ഒരു സ്ത്രീയുടെ മൂല്യം നിർണ്ണയിക്കുന്നത് അവളുടെ കഴിവും വിജയവും അധ്വാനവുമാണോ? അതോ ശരീരഭാരവും സൗന്ദര്യവുമാണോ? 20 വർഷത്തിലേറെയായി സിനിമാരംഗത്ത് തിളങ്ങിനിൽക്കുന്ന നടിയാണ് കത്രീന കൈഫ്. ഒപ്പം സ്വന്തം ബിസിനസ്സും വിജയകരമായി മുന്നോട്ട് നയിക്കുന്നുണ്ട് അവർ. എന്നാൽ ഇപ്പോൾ അനാവശ്യമായ ബോഡി ഷേമിങ്ങും വിമർശനങ്ങളുമാണ് താരത്തിന് നേരിടേണ്ടി വരുന്നത്.

To advertise here,

മുംബൈയിൽ നടന്ന ഗണേശോത്സവ ചടങ്ങിൽ ഭർത്താവ് വിക്കി കൗശലിനൊപ്പം പങ്കെടുത്ത കത്രീനയുടെ ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നതിന് പിന്നാലെയാണ് സോഷ്യൽ മീഡിയയിൽ പരോക്ഷമായ അധിക്ഷേപങ്ങൾ ഉയർന്നത്. 2025 നവംബറിലാണ് വിക്കിക്കും കത്രീനയ്ക്കും വിഹാൻ എന്ന ആൺകുഞ്ഞ് ജനിച്ചത്. പ്രസവത്തിന് ശേഷമുള്ള ശരീരഭാരത്തെയും ലുക്കിനെയും ചൂണ്ടിക്കാണിച്ച് കത്രീനയുടെ കരിയർ അവസാനിച്ചു എന്ന തരത്തിലാണ് ഒരു വിഭാഗം ആളുകൾ വിമർശനങ്ങൾ ഉന്നയിച്ചത്. നാൽപ്പതുകളിൽ ഗർഭം ധരിക്കുകയും കുഞ്ഞിന് ജന്മം നൽകുകയും ചെയ്ത ഒരു സ്ത്രീയുടെ ശരീരത്തിലുണ്ടാകുന്ന സ്വാഭാവിക മാറ്റങ്ങളെ അവരെ മുൻപത്തെ സീറോ സൈസുമായി താരതമ്യം ചെയ്യാനാണ് പലരും മുതിരുന്നത്.

എന്നാൽ ഈ അനാവശ്യ ബോഡി ഷേമിങ്ങിനെതിരെ കത്രീനയ്ക്ക് ശക്തമായ പിന്തുണയും ലഭിക്കുന്നുണ്ട്. പ്രസവത്തിനു ശേഷമുള്ള സ്വാഭാവിക ശരീരമാറ്റങ്ങളെ മറച്ചുവെക്കാതെ, സന്തോഷത്തോടെയും ആത്മവിശ്വാസത്തോടെയും അത് ആഘോഷിക്കുന്ന കത്രീന മറ്റ് പല സ്ത്രീകൾക്കും പ്രചോദനമാണെന്ന് ഇൻഫ്ലുവൻസർമാരും ആരാധകരും ചൂണ്ടിക്കാണിക്കുന്നു. ആഗ്രഹിച്ചാൽ വേഗത്തിൽ തടി കുറയ്ക്കാൻ എല്ലാ സൗകര്യങ്ങളുമുള്ള ഒരു പ്രമുഖ നടി, തന്റെ ശരീര മാറ്റങ്ങളെ സ്വാഭാവികമായി ഉൾക്കൊള്ളാൻ കാണിക്കുന്ന മനസ്സ് ഏറെ പ്രശംസനീയമാണെന്നും അഭിപ്രായങ്ങളുണ്ട്.

സോഷ്യൽ മീഡിയയിലെ ട്രോളുകൾ കത്രീനയുടെ ലുക്കിനെക്കുറിച്ച് മാത്രം സംസാരിക്കുമ്പോൾ, കത്രീന കൈഫ് എന്ന സംരംഭക ബിസിനസ് ലോകത്ത് ഉണ്ടാക്കുന്ന നേട്ടങ്ങൾ അതിശയിപ്പിക്കുന്നതാണ്. അവരുടെ സ്വന്തം മേക്കപ്പ് ബ്രാൻഡായ 'കേ ബ്യൂട്ടി' (Kay Beauty) 240 കോടിയിൽ നിന്ന് 350 കോടി രൂപയുടെ വിറ്റഴവിലേക്ക് ഉയർന്നു. അതായത് ഒരൊറ്റ വർഷം കൊണ്ട് 46 ശതമാനത്തിന്റെ വളർച്ച! ഇന്ത്യയിൽ മാത്രം ഒതുങ്ങാതെ യുകെയിലേക്കും മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലേക്കും ബ്രാൻഡ് വ്യാപിപ്പിക്കാനും കത്രീനയ്ക്ക് സാധിച്ചു.

220 കോടിയിലധികം രൂപ ആസ്തിയുള്ള കത്രീന ഒരു സിനിമയ്ക്ക് 10 കോടിയോളം രൂപയാണ് പ്രതിഫലം വാങ്ങുന്നത്. മുംബൈയിലും ലണ്ടനിലുമുള്ള കോടികൾ വിലമതിക്കുന്ന വസതികളും അത്യാധുനിക വാഹനശേഖരവും അവരുടെ കഠിനാധ്വാനത്തിന്റെ തെളിവാണ്. വിമർശകരുടെ കമന്റുകൾക്ക് മറുപടി നൽകാൻ നിൽക്കാതെ, കുടുംബത്തോടൊപ്പവും ബിസിനസ്സ് കാര്യങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് കത്രീന ഇപ്പോൾ.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi