കിളിമാനൂര്‍ കൊട്ടാരത്തിലെ ഇടനാഴിയില്‍ കാണുന്ന അജവിലാപം ചിത്രം വളരെ പ്രശസ്തമാണ്. ആ ചിത്രം നോക്കി മതിമറന്ന് നില്‍ക്കുകയാണ് ആ ചെറിയ പെണ്‍കുട്ടി. പേര് സേതു. അരികില്‍ മറ്റൊരു ചിത്രമായി ശകുന്തള പ്രേമലേഖനം എഴുതുന്നു. കൂടാതെ കാലില്‍ മുള്ളുകൊണ്ട ശകുന്തള പ്രണയ തരളിതയായി അനസൂയക്കും പ്രിയംവദയ്‌ക്കൊപ്പം.. ഓരോന്നിലും കണ്ണുകള്‍ വിടര്‍ത്തി നോക്കി സേതു അന്ന് നിന്നു.. ചെറിയമ്മ അപ്പോള്‍ ചോദിച്ചു :

'എന്താ കുട്ടി ഇത്? ദേ.. ഉണക്കാന്‍ ഇട്ട മാന്തിര പശു തിന്നുന്നത് കണ്ടില്ലേ?അത് ഇങ്ങനെ നോക്കി നിന്ന് രസിക്കുക?അതിനെ ഓടിക്കായിരുന്നില്ലേ? '

'പശുവോ? എവിടെ? ഞാന്‍ കണ്ടില്ലല്ലോ' സേതു പതറി.

'മുന്നില്‍ നടക്കുന്നത് കാണില്ലേ? കാണുന്നത് മനസ്സിലാക്കാന്‍ ബുദ്ധിയില്ലേ? 

ആ കഥ പറഞ്ഞ് സേതു തമ്പുരാട്ടി എന്റെ മുമ്പില്‍ ഇരുന്ന് പൊട്ടിച്ചിരിച്ചു 'അങ്ങനെ അന്ന് എനിക്ക് ബുദ്ധിയില്ലാത്തവള്‍ എന്ന സര്‍ട്ടിഫിക്കറ്റ് കിട്ടി... ചെറിയമ്മ, അമ്മയോടും പറഞ്ഞു' ഒന്ന് ശ്രദ്ധിച്ചോളൂ.. ഈ കുട്ടിക്ക്  ബുദ്ധിയില്ലെന്ന്. ഞാന്‍ അകത്തേക്ക് ഓടുമ്പോള്‍ അമ്മ ചെറിയമ്മയ്ക്ക് കൊടുത്ത മറുപടി കേട്ടു 'ഏയ്... അവള്‍ക്ക് നല്ല ബുദ്ധിയാ.'

ഇങ്ങനെ കഥകളേറെ പറയാനുണ്ട് കിളിമാനൂര്‍ കൊട്ടാരത്തിലെ അമ്മത്തമ്പുരാന്‍ സേതു തമ്പുരാട്ടിക്ക്. സാക്ഷാല്‍ രവിവര്‍മ്മയുടെ ഇളമുറക്കാരി. ഓര്‍മകളില്‍ കഥ നിറച്ച ആ മുത്തശ്ശിക്ക് വയസ്സ് 105!  ജീവിതത്തില്‍ എന്നും മുതല്‍ക്കൂട്ടായിരുന്ന വ്യക്തിശുദ്ധിക്കും അന്വേഷണത്വരയ്ക്കും സൗന്ദര്യബോധത്തിനും പഠനോന്മുഖതയ്ക്കും അടിസ്ഥാനഘടകം താന്‍ 82 വയസ്സ് വരെ ജീവിച്ച കിളിമാനൂര്‍ കൊട്ടാരത്തിലെ കലാനുഭവങ്ങള്‍ ആണെന്ന് ഈ അമ്മ പറയുന്നു. 1918 ലാണ് ഉള്ളന്നൂര്‍ ദാമോദരന്‍ നമ്പൂതിരിയുടെയും പൂരാടം തിരുനാള്‍ കൊച്ചോമനയുടെയും മകളായി സേതു ജനിച്ചത്. കഥകളേറെ നിറയുന്ന അവരുടെ അനുഭവങ്ങളിലൂടെ ഒരു യാത്രയാണ് ആ കൂടിക്കാഴ്ച എനിക്ക് സമ്മാനിച്ചത്. 

അമ്മ ജീവിതാനുഭവങ്ങള്‍ കൊണ്ട് പഠിച്ചതില്‍ പ്രധാനപ്പെട്ടത് എന്തൊക്കെയായിരുന്നു?
ഒരാളുടെ ജീവിതാനുഭവം കൊണ്ട് മറ്റൊരാള്‍ ഒന്നും പഠിക്കാന്‍ പോകുന്നില്ല. ഞാനും കൂടുതലൊന്നും അങ്ങനെ പഠിച്ചില്ല. എന്നാലും ഒരു കാര്യം പറയാം. ജ്യോത്സ്യന്‍, പുരോഹിതന്‍, സന്യാസി, എന്നിവരെ നിങ്ങളുടെ ജീവിതം നിയന്ത്രിക്കാന്‍ ഒരിക്കലും അനുവദിക്കരുത്. വേണമെങ്കില്‍ ബഹുമാനിക്കാം പക്ഷേ ഒരിക്കലും അടിമപ്പെടരുത്. നേരിടേണ്ടിവരുന്ന ദുഃഖങ്ങള്‍ താങ്ങാന്‍ ആവണേ എന്ന് പ്രാര്‍ത്ഥിക്കാം. എന്നാല്‍ കൈക്കൂലി കൊടുത്താല്‍ ഈശ്വരന്‍ വഴിവിട്ട് സഹായിക്കും എന്ന വിഡ്ഢിത്തം വിശ്വസിക്കാതിരിക്കുക.

അപ്പോള്‍ അമ്മയുടെ വീട്ടില്‍ ആരും ജ്യോത്സ്യം നോക്കാറില്ലേ?
എനിക്കറിയാവുന്ന, കഴിഞ്ഞ അഞ്ചു തലമുറകളായി ജോത്സ്യം ആരും നോക്കിയിട്ടില്ല.

പുതിയ തലമുറയ്ക്ക് ഒപ്പം നില്‍ക്കാന്‍ വായന സഹായിച്ചോ..? 
എനിക്ക് വായിക്കാതെ പറ്റില്ല..വായിക്കാതെ വന്നാല്‍ ചെറുപ്പം നഷ്ടപ്പെടും. ചലനമാണ് പ്രപഞ്ചസത്യം.. എന്റെ..എന്റെ...എന്ന് മാത്രം ചിന്തിച്ചാല്‍ നിന്നിടത്തു തന്നെ നില്‍ക്കേണ്ടിവരും. പഴയ ഇടത്തില്‍ തന്നെ നിന്നാല്‍ പുതുമ എന്തേലും ഉണ്ടാകുമോ? അതിന് മറ്റുള്ളവരെ കൂടി ജീവിതത്തില്‍ ഉള്‍പ്പെടുത്തണം. എല്ലാവരെക്കുറിച്ചും നമ്മള്‍ ചിന്തിക്കണം. അതൊക്കെ അനുസരിച്ച് നമ്മള്‍ മാറണം. അപ്പോള്‍ നമ്മുടെ ജീവിതത്തില്‍ പുതുമ വരും.. 

തൊണ്ണൂറ്റിയൊന്നാമത്തെ വയസ്സില്‍ ഹൃദ്യോഗത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആ സമയത്ത്‌ ഇത്രയേറെ പ്രായമുള്ള ഒരാള്‍ക്ക് ആന്‍ജിയോ പ്ലാസ്റ്റി കേരളത്തില്‍ ചെയ്തിട്ടുണ്ടായിരുന്നില്ല. രോഗത്തിനു മുന്നിൽ പതറിയോ ?

പൊതുവേ 80 വയസ്സ് കഴിഞ്ഞാല്‍ ആളുകള്‍ മരണത്തിന് റെഡിയായി ഇരിക്കുന്നവരാണ്.അസുഖം വന്നാല്‍ എന്തിനാണ് ഇനി ചികിത്സ എന്ന് വിചാരിക്കുന്നവരും.. എന്തായാലും ഒരിക്കല്‍ മരിക്കണം. ഇത്രയൊക്കെ ആയില്ലേ.. എന്നുള്ള കാഴ്ചപ്പാടാണ് കൂടുതല്‍ പേര്‍ക്കും. പക്ഷേ എനിക്ക് ആലോചിക്കാന്‍ ഒന്നും ഉണ്ടായിരുന്നില്ല.' രണ്ട് ബ്ലോക്ക് ഉണ്ട് എന്നല്ലേ പറഞ്ഞത്? പ്രായം പറഞ്ഞിരുന്നിട്ട് എന്തിനാ? ബ്ലോക്ക് മാറ്റണ്ടേ? മരണത്തിന് ഒരിടത്തും ചികിത്സ ഇല്ലല്ലോ, അല്ലേ?. രോഗത്തിനല്ലേ ചികിത്സയുള്ളൂ.. എനിക്ക് 91 വയസ്സായി എന്ന് എല്ലാവരും പറയുന്നതല്ലേ.. അതങ്ങ് തിരിച്ചിട്ടോളൂ.. അപ്പൊ വെറും 19.. അപ്പൊ പിന്നെ ചികിത്സിക്കാലോ.. രോഗം വന്നാല്‍ മരുന്നു കഴിക്കേണ്ടപ്പോള്‍ മരുന്ന് കഴിക്കണം.കുത്തിവെക്കേണ്ടപ്പോള്‍ കുത്തിവയ്ക്കണം.. ശസ്ത്രക്രിയ വേണമെങ്കില്‍ അതും ചെയ്യണം.. അത്രയേ ഉള്ളൂ.'

 

പഴയകാലത്തെപ്പറ്റി ഒരുപാട് പറയാനുണ്ടാകുമല്ലോ..? 

18 ഏക്കര്‍ മതില്‍ക്കെട്ടിനകത്താണ് കിളിമാനൂര്‍ കൊട്ടാരം. പ്രൗഢി നിറഞ്ഞുനില്‍ക്കുന്ന പരിസരം.. കലാവാസനയുടെ പൂര്‍ത്തീകരണ ഭാവം.. അച്ഛന്റെയും അമ്മയുടെയും രണ്ടാമത്തെ സന്തതിയാണ് ഞാന്‍.. ആദ്യത്തെ പെണ്‍കുട്ടിയും.. അന്ന് ജീവിതത്തിന് വലിയ ആര്‍ഭാടം ഒന്നുമില്ല.. അന്ന് അല്ലലുമില്ലായിരുന്നു.. ഇന്ന് ഏവര്‍ക്കും എല്ലാം ഉണ്ടെങ്കിലും അല്ലലും ഉണ്ടാവും. ആ കാലത്തെയും ഈ കാലത്തെയും പ്രധാന വ്യത്യാസം അതാണ്. അന്ന് ആര്‍ഭാടവും ഇല്ല അല്ലലുമില്ല. ഇന്ന് ആര്‍ഭാടവും ഉണ്ട് അല്ലലും ഉണ്ട്.. കൊട്ടാരത്തിനുള്ളിലെ സ്‌കൂളില്‍ ഒന്നാംതരം പഠിക്കുമ്പോള്‍ ഈ കുട്ടിക്ക് ബുദ്ധി കുറവൊന്നും ഇല്ലല്ലോ അല്ലേ?എന്ന് അധ്യാപകരോട് അമ്മ ചോദിച്ചിരുന്നു. അമ്മ അക്ഷരങ്ങള്‍ പഠിപ്പിച്ചു തന്നു തുടങ്ങിയപ്പോള്‍ മുതല്‍ ഞാന്‍ തപ്പിപ്പിടിച്ചു വായിക്കാന്‍ തുടങ്ങി. വായിക്കാന്‍ തുടങ്ങിയതോടെ ആണ് കൊട്ടാരമതില്‍ക്കെട്ടുകള്‍ സഞ്ചരിക്കാന്‍ തുടങ്ങിയതും അത് ഭൂമിയുടെ അറ്റം വരെ സഞ്ചരിച്ചതും... പിന്നെയും വായന തുടര്‍ന്നപ്പോള്‍ മതിലുകള്‍ എല്ലാം തകര്‍ന്നടിഞ്ഞു..

കൊട്ടാരം സ്‌കൂളില്‍ നാല് വരെ മാത്രമേ പഠിക്കാന്‍ പറ്റൂ. പിന്നെ പുറത്ത് സ്‌കൂളില്‍ വിട്ട് പെണ്‍കുട്ടികളെ പഠിപ്പിക്കില്ല.അതുകൊണ്ട് നാലാം ക്ലാസ്സ് കഴിഞ്ഞപ്പോള്‍ ഔദ്യോഗിക പഠനവും കഴിഞ്ഞു. എനിക്ക് പഠിക്കാന്‍ വല്ലാത്ത ആര്‍ത്തി ആയിരുന്നു.എന്തും പഠിക്കാന്‍ ഇഷ്ടമായിരുന്നു.പഠിച്ചതൊന്നും മറക്കാതിരിക്കാന്‍ കയ്യിലുള്ളത് വീണ്ടും വീണ്ടും വായിച്ചു കൊണ്ടിരുന്നു.. സംസ്‌കൃതം പഠിച്ചെടുത്തു. പാചകത്തിനായി കൊട്ടാരത്തിലുണ്ടായിരുന്ന ആയിമ്മയില്‍ നിന്നും തമിഴ് പഠിച്ചു. തമിഴ് ലിപി പോലെയുള്ള ഗ്രന്ഥാക്ഷരം എന്ന ലിപിയും ഞാന്‍ പഠിച്ചെടുത്തു. കളിക്കൂട്ടുകാരിയായ ശാരദ ചെറിയമ്മയുടെ ഇംഗ്ലീഷ് പുസ്തകങ്ങള്‍ കടം വാങ്ങി ഇംഗ്ലീഷ് പഠിച്ചു. 

 പഴയകാലത്ത് ആയുര്‍വേദ വൈദ്യനായി ധാരാളം രോഗികളെ ചികിത്സിച്ച് ഭേദമാക്കിയിട്ടുള്ള ആളല്ലേ...

കൊട്ടാരത്തില്‍ അക്കാലത്ത് താമസിച്ചിരുന്ന മാവേലിക്കര കൊച്ചുപങ്കിയമ്മ തമ്പുരാനില്‍ നിന്ന് വീണയും പ്രശസ്ത കവിയും സംഗീതജ്ഞനുമായ കിളിമാനൂര്‍ മാധവവാര്യരില്‍ നിന്ന് ഹാര്‍മോണിയവും ശുപ്പുക്കുട്ടി ഭാഗവതരുടെ പക്കല്‍ നിന്നും ഫിഡിലും പഠിച്ചു.'കൊട്ടാരത്തിനുള്ളില്‍ തന്നെ ആശുപത്രിയും ഉണ്ട്. അമ്മ അവിടുത്തെ വൈദ്യരാണ് അമ്മയോടൊപ്പം കമ്പോണ്ടറായി കൂടെ കൂടി ചികിത്സയും പഠിച്ചെടുത്തു.. അഷ്ടാംഗ ഹൃദയം മുഴുവന്‍ ഹൃദിസ്ഥമാക്കി. ചെന്നിത്തല രവിവര്‍മ്മ തിരുമുല്‍ പാടായിരുന്നു ആശുപത്രിയിലെ പ്രധാന വൈദ്യന്‍. എന്റെ അമ്മ വൈദ്യപരീക്ഷ എഴുതി പാസായ ആളായിരുന്നു. അന്ന് പരീക്ഷ എഴുതാന്‍ പെണ്‍കുട്ടികള്‍ പുറത്തൊന്നും പോകില്ല. കൊട്ടാരത്തിലെ ഒരു വലിയ മുറിയിലെ മൂന്ന് മൂലകളിലായി അമ്മ,ചെറിയമ്മ, വലിയമ്മ എന്നിവര്‍ പരീക്ഷ എഴുതി. പുറത്തുനിന്ന് രാവിലെ വൈദ്യന്‍ എത്തും ചോദ്യപേപ്പറുകളുമായി. പരീക്ഷയെഴുതിയ പേപ്പറുമായി വൈകിട്ട് തിരികെ പോകും. ആ വൈദ്യന്റെ സര്‍ട്ടിഫിക്കറ്റ് ആണ് യോഗ്യത പത്രം. സര്‍ട്ടിഫിക്കറ്റ് കൊടുക്കണോ വേണ്ടയോ എന്നൊക്കെ ആ വൈദ്യന് തീരുമാനിക്കാം.. എന്തായാലും അമ്മ അസ്സലായി പാസായി.. അമ്മയുടെ കയ്യിലെ വൈദ്യം മാത്രം എനിക്ക് പഠിച്ചാല്‍ പോരാ പുറത്ത് സ്‌കൂളില്‍ പഠിക്കണമെന്ന് വല്യമ്മാവനോട് ഞാന്‍ പറഞ്ഞു നോക്കി. പക്ഷേ സമ്മതിച്ചില്ല...'നമ്പൂതിരിമാരുടെ പരിഷ്‌കാര പുസ്തകങ്ങളായ 'അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക് ' 'മറക്കുടയിലെ മഹാനരകം ' ഇവയൊക്കെ ഒളിച്ചു കടത്തി ഞങ്ങള്‍ വായിച്ചു. ചതയം തിരുനാള്‍ ഇത്തമ്മര്‍ തമ്പുരാന്‍ എഴുതിയ സംഗീത നാടകം സുകന്യചരിതം അന്ന് വായിച്ച പുസ്തകമാണ്. ആ നാടകം സ്റ്റേജില്‍ അവതരിപ്പിച്ചപ്പോള്‍ കാണുകയും ചെയ്തു. ആറ്റിങ്ങലില്‍ നാടകത്തിനായി മാത്രം ഒരു പ്രത്യേക കൊട്ടാരം ഉണ്ടായിരുന്നു. മൂഠത്ത് മഠം. എന്റെ അമ്മയും അമ്മുമ്മയും അമ്മൂമ്മയുടെ അമ്മയും ഒക്കെ കവികള്‍ ആയിരുന്നു. കൂടാതെ വിവിധതരം തിരുവാതിരപ്പാട്ടുകള്‍ ഇവര്‍ എഴുതി പാടുമായിരുന്നു.

അക്കാലത്തെ മറക്കാനാവാത്ത ഒരു അനുഭവം..?

കൊട്ടാര അങ്കണം. നിവാസികളൊക്കെ വൈകുന്നേരം പാട്ടും നാടകവുമായി സഭയ്ക്ക് തയ്യാറായിരിക്കുകയാണ്. അന്നൊരു വിശേഷദിവസമായിരുന്നു, മാധവ വാര്യരുടെ പിറന്നാള്‍. ഒരു ശിഷ്യ അദ്ദേഹത്തിന് ഒരു സ്വര്‍ണ മോതിരം കൊടുത്തു.. തുടര്‍ന്ന് സന്ധ്യയ്ക്ക് അമ്മൂമ്മയുടെ ഹാര്‍മോണിയം വായന കൊഴുത്തു. രസം മുറ്റിയ വാര്യര്‍ ഗംഭീരമായി തന്നെ താളം പിടിച്ചുകൊണ്ടിരുന്നു.. ദാ.. കിടക്കുന്നു മോതിരം ഒടിഞ്ഞ്... അമ്മൂമ്മയോട് അദ്ദേഹം പറഞ്ഞു 'ഒരു ശിഷ്യ സ്വര്‍ണമോതിരം തന്നു. മറുശിഷ്യ അത് പൊട്ടിച്ചു. എന്തായാലും കൂടുതല്‍ സന്തോഷം പൊട്ടിച്ച ശിഷ്യയോട് തന്നെ.. അത്രയ്ക്ക് കേമമായി ഹാര്‍മോണിയം വായന.

വിപ്ലവം വന്നതും ഒരു സംഭവമായിരുന്നല്ലോ ?

'ഹാ...ഞാന്‍ ഓര്‍ക്കുന്നുണ്ട് ഞങ്ങളുടെ ഇടയിലേക്ക് വിപ്ലവം വന്ന വരവ്.. നമ്പൂതിരിമാര്‍ക്ക് പരിഷ്‌കാരം വന്നപ്പോള്‍ ഞങ്ങളെയും അത് ബാധിച്ചു.. ആളോഹരിഭാഗം, സ്വജന പൗരോഹിത്യം, സ്വജാതി വിവാഹം എന്നിവ അന്നത്തെ വലിയ വിപ്ലവകരമായ മാറ്റങ്ങള്‍ ആയിരുന്നു. ആ മാറ്റങ്ങള്‍, അതിലും വലിയ മാറ്റങ്ങള്‍ ഞങ്ങളുടെ ജീവിതത്തിലേക്ക് കൊണ്ടുവന്നു. അറിയാലോ അതിനുമുമ്പ് നമ്പൂതിരിമാരാണ് ഞങ്ങളുടെ പെണ്‍കുട്ടികളെ വിവാഹം കഴിക്കുക. സ്വജന വിവാഹം എന്ന പ്രതിജ്ഞ നമ്പൂതിരിമാരാണ് എടുത്തത്. പക്ഷേ ഇളകി മറിഞ്ഞത് ക്ഷത്രിയ സമൂഹമാണ്. ആലോചിച്ചുനോക്കൂ ആ കാലത്ത് സ്വന്തം ജാതിയില്‍ നിന്ന് വിവാഹം കഴിക്കുന്നത് വലിയ പുരോഗമനം ആയിരുന്നു. ഇന്നാണെങ്കിലോ കഥ തിരിഞ്ഞു. സ്വജന പൗരോഹിത്യം ഏറ്റെടുക്കാന്‍ ക്ഷത്രിയര്‍ തയ്യാറായില്ല. തിരുമുല്‍പാടുവരെ മാത്രമേ അത് ഏറ്റെടുത്തുള്ളൂ.'

മതിലുകള്‍ തകര്‍ക്കാന്‍ പറ്റിയ ആശയങ്ങളുമായി പുതുതലമുറ മുന്നേറിയപ്പോള്‍ യാഥാസ്ഥിതികര്‍ പുതിയ ആശയങ്ങളെയൊക്കെ അതിശക്തമായി എതിര്‍ത്തു. കിളിമാനൂര്‍ കൊട്ടാരത്തിലെ ആദ്യ സ്വജാതി വിഭാഗം അവിടെ കോളിളക്കം സൃഷ്ടിച്ചു. ശാരദാമ്മയുടെ വിവാഹമായിരുന്നു അത് രാജാരവിവര്‍മ്മയുടെ അനിയത്തിയുടെ പേരക്കുട്ടി. അന്നത്തെ വലിയ തമ്പുരാന്‍ പഴയ മട്ടുകാരന്‍ ആയിരുന്നു. സ്വജാതി വിവാഹം അദ്ദേഹം എതിര്‍ക്കുമെന്ന് അമ്മാവന്മാര്‍ക്ക് അറിയാമായിരുന്നു. അതുകൊണ്ടാണ് സ്വന്തം അഭിപ്രായം പറയാനുള്ള ധൈര്യം ശാരദയ്ക്ക് ഉണ്ടാകുന്നതുവരെ കാത്തിരിക്കാന്‍ തീരുമാനിച്ചത,് വിവാഹം നടത്താന്‍.'

കൊച്ചുമകള്‍ പ്രസന്ന ഒരിക്കല്‍ എഴുതി,'വാക്കുകളുടെ നിലയില്ലാക്കടലില്‍ ചുറ്റിതിരിയുന്ന കപ്പല്‍ ആയിരുന്നു അമ്മുമ്മ എന്നും, മുത്തച്ഛന്‍ നല്ല ഉറച്ച ഒരു നങ്കൂരവും..' അതേപ്പറ്റി എന്താണ് പറയാനുള്ളത് ?

'എന്റെ അമ്മൂമ്മ രോഹിണി തിരുനാള്‍ തമ്പുരാട്ടിയും അമ്മാവന്‍ ഡോക്ടര്‍ ഗോദവര്‍മ്മയും ഞാന്‍ എഴുതിയതൊക്കെ വായിച്ച് വലിയ പ്രോത്സാഹനം ചെയ്തിരുന്നു. എനിക്ക് മുമ്പ് ഉള്ളവരൊക്കെ ഈശ്വര കീര്‍ത്തനവും തിരുവാതിര പാട്ടും ഒക്കെ എഴുതിയപ്പോള്‍ സമകാലിക വിഷയങ്ങളും പ്രകൃതിയും ഒക്കെ വിഷയമാക്കി ഞാന്‍ എഴുതി. കുട്ടികളെ വളര്‍ത്തുമ്പോഴും അടുക്കള ഭരിക്കുമ്പോഴും മുതിര്‍ന്നവരെ ശുശ്രൂഷിക്കുമ്പോഴും എഴുതാനുള്ള വിഷയങ്ങളില്‍ മനസ്സുമുഴുകി. ഗാന്ധിജി വെടിയേറ്റ് മരിച്ചപ്പോള്‍ എഴുതിയ 'അസ്തമിച്ച സൂര്യന്‍ ' എന്ന കവിത  അംഗീകരിക്കപ്പെട്ടു.
അന്നത്തെ പല പ്രസിദ്ധീകരണങ്ങളിലും കവിതകള്‍  അച്ചടിച്ചു വന്നു. കാളിദാസന്റെ ഋതുസംഹാരം, സുകുമാരകവിയുടെ കൃഷ്ണ വിലാസം കാവ്യം എന്നിവയൊക്കെ വൃത്താനുവൃത്തം മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്തത് എന്റെ നിയോഗമായിരുന്നു.

ഞാന്‍ നാലാം ക്ലാസ് വരെയെ പഠിച്ചിട്ടുള്ളൂ. എന്നാല്‍ എന്റെ ഭാഷാ കൃഷ്ണവിലാസം കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ പാഠപുസ്തകത്തിൽ  ഉണ്ടായിരുന്നു. എം.എ. വിദ്യാര്‍ഥികള്‍ക്കു ഞാന്‍ മലയാളം, സംസ്‌കൃതം എന്നിവയ്ക്ക് ട്യൂഷന്‍ ക്ലാസ് എടുത്തിട്ടുണ്ട്. എന്റെ മക്കളുടെ പാഠം ഞാന്‍ പഠിച്ചെടുത്ത് അവരെ പഠിപ്പിക്കുമായിരുന്നു. എനിക്ക് പഠനത്തിന്റെ സര്‍ട്ടിഫിക്കറ്റ് ഇല്ല..പക്ഷെ ഞാന്‍ പഠിപ്പിക്കുമ്പോള്‍ അവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് കിട്ടും..മറ്റുള്ളവരെ പഠിപ്പിക്കുന്നത് വഴി ഞാനും പലതും പഠിച്ചു എന്നുള്ളതാണ് സത്യം.

അതിനിടയില്‍ കൊച്ചുമക്കള്‍ ഒരു രഹസ്യം പറഞ്ഞു:

'അത്ഭുതം തോന്നും.. അച്ഛനും അമ്മയ്ക്കും പല പുതിയ ഭക്ഷണരീതികളും ഇഷ്ടമല്ല. എന്നാല്‍ വലിയമ്മൂമ്മയ്ക്ക് ഞങ്ങളോടൊപ്പം മാസാ, കോളിഫ്‌ളവര്‍ മസാല, ലേസ് ഒക്കെ കഴിക്കാന്‍ ഇഷ്ടമാണ്.. ഏറ്റവും ഇഷ്ടം ഡ്രാഗണ്‍ കഴിക്കാനാണ്.. പിസ കഴിക്കുമെങ്കിലും അതൊരു നിര്‍ഗുണ പരബ്രഹ്‌മമാണ് എന്ന് വലിയമ്മൂമ്മ കളിയാക്കും.'

പുതിയകാലത്തെ വിവാഹങ്ങളില്‍ ഒരുപാട് മാറ്റങ്ങള്‍ വന്നല്ലോ... വിവാഹജീവിത്തിലെ ആദ്യനാളുകള്‍ ഓര്‍മയിലുണ്ടോ ?

ഈ കാലത്ത്, വിവാഹം നടക്കണമെങ്കില്‍  മാത്രമേ പലരുടെയും അനുവാദം വേണ്ടൂ.. പിരിയാന്‍ വേണ്ട... വേണ്ട എന്ന് വയ്ക്കാന്‍ ആരുടെയും അനുവാദം വേണ്ട..ഏറ്റവും അടുത്തവര്‍ പോലും പറയും 'നിങ്ങളുടെ തീരുമാനം.'.. ഇത് വിവാഹസമയത്ത് പറഞ്ഞാല്‍ എത്രയോ പ്രശ്‌നങ്ങള്‍ തീരും. ഇഷ്ടമുള്ള ആളെ വേണം വിവാഹം കഴിക്കാന്‍.. അവരവരുടെ ജീവിതത്തിന് അവരവര്‍ക്കാണ് കടപ്പാട്. പണ്ടൊക്കെയാണെങ്കില്‍ പെണ്‍കുട്ടികളെ ഓരോ നമ്പൂതിരിമാരെ കൊണ്ട് കല്യാണം കഴിപ്പിക്കും. അവര്‍ ഇടക്ക് വന്ന് കണ്ട് കുറച്ചുനാള്‍ താമസിച്ച് മടങ്ങിപ്പോകും... സ്ത്രീകള്‍ കൊട്ടാരത്തില്‍ തന്നെ താമസിക്കും. അന്നൊക്കെ മുത്തശ്ശിമാര്‍ ചോദിക്കും 'നിന്റെ നമ്പൂതിരി വരാറുണ്ടല്ലോ അല്ലേ എന്ന്..ഇല്ലെന്നു പറഞ്ഞാല്‍ 'കത്ത് കൃത്യമായും വരുന്നുണ്ടല്ലോ അല്ലേ..? എന്നാവും ചോദ്യം... ഒരു ഉപദേശവും ഉണ്ടാവും 'പിടി വിടരുത് നല്ല ശ്രദ്ധ വേണം'. അയാള്‍ ഇപ്പോ വരാറില്ല..എഴുതാറില്ല.. എന്ന് ആരെങ്കിലും പറഞ്ഞാല്‍ വന്നില്ലെങ്കില്‍ വേണ്ട.. അത്രതന്നെ.. അയാള്‍ക്ക് ഇഷ്ടമില്ലെങ്കില്‍ വരണ്ട..' അതുകൊണ്ടാണ് പഴമക്കാര്‍ പറയുന്നത്, 'നമ്മളെ ഇഷ്ടമില്ലാത്ത ഭര്‍ത്താവാണ് എങ്കില്‍ പറഞ്ഞയക്കാന്‍ നല്ല എളുപ്പമാണ് എന്ന്. നമുക്കിഷ്ടമില്ലെങ്കിലും നമ്മളെ ഇഷ്ടാണ് എങ്കില്‍ പറഞ്ഞയക്കാന്‍ പാടാണ്'

ഒരുമിക്കാനും പിരിക്കാനും ഒരു ആണി പോരേ? എങ്ങനെ അത് ഉപയോഗിക്കണം എന്ന് ബുദ്ധിയുള്ള മനുഷ്യര്‍ ചിന്തിക്കണം...ജാതിയും മതവും പറഞ്ഞ് മറ്റുള്ളവരുടെ കുറ്റവും കുറവും കണ്ടുപിടിച്ചിരിക്കുന്നവര്‍ക്ക് ചിരി കുറവായിരിക്കും. സുഖമുള്ള സമയത്തേ ചിരിക്കാന്‍ പറ്റൂ. സുഖമുള്ള സമയം നമ്മള്‍ ഉണ്ടാക്കണം. ചിരി പ്രധാനമാണ്. സാധിക്കുമ്പോഴൊക്കെ ചിരിക്കണം. ആരെയും എന്തിനെയും നോക്കി ചിരിക്കാന്‍ പറ്റണം. അപ്പൊ തനിയെ സന്തോഷവും സുഖവും ഉണ്ടായി വരും.