ബോളിവുഡിലെ ഏറ്റവും പ്രഗത്ഭരായ നടന്മാരിൽ ഒരാളായിരുന്നു വിനോദ് ഖന്ന. 1968-ൽ അഭിനയരംഗത്തേക്ക് കടന്നുവന്ന അദ്ദേഹം ആദ്യം വില്ലൻ വേഷങ്ങളിലാണ് അഭിനയിച്ചത്. മികച്ച പ്രകടനങ്ങൾക്കപ്പുറം സൗന്ദര്യത്തിന്റെ പേരിലും അദ്ദേഹം പ്രശംസിക്കപ്പെട്ടു. ആ കാലഘട്ടത്തിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടന്മാരിൽ ഒരാൾ കൂടിയായിരുന്നു അദ്ദേഹം. 

1988-ലെ ബ്ലോക്ക്ബസ്റ്ററായ 'ദയാവാൻ' (Dayavan) എന്ന സിനിമയിൽ മാധുരി ദീക്ഷിത് ആയിരുന്നു നായിക. ഇതിൽ വിവാദമായൊരു lip-lock രംഗമുണ്ട്. ആ റൊമാന്റിക് രംഗത്തിനുവേണ്ടി വിനോദ് ഖന്ന തന്റെ പ്രതിഫലം വെട്ടിക്കുറച്ചുവെന്ന് ചില റിപ്പോർട്ടുകളുണ്ട്. 

ആ സമയത്ത് മാധുരി വളരെ ചെറുപ്പമായിരുന്നു, തന്നേക്കാൾ വളരെ പ്രായക്കൂടുതലുള്ള വിനോദ് ഖന്നയെ ചുംബിക്കാൻ മാധുരിക്ക് മടിയായിരുന്നു. സംവിധായകനായ ഫിറോസ് ഖാനോട് അവർ തന്റെ അസ്വസ്ഥത പ്രകടിപ്പിച്ചു. പക്ഷേ, ആ സീൻ ഒഴിവാക്കാൻ സാധിക്കാത്തതായിരുന്നു. ആ പ്രണയരംഗം ചിത്രീകരിക്കുമ്പോൾ, സംവിധായകൻ കട്ട് പറഞ്ഞിട്ടും വിനോദ് നിയന്ത്രണം വിടുകയും മാധുരിയെ ചുംബിക്കുന്നത് തുടരുകയും ചെയ്തുവത്രെ. ആ രംഗം വളരെ തീവ്രമായിമാറുകയും, വിനോദ് മാധുരിയെ അഞ്ച് മിനിറ്റോളം ചുംബിക്കുകയും ഒടുവിൽ അവരുടെ ചുണ്ടിൽ കടിക്കുകയും ചെയ്തുവെന്ന് റിപ്പോർട്ടുകളുണ്ട്. നടിയുടെ ചുണ്ടിൽനിന്ന് രക്തം വരികപോലും ചെയ്തു. എല്ലാവർക്കും ഞെട്ടലുണ്ടാക്കിയ ഒരു നിമിഷമായിരുന്നു അത്. പിന്നീട് അതിന്‍റെ പേരിൽ വിനോദ് മാധുരിയോട് മാപ്പ് ചോദിച്ചിരുന്നു.

'ദയാവാൻ' റിലീസിന് ശേഷം, ഈ ചുംബന രംഗം വലിയ വിവാദങ്ങൾക്ക് തിരികൊളുത്തി. ആ രംഗം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഫിറോസ് ഖാന് നിയമനോട്ടീസുകൾ ലഭിച്ചു. പക്ഷേ, അദ്ദേഹം വഴങ്ങിയില്ല. ആ രംഗം ഒഴിവാക്കണമെന്ന് മാധുരിയും ആവശ്യപ്പെട്ടു. ഒടുവിൽ ഫിറോസ് ഖാൻ മാധുരിക്ക് നഷ്ടപരിഹാരമായി 1 കോടി രൂപ നൽകുകയും ആ രംഗം ചിത്രത്തിൽ നിലനിർത്തുകയും ചെയ്തു. ചിത്രം റിലീസായതിന് ശേഷം വലിയൊരു ബ്ലോക്ക്ബസ്റ്ററായി മാറി. പിന്നീടൊരിക്കലും മാധുരി വിനോദിനൊപ്പം അഭിനയിച്ചിട്ടില്ല.

ഒരു പഴയ അഭിമുഖത്തിൽ മാധുരി ദീക്ഷിത് വെളിപ്പെടുത്തിയത് സിനിമയ്ക്കായി പ്രത്യേകമായ ഒരു പ്രണയരംഗം ചിത്രീകരിക്കുന്നത് തനിക്ക് അറിയില്ലായിരുന്നുവെന്നാണ്. സ്ക്രീനിൽ ആ നിമിഷം കാണുമ്പോഴെല്ലാം തനിക്കിന്നും ഞെട്ടലാണെന്നും. "ശരിയാണ്, അതൊരു വളർച്ചയുടെയോ പഠനത്തിന്റെയോ ഭാഗമാണെന്ന് ഞാൻ കരുതുന്നു. എല്ലാത്തിൽ നിന്നും നമ്മളെന്തെങ്കിലും പഠിക്കും. അതിൽ നിന്നും ഞാൻ ചിലത് പഠിച്ചു. അതിനുശേഷം എനിക്ക് വല്ലാത്ത നാണക്കേടുതോന്നി. ഇനി ഇത്തരം കാര്യങ്ങൾ ആവർത്തിക്കില്ലെന്ന് ഞാൻ തീരുമാനിച്ചു."

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi