മരണത്തെ മുഖാമുഖം കണ്ട നിമിഷത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് നടി കാജൽ അഗർവാൾ. കമൽഹാസൻ നായകനായ ഇന്ത്യൻ 2 സിനിമയുടെ ചിത്രീകരണത്തിനിടെ 2020-ൽ ചെന്നൈയിലുണ്ടായ ക്രെയിൻ അപകടത്തിൽനിന്ന് തലനാരിഴയ്ക്കാണ് താൻ രക്ഷപ്പെട്ടതെന്ന് കാജൽ പറഞ്ഞു. അപകടത്തിൽ മൂന്നുപേർ മരിക്കുകയും ഒൻപതുപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഹ്യൂമൻസ് ഓഫ് ബോംബെയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അന്ന് സംഭവിച്ച കാര്യങ്ങൾ താരം ഓർത്തെടുത്തത്. തന്റെ ജീവൻ രക്ഷിച്ചത് ദൈവികമായ ഇടപെടലാണെന്നാണ് വിശ്വസിക്കുന്നതെന്നും കാജൽ പറഞ്ഞു.
2020 ഫെബ്രുവരിയിലാണ് ചെന്നൈയ്ക്കടുത്ത് നസറത്ത്പേട്ടിലെ ഇ.വി.പി. ഫിലിം സിറ്റിയിൽ ഇന്ത്യൻ 2 സിനിമയുടെ ചിത്രീകരണത്തിനിടെ ദാരുണമായ അപകടമുണ്ടായത്. ലൈറ്റിങ് സംവിധാനങ്ങൾ ഒരുക്കുന്നതിനായി ഉപയോഗിച്ചിരുന്ന 100 അടി ഉയരമുള്ള ക്രെയിൻ തകർന്നുവീഴുകയായിരുന്നു. അപകടത്തിൽ അസിസ്റ്റന്റ് ഡയറക്ടർ ഉൾപ്പെടെ മൂന്നുപേർ മരിച്ചു. ഒൻപതുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. മരിച്ചവരുടെ കുടുംബങ്ങൾക്ക് കമൽഹാസനും നിർമാണക്കമ്പനിയും ഒരു കോടി രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിരുന്നു. അപകടത്തെക്കുറിച്ച് ഓർക്കുമ്പോൾ താൻ എങ്ങനെയാണ് ജീവനോടെ രക്ഷപ്പെട്ടതെന്ന് ഇപ്പോഴും വിശ്വസിക്കാനാകുന്നില്ലെന്നാണ് കാജൽ പറയുന്നത്.
Also Read
“ഇന്ത്യൻ 2 സെറ്റിലുണ്ടായ വലിയ അപകടം വാർത്തകളിൽ നിറഞ്ഞിരുന്നു. 100 അടി ഉയരമുള്ള ക്രെയിൻ തകർന്നുവീണ് മൂന്നുപേരുടെ ജീവനെടുത്തു. അന്ന് ആദ്യം അപകടത്തിൽപ്പെടേണ്ടിയിരുന്നത് ഞാനായിരുന്നു. എങ്ങനെയാണ് ഞാൻ ഇപ്പോഴും ജീവനോടെയിരിക്കുന്നതെന്ന് അറിയില്ല. പക്ഷേ, ആരോ ഒരു കൈകൊണ്ട് എന്നെ അവിടെനിന്ന് വലിച്ചുമാറ്റിയെന്ന് എനിക്ക് ഉറപ്പാണ്.
രാത്രിയിൽ വലിയൊരു ആക്ഷൻ രംഗത്തിന്റെ ചിത്രീകരണം നടക്കുകയായിരുന്നു. അഭിനേതാക്കൾ മോണിറ്ററിന് പിന്നിലുള്ള ടെന്റ് പോലെയുള്ള സംവിധാനത്തിലായിരുന്നു ഇരുന്നിരുന്നത്. പെട്ടെന്ന് എല്ലാവരും പരിഭ്രാന്തരായി ഓടാൻ തുടങ്ങി. 80 വയസ്സുള്ള സ്ത്രീയുടെ രൂപത്തിലാകാൻ പ്രോസ്തെറ്റിക് മേക്കപ്പ് ചെയ്തിരുന്ന ഞാനും എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാകാതെ ഓടി. ഇതിനിടെ ഒരു കൺസോൾ ടേബിളിൽ തട്ടുകയും ചെയ്തു. ഞാൻ എന്തിനാണ് ഓടുന്നതെന്ന് ഒരു നിമിഷം ചിന്തിച്ചു. എന്താണ് സംഭവിക്കുന്നതെന്ന് തിരിഞ്ഞുനോക്കാമെന്ന് കരുതി. അപ്പോഴാണ് 100 അടി ഉയരമുള്ള ക്രെയിൻ എന്റെ നേർക്ക് തകർന്നുവീഴുന്നത് കണ്ടത്. എല്ലാം ഒരു നിമിഷംകൊണ്ടാണ് സംഭവിച്ചത്. ഭയന്ന് എനിക്ക് അനങ്ങാൻ പോലും കഴിഞ്ഞില്ല. അപ്പോഴാണ് ആരോ ഒരു കൈകൊണ്ട് എന്നെ ടെന്റിൽനിന്ന് പുറത്തേക്ക് വലിച്ചുമാറ്റിയത്. തൊട്ടടുത്താണ് ക്രെയിൻ വന്നുവീണത്. ഞാൻ വിറയ്ക്കുകയായിരുന്നു. ചുറ്റും ആരുമുണ്ടായിരുന്നില്ല. എന്റെ ജീവനക്കാർ ഓടിവന്ന് അന്വേഷിച്ചു. എന്നെ പുറത്തേക്ക് വലിച്ചത് അവരാണോ എന്ന് ഞാൻ ചോദിച്ചു. എന്നാൽ അവരെല്ലാം അപ്പോൾ അകലെയായിരുന്നു. പിന്നെ ആരാണ് എന്നെ രക്ഷിച്ചതെന്ന് എനിക്ക് മനസ്സിലായില്ല”, കാജൽ പറഞ്ഞു. അപകടം തന്റെ കുടുംബത്തെയും ഏറെ ഭയപ്പെടുത്തിയെന്നും താരം കൂട്ടിച്ചേർത്തു.
കമൽഹാസനെ നായകനാക്കി ശങ്കർ സംവിധാനം ചെയ്ത ഇന്ത്യൻ 2-വിന് പ്രേക്ഷകരിൽനിന്നും നിരൂപകരിൽനിന്നും സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. ആദ്യഭാഗവുമായി താരതമ്യം ചെയ്യുമ്പോൾ സിനിമയ്ക്ക് മികവ് പുലർത്താനായില്ലെന്നായിരുന്നു പ്രധാന വിമർശനം. ദൈർഘ്യവും വൈകാരികമായ ആഴം കുറഞ്ഞ തിരക്കഥയും വിമർശനവിധേയമായി. കമൽഹാസൻ, സിദ്ധാർഥ്, എസ്.ജെ. സൂര്യ എന്നിവരുടെ പ്രകടനങ്ങൾക്ക് പ്രശംസ ലഭിക്കുകയും ചെയ്തു.
അതേസമയം നിതേഷ് തിവാരി സംവിധാനം ചെയ്ത രാമായണത്തിലാണ് കാജൽ അഗർവാൾ ഒടുവിൽ അഭിനയിച്ചത്. രാവണന്റെ ഭാര്യയായ മണ്ഡോദരിയുടെ വേഷത്തിലാണ് കാജൽ എത്തിയത്. രൺബീർ കപൂർ, യഷ്, സായ് പല്ലവി, രവി ദുബെ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Published: 13 Nov 2026, 12:32 pm IST
Related Topics
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..




Most Commented