സെന്‍സിറ്റീവ് വിഷയം കൈകാര്യം ചെയ്തുവെന്നതിന്റെ പേരില്‍ മലയാളം സിനിമ 'എമ്പുരാനു'നേരെ വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. ദേശീയതലത്തില്‍ വരെ ചര്‍ച്ചയായ സിനിമയില്‍ നിന്ന് വിമര്‍ശനങ്ങളെത്തുടര്‍ന്ന് ഏതാനും ഭാഗങ്ങള്‍ നീക്കാന്‍ അണിയറപ്രവര്‍ത്തകര്‍ നിര്‍ബന്ധിതരാവുകയും ചെയ്തു. 

To advertise here,

ഇതിനിടെ മറ്റൊരു സെന്‍സിറ്റീവ് വിഷയം പ്രമേയമായ സിനിമ ഉടന്‍ പ്രദര്‍ശനത്തിനെത്തുമെന്ന പ്രഖ്യാപനം പുറത്തുവന്നിരിക്കുകയാണ്. 
2022 ജൂണില്‍ ഉദയ്പൂരില്‍ തയ്യല്‍ക്കാരനായ കനയ്യ ലാലിനെ കൊലപ്പെടുത്തിയ സംഭവം പ്രമേയമാകുന്ന ചിത്രമാണിത്. 'ഗ്യാന്‍വാപി ഫയല്‍സ്; എ ടെയ്‌ലേഴ്‌സ് മര്‍ഡര്‍ സ്റ്റോറി' എന്നാണ് പേര്. പ്രശസ്ത നടന്‍ വിജയ് റാസ് ആണ് പ്രധാന വേഷത്തിലെത്തുന്നത്. 'പറയേണ്ട കഥയ്ക്ക് സാക്ഷിയാകൂ!' എന്ന അടിക്കുറിപ്പോടെയാണ് ചിത്രത്തിന്റെ ആദ്യ ഔദ്യോഗിക പോസ്റ്റര്‍ കഴിഞ്ഞദിവസം പുറത്തിറക്കിയത്.

ജൂണ്‍ 27-ന് ചിത്രം തിയേറ്ററുകളിലെത്തും. പ്രവാചകനെതിരായ പരാമര്‍ശം നടത്തിയ മുന്‍ ബിജെപി വക്താവ് നൂപുര്‍ ശര്‍മയെ പിന്തുണച്ചുവെന്നതിന്റെ പേരിലാണ് രണ്ട് ആക്രമികള്‍ കനയ്യ ലാലിനെ പട്ടാപ്പകല്‍ തലയറുത്ത് കൊലപ്പെടുത്തുന്നത്. നൂപുര്‍ ശര്‍മ്മയെ പിന്തുണച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതിനുള്ള പ്രതികാരമാണിതെന്ന് അവകാശപ്പെട്ട് ഇരുവരും കൊലപാതകം സമ്മതിച്ച് ഒരു വീഡിയോയും പുറത്തിറക്കിയിരുന്നു. റിയാസ് അഖ്താരിയെന്നയാളാണ് കനയ്യയെ കൊലപ്പെടുത്തിയതെന്നും ഗൗസ് മുഹമ്മദ് എന്നയാള്‍ വിഡിയോയില്‍ പകര്‍ത്തിയെന്നും പിന്നീട് വ്യക്തമായി. 

സിനിമയുടെ പ്രഖ്യാപനം ഇതിനകം തന്നെ കാര്യമായ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിട്ടുണ്ട്. സിനിമയുടെ ആഖ്യാനരീതിയെപ്പറ്റിയുള്ള വിശദാംശങ്ങള്‍ വ്യക്തമല്ല.