ടിക്കറ്റ് പ്രീ ബുക്കിങ്ങിൽ ചരിത്രം തീർത്ത് മോഹൻലാൽ പൃഥ്വിരാജ് ടീമിന്റെ 'എമ്പുരാൻ' കുതിക്കുമ്പോൾ ചിത്രത്തോട് മത്സരിക്കാൻ ഭാവനയുടെ ആക്ഷൻ ഹൊറർ ത്രില്ലറും തീയേറ്ററിലേക്കെത്തും. കേരളത്തിൽ മാത്രം ആദ്യദിനം എഴുന്നൂറ്റി അറുപത്തഞ്ച് തീയേറ്ററുകളിലാണ് 'എമ്പുരാൻ' പ്രദർശനത്തിനെത്തുന്നത്. എമ്പുരാന്റെ റിലീസിനോട് കിടപിടിക്കാൻ നിൽക്കാതെ പ്രദർശനത്തിനൊരുങ്ങിയ ഒട്ടുമിക്ക മലയാള ചിത്രങ്ങളും മാറിനിൽക്കുമ്പോഴാണ് ഭാവനയുടെ തമിഴ് ചിത്രം 'ദി ഡോർ' തീയേറ്ററുകളിലേക്കെത്തുന്നത്.

To advertise here,

പന്ത്രണ്ട് വർഷത്തിന് ശേഷമാണ് ഭാവന തമിഴ് സിനിമയിലേക്ക് തിരിച്ചെത്തുന്നത്. ഭാവനയുടെ സഹോദരൻ ജയ്‌ദേവ് സംവിധാനം ചെയ്യുന്ന 'ദി ഡോറി'ന്റെ നിർമ്മാണം ഭർത്താവ് നവീൻ രാജനാണ്. ജൂൺഡ്രീംസ് സ്റ്റുഡിയോസിന്റെ ബാനറിൽ ഒരുങ്ങിയ ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയായി. ചിത്രത്തിന്റെ ഛായാഗ്രഹണം ഗൗതമും എഡിറ്റിങ് അതുൽ വിജയുമാണ്.

സിനിമയിൽനിന്ന് മാറിനിന്ന കാലത്ത് കഥകൾ കേൾക്കുന്നത് കുറവായിരുന്നെന്നും, കഥ കേട്ട് കഥാപാത്രം ഇഷ്ടപ്പെട്ടുകഴിഞ്ഞാൽ പിന്നീട് 'നോ' പറയാൻ പ്രയാസമാകുമെന്നുള്ളതിനാലാണ് കഥ കേൾക്കാതിരുന്നതെന്നും ഭാവന പറഞ്ഞു.

''എനിക്ക് ഒരുപാട് നല്ല സൗഹൃദങ്ങളുണ്ട്. ജീവിതത്തിന്റെ പ്രതിസന്ധിഘട്ടങ്ങളിലെല്ലാം അവർ നൽകിയ കരുത്തും കരുതലും വലുതാണ്. എത്രകാലം സിനിമയിൽ നിൽക്കും, സിനിമകളുമായി എതുപ്രായംവരെ മുന്നോട്ടുപോകാൻ കഴിയും എന്നൊന്നും അറിയില്ല. എങ്കിലും സിനിമ സമ്മാനിച്ച സൗഹൃദങ്ങൾ വിലപ്പെട്ടതാണ്.''- ഭാവന ഗൃഹലക്ഷ്മി ഓൺലൈനിനോട് പറഞ്ഞു.