റിലീസിനുശേഷം എല്ലാ ദിവസവും വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന സിനിമയാണ് 'എമ്പുരാന്‍'. സിനിമയുടെ പ്രമേയം, ഗോധ്ര -ഗുജറാത്ത് സംഭവങ്ങളുടെ ആവിഷ്‌കാരത്തിലെ ധീരത തുടങ്ങിയ പല കാരണങ്ങള്‍ കൊണ്ട് 'എമ്പുരാന്‍'ജനശ്രദ്ധ നേടുകയും ഏറെക്കുറെ എല്ലാ മലയാളികളും കണ്ട ഒരു സിനിമ എന്ന പട്ടികയില്‍ ഇടം നേടുകയും ചെയ്തു. 'എമ്പുരാന്റെ'സാമ്പത്തികമായ ലാഭത്തെക്കുറിച്ചും അവരുടെ മാര്‍ക്കറ്റിങ് തന്ത്രങ്ങളെക്കുറിച്ചുമൊക്കെ ഏറെക്കുറെ മലയാളികളും ചര്‍ച്ച ചെയ്തു. 

To advertise here,

ഇതിനുപിന്നാലെയാണ് സുപ്രിയ മേനോനെതിരെ പ്രമുഖനായ ഒരു രാഷ്രീയ നേതാവ് രംഗത്തെത്തുന്നത്. ''മല്ലിക സുകുമാരന്‍ മരുമകളായ സുപ്രിയ മേനോനെ നിലക്ക് നിര്‍ത്തണം' എന്നായിരുന്നു ആ നേതാവിന്റെ ആവശ്യം. മകന്റെ ഭാര്യയെ നിലയ്ക്ക് നിര്‍ത്തേണ്ട ചുമതല അമ്മായിഅമ്മയ്ക്കാണ് എന്ന പൊതു ബോധത്തിന്റെ കൂടി ഉല്‍പ്പന്നമാണ് അത്തരമൊരു പ്രസ്താവന. കണ്ടും കേട്ടും അറിഞ്ഞും ശീലിച്ചുപോയ ചിലത് മാറ്റാനാവത്ത വിധം സ്വഭാവം തന്നെയായി മാറുന്നു. അതുകൊണ്ടാണ്  ഒരു സാധാരണ സ്ത്രീ എന്നതിനപ്പുറം പല മേഖലകളില്‍ കഴിവ് തെളിയിച്ച സുപ്രിയ മേനോനെപ്പോലൊരാള്‍ക്ക് പോലും ഉപദേശം കൊടുത്ത് സ്വയം പരിഹാസ്യരായി ചിലര്‍ മാറുന്നത്.

അങ്ങനെയുള്ളവര്‍ക്ക് സ്ത്രീയെ ഒരു സ്വതന്ത്ര വ്യക്തിയായി മനസ്സിലാക്കാനോ, അംഗീകരിക്കാനോ ഒരിക്കലും കഴിയില്ല എന്ന സത്യത്തിലേക്കാണ് ഈ വാക്കുകള്‍ വിരല്‍ ചൂണ്ടുന്നത്. സ്ത്രീ ഭര്‍ത്താവിനെയും, അമ്മയെയും അച്ഛനെയും മറ്റ് നിരവധി ആളുകളെയു മെല്ലാം അനുസരിച്ച് അവരുടെ ഇഷ്ടങ്ങള്‍ക്കനുസരിച്ച് സ്വയം ക്രമപ്പെട്ട് ജീവിക്കേണ്ടവളാണ് എന്ന നിശബ്ദമായ സന്ദേശം കൂടി അതിലുണ്ട്. എന്തെങ്കിലും ചെയ്യുന്ന, പ്രതികരിക്കുന്ന, ധൈര്യമുള്ള സ്ത്രീകളെ ഗോസിപ്പ് പറഞ്ഞും സ്വഭാവദൂഷ്യം ആരോപിച്ചും പലരീതിയില്‍ സമൂഹം ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത് കാണാം.

ജോലിസ്ഥലത്തും സ്വന്തം നാട്ടിലും തുടങ്ങി പ്രവര്‍ത്തിക്കുന്ന ഏത് മേഖലയിലും ഏറിയും കുറഞ്ഞും ഇത് അനുഭവിക്കാത്ത സ്ത്രീകള്‍ കുറവായിരിക്കും. ശാസ്ത്രവും സാങ്കേതിക വിദ്യകളുമെല്ലാം മുന്നോട്ട് കുതിക്കുമ്പോഴും സ്വന്തം ജീവിതത്തെകുറിച്ച് മനോഹരമായ ഒരു കാഴ്ചപ്പാടുണ്ടാക്കാന്‍ ആളുകള്‍ക്ക് കഴിയാതെ പോകുന്നു. സ്ത്രീവിരുദ്ധ തമാശകള്‍ വളരെ സ്വഭാവികമായി അവതരിപ്പിക്കപ്പെടുകയും പലപ്പോഴും ആസ്വദിക്കപ്പെടുകയും ചെയ്യുന്നു. സ്ത്രീവിരുദ്ധതയുടെ ആ വളക്കൂറുള്ള മണ്ണില്‍ നിന്നു തന്നെയാണ് ഒരു സിനിമയെ കുറിച്ചുള്ള ചര്‍ച്ച പോലും ഒരു സ്ത്രീയെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതിലേക്ക് എത്തുന്നത്. അതുകൊണ്ടാണ് മല്ലിക സുകുമാരന്‍ എന്ന അമ്മായിഅമ്മ മകന്റെ ഭാര്യയെ നിലയ്ക്ക് നിര്‍ത്തണം എന്ന രീതിയിലുള്ള അഭിപ്രായ പ്രകടനങ്ങള്‍ ഉണ്ടാകുന്നത്.
 
വളരെ നേരത്തെ ഭര്‍ത്താവിനെ നഷ്ടപ്പെട്ട, സ്വന്തം കഴിവും കരുത്തും കൊണ്ട് രണ്ട് മക്കളെ വളര്‍ത്തി വലുതാക്കിയ മല്ലിക സുകുമാരന്‍ എന്ന സ്ത്രീയോടാണ് ഇത് പറയുന്നത്! സ്വന്തം മക്കളുടെ ഇഷ്ടങ്ങളില്‍, തീരുമാനങ്ങളില്‍ ഇടപെടാത്ത അവരുടെ ആഗ്രഹങ്ങള്‍ക്കൊപ്പം അവരെ സ്വതന്ത്രയാക്കിയ ഒരു അമ്മയോടാണ് ഇത് പറയുന്നതെന്നാണ് ഏറ്റവും വലിയ തമാശ. സ്ത്രീയ്ക്ക് സ്വന്തം ബുദ്ധിയും ചിന്തയും നിലപാടുകളുമുണ്ടെന്ന് തിരിച്ചറിയാത്ത ഒരു ആള്‍ക്കൂട്ടത്തിനിടയിലാണ് ഓരോ സ്ത്രീയുടെയും ജീവിതം എന്നതാണ് ഏറ്റവും പ്രയാസമുള്ള കാര്യം. സുപ്രിയമേനോനെ പോലെ ആത്മവിശ്വാസവും കഴിവുമുള്ള ഒരു സ്ത്രീയെ ചൂണ്ടിയാണ് ചിലര്‍ 'അവളെ മര്യാദ പഠിപ്പിക്കൂ' എന്ന് ആക്രോശിക്കുന്നത്.

ഇത്തരം സംഭാഷണങ്ങള്‍ക്കൊന്നും അവരുടെ കഴിവിനെയോ ആത്മവിശ്വാസത്തിനെയോ ചോര്‍ത്തിക്കളയാനാവില്ല എന്ന് നമുക്കറിയാം. കാരണം ഇതിനെല്ലാം അപ്പുറത്തുള്ള നിറയെ കാറ്റും വെളിച്ചവുമുള്ള ഒരിടം ഈ ജീവിത കാലം കൊണ്ട് അവര്‍ സ്വയം സൃഷ്ടിച്ചെടുത്തിട്ടുണ്ട്. പക്ഷേ,അപ്പോഴും അങ്ങനെയൊരാളോട് പോലും ഇത്തരത്തില്‍ പ്രതികരിക്കാനാവുന്നു എന്നത് അത്ര നിസ്സാരമല്ല. ലോകം പുരുഷന്റേതാണ്, അവന്റെ ഇഷ്ടങ്ങള്‍ക്കൊപ്പം നടക്കുന്ന ഒരു 'പാതി'മാത്രമാണ് സ്ത്രീയെന്ന ഉറച്ച ബോധ്യത്തില്‍ നിന്നാണ് ഇത്തരം സംസാരങ്ങള്‍ ഉണ്ടാവുന്നത്. നമ്മുടെ ചുറ്റുമുള്ള സാധാരണ മനുഷ്യരിലേക്കും അവരുടെ ജീവിതങ്ങളിലേക്കും നോക്കിയാലും ഇതേ രീതിയില്‍ അഭിപ്രായ പ്രകടനങ്ങള്‍ നടത്തുന്ന ആളുകളെ കാണാം. പല ജീവിതസാഹചര്യങ്ങളില്‍ പല നിറങ്ങളില്‍ പല രൂപങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന ഒന്നാണത്! ചിലര്‍ ശീലിച്ചുപോയ, ഒരിക്കലും പുറത്തുകടക്കനാവത്ത വിധേയത്വം കൊണ്ട് ചിലപ്പോള്‍ ഒരു ജീവിതകാലം മുഴുവന്‍ ആ കെണിയില്‍ പെട്ടുപോകുന്നു. ചിലര്‍ തിരിച്ചറിവുണ്ടാകുന്ന നിമിഷം മുതല്‍  സ്വന്തം ജീവിതം സ്വയം ക്രമപ്പെടുത്തിത്തുടങ്ങുന്നു. 
 
ജോലിയുള്ള സ്ത്രീ സ്വന്തം വരുമാനത്തില്‍ നിന്ന് സ്വന്തം ഇഷ്ടപ്രകാരം ചെലവഴിച്ചാല്‍ പോലും അത് അനാവശ്യമായും ആര്‍ഭാടമായും കരുതുന്ന മനുഷ്യരാണ് കൂടുതലും. സ്വന്തമായി അഭിപ്രായങ്ങള്‍ ഉള്ള സ്ത്രീകള്‍, ജീവിതത്തിലെ പ്രതിസന്ധികളെ നേരിടാനായി പല വഴികള്‍ അന്വേഷിക്കുന്ന സ്ത്രീകള്‍ പലപ്പോഴും കുടുംബത്തിലുള്ളവരുടെ അപ്രിയങ്ങള്‍ എളുപ്പം സമ്പാദിക്കുന്നവരാണ്. എത്രയോ കാലങ്ങളായി പലതരം ജോലികള്‍ ചെയ്ത് കുടുംബത്തിന്റെ എല്ലാ കാര്യങ്ങളും ഒറ്റയ്ക്ക് നിര്‍വഹിക്കുന്ന എത്രയോ സ്ത്രീകള്‍ നമുക്കിടയിലുണ്ട്. അവരുടെ കഷ്ടപ്പാടുകളെക്കുറിച്ചോ നേട്ടങ്ങളെക്കുറിച്ചോ ഒരക്ഷരം പോലും മിണ്ടാത്തവര്‍ അവരുടെ വീഴ്ചകളെ കുറിച്ച് വാചാലരാവും. അവരെ വിമര്‍ശിച്ചും അധിക്ഷേപിച്ചും ആത്മവിശ്വാസമില്ലാത്തവരാക്കാന്‍ ശ്രമിക്കും.

സ്ത്രീയാണെങ്കില്‍ എപ്പോഴും ഏതെങ്കിലുമൊരാള്‍ക്ക് കീഴ്‌പ്പെട്ട് നില്‍ക്കേണ്ടവളാണെന്ന പൊതുബോധത്തിന്റെ അളിഞ്ഞ മാറാപ്പ് പേറുന്നവരാണ് ഈ കാലത്തും മരുമകളെ 'നിലയ്ക്ക് നിര്‍ത്തേണ്ടത്' അമ്മായിഅമ്മയുടെ ചുമതലയായി കരുതുന്നത്. ഈ ലോകത്ത് ഏത് തരം ബന്ധവും മനോഹരമാവുന്നത് പരസ്പരം സ്‌നേഹവും ബഹുമാനവുമൊക്കെ ഉണ്ടാകുമ്പോഴാണ്. അതില്ലാതെ ഏതെങ്കിലും തരത്തിലുള്ള അധികാരമോ ഉടമസ്ഥബോധമോ രണ്ടു വ്യക്തികള്‍ക്കിടയിലുണ്ടാവുമ്പോഴാണ് ബന്ധങ്ങളുടെ വേരിളകുന്നത്. മനസ്സില്‍ എന്നോ ഇല്ലാതായിക്കഴിഞ്ഞ പരസ്പരസ്‌നേഹത്തിന്റെയും വൈകാരികതയുടെയുമപ്പുറം അത് ഔപചാരികമായ ഇടപെടലുകള്‍ മാത്രമായിത്തീരുന്നത് അങ്ങനെയാണ്.ഏത് ബന്ധത്തിലും ഇത് സംഭവിക്കാം. 
       
സ്ത്രീയുടെ ജീവിതത്തെ നിരീക്ഷിക്കാനും വിശകലനം ചെയ്യാനും ന്യായവും അന്യായവും കണ്ടെത്താനും നിയോഗിക്കപ്പെട്ടവരാണ് തങ്ങളെന്ന് കരുതുന്ന പുരുഷന്‍മാരും സ്ത്രീകളും ഇന്നും ഉണ്ട് എന്നതാണ് സങ്കടം. ഓരോ വ്യക്തിക്കും അവരവരുടേതായ ചിന്തകളും നിലപാടുകളുമുണ്ടെന്നും സ്വന്തം ജീവിതമെന്നാല്‍ അതിന്റെയൊക്കെ ആവിഷ്‌ക്കാരമാണെന്നുമുള്ള തിരിച്ചറിവിന്റെ വെളിച്ചമാണ് എല്ലാവരുടെയും ഉള്ളില്‍ പരക്കേണ്ടത്. ആ വെളിച്ചം കാഴ്ച്ചകളെ കുറേക്കൂടി വ്യക്തതയുള്ളതാക്കും. ആരും ആരെയും ഭരിക്കേണ്ടതില്ല എന്ന ലളിതമായ ഒരൊറ്റ ചിന്തയില്‍ സുന്ദരമാക്കാവുന്നതാണ് ഏത് ജീവിതവുമെന്ന് തിരിച്ചറിയാനും അത് മതി. ഒരായുഷ്‌ക്കാലം കൊണ്ടുപോലും ആ തിരിച്ചറിവിലേക്ക് ഏത്താനാവാതെ കൊഴിഞ്ഞുപോകുന്നവര്‍ ഇത് പോലെ പല വാചകക്കസര്‍ത്തുകള്‍ കൊണ്ട് അന്തരീക്ഷം മലിനമാക്കും. 

നമുക്ക് വേണ്ടത് വെളിച്ചമാണ്. കൂടുതല്‍ വെളിച്ചമാണ്. അത് കൊണ്ട് തന്നെ ചുറ്റിലുമുള്ള ഏതിരുട്ടിനെയും പ്രതിരോധിക്കാന്‍ കഴിയുന്ന വിളക്ക് ഓരോ സ്ത്രീയും സ്വയം കരുതിയാല്‍ മതി. ആ വെളിച്ചത്തില്‍  വഴികള്‍ക്കെല്ലാം എന്തൊരു വ്യക്തതയാണ്! ഉള്‍ക്കരുത്തുള്ളവര്‍ അതുവഴി യാത്ര തുടരും. അപ്പോഴും നന്നേചെറിയ വൃത്തത്തിനുള്ളില്‍ കുടുങ്ങിപ്പോയവര്‍ അവരെ 'മര്യാദ'പഠിപ്പിക്കണമെന്ന് പറഞ്ഞുകൊണ്ടേയിരിക്കും. ലോകവും മനുഷ്യരും മാറുന്നതറിയാതെ സ്വന്തം ശീലങ്ങളെ അവര്‍ ഇങ്ങനെ പൊതു ഇടങ്ങളില്‍ വിളമ്പിവെച്ച് നാണംകെടും.