2011-ൽ പുറത്തിറങ്ങിയ റോഡ് കോമഡി ഡ്രാമയാണ് 'സിന്ദഗി നാ മിലേഗി ദൊബാരാ' (Zindagi Na Milegi Dobara). സോയ അക്തർ സംവിധാനം നിർവഹിച്ച രണ്ടാമത്തെ ചിത്രം കൂടിയാണത്. തിരക്കഥയൊരുക്കിയതും സോയയും കൂടി ചേർന്നാണ്. നിർമിച്ചത് സോയയുടെ സഹോദരനും ചലച്ചിത്രകാരനുമായ ഫർഹാൻ അക്തറും.

ഹൃത്വിക് റോഷൻ, അഭയ് ഡിയോൾ, ഫർഹാൻ അക്തർ, കത്രീന കൈഫ്, കൽകി കോച്‌ലിൻ തുടങ്ങിയവരാണ് പ്രധാനവേഷങ്ങളിലെത്തിയത്.

45 കോടി ചെലവിട്ട് ഇന്ത്യയുടെ പല ഭാഗങ്ങളിലും സ്‌പെയിൻ, ഇംഗ്ലണ്ട് എന്നിവിടങ്ങളിലുമായിട്ടാണ് ചിത്രീകരണം പൂർത്തിയാക്കിയത്. ചിത്രം നിരൂപകപ്രശംസ നേടുക മാത്രമല്ല, ബോക്‌സോഫീസിൽ വിജയിക്കുകയും ചെയ്തു. 153 കോടിയാണ് കളക്ട് ചെയ്തത്.

സിനിമയിലെ ഹൃത്വിക്-കത്രീന (Katrina Kaif-Hrithik Roshan) കെമിസ്ട്രി പ്രേക്ഷകർ ഏറെ ഇഷ്ടത്തോടെയാണ് സ്വീകരിച്ചത്. ഏറെ ചർച്ച ചെയ്യപ്പെട്ട, കത്രീന-ഹൃത്വിക് ചുംബനരംഗവും ചിത്രത്തിലുണ്ടായിരുന്നു. കത്രീനയുടെ ആദ്യത്തെ ഓൺസ്‌ക്രീൻ ചുംബനമായിരുന്നു അതെന്നതാണ് മറ്റൊരു പ്രത്യേകത. ചിത്രം പുറത്തിറങ്ങിയിട്ട് വർഷങ്ങളായി. ഇപ്പോഴിതാ ആദ്യ ഓൺസ്‌ക്രീൻ ചുംബനത്തിന് കത്രീന സമ്മതിച്ചതിനുപിന്നിലെ കാരണത്തെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായിക സോയ അക്തർ. ''ഈ സിനിമയുടെ കഥ പറയുമ്പോൾ തന്നെ എനിക്കറിയാമായിരുന്നു, കത്രീന ഇതുവരെ സിനിമയിലൊരു ചുംബനരംഗത്തിൽ അഭിനയിച്ചിട്ടില്ലെന്ന്. എന്നാൽ തിരക്കഥ വായിച്ചശേഷം കത്രീന പറഞ്ഞു, ഇത് തിരക്കഥയ്ക്ക് ആവശ്യമാണെന്ന് എനിക്ക് മനസ്സിലാകുന്നുണ്ട്'', 'ദ ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യ'യ്ക്ക് നൽകിയ അഭിമുഖത്തിൽ സോയ പറയുന്നു.

''സിനിമയിലെ കത്രീനയുടെ കഥാപാത്രം എപ്പോഴും വർത്തമാനകാലത്തിൽ ജീവിക്കുന്ന, സ്വന്തം ഇഷ്ടപ്രകാരം കാര്യങ്ങൾ ചെയ്യുന്ന ഒരാളാണ്. അതുകൊണ്ട് തന്നെ ആ കിസ്സിങ് രംഗം സിനിമയ്ക്കാവശ്യമായിരുന്നു'', അവർ കൂട്ടിച്ചേർത്തു.

നല്ല ഡാൻസർമാരാണ് കത്രീനയും ഹൃത്വിക്കും. എന്നിട്ടും സിനിമയിൽ അവർക്ക് നല്ലൊരു നൃത്തരംഗമോ പ്രണയഗാനമോ ഉണ്ടായിരുന്നില്ല. ചിത്രത്തിൽ ഇരുവരും ചേർന്നുള്ള ഒരു പ്രണയഗാനം (Duet) ഉൾപ്പെടുത്തുന്നതിനായി ഹൃത്വിക്കിന്റെയും കത്രീനയുടെയും ടീമുകളിൽ നിന്ന് തനിക്ക് വലിയ സമ്മർദ്ദം നേരിടേണ്ടി വന്നിരുന്നതായും സോയ അക്തർ വെളിപ്പെടുത്തി.

''അവരുടെ മാനേജ്മെന്റ് ഉൾപ്പെടെ എല്ലാവരും പറഞ്ഞത്, 'കത്രീനയും ഹൃത്വിക്കും ആദ്യമായി ഒന്നിച്ചെത്തുമ്പോൾ അവർ നൃത്തം ചെയ്യാതിരിക്കുന്നതെങ്ങനെ?' എന്നായിരുന്നു. അപ്പോൾ ഞാൻ പറഞ്ഞു, 'എവിടെയാണ് അത് ഉൾപ്പെടുത്തുക എന്ന് എനിക്കറിയില്ല. എങ്ങനെയിത് അതിൽ യോജിപ്പിക്കുമെന്ന് എനിക്ക് പിടികിട്ടുന്നില്ല.' അവർ വീണ്ടും ചോദിച്ചു, 'കടൽത്തീരത്ത് വെച്ച് അതൊന്ന് ആലോചിച്ചുനോക്കാമോ?' ഞാൻ പറഞ്ഞു, 'വേണ്ട'. പിന്നെ അവർ ചോദിച്ചു, 'സെനോറിറ്റ എന്ന പാട്ടിൽ ഉൾപ്പെടുത്താൻ പറ്റില്ലേ?' അപ്പോഴും ഞാൻ 'വേണ്ട' എന്ന് പറഞ്ഞു''. ഇന്നും 'സിന്ദഗി നാ മിലേഗി ദൊബാരാ' യുവാക്കൾക്ക് ഏറെ പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നായി തുടരുന്നു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi