14-ാം വയസ്സിലാണ് പ്രശസ്ത ബോളിവുഡ് നടി രേഖ സിനിമയിൽ നായികയാവുന്നത്. ആദ്യം കന്നഡയിലാണ് നായികയായത്. തൊട്ടടുത്തവർഷം തെലുഗുസിനിമയിലും മാസങ്ങൾക്കുള്ളിൽ ബോളിവുഡിലും അരങ്ങേറ്റം കുറിച്ചു.

To advertise here,

തികച്ചും യാദൃശ്ചികമായിട്ടാണ് രേഖ ബോളിവുഡിലെത്തുന്നത്. ചെന്നൈയിലെ ജെമിനി സ്റ്റുഡിയോയിലെത്തിയതായിരുന്നു താരം. അപ്പോഴാണ് കുൽജീത് പൽ എന്ന സംവിധായകനും അവിടേക്ക് വരുന്നത്. അദ്ദേഹത്തിന്റെ പുതിയ സിനിമയായ 'അഞ്ജാന സഫറി'ലേക്ക് ഒരു നായികയെ വേണം, അതായിരുന്നു ആവശ്യം. രേഖയെ കണ്ടപ്പോൾ അദ്ദേഹത്തിന് തന്റെ നായികയാണിതെന്ന തോന്നലുണ്ടായി. ഓഡിഷനുശേഷം രേഖയെ നായികയാക്കാൻ തീരുമാനിക്കുകയും ചെയ്തു.

സിനിമയുടെ ചിത്രീകരണത്തിനായി രേഖ മുംബൈയിലെത്തി. അവരുടെ ജീവിതത്തിലെ തന്നെ ഏറ്റവും മോശം അനുഭവമുണ്ടാകുന്നതും ആ സിനിമയുടെ ചിത്രീകരണത്തിനിടയിലാണ്. ഒരു ചുംബനസീനായിരുന്നു പ്രശ്‌നമായത്. ആ ചിത്രീകരണം അവരെ കരയിപ്പിക്കുകയും ചെയ്തു. ആ സീനിനൊടുവിൽ കരഞ്ഞുകൊണ്ടാണ് രേഖ സ്റ്റുഡിയോ വിട്ടത്. യാസിർ ഉസ്മാൻ രചിച്ച 'രേഖ: ദ അൺടോൾഡ് സ്‌റ്റോറി'യിൽ ഇതിനെക്കുറിച്ച് വിശദമായി പറയുന്നുമുണ്ട്.

ഷോട്ട് എടുക്കുന്നതിനുമുമ്പ് തന്നെ അതെങ്ങനെ ചിത്രീകരിക്കണമെന്ന് നായകനായ ബിശ്വജിത്ത് ചാറ്റർജിയും സംവിധായകൻ കുൽജീത്തും തീരുമാനിച്ചിരുന്നു. അറിയാതിരുന്നത് രേഖയ്ക്ക് മാത്രം. 'ആക്ഷൻ' പറഞ്ഞപ്പോഴേക്കും ബിശ്വജീത്ത് രേഖയെ കെട്ടിപ്പിടിച്ച്, ചുണ്ടുകളിൽ അമർത്തി ചുംബിച്ചു. ഒന്ന് പ്രതികരിക്കാനുള്ള അവസരം പോലും നൽകിയില്ല. മിനിറ്റുകളോളം ആ രംഗം നീണ്ടുനിന്നു. അഞ്ചുമിനിട്ട് കഴിഞ്ഞപ്പോഴാണ് സംവിധായകൻ കട്ട് പറയുന്നത്. അപ്പോഴേക്കും അണിയറപ്രവർത്തകർ ചുറ്റിനും നിന്ന് വിസിലടിക്കാനും ചിരിക്കാനും തുടങ്ങി. രേഖ അപ്പോഴെല്ലാം കണ്ണടച്ചുനിന്നു. കണ്ണുതുറന്നപ്പോഴേക്കും കണ്ണീർ ഒലിച്ചിറങ്ങി. ആ 15-കാരിയെ തകർത്ത സംഭവം. ഇതിനെക്കുറിച്ച് പിന്നീട് ബിശ്വജീത്ത് പറഞ്ഞത്, ആശയം സംവിധായകന്റേതായിരുന്നുവെന്നാണ്. തനിക്ക് ഉത്തരവാദിത്തമില്ലായിരുന്നുവെന്നും അന്ന് താരം പറഞ്ഞു. രേഖയുടെ സ്വഭാവികപ്രതികരണം ലഭിക്കാനാണ് രേഖയുടെ സമ്മതം മുൻകൂട്ടി വാങ്ങാതിരുന്നതത്രേ.

ആ കുപ്രസിദ്ധ ചുംബനത്തെക്കുറിച്ച് സംസാരിക്കുകയാണ് ബിശ്വജീത്തിന്റെ മകളും നടിയുമായ പല്ലവി ചാറ്റർജി. ''ആ സംഭവം ഏതൊരു പെൺകുട്ടിക്കും ആഘാതകരമാകുമായിരുന്നു'' എന്നാണ് പല്ലവി പറയുന്നത്. തന്റെ അച്ഛൻ ആ രംഗം അവതരിപ്പിക്കാൻ വിസമ്മതിക്കുകയോ രേഖയുടെ സമ്മതം മുൻകൂട്ടി വാങ്ങുകയോ ചെയ്യണമായിരുന്നുവെന്നും അവർ പറയുന്നു. പലതും മറച്ചുവെയ്ക്കുന്ന സംവിധായകർ അന്നുണ്ടായിരുന്നുവെന്നും പല്ലവി ഓർക്കുന്നു.

''ഒരഭിനേതാവിനോട് ഒരു രംഗത്തെക്കുറിച്ച് പറയുകയും, മറ്റേയാളോട് പറയാതിരിക്കുകയും ചെയ്യുന്ന സംവിധായകരുണ്ടായിരുന്നു. സ്വാഭാവികപ്രതികരണം ലഭിക്കാൻ വേണ്ടിയായിരുന്നു അങ്ങനെ ചെയ്തിരുന്നത്. അന്നൊരുപക്ഷേ സംവിധായകൻ പറഞ്ഞിരിക്കാം, 'ഇതാണ് എനിക്ക് വേണ്ട ഷോട്ട്.' ആ കാലത്ത് ഓൺസ്‌ക്രീൻ ചുംബനം സാധാരണമോ വ്യാപകമായി അംഗീകരിക്കപ്പെട്ടതോ ആയിരുന്നില്ല''.

രേഖയ്ക്ക് അതിനുമുമ്പേ തന്നെ തങ്ങളുടെ കുടുംബവുമായി ഏറെ അടുത്ത ബന്ധമായിരുന്നുവെന്നും പല്ലവി ഓർക്കുന്നു. ''രേഖ ഞങ്ങളുടെ വീട്ടിൽ വരുമായിരുന്നു. ഞങ്ങളൊരുമിച്ച് കളിക്കാറുമുണ്ടായിരുന്നു. അതുകൊണ്ട് ചിലപ്പോൾ ആ സംഭവം രേഖയ്ക്ക് കൂടുതൽ ആഘാതം നൽകിയിരിക്കാം. അച്ഛൻ ആ ചുംബനം ചെയ്യാൻ വിസമ്മതിക്കുകയോ രേഖയുടെ സമ്മതം ആദ്യം വാങ്ങുകയോ ചെയ്യണമായിരുന്നു''.

1969-ലാണ് 'അഞ്ജാന സഫറി'ന്റെ ഷൂട്ടിങ് തുടങ്ങിയത്. അന്ന് 'അഞ്ജാന സഫർ' എന്നായിരുന്നു പേരിട്ടത്. പിന്നീട് സെൻസർഷിപ്പ് പ്രശ്‌നങ്ങളിലൂടെ കടന്നുപോകേണ്ടിവന്നു സിനിമയ്ക്ക്. ഒടുവിൽ പത്തുവർഷങ്ങൾക്കുശേഷമാണ് റിലീസായത്. അപ്പോഴേക്കും 'ദോ ശിക്കാരി' എന്ന് പേരും മാറ്റിയിരുന്നു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi