നടൻ സിദ്ധാർഥ് മൽഹോത്രയും കിയാര അദ്വാനിയും ഒന്നിച്ചെത്തുന്ന ആദ്യ ടെലിവിഷൻ പരിപാടിയാണ് കോഫി വിത്ത് കരൺ സീസൺ 9. പ്രണയത്തെക്കുറിച്ചും വിവാഹജീവിതത്തെക്കുറിച്ചും വിവാഹവേദിയിലെ രസകരമായ ഓർമകളെക്കുറിച്ചുമെല്ലാം പരിപാടിയിൽ തുറന്നുപറയുകയാണ് ഇരുവരും. വ്യക്തിജീവിതവും ഔദ്യോഗിക ജീവിതവും എങ്ങനെയാണ് വേർതിരിച്ചുനിർത്തുന്നതെന്നും പുതിയ പ്രമോയിൽ സിദ്ധാർഥ് വെളിപ്പെടുത്തുന്നു.
ചൊവ്വാഴ്ചയാണ് പരിപാടിയുടെ പുതിയ പ്രമോ അണിയറപ്രവർത്തകർ പുറത്തുവിട്ടത്. രണ്ടാമത്തെ കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങുന്ന താരദമ്പതികളെ 'സ്വാഭാവികമായ ചാരുതയുള്ളവർ', 'എന്നും സൗന്ദര്യം കാത്തുസൂക്ഷിക്കുന്നവർ' എന്നിങ്ങനെയാണ് അവതാരകൻ കരൺ ജോഹർ വിശേഷിപ്പിച്ചത്. പിന്നാലെ ഇരുവരുടെയും വിവാഹത്തെക്കുറിച്ചും സംസാരിച്ചു.
Also Read
വിവാഹാഘോഷത്തിനിടയിലെ ഒരു രസകരമായ സംഭവം കിയാരയാണ് ഓർത്തെടുത്തത്. വിവാഹവേദിയിൽ കരൺ ഏത് പാട്ടിനാണ് നൃത്തം ചെയ്തതെന്ന് എല്ലാവരോടും പറയാൻ കിയാര ആവശ്യപ്പെട്ടു. നടൻ ഷാഹിദ് കപൂർ കരൺ ജോഹറിന് കൂട്ടായി വേദിയിലെത്തിയതും എന്നാൽ സംവിധായകൻ അദ്ദേഹത്തെ വേദിയിൽനിന്ന് പുറത്താക്കിയതുമെല്ലാം കിയാര തമാശയോടെ ഓർത്തെടുത്തു.
പിന്നീട് ക്യാമറകൾക്ക് പിന്നിലെ ജീവിതത്തെക്കുറിച്ചായി സംസാരം. സിനിമയിലെ കഥാപാത്രങ്ങളായി യഥാർഥ ജീവിതത്തിലും മാറാറുണ്ടോ എന്നായിരുന്നു കരൺ ജോഹറിന്റെ ചോദ്യം. അതിന് മറുപടിയായി, 'ജോലിക്കാര്യങ്ങൾ വീട്ടിലേക്ക് കൊണ്ടുവരാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. പ്രത്യേകിച്ച് കിടപ്പുമുറിയിലേക്ക്' എന്നാണ് സിദ്ധാർഥ് പറഞ്ഞത്.
മറ്റൊരു രസകരമായ നിമിഷത്തിൽ, ഡേറ്റ് നൈറ്റുകൾ വെറും അത്താഴത്തിൽ മാത്രം അവസാനിക്കാതിരിക്കാൻ ഇരുവരും എന്താണ് ചെയ്യുന്നതെന്ന് കരൺ ചോദിച്ചു. കിയാര തന്റെ ബേബി ബംപിലേക്ക് ചൂണ്ടി ചിരിച്ചുകൊണ്ട് 'ഇപ്പോഴത്തേക്ക് അതൊക്കെ കഴിഞ്ഞു' എന്നായിരുന്നു മറുപടി. രണ്ടാമത്തെ കുഞ്ഞിനെ വരവേൽക്കാനൊരുങ്ങുകയാണ് കിയാരയും സിദ്ധാർഥും. ഒക്ടോബർ ഏഴിനാണ് ഇരുവരും സന്തോഷവാർത്ത പങ്കുവെച്ചത്. 2025-ലാണ് മൂത്ത മകൾ സരായ ജനിച്ചത്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Published: 10 Nov 2026, 03:20 pm IST
Related Topics
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..




Most Commented