തങ്ങളുടെ വിവാഹത്തോടനുബന്ധിച്ച് സമ്മാനമായി 44 സ്‌കൂളുകളിലെ വിദ്യാർഥികൾക്ക് സ്‌കോളർഷിപ്പ് പ്രഖ്യാപിച്ചിരുന്നു താരങ്ങളായ വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും. ഒടുവിൽ വാക്കുപാലിച്ച് താരങ്ങൾ. ഇക്കഴിഞ്ഞ ദിവസമാണ് താരങ്ങൾ തുമ്മൻപേട്ടിലെത്തിയത്.

To advertise here,

അതിനുമുമ്പ് തങ്ങളുടെ ചിത്രത്തിനൊപ്പം വിജയ് കുറിച്ചതിങ്ങനെ, ''ഞങ്ങൾ തുമ്മൻപേട്ടിലേക്കുള്ള യാത്രയിലാണ്. എന്റെ അച്ഛൻ ജനിച്ച കൊച്ചുഗ്രാമം. ഫെബ്രുവരിയിൽ, രശ്മികയും ഞാനും ഞങ്ങളുടെ ഒരു ചെറിയ സ്വപ്നത്തിന്റെ തുടക്കം പ്രഖ്യാപിച്ചിരുന്നു. തെലങ്കാനയിലെ അച്ചാംപേട്ട് മണ്ഡലത്തിലെ 9, 10 ക്ലാസുകളിലെ കഠിനാധ്വാനികളായ എല്ലാ വിദ്യാർത്ഥികൾക്കും സ്‌കോളർഷിപ്പ് നൽകാൻ. മാതാപിതാക്കൾക്ക് അഭിമാനമായ 180 കുട്ടികളുടെ പട്ടിക ഇതാ''.

എല്ലാ ക്ലാസിലും ഒന്നും രണ്ടും സ്ഥാനത്തെത്തുന്ന കുട്ടികൾക്കാണ് സ്‌കോളർഷിപ്പ് നൽകിയത്. ഒമ്പത്-പത്ത് ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കാണ് ഈ പദ്ധതിയുടെ ഫലം ലഭിക്കുന്നത്. ദേവരകൊണ്ട ചാരിറ്റബിൾ ട്രസ്റ്റിന്റെ ഭാഗമായിട്ടാണ് ഈ പ്രവർത്തനങ്ങൾ. തുടക്കത്തിൽ 180 കുട്ടികൾക്കാണ് സ്‌കോളർഷിപ്പ് നൽകിയത്. അതിനുശേഷം വിജയ് സംസാരിക്കുകയും ചെയ്തു, ''നിങ്ങൾക്ക് നൽകുന്ന ഈ ചെറിയ സ്‌കോളർഷിപ്പ് വളരെ ചെറുതാണെന്ന് എനിക്കറിയാം. പക്ഷേ ഞങ്ങൾക്കത് പ്രധാനമാണെന്ന് ഞാൻ കരുതുന്നു. നിങ്ങളുടെ ജീവിതത്തിന്റെ ഭാഗമാകാൻ ഞാൻ ആഗ്രഹിക്കുന്നു. എന്റെ ഗ്രാമത്തിനുശേഷം, പതുക്കെ, തെലങ്കാനയിലുടനീളം ഈ നീക്കം നടത്തണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ഇതാണ് എന്റെ സ്വപ്നം''. ചടങ്ങിൽ വിജയ്ക്കും രശ്മികയ്ക്കുമൊപ്പം വിജയ്‌യുടെ മാതാപിതാക്കളും പങ്കെടുത്തു.

അതിനിടെ വേദിയിൽനിന്നുള്ള ചില വീഡിയോകളും ആരാധകർ ഏറ്റെടുത്തു. രശ്മിക വിജയ്‌യുടെ മീശ പിരിച്ചുവെക്കുന്നതും മുഖത്തെ വിയർപ്പ് ഒപ്പുന്നതുമായ വീഡിയോകളാണ് വൈറലായത്.

ഫെബ്രുവരി 26-ന് ഉദയ്പൂരിൽവെച്ചാണ് താരങ്ങൾ (Virosh) വിവാഹിതരായത്. അതിനുശേഷമാണ് താരങ്ങൾ വിജയ്‌യുടെ ഗ്രാമമായ തെലങ്കാനയിലെ തുമ്മൻപേട്ടിലെത്തിയത്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi