സംഗീതസംവിധായകൻ അനിരുദ്ധ് രവിചന്ദറും സൺറൈസേഴ്‌സ് ഹൈദരാബാദ് സി.ഇ.ഒ കാവ്യ മാരനും കഴിഞ്ഞദിവസമാണ് വിവാഹിതരായത്. ഗ്രീസിൽവെച്ച് നവംബർ 10,11 തീയതികളിലായിരിക്കും വിവാഹമെന്നാണ് നേരത്തെ പുറത്തുവന്ന വാർത്തകൾ. അതിനായി നടൻ രജനീകാന്തും തമിഴ്‌നാട് മുൻ മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും കുടുംബസമേതം ഗ്രീസിലേക്ക് പുറപ്പെടുന്ന ചിത്രങ്ങളും വീഡിയോകളും വൈറലാവുകയും ചെയ്തിരുന്നു.

To advertise here,

കാത്തിരിപ്പുകൾക്കൊടുവിൽ അനിരുദ്ധ് തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ വിവാഹചിത്രം പങ്കുവെച്ചുകൊണ്ട് ഇങ്ങനെ കുറിച്ചു, ''ജീവിതത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്നത്, എന്നാൽ ജീവിതകാലം മുഴുവൻ നിലനിൽക്കുന്നത്, 11.11''. അധികം വൈകാതെ ആരാധകർ ആ ചിത്രമേറ്റെടുക്കുകയും ചെയ്തു. അതിനൊപ്പം നവംബർ 11 (പതിനൊന്നാം മാസത്തിലെ പതിനൊന്നാം തീയതി) വിവാഹത്തിനായി തിരഞ്ഞെടുത്തത് എന്തുകൊണ്ടായിരിക്കുമെന്നുള്ള ചർച്ചകളും തുടങ്ങി.

ചിലർക്ക് ഇതൊരു കൗതുകമാണ്, മറ്റു ചിലർക്ക് വിശ്വാസവും. സംഖ്യാശാസ്ത്രത്തിൽ (Numerology), ഒരു 'ഏഞ്ചൽ നമ്പർ' എന്ന നിലയിലാണ് 11.11 കണക്കാക്കുന്നതെന്ന് പറയപ്പെടുന്നു. വർഷത്തിലെ ഏറ്റവും ഭാഗ്യകരമായ ദിവസമായി അവർ നവംബർ 11-നെ കണക്കാക്കുന്നു. 'ഏഞ്ചൽ നമ്പറുകൾ' എന്നത് സാധാരണയായി മൂന്നോ നാലോ അക്കങ്ങളുള്ള സംഖ്യാ ശ്രേണികളാണ്. ഇവയിൽ 3333, 2222 എന്നിങ്ങനെ അക്കങ്ങൾ ആവർത്തിച്ചു വരുന്നതോ, അല്ലെങ്കിൽ 1234, 1212, 0101, 1010 എന്നിങ്ങനെ ഒരു പ്രത്യേക ക്രമത്തിൽ വരുന്നതോ ആയ സംഖ്യകൾ ഉൾപ്പെടുന്നു.

ആഗ്രഹങ്ങൾ സഫലമാകുന്നതിനുള്ള പൂർണ്ണ സാധ്യത ഈ ദിവസത്തിലുണ്ടെന്ന് അവർ വിശ്വസിക്കുന്നു. 1111-ലെ 'ഒന്നുകൾ' പുതിയ തുടക്കങ്ങളെ സൂചിപ്പിക്കുന്നുവെന്നും വിശ്വാസമുണ്ട്. ജീവിതത്തിൽ ഒരു പുതിയ അധ്യായം ആരംഭിക്കാൻ പോകുന്നു എന്നതിന്റെ സൂചനയായിട്ടാണ് പലരും ഇതിനെ കണക്കാക്കുന്നത്. അതുകൊണ്ടാണ് പുതിയ തുടക്കത്തിനും പുതിയ ജീവിതത്തിലേക്ക് പ്രവേശിക്കുന്നതിനുമെല്ലാം ഈ ദിവസം തിരഞ്ഞെടുക്കുന്നത്. ചിലർ മനപൂർവം വാഹനങ്ങൾ വാങ്ങുമ്പോഴും ഫോൺനമ്പർ തിരഞ്ഞെടുക്കുമ്പോഴുമെല്ലാം ഈ നമ്പർ തിരഞ്ഞെടുക്കാൻ ശ്രമിക്കാറുണ്ട്. ഇത്തരം വിശ്വാസങ്ങൾ കാരണമായിരിക്കാം അനിരുദ്ധ്-കാവ്യ വിവാഹവും ഈ ദിവസത്തിൽ നടത്തിയതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi