1970-കളിലാണ് ധര്‍മേന്ദ്ര-ഹേമമാലിനി പ്രണയബന്ധം തുടങ്ങുന്നത്. അന്ന് ധര്‍മേന്ദ്ര വിവാഹിതനായിരുന്നു. നാല് മക്കളുടെ അച്ഛനുമായിരുന്നു. അങ്ങനെയൊരാളുമായി മകള്‍ അടുക്കുന്നത് ഹേമമാലിനിയുടെ അച്ഛനമ്മമാര്‍ എതിര്‍ത്തിരുന്നു. എത്ര വിയോജിപ്പ് പ്രകടിപ്പിച്ചിട്ടും ധര്‍മേന്ദ്രയുടെയും ഹേമയുടെയും മനസ്സുമാറ്റാന്‍ അവര്‍ക്കായില്ല. അവസാനത്തെ അടവെന്നോണം ഹേമയുടെ വീട്ടുകാര്‍ ഹേമയുടെ വിവാഹം നടത്താന്‍ തീരുമാനിച്ചു. നടന്‍ ജിതേന്ദ്രയാണ് അവര്‍ കണ്ടെത്തിയ വരന്‍.

To advertise here,

1960-കള്‍ മുതല്‍ ബോളിവുഡില്‍ ഹിറ്റ് നായകനായി കസറുകയായിരുന്നു ജിതേന്ദ്ര. നല്ല അഭിനേതാവെന്നും താരമെന്നും അറിയപ്പെട്ട നടന്‍. ഹേമമാലിനിയും ജിതേന്ദ്രയും നിരവധി സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. നല്ല സുഹൃത്തുക്കളായിരുന്നു ഇരുവരും. അവരുടെ കെമിസ്ട്രി ആരാധകര്‍ക്ക് വലിയ ഇഷ്ടവുമായിരുന്നു.

placeholder
ഹേമമാലിനി/Getty Images

കുടുംബങ്ങള്‍ക്കിടയിലാണ് വിവാഹച്ചര്‍ച്ച തുടങ്ങിയത്. ജിതേന്ദ്രയുടെ വീട്ടുകാര്‍ക്കും ആലോചനയില്‍ താത്പര്യം തോന്നി. മദ്രാസില്‍ വെച്ച് അവരെ കണ്ടു സംസാരിക്കാന്‍ ഹേമമാലിനിയെ അമ്മ നിര്‍ബന്ധിച്ചു. ഒടുവില്‍ കുടുംബത്തിന്റെ ഇഷ്ടത്തിന് വഴങ്ങാന്‍ ഹേമ തയ്യാറായി.  ജിതേന്ദ്രയ്ക്ക് ഹേമയെ വിവാഹം കഴിക്കാന്‍ പ്രത്യേകിച്ച് താത്പര്യം ഒന്നുമുണ്ടായിരുന്നില്ല. പക്ഷേ കുടുംബത്തിന്റെ സമ്മര്‍ദത്തിന് അദ്ദേഹവും വഴങ്ങി.

അങ്ങേയറ്റം രഹസ്യമായിട്ടാണ് ഇരു കുടുംബങ്ങളും വിവാഹം തീരുമാനിച്ചത്. മുംബൈയിൽ ആരും അറിയാതിരിക്കാന്‍ വിവാഹം ചെന്നൈയില്‍ വെച്ച് നടത്താന്‍ ധാരണയായി. രണ്ട് കൂട്ടരും ചെന്നൈയിലെത്തി. എന്നിട്ടും എങ്ങനെയോ ഒരു പ്രാദേശിക പത്രത്തില്‍ വാര്‍ത്ത വന്നു. 

വിവാഹദിവസം വേദിയിലേക്ക് ധര്‍മേന്ദ്ര കടന്നുവന്നു. അദ്ദേഹം മദ്യപിച്ചിട്ടുണ്ടായിരുന്നു. ജിതേന്ദ്രയുടെ ബാല്യകാലസുഹൃത്തും മുന്‍കാമുകിയുമായിരുന്ന ശോഭയെയും തനിക്കൊപ്പം ധര്‍മേന്ദ്ര വിവാഹത്തിന് കൊണ്ടുവന്നിരുന്നു. അദ്ദേഹത്തെ കണ്ടതും ഹേമമാലിനിയുടെ അച്ഛന്‍ രോഷാകുലനായി. ധര്‍മേന്ദ്രയെ ഇറക്കിവിടാനായി ശ്രമം. ഹേമയെ കണ്ട് സംസാരിക്കാതെ മടങ്ങില്ലെന്ന് ധര്‍മേന്ദ്രയും വാശിപിടിച്ചു.             

placeholder
ധർമേന്ദ്ര, ജിതേന്ദ്ര കപൂർ /PTI

ഒടുവില്‍ ഹേമമാലിനി പുറത്തേക്കുവന്നു. ധര്‍മേന്ദ്രയോട് പ്രശ്‌നമുണ്ടാക്കാതെ മടങ്ങണമെന്ന് അഭ്യര്‍ത്ഥിച്ചു. പക്ഷേ തന്നെ പിരിയരുതെന്ന ധര്‍മേന്ദ്രയുടെ ദയനീയമായ അപേക്ഷ അവരുടെ മനസ്സുമാറ്റി. ജിതേന്ദ്രയെ വിവാഹം കഴിച്ചാല്‍ അത് വലിയ തെറ്റാകുമെന്നായി ധര്‍മേന്ദ്ര. എന്ത് പറയണമെന്നറിയാതെ അവര്‍ നിന്നു. ജിതേന്ദ്രയുടെ ബന്ധുക്കള്‍ക്ക് ഇത് വലിയ അപമാനമായി തോന്നി. എത്രയും പെട്ടെന്ന് ഒരു തീരുമാനമെടുക്കാന്‍ ഹേമമാലിനിയോട് പറഞ്ഞ് അവര്‍ ചടങ്ങില്‍ നിന്നും ഇറങ്ങിപ്പോയി.

ആ വിവാഹം മുടങ്ങിയത് ജിതേന്ദ്രയ്ക്ക് അനുഗ്രഹമായി. അദ്ദേഹം തന്റെ ആദ്യപ്രണയിനിയായ ശോഭയെ തന്നെ വിവാഹം കഴിച്ചു. ആ വിവാഹത്തില്‍ പിറന്നതാണ് ഏക്തയും തുഷാറും. പിന്നെയും ആറ് വര്‍ഷങ്ങള്‍ ഹേമമാലിനിയും ധര്‍മേന്ദ്രയും കുടുംബത്തിന്റെ പിന്തുണ കിട്ടാന്‍ കാത്തിരുന്നു. ഹേമമാലിനിയെ നഷ്ടമാകുമെന്ന് ഭയന്ന ധര്‍മേന്ദ്ര മദ്യത്തിന് അടിമയായി. കടുത്ത വിഷാദവും നഷ്ടബോധവും അദ്ദേഹത്തെ വേട്ടയാടി. ഒടുവില്‍ 1980-ല്‍ കുടുംബങ്ങളുടെ അനുഗ്രഹത്തോടെ ഹേമമാലിനിയും ധര്‍മേന്ദ്രയും വിവാഹിതരായി.

placeholder
ധർമേന്ദ്ര /Wikipedia

അന്നത്തെ ആ വിവാഹത്തെക്കുറിച്ച് ഹേമമാലിനി തുറന്നു സംസാരിച്ചിട്ടുണ്ട്. പക്ഷേ, ഒരിക്കല്‍പോലും ജിതേന്ദ്ര അതേപ്പറ്റി പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. ''ജീവിതത്തിലെ ആ അധ്യായത്തെക്കുറിച്ച് സംസാരിക്കാന്‍ എനിക്ക് താത്പര്യമില്ല. എന്റെ മക്കളും അവരുടെ മക്കളും വളര്‍ന്നു. ഇപ്പോള്‍ അതിനെക്കുറിച്ചു പറയുന്നത് എല്ലാവര്‍ക്കും അസ്വസ്ഥതയുണ്ടാക്കും'', എന്നായിരുനു ജിതേന്ദ്രയുടെ വാക്കുകള്‍.