സോണിയ ഗാന്ധിയുടെ ഓർമ്മക്കുറിപ്പായ 'Belonging: A Journey of Love' പുറത്തിറങ്ങിയതോടെ അതിൽ സോണിയ പങ്കുവെച്ച പല ഓർമകളും അതോടെ ചർച്ചയാവുകയാണ്. രാജീവ് ഗാന്ധിയെ ആദ്യമായി കണ്ടതും പ്രണയം തുടങ്ങിയതും ഇന്ത്യൻഭക്ഷണം ആദ്യമായി രുചിച്ചതും ഇന്ത്യൻഭക്ഷണത്തോട് പ്രിയം തോന്നിയതുമെല്ലാം അതിൽ അവർ വിവരിക്കുന്നുണ്ട്. അടിയന്തരാവസ്ഥക്കാലത്തെ ഇന്ദിരാ ഗാന്ധിയെക്കുറിച്ചും പുസ്തകത്തിൽ അവർ പറയുന്നു.

To advertise here,

ഇപ്പോഴിതാ 1978-ലെ ഒരു ക്രിസ്മസ് കാലത്തെ കുറിച്ചുള്ള ഓർമകളും ചർച്ചയാവുകയാണ്. അന്ന് തിഹാർ ജയിലിലായിരുന്നു ഇന്ദിരാ ഗാന്ധി. ഇന്ദിരയുടെ അഭ്യർഥനപ്രകാരം അവർക്ക് കാവൽ നിന്നിരുന്ന മൂന്ന് പോലീസുകാർക്കും, അതേ ജയിലിലുണ്ടായിരുന്ന വിദേശിയായ ഒരു യുവ തടവുകാരിക്കും കൂടി കഴിക്കാനുള്ള ഭക്ഷണം സോണിയ കരുതിയിരുന്നു. സീരിയൽ കില്ലറായ ചാൾസ് ശോഭരാജിന്റെ കൂട്ടുകാരിയായിരുന്നു ആ തടവുകാരി എന്ന് സോണിയ ഗാന്ധി പറയുന്നു.

അടിയന്തരാവസ്ഥയ്ക്കുശേഷം 1977-ൽ നടന്ന തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ പാർട്ടികളുടെ സഖ്യമായ 'ജനതാ പാർട്ടി' അധികാരത്തിൽ വരികയും, അതിനുശേഷം ഇന്ദിരാഗാന്ധി തിഹാർ ജയിലിൽ കഴിയേണ്ടി വരികയും ചെയ്തിരുന്നു. ആ സമയത്ത് മിക്കവാറും ദിവസങ്ങളിൽ ഇന്ദിരയെ കാണാനായി സോണിയ ജയിലിലെത്തിയിരുന്നു. ആ ദിവസങ്ങളെക്കുറിച്ചാണ് പുസ്തകത്തിൽ വിവരിക്കുന്നത്.

''എന്റെ അമ്മായിയമ്മയുടെ ആവശ്യപ്രകാരം, അവർക്ക് കാവൽ നിന്നിരുന്ന മൂന്ന് സ്ത്രീകൾക്കും, അവരുടെ കൂടെയുണ്ടായിരുന്ന ഒരു യുവ തടവുകാരിക്കും കൂടി മതിയാകുന്ന അളവിൽ ഭക്ഷണം തയ്യാറാക്കേണ്ടതുണ്ടായിരുന്നു. തായ്‌ലൻഡ്, നേപ്പാൾ, ഇന്ത്യ എന്നിവിടങ്ങളിൽ നിരവധി വിനോദസഞ്ചാരികളെ കൊലപ്പെടുത്തിയ കുപ്രസിദ്ധ കുറ്റവാളി ചാൾസ് ശോഭരാജിന്റെ കൂട്ടാളിയായ ഒരു ഓസ്ട്രേലിയൻ യുവതിയായിരുന്നു ആ തടവുകാരി'', സോണിയ ഗാന്ധി ഓർക്കുന്നു.

''എന്റെ അമ്മായിയമ്മയ്ക്ക് ആ യുവതിയോട് സഹതാപം തോന്നി. അവൾ പന്നിയിറച്ചി കഴിക്കില്ലെന്ന് മനസ്സിലാക്കിയപ്പോൾ, ഞങ്ങൾ ഉടൻ തന്നെ മെനു മാറ്റുകയും പകരം ചിക്കൻ റോസ്റ്റ് തയ്യാറാക്കുകയും ചെയ്തു'', എന്നും അവർ ഓർമ്മിക്കുന്നു.

ജയിലിലേക്ക് കൊണ്ടുപോകാനായി, സ്ലൈസ് ചെയ്ത പന്നിയിറച്ചി, റോസ്റ്റ് ചെയ്ത ഉരുളക്കിഴങ്ങ്, ഒരു ചെറിയ ക്രിസ്മസ് പുഡ്ഡിംഗ് എന്നിവ ഒരു സുഹൃത്ത് അവർക്ക് നൽകി. സൂപ്പും പച്ചക്കറികളും സോണിയ ഗാന്ധിയാണ് തയ്യാറാക്കിയത്. എന്നാൽ, ഇത് നേരിട്ട് എത്തിക്കരുതെന്ന് ഇന്ദിരാഗാന്ധി അവരോട് പറഞ്ഞിരുന്നു. ''എന്റെ അമ്മായിയമ്മ ഒരു കുറിപ്പിലൂടെ എന്നോട് പറഞ്ഞിരുന്നത്, ഒരു കാരണവശാലും ഉച്ചഭക്ഷണം ഞാൻ എത്തിച്ചുതരാൻ പാടില്ലെന്നും, പകരം രാജീവിനും കുട്ടികൾക്കുമൊപ്പം ക്രിസ്മസ് ഭക്ഷണം കഴിക്കണമെന്നുമാണ്. എനിക്കതിന് കഴിഞ്ഞില്ല'', സോണിയ എഴുതുന്നു.

അവർ ആ ഭക്ഷണവും ഒരു പുസ്തകവും കുട്ടികൾ തയ്യാറാക്കിയ കാർഡുകളും എടുത്തു. ജയിലിലെത്തി ഭക്ഷണം നൽകി തിരിച്ച്, കുടുംബത്തോടൊപ്പം ഉച്ചഭക്ഷണം കഴിക്കാൻ വീട്ടിലെത്തിയപ്പോഴേക്കും 'ഏറെ വൈകിയിരുന്നു'. ''എന്തായാലും, പിറ്റേദിവസം തന്നെ അവർ മോചിതയാവുകയും വീട്ടിലെത്തുകയും ചെയ്തു''.

ആ വിദേശവനിതയുടെ പേര് ഓർക്കുന്നില്ലെന്നും സോണിയ പറയുന്നു. 1976-ൽ ചാൾസ് ശോഭരാജിനൊപ്പം മൂന്ന് സ്ത്രീകളാണ് അറസ്റ്റിലായത്. അതിലൊന്ന് അദ്ദേഹത്തിന്റെ കാമുകിയായിരുന്നു. മേരി ആൻഡ്രെ എന്നായിരുന്നു അവരുടെ പേര്.

ഇവരിൽ, 1978 ഡിസംബറിൽ തിഹാർ ജയിലിൽ കഴിഞ്ഞിരുന്നത് മേരി ആയിരിക്കാനാണ് സാധ്യത. ഒരു ഫ്രഞ്ചുകാരനെ കൊലപ്പെടുത്തിയെന്ന കേസിൽ നിന്ന് ആ വർഷം ജൂലൈയിൽ അവർ കുറ്റവിമുക്തയാക്കപ്പെട്ടെങ്കിലും, മറ്റൊരു കൊലക്കേസിലെ വിചാരണ കാത്ത് ജയിലിൽത്തന്നെ തുടർന്നു. കാൻസർ ബാധിച്ചതിനെത്തുടർന്ന് 1983 ജൂലൈയിൽ അവർക്ക് കാനഡയിലേക്ക് മടങ്ങാൻ അനുമതി ലഭിച്ചു, 1984-ൽ അവർ അന്തരിക്കുകയും ചെയ്തു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi