ഇന്ത്യൻ രാഷ്ട്രീയത്തിലെ നിർണായക സാന്നിധ്യങ്ങളിലൊരാളാണ് സോണിയ ഗാന്ധി. കോൺഗ്രസ് മുൻ അധ്യക്ഷയും രാജീവ് ഗാന്ധിയുടെ ഭാര്യയുമായ സോണിയ തന്റെ വ്യക്തിജീവിതത്തിലെ അനുഭവങ്ങളും ഓർമകളും പങ്കുവയ്ക്കുന്ന ആത്മകഥയാണ് Belonging: A Journey of Love. നവംബർ 10-ന് പുറത്തിറങ്ങിയ പുസ്തകത്തിൽ രാഷ്ട്രീയത്തിനപ്പുറം രാജീവിനൊപ്പമുള്ള പ്രണയകാലവും ഇന്ത്യയുമായുള്ള തന്റെ ആദ്യകാല പരിചയങ്ങളുമെല്ലാം സോണിയ ഓർത്തെടുക്കുന്നുണ്ട്. ലണ്ടനിൽവെച്ച് രാജീവ് തന്നെ ഇന്ത്യൻ സംഗീതവും സിനിമയും ഫോട്ടോഗ്രഫിയും പരിചയപ്പെടുത്തിയതിനെക്കുറിച്ചുള്ള ഓർമകളും പുസ്തകത്തിലുണ്ട്.

To advertise here,

രാഷ്ട്രീയത്തിലെ തിരക്കുകൾക്കപ്പുറം രാജീവ് ഗാന്ധിക്ക് കലകളോടും സംഗീതത്തോടും സിനിമയോടും വലിയ താൽപര്യമുണ്ടായിരുന്നു. ആ ഇഷ്ടങ്ങൾ സോണിയ ഗാന്ധിയിലേക്കും പകർന്നത് അവരുടെ പ്രണയകാലത്തായിരുന്നു. ലണ്ടനിൽ ഒരുമിച്ചുള്ള ജീവിതത്തിനിടെ ഇന്ത്യൻ സംഗീതവും സിനിമയും ഫോട്ടോഗ്രഫിയുമെല്ലാം രാജീവ് സോണിയയ്ക്ക് പരിചയപ്പെടുത്തി. പിന്നീട് തന്റെ ജീവിതത്തിന്റെ ഭാഗമായി മാറിയ ഇന്ത്യയുടെ സംസ്‌കാരത്തിലേക്കുള്ള ആദ്യ കാഴ്ചകളായിരുന്നു അവ.
പിതാവ് ഫിറോസ് ഗാന്ധിയിൽനിന്നാണ് ഫോട്ടോഗ്രഫിയോടുള്ള ഇഷ്ടം രാജീവിന് ലഭിച്ചതെന്ന് സോണിയ പറയുന്നു. ഒഴിവുസമയങ്ങളിൽ ഇരുവരും ലണ്ടനിലെ ഇംപീരിയൽ ലബോറട്ടറിയിൽ പോകുമായിരുന്നു. അവിടെ രാജീവ് തന്നെയായിരുന്നു ചിത്രങ്ങൾ ഡെവലപ് ചെയ്തിരുന്നത്. സോണിയയുടെയും സുഹൃത്തുക്കളുടെയും പ്രകൃതിയുടെയും ചിത്രങ്ങൾ അങ്ങനെ പിറന്നു. ഫോട്ടോഗ്രഫി രാജീവിന് വെറുമൊരു വിനോദമായിരുന്നില്ല, ഏറെ ആസ്വദിച്ചിരുന്ന ഒരു ഹോബിയായിരുന്നു.

സംഗീതത്തോടും രാജീവിന് പ്രത്യേക താൽപര്യമുണ്ടായിരുന്നു. പണം മിച്ചംവെച്ച് തനിക്കും അമ്മയ്ക്കും സുഹൃത്തുക്കൾക്കുമായി റെക്കോർഡുകൾ വാങ്ങുമായിരുന്നു. ലണ്ടനിലെ എച്ച്എംവി (HMV) റെക്കോർഡ് കടയിൽ ഇരുവരും ഇടയ്ക്കിടെ പോകും. ഇഷ്ടപ്പെട്ട പാട്ടുകൾ മണിക്കൂറുകളോളം അവിടെ ഇരുന്ന് കേൾക്കും. ഒടുവിൽ ചെലവ് നിയന്ത്രിച്ച് ഓരോ റെക്കോർഡ് മാത്രം വാങ്ങി മടങ്ങും.

ജാസ്, പോപ്പ് സംഗീതങ്ങൾ മുതൽ പാശ്ചാത്യ-ഇന്ത്യൻ ശാസ്ത്രീയ സംഗീതം വരെ രാജീവിന്റെ സംഗീതലോകത്തുണ്ടായിരുന്നു. വിവിധതരം ഇന്ത്യൻ സംഗീതങ്ങളും ജാസ് സംഗീതവും അദ്ദേഹം സോണിയയ്ക്ക് പരിചയപ്പെടുത്തി. മുഹമ്മദ് റഫിയുടെ ഗസലുകൾ ഉൾപ്പെടുത്തിയ റെക്കോർഡും സിത്താർ മാന്ത്രികൻ രവിശങ്കറിന്റെ സംഗീതമടങ്ങിയ റെക്കോർഡും സോണിയയ്ക്ക് രാജീവ് സമ്മാനിച്ചു.

സിനിമയിലൂടെയും ഇന്ത്യയുടെ കലാ-സാംസ്‌കാരിക ലോകത്തെ സോണിയയ്ക്ക് പരിചയപ്പെടുത്തിയത് രാജീവായിരുന്നു. മർച്ചന്റ് ഐവറി പ്രൊഡക്ഷൻസിന്റെ Shakespeare Wallah എന്ന ചിത്രവും വിഖ്യാത സംവിധായകൻ സത്യജിത് റേയുടെ അപു ട്രിലജിയും ഇരുവരും ഒന്നിച്ച് കണ്ടു. സത്യജിത് റേയുടെ മൂന്ന് ചിത്രങ്ങളായ പഥേർ പാഞ്ചാലി, അപരാജിതോ, അപുർ സൻസാർ എന്നിവയായിരുന്നു അപു ട്രിലജിയിലുള്ളത്. ഇന്ത്യൻ ജീവിതത്തിന്റെ വ്യത്യസ്ത തലങ്ങളിലേക്കുള്ള ചെറിയൊരു ജനൽ രാജീവ് തനിക്കായി തുറന്നുതന്നുവെന്നാണ് സോണിയയുടെ ഓർമ.

'മർച്ചന്റ് ഐവറിയുടെ ഷേക്‌സ്പിയർ വാലയും സത്യജിത് റേയുടെ പഥേർ പാഞ്ചാലി, അപരാജിതോ, അപുർ സൻസാർ എന്നീ ചിത്രങ്ങളുമാണ് അദ്ദേഹം എന്നെ കാണിച്ചത്. ഇന്ത്യൻ ജീവിതത്തിന്റെ വ്യത്യസ്ത ഭാവങ്ങളിലേക്കുള്ള ഒരു ചെറിയ ജനൽ അതിലൂടെ എനിക്കു മുന്നിൽ തുറക്കുകയായിരുന്നു.'

രാഷ്ട്രീയ ജീവിതത്തിനും പൊതുപ്രവർത്തനത്തിനും അപ്പുറം രാജീവ് ഗാന്ധിയെന്ന വ്യക്തിയെ അടുത്തറിയാൻ സഹായിക്കുന്ന ഓർമകളാണിവ. അതുപോലെ, ഇന്ത്യയിലേക്ക് എത്തുന്നതിനും ഇവിടുത്തെ ജീവിതത്തിന്റെ ഭാഗമാകുന്നതിനും മുൻപ് സോണിയയ്ക്ക് ഈ രാജ്യത്തിന്റെ കലയും സംസ്‌കാരവും പരിചയപ്പെടുത്തിയത് എങ്ങനെയെന്നും പുസ്തകം പറയുന്നു. 
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi