പടിഞ്ഞാറൻ ആഫ്രിക്കയിലെ നൈജറിലും മധ്യ ആഫ്രിക്കയിലെ ചാഡിലും പ്രധാനമായും കണ്ടുവരുന്ന, ഒരു ഗോത്രവിഭാഗമാണ് വോഡാബെ. ഫുല (Fula) ഭാഷയാണ് അവർ സംസാരിക്കുന്നത്. ഫുലയിൽ വോഡാബെ എന്നാൽ 'വിലക്കപ്പെട്ട ആളുകൾ' എന്നാണ്.
പരമ്പരാഗതമായി നാടോടികളാണിവർ. ഒരു സംഘമായിട്ടാണ് അവരെപ്പോഴും സഞ്ചരിക്കുന്നത്. സ്ത്രീകളും കുട്ടികളും പുരുഷൻമാരുമടങ്ങുന്ന ഈ സംഘം കാൽനടയായോ, കഴുതപ്പുറത്തോ, ഒട്ടകപ്പുറത്തോ യാത്ര ചെയ്യുന്നു. വളരെ ലളിതമായിട്ടുള്ള പാർപ്പിടമാണ് അവരുടേത്. ഒരു വലിയ മരംകൊണ്ടുള്ള കട്ടിലിലാണ് അവർ കിടക്കുന്നത്. ഈ കട്ടിലും കുറച്ച് കഴുതകളും മാത്രമാണ് ഇവർക്ക് ആകെയുള്ള സമ്പാദ്യം. ഇതുംകൊണ്ടാണ് യാത്രയും.
പ്രധാനമായും പാൽ, പൊടിച്ച ചാമ, തൈര്, മധുരമുള്ള ചായ എന്നിവയാണ് ഭക്ഷണമായി കഴിക്കുന്നത്. ഇടയ്ക്കിടെ ആടിന്റെയോ ചെമ്മരിയാടിന്റെയോ ഇറച്ചിയും ഭക്ഷണത്തിൽ ഉൾപ്പെടുത്താറുണ്ട്.
പല ഗോത്രവിഭാഗങ്ങളിലും തങ്ങളുടെ പങ്കാളിയെ തിരഞ്ഞെടുക്കാൻ സ്ത്രീകൾക്ക് അവകാശമില്ല. എന്നാൽ, സ്ത്രീകൾക്ക് ജീവിതപങ്കാളിയെ തിരഞ്ഞെടുക്കാൻ അനുവാദമുള്ള അപൂർവം ആഫ്രിക്കൻ സംസ്‌കാരങ്ങളിലൊന്നാണിത്. അവർക്ക് തനിക്കിഷ്ടപ്പെട്ട പുരുഷനെ തിരഞ്ഞെടുക്കാം. വിവാഹം കഴിഞ്ഞ സ്ത്രീകൾക്ക് പോലും മറ്റൊരു പുരുഷനെ തന്റെ ലൈംഗികപങ്കാളിയായി തിരഞ്ഞെടുക്കാനുള്ള അവകാശമുണ്ട്.
പങ്കാളിക്കായി നൃത്തം
വർഷംതോറും ഒരു ആഘോഷമുണ്ടാവും. 'ഗെരെവോൾ' എന്ന ആഘോഷക്കൂട്ടായ്മയിൽനിന്നാണ് പങ്കാളിയെ തിരഞ്ഞെടുക്കുന്നതും. അന്ന് പുരുഷൻമാരെല്ലാം നൃത്തം ചെയ്ത് സ്ത്രീകളെ ആകർഷിക്കാൻ ശ്രമിക്കുന്നു. തനിക്കിഷ്ടപ്പെട്ടയാളെ സ്ത്രീ തിരഞ്ഞെടുക്കുന്നു.
ഉയരമുള്ള ശരീരപ്രകൃതിയും വെളുത്ത കണ്ണുകളും പല്ലുകളുമാണ് പുരുഷ സൗന്ദര്യത്തിന്റെ മാനദണ്ഡങ്ങളായി കണക്കാക്കപ്പെടുന്നത്. തങ്ങളുടെ ഈ സൗന്ദര്യലക്ഷണങ്ങൾ എടുത്തു കാണിക്കുന്നതിനായി പുരുഷന്മാർ നൃത്തത്തിനിടയിൽ കണ്ണുകൾ ഉരുട്ടുകയും പല്ലുകൾ പുറത്തുകാണിക്കുകയും ചെയ്യും.
പുരുഷൻമാർ മുഖത്ത് ചായമണിഞ്ഞ്, മണിക്കൂറുകളോളമാണ് സ്ത്രീകൾക്കുമുന്നിൽ നൃത്തം അവതരിപ്പിക്കുന്നത്. യാകെ എന്നാണ് ആ നൃത്തത്തിന്റെ പേര്. ആഘോഷം നടക്കുന്ന ദിവസം അതിരാവിലെ തന്നെ പുരുഷൻമാർ ഒരുക്കം തുടങ്ങുന്നു. കളിമണ്ണ്, കല്ലുകൾ, മൃഗങ്ങളുടെ എല്ലുകൾ എന്നിവ പൊടിച്ച് കുഴമ്പുരൂപത്തിലാക്കിയാണ് ഇവർ മുഖത്ത് ചായം പൂശുന്നത്. ചിലർ മണ്ണ് കുഴച്ചും മുഖത്തുപുരട്ടും. അതിനൊപ്പം തലയിൽ ഒട്ടകപ്പക്ഷിയുടെ തൂവൽ പിടിപ്പിക്കുകയും ചെയ്യും.
ആകർഷിക്കാൻ ചായംപുരട്ടൽ
ചില ചായങ്ങൾക്ക് മാന്ത്രിക ശക്തിയുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. അത് സ്ത്രീകളെ പെട്ടെന്ന് ആകർഷിക്കുമെന്നും. അത്തരം പൊടികൾക്കായി എത്ര ദൂരം വേണമെങ്കിലും സഞ്ചരിക്കാനും ഇവർ തയ്യാറാണ്. മധ്യ നൈജറിലെ ജോംഗൂരിയയ്ക്ക് സമീപമുള്ള ഒരു പ്രത്യേക പർവ്വതത്തിനരികിൽ മാത്രമേ ഓറഞ്ച് നിറത്തിലുള്ള പൊടിയുള്ളത്. ഇത് ശേഖരിക്കുന്നതിനായി ചിലർ 1,400 കിലോമീറ്ററോളം കാൽനടയായി സഞ്ചരിക്കാറുണ്ട്.
തങ്ങളുടെ വെളുത്ത പല്ലുകൾ എടുത്തു കാണിക്കുന്നതിനായി ചുണ്ടുകൾക്ക് കറുത്ത നിറവും നൽകുന്നു. നെറ്റിക്ക് വലുപ്പം തോന്നിക്കുന്നതിനായി നെറ്റിയിലെ മുടിയിഴകൾ വടിച്ചുമാറ്റും.
ഒരു വാരം നീണ്ടുനിൽക്കുന്ന ആഘോഷത്തിന്റെ അവസാനഘട്ടത്തിലാണ് സ്ത്രീ തന്റെ പങ്കാളിയെ തിരഞ്ഞെടുക്കുന്നത്. ഈ ഉത്സവം കഴിയുന്നതോടെ അവർ തങ്ങളുടെ സാധാരണജീവിതത്തിലേക്ക് മടങ്ങുകയും ചെയ്യുന്നു.
സ്ത്രീസൗന്ദര്യത്തിന് മുറിവുകൾ
പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകൾ മേക്കപ്പ് കുറച്ചേ ഉപയോഗിക്കുന്നുള്ളൂ എങ്കിലും, മുടി പിന്നിയും അലങ്കരിച്ചുമാണ് അവർ ഒരുങ്ങുന്നത്. ചെറുപ്രായത്തിൽ തന്നെ പെൺകുട്ടികളുടെ ചർമത്തിൽ ചെറിയ മുറിവുകളുണ്ടാക്കി, പാടുകൾ വരുത്തും. ഇതവരുടെ ശക്തിയെയും ധീരതയെയും സൂചിപ്പിക്കുന്നുവെന്നാണ് പറയപ്പെടുന്നത്.
മുഖത്തുള്ള ഇത്തരം പാടുകളും അടയാളങ്ങളും ഒരു സ്ത്രീയുടെ ആകർഷണീയത വർദ്ധിപ്പിക്കുന്നതിനും, വിവാഹാലോചനകൾ ആകർഷിക്കുന്നതിനും സഹായിക്കുമെന്നും വിശ്വസിക്കപ്പെടുന്നു.
അനുഭവസമ്പന്നനായ ഒരാൾ മൂർച്ചയുള്ള ഒരു ഉപകരണം ഉപയോഗിച്ചാണ് മുറിവുണ്ടാക്കുന്നത്. ബ്ലേഡ്, മുള്ള്, അല്ലെങ്കിൽ ചില്ലുകഷ്ണം എന്നിവയിലേതെങ്കിലും ഉപയോഗിച്ച് കവിളുകളിലോ നെറ്റിയിലോ കൺപോളകൾക്ക് സമീപമുള്ള ഭാഗങ്ങളിലോ ആണ് മുറിവുകളുണ്ടാക്കുന്നത്.
ശേഷം പൊടിച്ച കരി, ചാരം, കൺമഷി, അല്ലെങ്കിൽ വെണ്ണ തുടങ്ങിയ വസ്തുക്കൾ മുറിവുകളിൽ പുരട്ടും. ഇത് ഗുരുതരമായ അണുബാധ തടയുന്നതിന് സഹായിക്കുമെന്നാണ് ഇവരുടെ വിശ്വാസം. ഒപ്പം മുറിവ് ഉണങ്ങിക്കഴിയുമ്പോൾ ചർമ്മത്തിൽ സ്ഥിരമായ കറുത്ത നിറമോ അല്ലെങ്കിൽ മുഴച്ചുനിൽക്കുന്ന പാടോ ഉണ്ടാക്കുന്നതിനും സഹായിക്കുന്നു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Wodaabe is a nomadic tribe living mainly in Niger and Chad., Women have the rare freedom to choose their romantic and sexual partners., The Gerewol festival is an annual event where men dance to attract women., Men use elaborate makeup, face paint, and eye-rolling techniques to show beauty
Published: 11 Nov 2026, 06:10 pm IST
Related Topics
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..




Most Commented