വിവാദങ്ങള്‍ക്കു പിന്നാലെ എമ്പുരാന് സിനിമയുടെ രാഷ്ട്രീയ-സാമൂഹിക പ്രമേയങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് നടന് മോഹന്‍ലാല്‍. ഒരു കലാകാരന് എന്ന നിലയില്‍ എന്റെ ഒരു സിനിമയും ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തോടോ, ആശയത്തോടോ, മതവിഭാഗത്തോടോ വിദ്വേഷം പുലര്‍ത്തുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടത് തന്റെ കടമയാണെന്ന് ഫെയ്സ്ബുക്കില്‍ പോസ്റ്റില്‍ പറയുന്നു. അതോടൊപ്പം വിവാദമായ ഭാഗങ്ങള്‍ ചിത്രത്തില്‍ നിന്ന് നീക്കം ചെയ്യുമെന്നും മോഹന്‍ലാല്‍ പ്രഖ്യാപിച്ചു. വിവാദത്തില്‍ മോഹന്‍ലാലിന് ഖേദമുണ്ടെന്നും അദ്ദേഹം ക്ഷമ ചോദിക്കുമെന്നും മേജര്‍ രവിയും പറഞ്ഞിരുന്നു.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
'ലൂസിഫര്‍' ഫ്രാഞ്ചൈസിന്റെ രണ്ടാം ഭാഗമായ 'എമ്പുരാന്' സിനിമയുടെ ആവിഷ്കാരത്തില്‍ കടന്നു വന്നിട്ടുള്ള ചില രാഷ്ട്രീയ-സാമൂഹിക പ്രമേയങ്ങള്‍ എന്നെ സ്നേഹിക്കുന്നവരില്‍ കുറേപേര്‍ക്ക് വലിയ മനോവിഷമം ഉണ്ടാക്കിയതായി ഞാനറിഞ്ഞു. ഒരു കലാകാരന് എന്ന നിലയില്‍ എന്റെ ഒരു സിനിമയും ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തോടോ, ആശയത്തോടോ, മതവിഭാഗത്തോടോ വിദ്വേഷം പുലര്‍ത്തുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടത് എന്റെ കടമയാണ്. അതുകൊണ്ടു തന്നെ എന്റെ പ്രിയപ്പെട്ടവര്‍ക്ക് ഉണ്ടായ മനോവിഷമത്തില്‍ എനിക്കും എമ്പുരാന് ടീമിനും ആത്മാര്‍ത്ഥമായ ഖേദമുണ്ട്, ഒപ്പം അതിന്റെ ഉത്തരവാദിത്വം സിനിമയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ഞങ്ങള്‍ എല്ലാവരുടേതുമാണ് എന്ന തിരിച്ചറിവോടെ അത്തരം വിഷയങ്ങളെ നിര്‍ബന്ധമായും സിനിമയില്‍ നിന്ന് നീക്കം ചെയ്യാന്‍ ഞങ്ങള്‍ ഒരുമിച്ച് തീരുമാനിച്ച് കഴിഞ്ഞു.
കഴിഞ്ഞ നാല് പതിറ്റാണ്ട് നിങ്ങളിലൊരാളായാണ് ഞാന്‍ എന്റെ സിനിമാ ജീവിതം ജീവിച്ചത്. നിങ്ങളുടെ സ്നേഹവും വിശ്വാസവും മാത്രമാണ് എന്റെ ശക്തി. അതില്‍ കവിഞ്ഞൊരു മോഹന്‍ലാല്‍ ഇല്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു...
സ്നേഹപൂര്‍വ്വം മോഹന്‍ലാല്‍
Content Highlights: mohanlal apologize empuraan controversy facebook post
Published: 30 Mar 2025, 01:10 pm IST
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..




Most Commented