ബോളിവുഡിൽ ഒരുകാലത്ത് വലിയ ചർച്ചയായിരുന്ന കങ്കണ റണൗട്ട്-താപ്സി പന്നു വാക്പോര് വീണ്ടും സജീവമാവുകയാണ്. ഇരുവരും തമ്മിൽ ഒരിക്കലും നേരിൽ കണ്ടിട്ടില്ലെന്ന താപ്‌സിയുടെ വെളിപ്പെടുത്തലിന് പിന്നാലെ, താരത്തിന്റെ വളർത്തലിനെയും മാതാപിതാക്കളെയും പരാമർശിച്ചതായി ആരോപിച്ച് രൂക്ഷ പ്രതികരണവുമായി കങ്കണ രംഗത്തെത്തി. പഴയ 'സസ്തി കോപ്പി' പരാമർശവും വീണ്ടും ആവർത്തിച്ചതോടെ ഇരുവരുടെയും ദീർഘകാല വാക്പോര് വീണ്ടും സോഷ്യൽ മീഡിയയിൽ ചർച്ചയായി.
ഒരു അഭിമുഖത്തിലാണ് കങ്കണയുമായുള്ള പ്രശ്‌നങ്ങളെക്കുറിച്ച് താപ്‌സി തുറന്നു സംസാരിച്ചത്. വിവാദങ്ങൾ തുടങ്ങുന്നതിന് മുൻപോ പിന്നീട് ഒരിക്കലും കങ്കണയെ നേരിൽ കണ്ടിട്ടില്ലെന്നാണ് താപ്‌സി പറഞ്ഞത്. കങ്കണയെക്കുറിച്ചുള്ള തന്റെ അഭിപ്രായം സ്വന്തം വളർത്തലും സംസാരശൈലിയും കാര്യങ്ങളെ കാണുന്ന രീതിയുമായി ബന്ധപ്പെട്ടതാണെന്നും, കങ്കണയ്ക്ക് അവരുടേതായ നിലപാടുകളുണ്ടെന്നും താപ്‌സി കൂട്ടിച്ചേർത്തു. “ഞാൻ എവിടെ നിന്നാണ് വരുന്നതെന്നും അവർ എവിടെ നിന്നാണ് വരുന്നതെന്നും ആളുകൾക്ക് നോക്കി തീരുമാനിക്കാം” എന്നായിരുന്നു താപ്‌സിയുടെ പരാമർശം.
Also Read
താപ്‌സിയുടെ വാക്കുകൾ വൈറലായതിന് പിന്നാലെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു കങ്കണയുടെ മറുപടി. തന്റെ പുതിയ ബി-ഗ്രേഡ് സിനിമയുടെ പ്രചാരണവുമായി നടക്കുന്ന താപ്‌സിക്ക് മാധ്യമങ്ങളിൽ സംസാരിക്കാനുള്ള പ്രധാന വിഷയം കങ്കണയാണെന്നായിരുന്നു കങ്കണയുടെ പരിഹാസം.
തന്റെ വളർത്തലിനെയും മാതാപിതാക്കളെയും പരിഹസിച്ചുവെന്ന് ആരോപിച്ച കങ്കണ, താൻ ഒരിക്കലും തർക്കങ്ങളിലേക്ക് മറ്റുള്ളവരുടെ മാതാപിതാക്കളെ വലിച്ചിഴക്കാറില്ലെന്നും പറഞ്ഞു. എന്നാൽ ഇത്തവണ താപ്‌സിയുടെ മാതാപിതാക്കളോടും ഒരു ചോദ്യം ചോദിക്കാനുണ്ടെന്നായിരുന്നു കങ്കണയുടെ വിമർശനം. “എന്റെ മാതാപിതാക്കൾ എന്നെപ്പോലെ ഒരാളെ സൃഷ്ടിച്ചതുപോലെ, താപ്‌സിയുടെ മാതാപിതാക്കൾക്ക് എന്തുകൊണ്ട് ഒറിജിനലായ ഒരാളെ സൃഷ്ടിക്കാനായില്ല? എന്തിന് ഒരു വിലകുറഞ്ഞ 'സസ്തി കോപ്പി?” എന്നായിരുന്നു കങ്കണയുടെ പരിഹാസം.
2019-ലാണ് ഇരുവരും തമ്മിലുള്ള തർക്കം ആദ്യമായി വലിയ വിവാദമായി മാറിയത്. കങ്കണയുടെ സഹോദരി രംഗോളി ചന്ദേൽ, താപ്‌സിയെ കങ്കണയുടെ 'സസ്തി കോപ്പി' അഥവാ വിലകുറഞ്ഞ പകർപ്പ് എന്ന് വിളിച്ചതോടെയാണ് വിവാദം ആരംഭിച്ചത്.
‘Judgementall Hai Kya’ എന്ന ചിത്രത്തിന്റെ ട്രെയിലറിനെ പ്രശംസിച്ച താപ്‌സി, ചിത്രത്തിലെ കങ്കണയുടെ പേര് പ്രത്യേകം പരാമർശിച്ചിരുന്നില്ല. ഇതാണ് രംഗോളിയുടെ വിമർശനത്തിന് വഴിവച്ചത്. പിന്നീട് ഇരുവരും തമ്മിൽ വാക്കേറ്റങ്ങളുണ്ടായെങ്കിലും ചെളിവാരിയെറിയുന്ന തർക്കത്തിലേക്ക് പോകാൻ താൽപര്യമില്ലെന്ന് താപ്‌സി വ്യക്തമാക്കിയിരുന്നു.
2020-ൽ ബോളിവുഡിലെ സ്വജനപക്ഷപാത വിവാദം ചൂടുപിടിച്ചപ്പോഴും കങ്കണ-താപ്‌സി പോര് വീണ്ടും ശക്തമായിരുന്നു. അന്ന് താപ്‌സിയെയും സ്വര ഭാസ്‌കറെയും കങ്കണ 'ബി-ഗ്രേഡ്' അഭിനേതാക്കളെന്നും 'ആവശ്യമുള്ള ഔട്ട്സൈഡേഴ്‌സ്' എന്നും വിശേഷിപ്പിച്ചിരുന്നു. എന്നാൽ സിനിമയിലെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനുപകരം വ്യവസായത്തിന് പുറത്തുനിന്നെത്തിയവരെ പരസ്പരം ഏറ്റുമുട്ടിക്കരുതെന്നായിരുന്നു താപ്‌സിയുടെ മറുപടി. കങ്കണയുമായി തനിക്ക് ഒരിക്കലും വ്യക്തിപരമായ വഴക്കുണ്ടായിട്ടില്ലെന്നും താരം പലവട്ടം വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനത്തെക്കുറിച്ചും താപ്‌സി അഭിമുഖത്തിൽ പ്രതികരിച്ചു. താൻ രാഷ്ട്രീയത്തിന് അനുയോജ്യയായ വ്യക്തിയല്ലെന്നാണ് താരത്തിന്റെ നിലപാട്. “ഞാൻ വളരെ സത്യസന്ധയും വൈകാരികമായി പെട്ടെന്ന് ബാധിക്കപ്പെടുന്ന ആളുമാണ്. ഇനിയും കുറച്ചുകൂടി സിനിമകൾ ചെയ്യാനുണ്ട്. രാഷ്ട്രീയത്തിലേക്ക് വരുന്നതിനെക്കുറിച്ച് ഇപ്പോൾ ആലോചിക്കുന്നില്ല. അതിനുള്ള ഡി.എൻ.എ തന്നെ എനിക്കില്ല,” എന്നായിരുന്നു താപ്‌സിയുടെ പ്രതികരണം. വിദ്യാഭ്യാസമുള്ള ഒരു പൗരനെന്ന നിലയിൽ രാഷ്ട്രീയ വിഷയങ്ങളിൽ അഭിപ്രായം പറയുന്നതാണ് തന്റെ താൽപര്യമെന്നും അതിന് രാഷ്ട്രീയ പ്രവേശനവുമായി ബന്ധമില്ലെന്നും താരം കൂട്ടിച്ചേർത്തു.
താപ്‌സിയുടെ പുതിയ ചിത്രം 'ഗാന്ധാരി' സെപ്റ്റംബർ 3-ന് നെറ്റ്ഫ്‌ലിക്‌സിൽ റിലീസാകും. കങ്കണ അവസാനമായി അഭിനയിച്ചത് 'ഭാരത് ഭാഗ്യ വിധാത'യിലാണ്. എ.എൽ. വിജയ് സംവിധാനം ചെയ്യുന്ന പേരിടാത്ത പാൻ ഇന്ത്യൻ സൈക്കോളജിക്കൽ ത്രില്ലറാണ് കങ്കണയുടെ അടുത്ത ചിത്രം. 'തലൈവി'ക്ക് ശേഷം എ.എൽ. വിജയുമായി വീണ്ടും ഒന്നിക്കുന്ന ചിത്രത്തിൽ ആർ. മാധവനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: kangana-ranaut-taapsee-pannu-feud-latest-updates
Published: 23 Aug 2026, 01:07 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented