ്യത്തിനായി പ്രവര്‍ത്തിക്കണമെന്നതാണ് ലക്ഷ്യം. ആ ആഗ്രഹത്തോടെയാണ് സൈക്കോളജി തെരഞ്ഞെടുത്തത്. പഠനത്തിന്റെ തിരക്കുകള്‍ കഴിഞ്ഞുള്ള സമയമാണ് കത്തെഴുതാനും ഇന്‍സ്റ്റ നോക്കാനുമൊക്കെ സമയം കണ്ടെത്തുന്നത്. അതുകൊണ്ട് പഴയതുപോലെ പുതിയ രാജ്യങ്ങളിലെ പുതിയ ആള്‍ക്കാരെ കണ്ടെത്തുക അത്ര എളുപ്പമല്ല. '' 

റസ്ബിന്റെ മുന്നില്‍ ഒരുപാട് പ്രതിസന്ധികള്‍ ഉയര്‍ന്നുനില്‍ക്കുന്നുണ്ട്. എന്നാല്‍ അവയെ കുറിച്ചോര്‍ത്ത് ദു:ഖിക്കുകയല്ല റസ്ബിന്‍.  ഏത് പ്രതിസന്ധിയെയും അതിജീവിക്കാനുള്ള കരുത്ത്  ഉള്ളിലുണ്ട്, കത്ത് കൊണ്ട് തന്റെ ഹൃദയത്തില്‍ കെട്ടിയിട്ട സൗഹൃദങ്ങളെ നേരില്‍ കാണാന്‍ ഒരുപകലില്‍ റസ്ബിന്‍ ചിറകുവിരിച്ച് പറക്കുമെന്നുറപ്പ്. ഇറങ്ങാന്‍ നേരം റസ്ബിന്റെ കത്തുകള്‍ക്കിടയില്‍ നിന്ന് പൂക്കള്‍കൊണ്ട് അലങ്കരിച്ച ഒരുകത്ത് എന്നെ നോക്കി പുഞ്ചിരിച്ചു, അതില്‍ ഇങ്ങനെ കുറിച്ചുണ്ടായിരുന്നു.. 

Open Your hearts and Find ur Wild.....