ഈണങ്ങളിലൂടെ കാലങ്ങളെയും തലമുറകളെയും ചേർത്തുനിർത്തിയ സംഗീതജ്ഞൻ. എന്നാൽ, പ്രശസ്തിയുടെ പടവുകൾ കയറുന്നതിനുമുമ്പ് വിശപ്പിന്റെ കയ്പറിഞ്ഞൊരു കാലം അദ്ദേഹത്തിനുമുണ്ടായിരുന്നു. ആ ഓർമകൾക്ക് ഇന്ന് നവരാത്രി ആഘോഷങ്ങളിൽ ഒരു പ്രത്യേക സ്ഥാനമുണ്ട്. ചെന്നൈയിലെത്തിയ ആദ്യനാളുകളിൽ വിശപ്പടക്കാൻ നവരാത്രി ആഘോഷങ്ങൾക്കിടെ ഭക്ഷണം തേടി നടന്നിട്ടുണ്ട് ഇളയരാജയും സുഹൃത്തുക്കളും. 1968-ൽ ചെന്നൈയിലെത്തിയ കാലത്തെ അനുഭവങ്ങളാണ് ഇളയരാജ പങ്കുവെച്ചത്.
“1968-ൽ ഞങ്ങൾ ചെന്നൈയിലെത്തിയപ്പോൾ ഒക്ടോബറിലെ നവരാത്രിക്കാലമായിരുന്നു. ഞാനും സഹോദരൻ ഭാസ്കറും ഭാരതിരാജയും വിശന്നിരിക്കുമായിരുന്നു. വടപളനി ക്ഷേത്രത്തിനടുത്ത് ആളുകൾ പൊരിയും സുണ്ടലും വിതരണം ചെയ്യുമായിരുന്നു. ഭക്ഷണം വിതരണം ചെയ്യുന്ന സ്ഥലങ്ങളിലെല്ലാം ഞങ്ങളെത്തും. ക്യൂവിൽ നിന്ന് കിട്ടുന്നതെല്ലാം വാങ്ങും. പിന്നീട് മുറിയിലെത്തി ഒരു വലിയ കടലാസ് വിരിച്ച് അതിലേക്ക് ശേഖരിച്ച ഭക്ഷണമെല്ലാം ഒഴിക്കും. മൂന്നുപേരും ചേർന്നിരുന്ന് കഴിക്കും. വെള്ളം കുടിച്ച് ഉറങ്ങും”, ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ നാളുകളിലൊന്നിന്റെ ഓർമയാണ് ഇളയരാജ പങ്കുവെച്ചത്.
Also Read
പിന്നീട് തന്റെ ജീവിതത്തിലെ ഈ അനുഭവങ്ങൾ ഇളയരാജ ഭാര്യയോട് പങ്കുവെക്കുകയും നവരാത്രിക്കാലത്ത് ആരും വിശന്നിരിക്കരുതെന്നും എല്ലാവർക്കും ഭക്ഷണം ലഭിക്കണമെന്നും അവർ ആഗ്രഹിച്ചു. അങ്ങനെയാണ് വീട്ടിൽ നവരാത്രി ഗോലു ആഘോഷം ആരംഭിക്കാനുള്ള ആശയമുണ്ടായത്. “തുടക്കത്തിൽ ചെറിയ രീതിയിലായിരുന്നു ആഘോഷം. വീട്ടിൽ ഗോലു ഒരുക്കി എത്തുന്നവർക്ക് പൊതിച്ചോറുകൾ വിതരണം ചെയ്തു. കാലക്രമേണ ആഘോഷം വളർന്നു. സംഗീതപരിപാടികൾ കൂടി ഉൾപ്പെട്ടതോടെ നവരാത്രി ഗോലു ഒരു കലാസംഗമമായി മാറുകയായിരുന്നു.” ഇളയരാജ പറഞ്ഞു.
ചെന്നൈയിലെ ടി നഗറിലുള്ള ഇളയരാജയുടെ വസതിയിൽ നടക്കുന്ന നവരാത്രി ആഘോഷം ഇന്ന് സംഗീതപ്രേമികൾക്കും വിശിഷ്ടാതിഥികൾക്കും ഒത്തുചേരാനുള്ള വേദിയാണ്. ഈ വർഷത്തെ ആഘോഷത്തിൽ വിഖ്യാത കർണാടക സംഗീതജ്ഞ എം.എസ്. സുബ്ബുലക്ഷ്മിയുടെ പ്രപൗത്രിമാരായ ഐശ്വര്യയും സൗന്ദര്യയും സംഗീതപരിപാടി അവതരിപ്പിച്ചിരുന്നു.
വിശപ്പടക്കാൻ ഭക്ഷണം തേടി നടന്ന നാളുകളിൽനിന്ന് സംഗീതവും ആഘോഷവും നിറഞ്ഞ ഇന്നത്തെ നവരാത്രിയിലേക്കുള്ള ദൂരം ഇളയരാജയുടെ ജീവിതത്തിലെ വലിയൊരു അധ്യായമാണ്. ഒരുകാലത്ത് തനിക്ക് ആശ്വാസമായത് മറ്റുള്ളവർ നൽകിയ ഭക്ഷണമായിരുന്നു. ആ കരുതൽ മറ്റുള്ളവരിലേക്കും പകരണമെന്ന ആഗ്രഹമാണ് ഇന്ന് ഈ ആഘോഷത്തിന്റെ ആത്മാവ്. സംഗീതത്തിനൊപ്പം പങ്കുവെക്കലിന്റെയും കരുതലിന്റെയും സന്ദേശം കൂടിയാണ് ഇളയരാജയുടെ നവരാത്രി ഗോലു പകരുന്നത്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Published: 17 Oct 2026, 02:15 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented