മാതൃത്വം ഒരു സ്ത്രീയുടെ ജീവിതത്തിൽ വലിയ മാറ്റങ്ങളാണ് കൊണ്ടുവരുന്നത്. ശാരീരികമായും വൈകാരികമായും ഒട്ടേറെ മാറ്റങ്ങളിലൂടെ കടന്നുപോകുന്ന ഈ കാലത്ത് മറ്റൊരു അമ്മയുടെ പിന്തുണയും അനുഭവങ്ങളും ഏറെ ആശ്വാസമാകാറുണ്ട്. മകൾ സരായയുടെ ജനനത്തിനു ശേഷമുള്ള പ്രസവാനന്തര കാലത്ത് തനിക്ക് പിന്തുണയായത് ബോളിവുഡ് താരങ്ങളായ ആലിയ ഭട്ട്, കത്രീന കൈഫ്, പത്രലേഖ എന്നിവരാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി കിയാര അദ്വാനി. കരൺ ജോഹറിന്റെ കോഫി വിത്ത് കരൺ പരിപാടിയിൽ ഭർത്താവും നടനുമായ സിദ്ധാർഥ് മൽഹോത്രയ്‌ക്കൊപ്പം എത്തിയപ്പോഴാണ് കിയാര ഇക്കാര്യം പങ്കുവെച്ചത്.

To advertise here,

അമ്മയായതിനുശേഷം താൻ വൈകാരികമായി ഏറെ മാറ്റങ്ങളിലൂടെ കടന്നുപോയെന്നും അത്തരം അനുഭവങ്ങൾ പങ്കുവെക്കാൻ ഒരിടം ആവശ്യമാണെന്നും കിയാര പറഞ്ഞു. ഗർഭിണിയാണെന്നറിഞ്ഞ ആദ്യത്തെ മൂന്ന് മാസങ്ങൾ ഏറെ ബുദ്ധിമുട്ടേറിയതായിരുന്നുവെന്നും ഓക്കാനം, ഹോർമോൺ വ്യതിയാനങ്ങൾ തുടങ്ങിയവ അലട്ടിയിരുന്നുവെന്നും താരം ഓർത്തെടുത്തു.

“ചിലപ്പോൾ മനസ്സിലുള്ള കാര്യങ്ങൾ തുറന്നുപറയാൻ ഒരിടം മാത്രം മതിയാകും. ആദ്യമായി അമ്മയാകുമ്പോൾ ജീവിതത്തിൽ വലിയ മാറ്റങ്ങളാണ് സംഭവിക്കുന്നത്. സ്ത്രീകൾക്ക് മാത്രമേ സ്ത്രീകളെ ശരിക്കും മനസ്സിലാക്കാൻ കഴിയൂ. ആദ്യമായി ഗർഭിണിയാണെന്നറിഞ്ഞപ്പോൾ ആദ്യത്തെ മൂന്ന് മാസങ്ങൾ വളരെ ബുദ്ധിമുട്ടായിരുന്നു. ഓക്കാനവും ഹോർമോൺ മാറ്റങ്ങളുമെല്ലാം ഉണ്ടായിരുന്നു. ആ സമയത്ത് ആരോടും വിവരം പറയേണ്ടെന്ന് ഞങ്ങൾ തീരുമാനിച്ചിരുന്നു. എന്നാൽ അമ്മയോടും ഭർത്താവിന്റെ അമ്മയോടും സംസാരിക്കണമെന്ന് എനിക്ക് തോന്നി. എന്നെ മനസ്സിലാക്കാൻ കഴിയുന്ന സ്ത്രീകളുടെ പിന്തുണ എനിക്ക് ആവശ്യമായിരുന്നു”, കിയാര പറഞ്ഞു.

പ്രസവാനന്തര കാലത്ത് ആലിയ ഭട്ട്, കത്രീന കൈഫ്, പത്രലേഖ എന്നിവരെ വിളിക്കുകയും പരസ്പരം വിശേഷങ്ങൾ അന്വേഷിക്കുകയും അനുഭവങ്ങൾ പങ്കുവെക്കുകയും ചെയ്തിരുന്നുവെന്ന് കിയാര വ്യക്തമാക്കി.

“ആലിയയെ വിളിച്ച് ജോലിയിലേക്ക് എങ്ങനെ തിരിച്ചുപോകാം, ഇതെല്ലാം എങ്ങനെ ഒരുമിച്ച് കൊണ്ടുപോകാം എന്നൊക്കെ ഞാൻ ചോദിച്ചിട്ടുണ്ട്. കുടുംബത്തിനാണ് നിങ്ങളുടെ മുൻഗണന. അതേസമയം ജോലിസ്ഥലത്ത് നിങ്ങൾ പ്രൊഫഷണലായും തുടരേണ്ടതുണ്ട്. ഈ രണ്ട് ലോകങ്ങളെയും എങ്ങനെ സന്തുലിതമായി മുന്നോട്ടുകൊണ്ടുപോകാം? ചിലപ്പോഴൊക്കെ കുറ്റബോധം തോന്നും. അമ്മയായതിനു ശേഷമുള്ള ഈ കുറ്റബോധം (Mom Guilt) എപ്പോഴും കൂടെയുണ്ടാകും”, താരം പറഞ്ഞു.

നടൻ സിദ്ധാർഥ് മൽഹോത്രയുമായി വർഷങ്ങളോളം പ്രണയത്തിലായിരുന്ന കിയാര 2023 ഫെബ്രുവരി ഏഴിനാണ് രാജസ്ഥാനിലെ ജയ്സാൽമീറിൽ വെച്ച് വിവാഹിതയായത്. 2025 ജൂലൈ 15-ന് ദമ്പതികൾക്ക് പെൺകുഞ്ഞ് ജനിച്ചു. 'ഞങ്ങളുടെ ഹൃദയം നിറഞ്ഞിരിക്കുന്നു. ഞങ്ങളുടെ ലോകം എന്നെന്നേക്കുമായി മാറിയിരിക്കുന്നു. ഒരു പെൺകുഞ്ഞിനെ ലഭിച്ചതിൽ ഞങ്ങൾ അനുഗ്രഹീതരാണ്' എന്നായിരുന്നു കുഞ്ഞിന്റെ ജനനം അറിയിച്ചുകൊണ്ട് ഇരുവരും സമൂഹമാധ്യമങ്ങളിൽ കുറിച്ചത്. പിന്നീട് മകൾക്ക് സരായ മൽഹോത്ര എന്ന് പേരിട്ടതായും വെളിപ്പെടുത്തി.

ഈ വർഷം ഒക്ടോബർ ഏഴിന് രണ്ടാമതും മാതാപിതാക്കളാകാൻ പോകുന്ന സന്തോഷവും കിയാരയും സിദ്ധാർഥും പങ്കുവെച്ചിരുന്നു. 'ജീവിതത്തിലെ ഏറ്റവും വലിയ സമ്മാനം ഒരിക്കൽക്കൂടി ലഭിച്ചിരിക്കുന്നു. സ്‌നേഹവും നന്ദിയും കൊണ്ട് ഞങ്ങളുടെ ഹൃദയം നിറഞ്ഞിരിക്കുന്നു' എന്നായിരുന്നു കുറിപ്പ്.

യാഷ് നായകനായെത്തിയ ടോക്‌സിക് ആണ് കിയാരയുടേതായി ഒടുവിൽ പ്രദർശനത്തിനെത്തിയ ചിത്രം. ഗീതു മോഹൻദാസ് സംവിധാനം ചെയ്ത ചിത്രത്തിൽ ഹുമ ഖുറേഷി, താര സുതാരിയ, നയൻതാര, രുക്മിണി വസന്ത് എന്നിവരും പ്രധാന വേഷങ്ങളിലെത്തിയിരുന്നു. ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്. അടുത്ത സിനിമയെക്കുറിച്ച് കിയാര ഇതുവരെ പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ല.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi