എമ്പുരാന് സിനിമയുണ്ടാക്കിയ വിവാദങ്ങളില്‍ നടന് മോഹന്‍ലാല്‍ ദു:ഖിതനാണെന്നും അദ്ദേഹം മാപ്പുപറയുമെന്നും സുഹൃത്തും സംവിധായകനുമായ മേജര്‍ രവി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. സിനിമ കണ്ടിറങ്ങിയ ഉടനെ ചിത്രത്തിന് നല്ല അഭിപ്രായം പറഞ്ഞ മേജര്‍ രവി വിവാദങ്ങളുയര്‍ന്നതോടെ കുറ്റപ്പെടുത്താന്‍ തുടങ്ങിയെന്ന് ഒരുഭാഗത്തുനിന്ന് വിമര്‍ശനങ്ങളുയരുന്നുണ്ട്.
അതേസമയം, പ്രൊഫഷണല്‍ രംഗത്ത് ദീര്‍ഘകാലത്തെ സുഹൃത്തുക്കളാണ് മോഹന്‍ലാലും മേജര്‍ രവിയും. മോഹന്‍ലാലിനെ നായകനാക്കി മേജര്‍ രവി സംവിധാനം ചെയ്ത പട്ടാളച്ചിത്രങ്ങള് പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചതാണ്. ഇരുവരുടെയും കൂട്ടുകെട്ടിനെപ്പറ്റി പറയുമ്പോള്‍ തന്നെ അതിര്‍ത്തിയും യുദ്ധവും പട്ടാളക്കാരുമെല്ലാം സാധാരണപ്രേക്ഷകരുടെ മനസ്സിലേക്ക് ഓടിയെത്തും.
പട്ടാളജീവിതത്തെപ്പറ്റിയും യുദ്ധങ്ങളെപ്പറ്റിയും കേട്ടുവളര്‍ന്ന കുട്ടിക്കാലമായിരുന്നു മേജര്‍ രവിയുടേത്. അച്ഛന് രണ്ടാം ലോകയുദ്ധത്തില്‍ പങ്കെടുത്തിട്ടുണ്ടെന്നും ചെറിയച്ഛന്മാരും സഹോദരീഭര്ത്താക്കന്മാരുമെല്ലാം പട്ടാളത്തിലായിരുന്നുവെന്നും മേജര്‍ രവി ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. പത്താംക്ലാസ് പരീക്ഷ തോറ്റതിനു പിന്നാലെയാണ് താന്‍ പട്ടാളത്തില്‍ ചേര്‍ന്നതെന്നും. സാധാരണ സൈനികനായി പട്ടാളത്തില്‍ ചേര്‍ന്ന് ചുരുങ്ങിയ വര്‍ഷത്തിനുള്ളില്‍ ഓഫീസര്‍ പദവിയിലുമെത്തി.
ഔദ്യോഗികജീവിതത്തിനിടെ കണ്ട ജീവിതാനുഭവങ്ങള്‍ വിരമിച്ചശേഷം പട്ടാളസിനിമകളൊരുക്കാന് അദ്ദേഹത്തെ പ്രേരിപ്പിച്ചുവെന്ന് പറയാം. മലയാളസിനിമയ്ക്ക് സൈനിക കഥാപാത്രങ്ങളോട് എക്കാലത്തും വലിയ താത്പര്യമുണ്ടായിരുന്നു. മേജര്‍ രവി രൂപം നല്കിയ 'മേജര്‍ മഹാദേവന്' എന്ന കഥാപാത്രത്തെ മോഹന്‍ലാല്‍ വെള്ളിത്തിരയില്‍ അനശ്വരമാക്കിയപ്പോള്‍ പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു.
മേജര്‍ രവി സംവിധാനം ചെയ്ത 'കീര്‍ത്തിചക്ര', 'കുരുക്ഷേത്ര', 'കാണ്ഡഹാര്‍' തുടങ്ങിയ ചിത്രങ്ങളിലൂടെ മോഹന്‍ലാല്‍ മേജര്‍ മഹാദേവനായി മലയാളികളുടെ മനസ്സില്‍ പതിഞ്ഞു. മലയാളസിനിമയിലെ ഐക്കോണിക് സൗഹൃദങ്ങളിലൊന്നായി മോഹന്‍ലാല്‍-മേജര്‍ രവി കൂട്ടുകെട്ട് മാറാന്‍ അധികസമയം വേണ്ടിവന്നില്ല. '1971: ബിയോണ്ട് ബോര്‍ഡേഴ്സ'് ആയിരുന്നു മറ്റൊരു സിനിമ. ഇന്ത്യ-പാക് യുദ്ധക്കാഴ്ചകളിലൂടെ പട്ടാളക്കാരന്റെ ജീവിതമുഹൂര്‍ത്തങ്ങള്‍ സാഹസികമായി ചിത്രീകരിക്കുന്ന ചിത്രമാണിത്.
കീര്‍ത്തി ചക്ര (2006), കുരുക്ഷേത്ര (2008) എന്നീ ചിത്രങ്ങളിലൂടെ മോഹന്‍ലാലിന്റെ സൈനിക കഥാപാത്രത്തിന് ലഭിച്ച സ്വീകാര്യത കണക്കിലെടുത്ത്, പ്രതിരോധ മന്ത്രാലയം അദ്ദേഹത്തിന് ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലെഫ്റ്റനന്റ് കേണല്‍ എന്ന ഓണററി പദവി നല്കി.
മേജര്‍ രവി സംവിധാനം ചെയ്ത മറ്റൊരു സിനിമയായ മിഷന് 90 ഡെയ്സില്‍ നായകനായെത്തിയത് മമ്മൂട്ടിയായിരുന്നു. 2007-ലിറങ്ങിയ ഈ ചിത്രം അദ്ദേഹം സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമാണ്. മുന്‍പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ വധത്തെ തുടര്‍ന്ന് നടന്ന അന്വേഷണമാണ് സിനിമ പറയുന്നത്.
തന്റെ മറ്റൊരു പട്ടാളച്ചിത്രത്തില് നായകനായി മേജര്‍ രവി കണ്ടെത്തിയത് പൃഥ്വിരാജിനെയാണ്. പിക്കറ്റ് 43 എന്ന 2015-ലെ ചിത്രം. മേജര്‍ രവിയുടെ മുന്‍ സിനിമകളെ അപേക്ഷിച്ച് ഹീറോയിസത്തേക്കാള്‍ സൈനികന്റെ പച്ചയായ ജീവിതകഥം പ്രമേയമാക്കിയാണ് ഈ സിനിമ ഒരുക്കിയത്. സിനിമയിലേ പ്രധാനകഥാപാത്രമായ ഹവില്‍ദാര്‍ ഹരീന്ദ്രന്‍ നായര്‍ക്ക് പൃഥ്വിരാജ് ജീവന് നല്കിയപ്പോള് അതും മലയാളികളേറ്റെടുത്തു. അതിര്‍ത്തിയില്‍ കാവല്‍ നില്ക്കുന്ന ഇന്ത്യന്‍ സൈനികനും പാക് സൈനികനും തമ്മിലുള്ള സൗഹൃദമാണ് ചിത്രത്തിന്റെ പ്രമേയം. ബോളിവുഡ് താരം ജാവേദ് ജഫ്രിയാണ് പാക് സൈനികന്റെ വേഷമിട്ടത്.
Content Highlights: major ravi movie heroes mohanlal mammootty prithviraj
Published: 30 Mar 2025, 02:42 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented