വിവാഹമോചനത്തിനു ശേഷം വീണ്ടും ഒരുമിച്ച് പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ട് ബോളിവുഡ് താരം ഇഷ ഡിയോളും മുൻഭർത്താവ് ഭരത് തഖ്താനിയും. മുംബൈയിൽ നടന്ന ദീപാവലി ആഘോഷത്തിനാണ് ഇരുവരും ഒരുമിച്ചെത്തിയത്. പാപ്പരാസികൾക്കു മുന്നിൽ ചിരിച്ചുകൊണ്ട് ചിത്രങ്ങൾക്ക് പോസ് ചെയ്ത ഇരുവരുടെയും ദൃശ്യങ്ങൾ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കഴിഞ്ഞു. വേർപിരിയൽ പ്രഖ്യാപിച്ച് ഏകദേശം രണ്ടുവർഷത്തിനു ശേഷമാണ് ഇരുവരും ഒരുമിച്ച് ഒരു പൊതുപരിപാടിയിൽ പ്രത്യക്ഷപ്പെടുന്നത്.

To advertise here,

ബേബി പിങ്ക് നിറത്തിലുള്ള സീക്വൻസ് സാരിയിലാണ് ഇഷ എത്തിയത്. ക്രീം നിറത്തിലുള്ള ബന്ദ്ഗാല വസ്ത്രമായിരുന്നു ഭരതിന്റെ വേഷം. ഇരുവരും അടുത്തടുത്ത് നിന്ന് ഫോട്ടോഗ്രാഫർമാർക്കു മുന്നിൽ സന്തോഷത്തോടെ ചിത്രങ്ങൾക്ക് പോസ് ചെയ്തു. വേർപിരിഞ്ഞെങ്കിലും മക്കളുടെ ഉത്തരവാദിത്വങ്ങൾ ഇരുവരും ഒരുമിച്ചാണ് നിർവഹിക്കുന്നത്. ദീപാവലി ആഘോഷത്തിലെ ഇവരുടെ ഒരുമിച്ചുള്ള സാന്നിധ്യം അതുകൊണ്ടുതന്നെ ശ്രദ്ധേയമായി.

2012 ജൂണിലായിരുന്നു ഇഷ ഡിയോളും ഭരത് തഖ്താനിയും വിവാഹിതരായത്. 2017-ൽ ആദ്യത്തെ മകൾ രാധ്യ ജനിച്ചു. 2019-ൽ രണ്ടാമത്തെ മകൾ മിറായയും. പൊതുജീവിതത്തിൽനിന്ന് അകന്നുനിന്ന് കുടുംബജീവിതത്തിന് പ്രാധാന്യം നൽകിയവരായിരുന്നു ഇരുവരും. 11 വർഷത്തിലേറെ നീണ്ട ദാമ്പത്യജീവിതത്തിനൊടുവിലാണ് 2024 ഫെബ്രുവരിയിൽ ഇഷയും ഭരതും വേർപിരിയൽ പ്രഖ്യാപിച്ചത്. പരസ്പരധാരണയോടെയും സൗഹാർദപരമായുമാണ് ഈ തീരുമാനമെടുത്തതെന്ന് സംയുക്ത പ്രസ്താവനയിലൂടെ ഇരുവരും അറിയിച്ചിരുന്നു.

“പരസ്പരധാരണയോടെയും സൗഹാർദപരമായും വേർപിരിയാൻ ഞങ്ങൾ തീരുമാനിച്ചിരിക്കുകയാണ്. ജീവിതത്തിലെ ഈ മാറ്റത്തിനിടയിലും ഞങ്ങളുടെ രണ്ട് കുട്ടികളുടെ താത്പര്യങ്ങൾക്കും ക്ഷേമത്തിനുമായിരിക്കും പരമപ്രാധാന്യം,” അവർ പറഞ്ഞു.  വ്യക്തിജീവിതത്തിലെ ഈ മാറ്റങ്ങളുമായി പൊരുത്തപ്പെടാൻ ശ്രമിക്കുന്നതിനാൽ സ്വകാര്യത മാനിക്കണമെന്നും ഇരുവരും അഭ്യർഥിച്ചിരുന്നു.

മുംബൈയിൽ ബോളിവുഡ് താരങ്ങൾ ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി വിവിധ വിരുന്നുകളിലും പാർട്ടികളിലും പങ്കെടുക്കുന്നുണ്ട്. താരകുടുംബങ്ങളും സിനിമാതാരങ്ങളുമെല്ലാം ആഘോഷങ്ങളിൽ സജീവമാണ്. ഈ ആഘോഷങ്ങൾക്കിടയിലാണ് ഇഷ ഡിയോളും ഭരത് തഖ്താനിയും ഒരുമിച്ചെത്തിയത് വാർത്തകളിൽ ഇടംപിടിച്ചത്. 
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi