കരിയറിന്റെ തുടക്കത്തിൽ ലഹരിക്ക് അടിമപ്പെട്ടതിനെപ്പറ്റി ബോളിവുഡ് നടൻ സഞ്ജയ് ദത്ത് തുറന്നുപറഞ്ഞിട്ടുണ്ട്. പിന്നീട് ലഹരിമുക്തി നേടി അഭിനയത്തിൽ സജീവമായി. അതേസമയം, ദുർബലമായൊരവസ്ഥ ജീവിതത്തിൽ വന്നപ്പോൾ വീണ്ടും ലഹരി ഉപയോഗിക്കാൻ സഞ്ജയ്ക്ക് തോന്നിയിരുന്നെന്ന് പറയുകയാണ് തിരക്കഥാകൃത്ത് രൺബീർ പുഷ്പ്. അദ്ദേഹത്തിനൊപ്പമുള്ള ചില അനുഭവങ്ങളും പുഷ്പ് തുറന്നുപറഞ്ഞു.

To advertise here,

ആദിത്യ പഞ്ചോളിയും നീലം കോത്താരിയും സഞ്ജയ് ദത്തും അഭിനയിച്ച ‘സാഹിബ്‌സാദേ’ എന്ന ആക്ഷൻ ചിത്രത്തിനായി 1992-ൽ കുളു-മണാലിയിൽ ഷൂട്ടിങ് നടക്കുകയായിരുന്നു. ചിത്രത്തിന്റെ തിരക്കഥയെഴുതിയത് പുഷ്പ് ആയിരുന്നു. ഔട്ട്‌ഡോർ ഷെഡ്യൂളിൽ മദ്യപിക്കാത്ത ചുരുക്കം ചിലരിൽ താനും സഞ്ജയും ഉൾപ്പെട്ടിരുന്നുവെന്നുവെന്ന് അദ്ദേഹം പറഞ്ഞു. വീണ്ടും ലഹരി ഉപയോഗിക്കണമന്ന് എപ്പോഴെങ്കിലും തോന്നിയിരുന്നോയെന്ന് ഒരിക്കൽ അദ്ദേഹത്തോട് ചോദിച്ചു. തന്റെ ആദ്യഭാര്യ റിച്ച ശർമ്മയ്ക്ക് ക്യാൻസർ സ്ഥിരീകരിച്ചപ്പോൾ തോന്നിയിരുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്.

“രൺബീർ ജി, ഒരു തവണ തോന്നിയിരുന്നു. റിച്ചയെ ഓപറേഷനായി ആശുപത്രിയിലേക്ക് കൊണ്ടുപോയപ്പോൾ. ആ സമയത്ത് അവളെന്റെ ഭാര്യയായിരുന്നു. അപ്പോൾ എനിക്ക് ചെറുതായിട്ട്... ഒരു മനുഷ്യന് ഉണ്ടാകില്ലേ, മനസ്സ് തകർന്നുപോകും, ജീവിതത്തിൽ എന്താണ് സംഭവിക്കുന്നത് എന്നോർത്ത് ശരീരം മുഴുവൻ വിറയ്ക്കും. അപ്പോൾ എനിക്ക് തോന്നി, കുറച്ച് സെക്കൻഡുകളിലേക്ക് അങ്ങനെ തോന്നിയിരുന്നു. കൃത്യം ആ നിമിഷം എന്റെ അച്ഛന്റെ മുഖവും കുടുംബവും എന്റെ ജീവിതവും ഓർമ്മവന്നു, നിമിഷനേരം കൊണ്ട് ആ ചിന്ത എന്റെ മനസ്സിൽ നിന്ന് അപ്രത്യക്ഷമായി. അപ്പോഴേക്കും ഞാൻ ഉള്ളിൽ അത്രയേറെ ശക്തനായിയിരുന്നു. ലോകത്തിലെ ഒരു ശക്തിക്കും എന്നെയിനി ആ വഴിയിലേക്ക് തിരികെ കൊണ്ടുപോകാനാവില്ല എന്ന അവസ്ഥയിലായിരുന്നു ഞാൻ”- സഞ്ജയ് പറഞ്ഞതായി പുഷ്പ് പറഞ്ഞു.

1985-ൽ ദേവ് ആനന്ദിന്റെ 'ഹം നൗജവാൻ' എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച നടിയായിരുന്നു റിച്ച. തുടർന്ന് ഒട്ടേറെ ചിത്രങ്ങളിൽ അഭിനയിച്ചു, വിവാഹശേഷം അഭിനയം നിർത്തി.

സഞ്ജയ് ദത്തുമായുള്ള വിവാഹം കഴിഞ്ഞ് രണ്ട് വർഷത്തിനുള്ളിലാണ് റിച്ചയ്ക്ക് ബ്രെയിൻ ട്യൂമർ സ്ഥിരീകരിച്ചത്. ചികിത്സയ്ക്കായി ന്യൂയോർക്കിലേക്ക് പോവുകയും ഒന്നിലധികം ശസ്ത്രക്രിയകൾക്കും കീമോതെറാപ്പിക്കും റേഡിയേഷനും വിധേയയാകുകയും ചെയ്തു. 1996-ൽ ന്യൂയോർക്കിലെ മാതാപിതാക്കളുടെ വീട്ടിൽ വെച്ച് 32-ാംവയസ്സിലാണ് മരിക്കുന്നത്. ഈ കാലയളവിൽ സഞ്ജയ് ഭീകരവാദ വിരുദ്ധ പ്രവർത്തന നിയമംപ്രകാരം അറസ്റ്റിലായതിനാൽ റിച്ചയുടെ അവസാന നാളുകളിൽ ഒപ്പംനിൽക്കാനായില്ല. അവരുടെയും സഞ്ജുവിന്റെയും മകളായ ത്രിഷാലയെ പിന്നീട് യു.എസിലെ മുത്തശ്ശനും മുത്തശ്ശിയുമാണ് വളർത്തിയത്. ഭാര്യയുടെ മരണം സഞ്ജയ് ദത്തിനെ ആഴത്തിൽ ബാധിച്ചിരുന്നുവെന്ന് സഞ്ജയ് ദത്തിന്റെ സഹോദരിയും രാഷ്ട്രീയക്കാരിയുമായ പ്രിയ ദത്ത് മുൻപ് പറഞ്ഞിരുന്നു. 

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi