ഇന്നത്തെ മാതാപിതാക്കളുടെ ഏറ്റവും വലിയ ആശങ്ക മക്കളുടെ ഭാവിയെക്കുറിച്ചാണ്. മികച്ച വിദ്യാഭ്യാസം, മികച്ച ജോലി, ജീവിതവിജയം-ഇതൊക്കെയാണ് പലരും മക്കൾക്കായി സ്വപ്നം കാണുന്നത്. എന്നാൽ ആ വിജയത്തിനപ്പുറം, ഒരു കുട്ടിയെ നല്ല മനുഷ്യനാക്കുന്ന മൂല്യങ്ങളെക്കുറിച്ച് എത്രപേർ ചിന്തിക്കുന്നു? നടി കരീന കപൂറിന്റെ വാക്കുകൾ ഈ ചോദ്യത്തിലേക്കാണ് ശ്രദ്ധ ക്ഷണിക്കുന്നത്. ഫിലിം കംപാനിയന് നൽകിയ അഭിമുഖത്തിൽ മാതൃത്വത്തെക്കുറിച്ച് സംസാരിക്കവെയാണ് മക്കളായ തൈമൂറും ജെയും വളരുമ്പോൾ താൻ ഏറ്റവും ആഗ്രഹിക്കുന്ന ഒരു ഗുണത്തെക്കുറിച്ച് കരീന മനസ്സുതുറന്നത്. 

To advertise here,

“എന്റെ ആൺമക്കൾ ദയയുള്ളവരായിരിക്കണം എന്നതാണ് എന്റെ ഏറ്റവും വലിയ ആഗ്രഹം,” എന്നാണ് കരീന പറഞ്ഞത്. മാതൃത്വത്തിന് ഒരു 'ബ്ലൂപ്രിന്റ്' ഇല്ലെന്നും, കുട്ടികളെ എങ്ങനെ വളർത്തണമെന്ന് കൃത്യമായി പറഞ്ഞുതരുന്ന ഒരു നിയമപുസ്തകം ആരുടെയും കൈവശമില്ലെന്നും അവർ തുറന്നുപറയുന്നു. “ഇങ്ങനെ ചെയ്താൽ മതിയെന്നൊരു പട്ടികയില്ല. ഓരോ മാതാപിതാക്കളും സ്വന്തം അനുഭവങ്ങളിലൂടെയാണ് പഠിക്കുന്നത്,” എന്നാണ് കരീന പറയുന്നത്.
“ഞാൻ സെയ്ഫിനോട് എപ്പോഴും പറയുന്ന ഒരേയൊരു കാര്യമുണ്ട്. നമ്മുടെ ആൺമക്കൾ ദയയുള്ളവരായിരിക്കണം. ഒരു ആൺകുട്ടിക്കോ പുരുഷനോ ഉണ്ടായിരിക്കാവുന്ന ഏറ്റവും മനോഹരമായ ഗുണം ദയയാണ്,” എന്നാണ് കരീനയുടെ വാക്കുകൾ.

ഇന്നത്തെ കാലത്ത് കുട്ടികളെ മത്സരിക്കാനും വിജയിക്കാനും എല്ലായ്‌പ്പോഴും മറ്റുള്ളവരെക്കാൾ മുന്നിലെത്താനുമാണ് പല മാതാപിതാക്കളും പഠിപ്പിക്കുന്നത്. എന്നാൽ സ്വഭാവവും മനുഷ്യത്വവും അത്രതന്നെ പ്രധാനമാണെന്നാണ് കരീന വിശ്വസിക്കുന്നത്. ദയയുള്ള കുട്ടികൾ എല്ലാ മത്സരങ്ങളിലും ഒന്നാമതെത്തണമെന്നില്ല. പക്ഷേ അവർ നല്ല സുഹൃത്തുക്കളാകുകയും മറ്റുള്ളവരെ ബഹുമാനിക്കുകയും സഹാനുഭൂതിയുള്ള മനുഷ്യരായി വളരുകയും ചെയ്യും.

ഇന്ന് സമൂഹത്തിൽ ദയ എന്ന മൂല്യം ക്രമേണ നഷ്ടപ്പെട്ടുവരികയാണെന്നും അതുകൊണ്ടുതന്നെ അത് കൂടുതൽ ആവശ്യമായ ഗുണമാണെന്നും കരീന ചൂണ്ടിക്കാട്ടി. “ദയ പലപ്പോഴും മറക്കപ്പെടുന്നു. അതാണ് ഇപ്പോൾ ഏറ്റവും കൂടുതൽ വേണ്ടത്,” എന്നാണ് അവർ പറയുന്നത്.

മൂത്തമകൻ തൈമൂറിനോട് പതിവായി പറയുന്ന ഒരു കാര്യവും കരീന പങ്കുവെച്ചു. “ഏത് സാഹചര്യത്തിലായാലും ദയയോടെ പെരുമാറാൻ കഴിഞ്ഞാൽ നീയാണ് യഥാർഥ വിജയി,” എന്നാണ് താൻ തൈമൂറിനോട് പറയാറുള്ളതെന്ന് അവർ വ്യക്തമാക്കി. വിജയമെന്നത് പരീക്ഷയിലെ മാർക്കുകളോ ട്രോഫികളോ മാത്രമല്ല, ജീവിതത്തിൽ മറ്റുള്ളവരോട് എങ്ങനെ പെരുമാറുന്നു എന്നതുമാണെന്നാണ് കരീന മക്കളെ പഠിപ്പിക്കുന്നത്.

ഒരു അമ്മയെന്ന നിലയിൽ തന്റെ ഏറ്റവും വലിയ പ്രാർഥനയും കരീന വെളിപ്പെടുത്തി. “അവർ ദയയും സൗമ്യതയും ഉള്ള നല്ല മനുഷ്യരായി വളരട്ടെ. ബാക്കിയുള്ളത് അവർ സ്വയം കണ്ടെത്തും. അവർ നല്ല മനുഷ്യരായിരിക്കണമെന്നാണ് എന്റെ ആഗ്രഹം,” എന്നാണ് കരീന പറയുന്നത്.

മത്സരവും നേട്ടങ്ങളും വിജയവും മാത്രം അളവുകോലാകുന്ന കാലത്ത്, ഒരു അമ്മയുടെ ഏറ്റവും വലിയ ആഗ്രഹം മക്കൾ ദയയുള്ള മനുഷ്യരായി വളരണമെന്നതാണെന്ന് കരീന കപൂർ പറയുന്നത് ശ്രദ്ധേയമാണ്. ഒരു വ്യക്തിയെ നിർവചിക്കുന്നത് അയാളുടെ മനുഷ്യത്വവും മറ്റുള്ളവരോടുള്ള പെരുമാറ്റവുമാണെന്ന ഓർമപ്പെടുത്തലാണിത്. 
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi