തന്റെ പുതിയ ചിത്രമായ 'ആശ'യുടെ പ്രൊമോഷനിടെ അവതാരകയുടെ ഇംഗ്ലീഷിനെ വിമർശിച്ച നടി ഉർവശിക്കെതിരെ പലരും പ്രതിഷേധവുമായെത്തിയിരുന്നു. അതിനെക്കുറിച്ചുള്ള ഒരു ഇൻസ്റ്റഗ്രാം പോസ്റ്റിനു താഴെ, നിർമാതാവ് സുപ്രിയ മേനോനും കമന്റിട്ടിരുന്നു. ഇത് ഉർവശിക്കുള്ള സുപ്രിയയുടെ മറുപടി എന്ന നിലയിലാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.

To advertise here,

ഇപ്പോഴിതാ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിരിക്കുകയാണ് സോഷ്യൽമീഡിയ ഇൻഫ്‌ളുവൻസർ കാൾ ലഫ്രേനസും സുപ്രിയയും. സുപ്രിയയുടെ കമന്റിനെ എങ്ങനെയാണ് ആളുകളും മാധ്യമങ്ങളും സമീപിച്ചതെന്ന് വിശദീകരിച്ചുകൊണ്ട് കാൾ ഒരു വീഡിയോ പങ്കുവെക്കുകയും ചെയ്തു. താൻ പറഞ്ഞ കാര്യത്തെക്കുറിച്ചാണ് സുപ്രിയ യഥാർത്ഥത്തിൽ അഭിപ്രായം പറഞ്ഞതെന്നും, എന്നാൽ മാധ്യമസ്ഥാപനങ്ങൾ ഉൾപ്പെടെ പലരും സന്ദർഭം പരിഗണിക്കാതെ അവരുടെ വാക്കുകളെ തെറ്റായി വ്യാഖ്യാനിക്കുകയാണുണ്ടായതെന്നും കാൾ ചൂണ്ടിക്കാട്ടി.

ഇതിനു താഴെ സുപ്രിയ ഇട്ട കമന്റിങ്ങനെ, ''എനിക്ക് അത്ഭുതം തോന്നുന്നുണ്ടോ? ഇല്ലെന്നേ പറയേണ്ടൂ! സന്ദർഭത്തിൽ നിന്ന് അടർത്തിയെടുത്ത് വാക്കുകളെ വളച്ചൊടിക്കുക എന്നത് പുതിയ കാര്യമൊന്നുമല്ലല്ലോ! എന്നാൽ പ്രമുഖ മാധ്യമസ്ഥാപനങ്ങൾ പോലും അടിസ്ഥാനപരമായ വസ്തുതാ പരിശോധന പോലും നടത്തുന്നില്ല എന്നത് കഷ്ടം തന്നെ''.

'ആശ' എന്ന സിനിമയുടെ പ്രസ്മീറ്റിലാണ് സംഭവങ്ങളുടെയെല്ലാം തുടക്കം. വേദിയിൽ ഉർവശിക്കൊപ്പം ജോജു, ഐശ്വര്യ ലക്ഷ്മി എന്നിവരുമുണ്ടായിരുന്നു. അവതാരക മലയാളവും ഇംഗ്ലീഷും സംസാരിച്ചുകൊണ്ടാണ് പരിപാടി മുന്നോട്ടുകൊണ്ടുപോയത്. അതിനിടെയാണ് ഉർവശിയുടെ വിമർശനം വന്നത്. ''കൊച്ചേ, കേരളത്തിൽ നിന്നുകൊണ്ട് മലയാളികൾ അത്ര വലിയ ആൾക്കാരാണ് എന്നുകരുതി ഇംഗ്ലീഷിൽ എന്തിനാണ് ഈ കടുകു വറുക്കുന്നത്? മലയാളികളല്ലേ ഈ നിൽക്കുന്നവർ എല്ലാവരും. നിങ്ങളെന്താ റിയാക്ട് ചെയ്യാത്തെ പിള്ളേരെ. എന്നെ ഒന്ന് രക്ഷപ്പെടുത്ത്'', എന്നായിരുന്നു ഉർവശിയുടെ കമന്റ്.

ഇതിനു മറുപടിയായി പരിപാടിയുടെ അവതാരക ദക്ഷാ രവീന്ദ്രനാഥ് ''ഐ ആം ദി സോറി ചേച്ചി'' എന്ന് പറയുകയും ചെയ്യുന്നുണ്ട്. പിന്നാലെ പലരും ഉർവശിയുടെ കമന്റിനെതിരെ രംഗത്തെത്തിയിരുന്നു. 'ലെജൻഡ് ആണെന്ന് കരുതി എന്തും പറയാമോ?, ആങ്കറിങ് ചെയ്യുമ്പോൾ അവർ അവരുടേതായ ഭാഷയിൽ സംസാരിക്കും, ആ ഫങ്ഷന് വന്നവരിൽ ഇംഗ്ലീഷ് മനസ്സിലാക്കാൻ പറ്റാത്ത ആരും തന്നെയില്ല...' തുടങ്ങി ഒട്ടേറെ കമന്റുകളാണ് വന്നത്.

അതിനിടെയാണ് കാൾ തന്റെ ഇൻസ്റ്റഗ്രാമിൽ ഇതിനെക്കുറിച്ച് ഒരു പോസ്റ്റിട്ടത്. ''വിമർശനം സ്വകാര്യമായിരിക്കാം. ആദരവ് പരസ്യമായിരിക്കണം. ഒരു കാര്യം സമർത്ഥിക്കാൻ മറ്റൊരാളുടെ കഴിവിനെയോ സൃഷ്ടിയെയോ ഒരിക്കലും താഴ്ത്തിക്കെട്ടരുത്'' എന്ന കുറിപ്പോടെയാണ് അദ്ദേഹം വീഡിയോ പങ്കുവെച്ചത്.

ആ വീഡിയോയ്ക്കുതാഴെയാണ് സുപ്രിയ കമന്റിട്ടത്. ''ഇംഗ്ലീഷിൽ സംസാരിക്കുന്നതിനെച്ചൊല്ലി എപ്പോഴും നടക്കുന്ന ഈ തർക്കം എനിക്ക് മനസ്സിലാകുന്നില്ല. ഇവിടെ പൊതുരംഗത്ത് ഇറങ്ങിയ നാൾ മുതൽ ഇത്തരം വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടുള്ള ഒരാളെന്ന നിലയിൽ, ഇക്കാര്യം എന്നെ എപ്പോഴും ആശയക്കുഴപ്പത്തിലാക്കാറുണ്ട്. നമ്മൾ നമ്മുടെ കുട്ടികളെ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളിലേക്കും കോളേജുകളിലേക്കും അയക്കുന്നു. നമ്മുടെ ആളുകൾ വിദേശത്തേക്ക് കുടിയേറുകയും, ലോകത്തിലെ തന്നെ ഏറ്റവും വലിയ പ്രവാസി സമൂഹങ്ങളിലൊന്നായി മാറുകയും ചെയ്യുന്നു. എന്നിട്ടും, ഒരാൾ ഇംഗ്ലീഷിൽ സംസാരിക്കുമ്പോൾ അതിനെ എന്തുകൊണ്ടാണ് അഹങ്കാരത്തിന്റെയോ ഗർവിന്റെയോ ലക്ഷണമായി കാണുന്നത്? മറ്റൊരു ഭാഷയിൽ ആശയവിനിമയം നടത്തുമ്പോൾ എന്തിനാണ് മലയാളത്തോടുള്ള അഭിമാനം കുറയുന്നത്? ഇത് തീർത്തും അമ്പരപ്പിക്കുന്ന ഒരു കാര്യമാണ്''. അതോടെ ഉർവശിയുടെ വിമർശനത്തിൽ സുപ്രിയയുടെ മറുപടി എന്ന നിലയിൽ വാർത്തകൾ വന്നു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi