ഫുട്‌ബോൾ ആരാധകർ ആവേശത്തിലാണെങ്കിലും അവർക്ക് അല്പം ആശങ്കയുംകൂടിയുണ്ട്. മത്സരങ്ങളുടെ സമയക്രമം തന്നെയാണ് കാര്യം. പല മത്സരങ്ങളും അർധരാത്രിയിലും പുലർച്ചെയുമായാണ് നടക്കുന്നത്. പ്രിയപ്പെട്ട ടീമുകളുടെ മത്സരങ്ങൾ കാണാൻ ഉറക്കം കളയുന്നത് പതിവാകുമ്പോൾ ചിലപ്പോൾ ആരോഗ്യത്തെയും അത് ബാധിക്കാനിടയുണ്ട്. ചുരുക്കം ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ലോകകപ്പ് ആവേശം ആരോഗ്യത്തെ ബാധിക്കാതെ ആസ്വദിക്കാനാകും.
മത്സരത്തിന് മുമ്പ് പവർ നാപ്: അർധരാത്രിക്ക് ശേഷവും ഉണർന്നിരിക്കാനാണ് ഉദ്ദേശിക്കുന്നതെങ്കിൽ വൈകുന്നേരങ്ങളിൽ 20-30 മിനിറ്റ് നേരം പവർ നാപ്പ് എടുക്കുന്നത് നല്ലതാണ്. ഇത് ക്ഷീണം കുറയ്ക്കാനും മത്സരസമയത്ത് കൂടുതൽ ഉണർവോടെ ഇരിക്കാനും സഹായിക്കും.
രാത്രി ലഘുഭക്ഷണം കഴിക്കാം: മത്സരം കാണുന്നതിനിടെ കൊറിക്കുന്ന ശീലം പലർക്കുമുണ്ടാകാം. ചിപ്‌സ്, ഫ്രൈഡ് ഫുഡ് തുടങ്ങി ബിരിയാണി വരെ കഴിക്കുന്നവരുണ്ട്. എന്നാൽ ഇത്തരം ഭക്ഷണങ്ങൾ ദഹനപ്രശ്‌നങ്ങൾക്കും അസ്വസ്ഥതയ്ക്കും കാരണമായേക്കാം. പകരം പഴവർഗങ്ങൾ, തൈര്, സാൻഡ്‌വിച്ച്, റോസ്റ്റഡ് മഖാന, സാലഡ് തുടങ്ങിയ ലഘുഭക്ഷണങ്ങൾ തിരഞ്ഞെടുക്കാം.
വെള്ളം കുടിക്കാൻ മറക്കരുത്: രാത്രി വൈകിയും ഉണർന്നിരിക്കുമ്പോൾ ശരീരത്തിന് ആവശ്യമായ ജലാംശം ലഭിക്കണം. സോഫ്റ്റ് ഡ്രിങ്കുകൾക്കു പകരം വെള്ളംതന്നെ കുടിക്കുക. ഇത് തലവേദനയും ക്ഷീണവും മാറാൻ സഹായിക്കും.
കുറച്ച് മതി കാപ്പി: ഉറക്കമകറ്റാൻ പലരും തുടർച്ചയായി നാലും അഞ്ചും തവണ കാപ്പിയോ ചായയോ ഒക്കെ കുടിക്കാറുണ്ട്. എന്നാൽ അധിക കഫീൻ പിന്നീട് ഉറങ്ങാൻ ബുദ്ധിമുട്ടുണ്ടാക്കും. ഒരു കപ്പ് കാപ്പിയിൽ ഒതുക്കിയാൽ നന്ന്. അല്ലെങ്കിൽ ഗ്രീൻ ടീ പോലുള്ളവ തിരഞ്ഞെടുക്കാം.
Also Read
ആരോഗ്യകരമായ സ്‌നാക്കുകൾ കരുതാം: ചിപ്സിനും വറുത്ത പലഹാരങ്ങൾക്കും പകരം നട്ട്സ്, പോപ്കോൺ, സ്പ്രൗട്സ്, ഡ്രൈ ഫ്രൂട്ട്‌സ് എന്നിവ തിരഞ്ഞെടുക്കാം. ഇവ ശരീരത്തിന് ഊർജം നൽകുകയും അമിത കലോറി ഒഴിവാക്കുകയും ചെയ്യും.
കണ്ണുകളുടെ ആരോഗ്യം മുഖ്യം: ഇരുണ്ട മുറിയിൽ മൊബൈൽ ഫോൺ അല്ലെങ്കിൽ ടിവി സ്‌ക്രീനിലേക്ക് മണിക്കൂറുകളോളം നോക്കിയിരിക്കുന്നത് കണ്ണുകൾക്ക് ബുദ്ധിമുട്ടുണ്ടാക്കും. സ്‌ക്രീൻ ബ്രൈറ്റ്‌നസ് കുറയ്ക്കുകയും മുറിയിൽ ചെറിയ വെളിച്ചം നിലനിർത്തുകയും ചെയ്യുന്നത് കൂടുതൽ സുഖകരമായ കാഴ്ചാനുഭവം നൽകും.
ഹാഫ് ടൈമിൽ എഴുന്നേറ്റ് നടക്കാം: മത്സരത്തിന്റെ ഇടവേളകളിൽ കുറച്ചുസമയം എഴുന്നേറ്റ് നടക്കുകയോ ശരീരം ഒന്ന് സ്‌ട്രെച്ച് ചെയ്യുകയോ ചെയ്യാം. ഇത് ശരീരത്തിലെ രക്തചംക്രമണം മെച്ചപ്പെടുത്തും. പേശികളിലെ മുറുക്കം കുറയ്ക്കുകയും ചെയ്യും.
എല്ലാ മത്സരങ്ങളും കാണണമെന്നില്ല: ഓരോ മത്സരവും കാണാൻ ഉറക്കം തുടർച്ചയായി നഷ്ടപ്പെടുത്തുന്നത് ആരോഗ്യത്തെ ബാധിക്കും. പ്രധാന മത്സരങ്ങൾ മാത്രം തത്സമയം കാണുകയും മറ്റുള്ളവയുടെ ഹൈലൈറ്റ്‌സ് പിന്നീട് കാണുകയും ചെയ്യുന്നത് നല്ലതാണ്.
പഞ്ചസാര പാനീയങ്ങൾ കുറയ്ക്കാം: രാത്രി വൈകി സോഫ്റ്റ് ഡ്രിങ്കുകളോ അധിക മധുരമുള്ള പാനീയങ്ങളോ കുടിക്കുന്നത് ഉറക്കത്തെ പ്രതികൂലമായി ബാധിക്കും. അതുകൊണ്ട് വെള്ളമോ ഹെർബൽ ടീയോ കുടിക്കുന്നതാണ് നല്ലത്.
അടുത്ത ദിവസം വിശ്രമം ഉറപ്പാക്കുക: ഒരു രാത്രി ഉറക്കം കുറവായാൽ അടുത്ത ദിവസം അതിനുള്ള പരിഹാരം കണ്ടെത്തണം. വേണമെങ്കിൽ ചെറിയൊരു ഉച്ചയുറക്കമാവാം. ആവശ്യമായ വിശ്രമം ലഭിക്കുന്നതോടെ ശരീരം വേഗത്തിൽ പഴയ നിലയിലേക്ക് മടങ്ങും.
ഏതാനും ദിവസത്തെ ഫുട്‌ബോൾ ആവേശത്തിനായി ആരോഗ്യത്തെ അവഗണിക്കരുത്. ശരിയായ ഭക്ഷണക്രമവും ഉറക്കവും ജലാംശവും നിലനിർത്തിയാൽ ഓരോ മത്സരത്തിന്റെയും ആവേശം പൂർണമായി ആസ്വദിക്കാനാകും.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: fifa-world-cup-2026-health-tips-late-night-matches
Published: 15 Jun 2026, 04:40 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented