ഇന്ത്യൻ രാഷ്ട്രീയത്തിലെ ഏറ്റവും ശ്രദ്ധേയമായ വ്യക്തിത്വങ്ങളിലൊരാളാണ് സോണിയ ഗാന്ധി. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ഭാര്യയും കോൺഗ്രസിന്റെ ഏറ്റവും കൂടുതൽ കാലം അധ്യക്ഷപദവി വഹിച്ച നേതാവുമാണ് അവർ. ഇറ്റലിയിൽ ജനിച്ച് ഇന്ത്യയുടെ രാഷ്ട്രീയ-സാമൂഹിക ജീവിതത്തിന്റെ ഭാഗമായി മാറിയ സോണിയയുടെ വ്യക്തിജീവിതവും പ്രണയവും നഷ്ടങ്ങളും രാഷ്ട്രീയയാത്രയുമെല്ലാം പുതിയ ആത്മകഥയായ Belonging: A Journey of Love-ലൂടെ വായനക്കാരിലേക്ക് എത്തുകയാണ്.
നവംബർ 10-ന് പുറത്തിറങ്ങിയ പുസ്തകത്തിലെ ചില ഓർമകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. രാജീവ് ഗാന്ധിയുമായുള്ള പ്രണയകാലം, ഇന്ത്യയിലേക്കുള്ള വരവ്, പുതിയ സംസ്കാരവുമായുള്ള പൊരുത്തപ്പെടൽ തുടങ്ങി അധികമാരും അറിയാത്ത വ്യക്തിപരമായ അനുഭവങ്ങളാണ് പുസ്തകത്തിലുള്ളത്. അക്കൂട്ടത്തിൽ ഇന്ത്യൻ ഭക്ഷണത്തോടുള്ള തന്റെ ആദ്യകാല ഇഷ്ടക്കേടും പിന്നീട് തന്തൂരി ചിക്കൻ പ്രിയപ്പെട്ട വിഭവമായി മാറിയതുമെല്ലാം സോണിയ പങ്കുവെക്കുന്നുണ്ട്.
ലണ്ടനിൽ പഠിക്കുന്നതിനിടെ രാജീവിനെ പരിചയപ്പെട്ടതും ഇരുവരുടെയും ബന്ധം പ്രണയത്തിലേക്ക് വളർന്നതുമെല്ലാം പുസ്തകത്തിൽ വിവരിക്കുന്നുണ്ട്. അതിനിടയിൽ ഇന്ത്യൻ ഭക്ഷണവുമായി പരിചയപ്പെട്ട ആദ്യകാല അനുഭവവും അവർ ഓർത്തെടുക്കുന്നു.
സോണിയയുമായുള്ള ബന്ധം ഗൗരവത്തിലേക്ക് നീങ്ങുന്ന സമയത്ത് രാജീവ് ഇക്കാര്യം അമ്മ ഇന്ദിരാഗാന്ധിയെയും അറിയിച്ചിരുന്നു. താൻ പരിചയപ്പെട്ട പെൺകുട്ടി വളരെ പ്രത്യേകതയുള്ളവളാണെന്ന് മാർച്ചിൽ അമ്മയ്ക്ക് എഴുതിയ കത്തിൽ രാജീവ് സൂചിപ്പിച്ചു. തൊട്ടടുത്ത മാസം താൻ പ്രണയത്തിലാണെന്ന് ഉറപ്പായതായും അറിയിച്ചു. എന്നാൽ മകന്റെ തീരുമാനത്തിൽ ഇന്ദിരയ്ക്ക് ആശങ്കകളുണ്ടായിരുന്നു. അധികം പരിചയമില്ലാത്ത ഒരു പെൺകുട്ടിക്കൊപ്പം ജീവിതം തുടങ്ങുന്നതിനെക്കുറിച്ചും അവൾക്ക് തികച്ചും വ്യത്യസ്തമായൊരു സാഹചര്യവുമായി പൊരുത്തപ്പെടാനാകുമോ എന്നതിനെക്കുറിച്ചും അവർ ചിന്തിച്ചു. ആദ്യമായി കണ്ടുമുട്ടുന്ന പെൺകുട്ടി തന്നെയാണ് അനുയോജ്യമായ പങ്കാളിയെന്ന് ഉറപ്പിക്കാനാകില്ലെന്നും ഇന്ദിര മകനെ ഓർമിപ്പിച്ചു. എന്നാൽ മറ്റൊരാൾ കൂടുതൽ അനുയോജ്യമായി വരുമെന്ന് എങ്ങനെ അറിയാനാകുമെന്നായിരുന്നു രാജീവിന്റെ മറുചോദ്യം. സോണിയയെ വിവാഹം കഴിക്കണമെന്ന തീരുമാനത്തിൽ അദ്ദേഹം ഉറച്ചുനിന്നു.
ഈ സാഹചര്യത്തിലാണ് ഇന്ദിര തന്റെ കുടുംബസുഹൃത്തുക്കളായ പി.എൻ. ഹക്സറിന്റെയും ഭാര്യയുടെയും സഹായം തേടിയത്. അന്ന് ലണ്ടനിലെ ഇന്ത്യൻ ഡെപ്യൂട്ടി ഹൈക്കമ്മിഷണറായിരുന്നു പി.എൻ. ഹക്സർ. രാജീവിനെ അടുത്തറിയാവുന്ന ഹക്സർ ദമ്പതികൾ ഇരുവരെയും ഹാംപ്സ്റ്റെഡിലെ ഔദ്യോഗിക വസതിയായ സൺ ഹൗസിലേക്ക് ക്ഷണിച്ചു. പരിചയപ്പെടലിനും സംസാരത്തിനും ശേഷം എല്ലാവരും ചേർന്ന് ഒരു ഇന്ത്യൻ റസ്റ്ററന്റിൽ ഭക്ഷണം കഴിക്കാൻ പോയി.
രാജീവിന്റെ ജീവിതപങ്കാളിയാകാൻ പോകുന്ന പെൺകുട്ടിയെ വിലയിരുത്താനുള്ള കൂടിക്കാഴ്ച കൂടിയായിരുന്നു അതെന്ന് സോണിയയ്ക്ക് തോന്നിയിരുന്നു. അതിനാൽ തന്നെ അന്ന് വൈകുന്നേരം മുഴുവൻ താൻ അസ്വസ്ഥയായിരുന്നുവെന്ന് അവർ ഓർക്കുന്നു. അതിനുപുറമേ ഇന്ത്യൻ ഭക്ഷണത്തിന്റെ മസാലമണം അവരെ വല്ലാതെ അലട്ടുകയും ചെയ്തു.
'മസാലകളുടെ അപരിചിതമായ മണം എനിക്ക് ഇഷ്ടമായിരുന്നില്ല,' എന്നാണ് സോണിയ പുസ്തകത്തിൽ കുറിച്ചിരിക്കുന്നത്. കേംബ്രിജിൽ പഠിക്കുന്ന കാലത്ത് പ്രധാനവീഥിയിലെ ഈസ്റ്റ് പാകിസ്ഥാനി റസ്റ്ററന്റിന് സമീപത്തുകൂടി നടക്കുമ്പോൾ പോലും ശ്വാസം പിടിച്ച് വേഗത്തിൽ കടന്നുപോകുമായിരുന്നുവെന്നും അവർ പറയുന്നു. അന്ന് ഹക്സർ ദമ്പതികൾക്കൊപ്പം റസ്റ്ററന്റിലേക്ക് കയറിയപ്പോൾ അനുഭവപ്പെട്ടതും അതേ മണം തന്നെയായിരുന്നു.
ഭക്ഷണത്തിനായി മെനു കൈയിൽ കിട്ടിയപ്പോഴും സോണിയ ആശയക്കുഴപ്പത്തിലായി. എന്താണ് തിരഞ്ഞെടുക്കേണ്ടതെന്ന് അറിയാതെ മെനുവിലേക്ക് നോക്കിയിരുന്ന തന്നെ രാജീവാണ് സഹായിച്ചതെന്ന് അവർ ഓർക്കുന്നു. അൽപ്പസമയത്തിനകം മുന്നിലെത്തിയത് ചുവന്ന നിറത്തിലുള്ള, നേരിയ തോതിൽ കരിഞ്ഞ ഒരു ചിക്കൻ വിഭവം. വടക്കേ ഇന്ത്യൻ രുചിയായ തന്തൂരി ചിക്കനായിരുന്നു അത്. ആദ്യമായി രുചിച്ചപ്പോൾ അനുഭവം അത്ര സുഖകരമായിരുന്നില്ല. 'ഒരു കഷണം കഴിച്ചപ്പോൾ തന്നെ വായ് തീപിടിച്ചതുപോലെയായി!' എന്നാണ് സോണിയയുടെ ഓർമ. എന്നാൽ അധികം വൈകാതെ ഈ വിഭവം അവരുടെ പ്രിയപ്പെട്ട ഭക്ഷണങ്ങളിലൊന്നായി മാറി. ലണ്ടനിലെ ഷാർലറ്റ് സ്ട്രീറ്റിലുള്ള ചെറിയൊരു റസ്റ്ററന്റിലേക്ക് രാജീവ് പിന്നീട് സോണിയയെ കൊണ്ടുപോകുമായിരുന്നു. തന്തൂരിയിൽ പാകം ചെയ്ത വടക്കുപടിഞ്ഞാറൻ ഇന്ത്യൻ വിഭവങ്ങളായിരുന്നു അവിടത്തെ പ്രത്യേകത. അവിടെ നിന്നാണ് ആദ്യം അപരിചിതമായി തോന്നിയ ഇന്ത്യൻ ഭക്ഷണത്തോട് സോണിയയ്ക്ക് ക്രമേണ ഇഷ്ടം തോന്നിത്തുടങ്ങിയത്.
ഹക്സർ ദമ്പതികൾക്കൊപ്പമുള്ള അന്നത്തെ അത്താഴം മറ്റൊരു ഇന്ത്യൻ വിഭവത്തെയും സോണിയയ്ക്ക് പരിചയപ്പെടുത്തി. ഭക്ഷണത്തിനൊടുവിൽ കുൽഫിക്കൊപ്പമാണ് ഫലൂഡ വിളമ്പിയത്. കുൽഫിയെ 'വളരെ മധുരമുള്ള, പാതി തണുത്ത പാൽക്കൂട്ട്' എന്നാണ് സോണിയ വിശേഷിപ്പിക്കുന്നത്. ഫലൂഡയിലെ നൂൽപോലുള്ള ഭാഗങ്ങൾ സ്പാഗറ്റിനിയോട് സാമ്യമുള്ളതായിരുന്നെങ്കിലും അവ സുതാര്യവും വഴുവഴുപ്പുള്ളതും രുചിയില്ലാത്തതുമായിരുന്നുവെന്നും അവർ എഴുതുന്നു. എങ്കിലും ആ വിഭവം കഴിച്ചപ്പോൾ വായ് എരിഞ്ഞില്ലെന്ന ആശ്വാസവും സോണിയ പങ്കുവെക്കുന്നുണ്ട്.
രാഷ്ട്രീയത്തിനും പൊതുപ്രവർത്തനത്തിനും അപ്പുറത്തുള്ള സോണിയ ഗാന്ധിയുടെ ജീവിതത്തിലേക്കുള്ള ഒരു നേർക്കാഴ്ച കൂടിയാണ് Belonging: A Journey of Love. പൊതുവേദികളിൽ അധികം കാണാത്ത വ്യക്തിപരമായ ഓർമകളും പ്രണയകാലത്തെ അനുഭവങ്ങളും പുസ്തകത്തിലൂടെ വായനക്കാർക്ക് പരിചയപ്പെടാം. രാജീവിനൊപ്പമുള്ള ജീവിതത്തിലേക്കും ഇന്ത്യൻ ഭക്ഷണത്തോടുള്ള ഇഷ്ടം വളർന്നുവന്നതിലേക്കുമുള്ള ഈ ഓർമ അതിലെ കൗതുകകരമായ ഒരേടാണ്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Published: 12 Nov 2026, 10:52 am IST
Related Topics
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..




Most Commented