സംവിധായകന്റെ കുപ്പായമണിയാനുള്ള തയ്യാറെടുപ്പിലാണ് ബോളിവുഡ് താരം രൺബീർ കപൂർ. അഭിനയത്തിനൊപ്പം സംവിധാനത്തിലും ഒരു കൈ നോക്കാനുള്ള ആഗ്രഹം താരം നേരത്തേ പങ്കുവച്ചിട്ടുണ്ട്. ഇപ്പോഴിതാ, തന്റെ ആദ്യ സംവിധാനസംരംഭത്തിനായുള്ള തിരക്കഥാരചന തുടങ്ങിയെന്നും അടുത്ത രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് താരം. സഹതാരം സായ് പല്ലവിയുമായി ബിബിസി ഏഷ്യൻ ന്യൂസ് നെറ്റ്വർക്കിന് നൽകിയ അഭിമുഖത്തിലാണ് രൺബീർ ഇക്കാര്യം പറഞ്ഞത്.

To advertise here,

''രണ്ടുമൂന്നു മാസം മുൻപാണ് ഞാൻ തിരക്കഥ എഴുതിത്തുടങ്ങിയത്. ഒരു കഥ സൃഷ്ടിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എഴുത്തുകാരോടും സൃഷ്ടിപരമായി പ്രവർത്തിക്കുന്നവരോടും എനിക്ക് വലിയ ബഹുമാനമുണ്ട്. ഒരു സംഗീതജ്ഞനു ശേഷം ഏറ്റവും വലിയ സർഗാത്മക സംതൃപ്തി അനുഭവിക്കുന്നത് സംവിധായകനായിരിക്കുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഒരു നടന് ലഭിക്കുന്ന ആ സന്തോഷം വളരെ പരിമിതമാണ്. എന്നാൽ ഒരു സംവിധായകന് ഒരു കഥ പറയാനും അതിനായി ഒരുപാട് ആളുകളെ ഒരുമിപ്പിക്കാനും കഴിയുന്നു. സിനിമ നല്ലതായാലും മോശമായാലും ആ അനുഭവം മനോഹരമാണ്. എനിക്കും അത് സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു'', രൺബീർ പറഞ്ഞു.

ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയുടെ പ്രമേയം സംബന്ധിച്ച് അന്തിമ തീരുമാനത്തിലെത്തിയിട്ടില്ലെങ്കിലും കുടുംബപ്രേക്ഷകരെ ലക്ഷ്യമിട്ടുള്ള ഒരു ഫീൽ ഗുഡ് ചിത്രമാണ് മനസ്സിലുള്ളത്. ലൈഫ് ഈസ് ബ്യൂട്ടിഫുൾ, ഇറ്റ്‌സ് എ വണ്ടർഫുൾ ലൈഫ്, രാജ്കുമാർ ഹിറാനിയുടെ സിനിമകൾ എന്നിവയാണ് ഇഷ്ടചിത്രങ്ങളായി രൺബീർ എടുത്തുപറഞ്ഞത്. പ്രേക്ഷകർക്ക് സന്തോഷവും ഊഷ്മളമായ അനുഭവവും സമ്മാനിക്കുന്ന കുടുംബചിത്രം ഒരുക്കാനാണ് ആഗ്രഹം.

അഭിനയത്തിൽനിന്ന് സംവിധാനത്തിലേക്കുള്ള മാറ്റത്തെക്കുറിച്ചും താരം സംസാരിച്ചു. ''ഒരു വർഷം 100 മുതൽ 125 ദിവസം വരെയാണ് ഞാൻ സാധാരണയായി ജോലി ചെയ്യുന്നത്. ബാക്കിയുള്ള സമയം കഥകൾ എഴുതാനും ആശയങ്ങൾ വികസിപ്പിക്കാനും ഉപയോഗിക്കാറുണ്ട്. ഒരു നടനെന്ന നിലയിൽ ഇനി എന്റെ അവസാന പത്ത് വർഷങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ഇനിയും ഇത്തരം കഥാപാത്രങ്ങൾ അവതരിപ്പിക്കാൻ അവസരം ലഭിക്കുമോ എന്ന് അറിയില്ല. അതുകൊണ്ടുതന്നെ അഭിനയത്തിനൊപ്പം സംവിധാനത്തിലേക്കും ശ്രദ്ധ തിരിക്കണമെന്നാണ് ആഗ്രഹം. എന്നാൽ എന്റെ സിനിമയിൽ ഞാൻ തന്നെ നായകനാകാൻ ഉദ്ദേശിക്കുന്നില്ല'', രൺബീർ വ്യക്തമാക്കി.

ബ്രഹ്‌മാസ്ത്ര 2, അനിമൽ 2, രാമായണ രണ്ടാം ഭാഗം തുടങ്ങിയ ചിത്രങ്ങൾ പൂർത്തിയാക്കിയശേഷം സംവിധാനത്തിലേക്ക് കടക്കാനാണ് താരത്തിന്റെ പദ്ധതി. നിതേഷ് തിവാരിയുടെ ‘രാമായണ’യിൽ ശ്രീരാമനായാണ് രൺബീർ എത്തിയത്. ചിത്രത്തിന്റെ ആദ്യഭാഗത്തിനുശേഷം സഞ്ജയ് ലീല ബൻസാലിയുടെ ലവ് ആൻഡ് വാർ ആണ് താരത്തിന്റെ മറ്റൊരു പ്രധാന ചിത്രം. ആലിയ ഭട്ടും വിക്കി കൗശലും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. 2027 ജനുവരി 21-നാണ് ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്. സന്ദീപ് റെഡ്ഡി വാംഗ സംവിധാനം ചെയ്യുന്ന അനിമൽ പാർക്ക്, രാമായണയുടെ രണ്ടാം ഭാഗം എന്നിവയും രൺബീറിന്റെ വരാനിരിക്കുന്ന ചിത്രങ്ങളാണ്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi