നടൻ അമിതാഭ് ബച്ചൻ അഭിനയരംഗം വിടാനൊരുങ്ങുന്നു എന്ന വാർത്തകൾ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിലും മാധ്യമങ്ങളിലും സജീവമായിരുന്നു. എന്നാൽ ഈ അഭ്യൂഹങ്ങൾക്ക് വിരാമമിട്ടിരിക്കുകയാണ് 83-കാരനായ താരം.

To advertise here,

തന്റെ ബ്ലോഗിൽ എഴുതിയ 'റിട്ടയർ ചെയ്യാനുള്ള സമയമായി' (Time to retire) എന്ന വരികളെ തെറ്റായി വ്യാഖ്യാനിച്ചാണ് മാധ്യമങ്ങൾ ബിഗ് ബി വിരമിക്കുന്നു എന്ന തരത്തിൽ വാർത്ത നൽകിയത്. ഈ വാർത്തയുടെ പത്രക്കുറിപ്പ് പങ്കുവെച്ചുകൊണ്ട് അദ്ദേഹം കാര്യം വ്യക്തമാക്കി.

"ജി നഹീ ഹുസൂർ, ഞാൻ ജോലിയിൽ നിന്ന് റിട്ടയർ ചെയ്യുകയല്ല. ഇംഗ്ലീഷിൽ ആ വാക്കിന്റെ അർത്ഥം 'ഉറങ്ങാൻ പോകുന്നു' എന്ന് മാത്രമാണ്. അവിടെ നിങ്ങളെ ആരെയും ഞാൻ ക്ഷണിച്ചിട്ടുമില്ല!"

ദിവസവും രാത്രി വൈകുമ്പോൾ എഴുതാറുള്ള ബ്ലോഗിൽ ഉറങ്ങാൻ പോകുന്നു എന്ന് സൂചിപ്പിക്കാൻ ഉപയോഗിച്ച വാക്കിനെ മാധ്യമങ്ങൾ വിരമിക്കലായി ആഘോഷിക്കുകയായിരുന്നുവെന്ന് അദ്ദേഹം പരിഹസിച്ചു. ഇപ്പോൾ ജനപ്രിയ ഗെയിം ഷോയായ 'കോൻ ബനേഗാ ക്രോർപതി' (KBC) സീസൺ 18-ന്റെ അവതാരകനായി തിളങ്ങുകയാണ് ബിഗ് ബി. പരിപാടിക്കിടെ തന്റെ വ്യക്തിജീവിതത്തിലെ രസകരമായ അനുഭവങ്ങളും അദ്ദേഹം പങ്കുവെക്കാറുണ്ട്.

അടുത്തിടെ ഒരു എപ്പിസോഡിൽ, ഭാര്യ ജയാ ബച്ചൻ ഒരുങ്ങാൻ വൈകുമ്പോൾ എന്തു ചെയ്യുമെന്ന മത്സരാർഥിയുടെ ചോദ്യത്തിന് ബച്ചൻ നൽകിയ മറുപടി ഏറെ ശ്രദ്ധ നേടിയിരുന്നു. വൈകുന്നേരം 6 മണിക്ക് പോകേണ്ട ചടങ്ങാണെങ്കിൽ ജയയോട് 5 മണിക്ക് പോകണമെന്ന് പറയുമെന്നും, അങ്ങനെ നേരത്തെ ഒരുങ്ങി കൃത്യസമയത്ത് എത്തുവാൻ സാധിക്കുമെന്നുമായിരുന്നു ബച്ചന്റെ മറുപടി.

ഒക്ടോബർ 11-ന് 84-ാം പിറന്നാൾ ആഘോഷിക്കാനിരിക്കെ, ഇപ്പോഴും അഭിനയ രംഗത്ത് സജീവമാണ് അമിതാഭ് ബച്ചൻ. 2024-ൽ പുറത്തിറങ്ങിയ രജനികാന്ത് ചിത്രം 'വേട്ടയ്യൻ' ആയിരുന്നു അദ്ദേഹത്തിന്റേതായി അവസാനം തിയേറ്ററുകളിലെത്തിയ ചിത്രം. ആരാധകരെയും സിനിമാ ലോകത്തെയും ഒരേപോലെ ആശ്വാസത്തിലാക്കുന്നതാണ് അഭിനയരംഗത്ത് നിന്ന് വിടുവാങ്ങുകയല്ലെന്നുള്ള ബിഗ് ബിയുടെ ഈ വെളിപ്പെടുത്തൽ.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi