41 വയസ്സായി ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക്. ലോകകപ്പിനായി പുറപ്പെടുമ്പോൾ അദ്ദേഹത്തിന്റെ ശാരീരികക്ഷമതയെക്കുറിച്ച് ചോദിച്ച മാധ്യമപ്രവർത്തകരോട് അദ്ദേഹം ചോദിച്ചതിങ്ങനെ, ''നിങ്ങൾ എന്റെ മത്സരങ്ങൾ കാണാറില്ലേ?''
പോർച്ചുഗൽ ടീമിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായിട്ടാണ് അദ്ദേഹം കണക്കാക്കപ്പെടുന്നത്. അഞ്ചുതവണയാണ് ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനായി ഫിഫ അദ്ദേഹത്തെ തിരഞ്ഞെടുത്തത്. ഏറ്റവും കൂടുതൽ അന്താരാഷ്ട്രമത്സരങ്ങൾ കളിച്ച താരമെന്ന റെക്കോഡും അദ്ദേഹത്തിനു തന്നെയാണ്.
ഇത് ആറാമത്തെ തവണയാണ് ക്രിസ്റ്റ്യാനോ ലോകകപ്പ് കളിക്കാനെത്തുന്നത്. എങ്കിലും ഒരു ലോകകപ്പ് കിരീടമെന്ന സ്വപ്‌നം ഇന്നും അദ്ദേഹത്തിൽനിന്ന് ഏറെ അകലെയാണ്. ആ സ്വപ്‌നം യാഥാർഥ്യമാക്കാനുള്ള ശ്രമങ്ങളിലാണ് ക്രിസ്റ്റ്യാനോ. ലോകകപ്പിന് ഏറെ മുമ്പ് തന്നെ മത്സരത്തിനായുള്ള തയ്യാറെടുപ്പുകൾ അദ്ദേഹം തുടങ്ങിയിരുന്നു. ലോകകപ്പ് സമയത്തെ മികച്ച ഫിറ്റ്‌നെസിനായി പ്രതിവർഷം അദ്ദേഹം ഒരു മില്യൺ ഡോളറിലധികം (ഏകദേശം 9 കോടി) ചെലവഴിച്ചതായും റിപ്പോർട്ടുകളുണ്ട്.
ഭക്ഷണവും ഉറക്കവുമെല്ലാം ഒരു പ്രത്യേകരീതിയിലാണ് താരം ക്രമീകരിച്ചിരിക്കുന്നത്. ലഘുവായി, ആറുതവണയായിട്ടാണ് അദ്ദേഹം ഭക്ഷണം കഴിക്കുന്നത്. ബ്രേക്ക്ഫാസ്റ്റ്, ബ്രെഞ്ച്, ലഞ്ച്, സ്‌നാക്ക്‌സ്, സപ്പർ, ഡിന്നർ എന്നിങ്ങനെയാണ് ആറായി അത് വിഭജിച്ചിരിക്കുന്നത്.
കൂടുതലായും ചിക്കനാണ് കഴിക്കുന്നത്. അതിനൊപ്പം അവക്കാഡോ, ക്വിനോവ, ഫ്രഷായ പഴങ്ങൾ, മത്സ്യം എന്നിവയും താരം കഴിക്കും. കൂടുതൽ താത്പര്യം പോർച്ചുഗലിന്റെ പരമ്പരാഗതമായ ഒരു ഭക്ഷണമാണ്, ഉപ്പിട്ട കോഡ് മത്സ്യം, വറുത്ത ഉരുളക്കിഴങ്ങുകൾ, സ്‌ക്രാംബിൾ ചെയ്ത മുട്ട എന്നിവ അടങ്ങിയതാണത്. പഞ്ചസാര തീരെ ഉപയോഗിക്കാറില്ല. മദ്യവും കഴിക്കാറില്ല.
ഉറക്കം ഇങ്ങനെ
ഏഴര മണിക്കൂറാണ് അദ്ദേഹത്തിന്റെ ഉറക്കം. എന്നാൽ, തുടർച്ചയായി ഉറങ്ങുന്നതിനുപകരം, 90 മിനിറ്റ് ദൈർഘ്യത്തിൽ പലപ്പോഴായിട്ടാണ് അദ്ദേഹം ഉറങ്ങുന്നത്. പോളിഫേസിക് സ്ലീപ് എന്നാണിത് അറിയപ്പെടുന്നത്. ഉറക്കത്തെ പല ചെറു നാപ്പുകൾ (short naps) ആയിട്ടാണ് ഇതിൽ വിഭജിക്കുന്നത്. ഓരോ വ്യക്തിയിലും ഉറങ്ങുന്ന ദൈർഘ്യം വ്യത്യാസപ്പെടാം.
ചില ശീലങ്ങൾ
കാലിലെ വലിയ വിരലിൽ ക്രിസ്റ്റിയാനോ കറുത്ത നെയിൽ പോളിഷ് ഇടാറുണ്ട്. സ്റ്റൈൽ സ്റ്റേറ്റ്‌മെന്റ് എന്നാണ് പലരുടെയും വിശ്വാസം. എന്നാൽ ഇതിനുപിന്നിലൊരു വിശ്വാസമുണ്ട്. അത്‌ലെറ്റുകൾക്ക് പരിശീലനത്തിനിടയിൽ ഫംഗസ് അണുബാധകൾ, പരിക്കുകൾ എന്നിവയുണ്ടാവാൻ സാധ്യതയുണ്ട്. ഇരുണ്ടനിറങ്ങളിലുള്ള നെയിൽപോളിഷ്, നഖങ്ങളെ സംരക്ഷിക്കുകയും ബാക്ടീരിയകളുമായുള്ള സമ്പർക്കം കുറയ്ക്കുകയും ചെയ്ത് ഒരു സംരക്ഷണവലയമായി പ്രവർത്തിക്കുമെന്നാണ് പറയപ്പെടുന്നത്. അത്‌ലെറ്റുകളും, നീന്തൽതാരങ്ങളുമെല്ലാം ഇങ്ങനെ ചെയ്യാറുണ്ട്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Ronaldo's dedicated preparation for his sixth World Cup appearance at age 41. Investment of over $1 million annually for peak physical fitness
Published: 15 Jun 2026, 03:32 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented