ബോളിവുഡിൽ എന്നും ചർച്ചയായിരുന്നൊരു ബംഗ്ലാവുണ്ട്. 'ഭൂത് ബംഗ്ലാ' എന്നാണ് പലരും രഹസ്യമായി അതിനെ വിളിച്ചിരുന്നത്. അതിനുപിന്നിലൊരു കഥയുണ്ട്. പല താരങ്ങളിലൂടെയും ഈ വീട് കൈമാറിപ്പോയി. അവരെല്ലാം ഈ വീട് വിറ്റൊഴിക്കേണ്ടിയും വന്നു. തിരക്കഥാകൃത്തും നിർമാതാവുമായ ഭരത് ഭൂഷന്റെ കൈയിലാണ് ആദ്യം ഈ വീടെത്തുന്നത്. എന്നാൽ ഇത് വാങ്ങിയതോടെ അദ്ദേഹം സാമ്പത്തികമായി തകർന്നുവത്രെ.
ഒടുവിൽ അന്നത്തെ സൂപ്പർതാരമായ രാജേന്ദ്രകുമാറിന്റെ കൈകളിലെത്തി. അദ്ദേഹത്തിന്റെ അവസ്ഥയും ഏകദേശം അതേപോലെ തന്നെയായിരുന്നു. ഒടുവിൽ രാജേഷ് ഖന്ന വാങ്ങി. സിനിമയിൽ സൂപ്പർസ്റ്റാർ ആയിരിക്കുമ്പോഴാണ് ഈ വീട് വാങ്ങുന്നത്. 'ആശീർവാദ്' എന്ന് പേരുമാറ്റുകയും ചെയ്തു. പക്ഷേ വീട് വാങ്ങിയതോടെ രാജേഷിന്റെ വിജയക്കുതിപ്പിനും അവസാനമായെന്ന് പറയപ്പെടുന്നു.
എന്നിട്ടും രാജേഷ് ഖന്ന ആ വീടുവിൽക്കാൻ തയ്യാറായില്ല. അദ്ദേഹം മരണംവരെ അവിടെ തന്നെ കഴിഞ്ഞു. താൻ മരിച്ചാലും ആ വീട് ആളുകൾ മറക്കരുതെന്നായിരുന്നു രാജേഷ് ഖന്നയുടെ ആഗ്രഹം.
ഭരത് ഭൂഷന്റെ മറ്റൊരു വീടിനും ഇതേ വിധിയായിരുന്നുവെന്ന് പറയുകയാണിപ്പോൾ നടൻ ജിതേന്ദ്ര. 'ദ റിയാലിറ്റി ഡ്രൈവു'മായുള്ള അഭിമുഖത്തിൽ ജിതേന്ദ്ര ഇതിനെക്കുറിച്ച് തുറന്നുസംസാരിച്ചു.
ഭരത് ഭൂഷൺ, സാമ്പത്തികമായി വളരെ പ്രയാസകരമായ ഒരു ഘട്ടത്തിൽ തന്നെ സമീപിക്കുകയും, പാലി ഹില്ലിലുള്ള ബംഗ്ലാവ് വിൽക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്ത കാര്യം ജിതേന്ദ്ര വെളിപ്പെടുത്തി. അദ്ദേഹം ഓർക്കുന്നു, ''പാലി ഹില്ലിലുള്ള തന്റെ ബംഗ്ലാവ് വാങ്ങാമോ എന്ന അഭ്യർത്ഥനയുമായാണ് അദ്ദേഹം എന്നെ സമീപിച്ചത്. ഞാൻ ഇക്കാര്യം അച്ഛനോട് പറഞ്ഞപ്പോൾ, 'നമുക്കും ഒരു ബംഗ്ലാവ് വാങ്ങാം' എന്നായിരുന്നു അച്ഛന്റെ മറുപടി. അതുവരെ ഞങ്ങൾ വളരെ സാധാരണമായ, താഴ്ന്ന മധ്യവർഗ ജീവിതമാണ് നയിച്ചിരുന്നത്. ഗിർഗാവിലെ ഒരു വാടകക്കെട്ടിടത്തിലാണ് അപ്പോൾ ഞങ്ങൾ താമസിച്ചിരുന്നത്. എട്ടുപേരാണ് അതിലുണ്ടായിരുന്നത്. അതുകൊണ്ട്, ഒരു ബംഗ്ലാവ് വാങ്ങുക എന്നത് എന്നെ സംബന്ധിച്ചിടത്തോളം വലിയൊരു കാര്യമായിരുന്നു''.
നാലേകാൽ ലക്ഷം രൂപയ്ക്കാണ് താൻ ആ വീട് വാങ്ങിയതെന്ന് ജിതേന്ദ്ര പറയുന്നു. ആ ബംഗ്ലാവ് വാങ്ങിയത് ജീവിതത്തിലെ ഒരു പ്രധാന നാഴികക്കല്ലായിരുന്നെങ്കിലും, അവിടേക്ക് താമസം മാറിയതിന് ശേഷം കാര്യങ്ങൾ പെട്ടെന്ന് മാറിമറിഞ്ഞു. അദ്ദേഹത്തിന്റെ പല സിനിമകളും ബോക്‌സ് ഓഫീസിൽ പരാജയപ്പെട്ടതോടെ, ഈ വീട് തനിക്ക് നിർഭാഗ്യം കൊണ്ടുവരികയാണെന്ന് അദ്ദേഹം വിശ്വസിക്കാൻ തുടങ്ങി.
''ഞങ്ങൾ അവിടേക്ക് താമസം മാറി. എന്നാൽ പെട്ടെന്ന് തന്നെ എന്റെ നാല് സിനിമകൾ പരാജയപ്പെട്ടു. ഞാൻ അച്ഛനോട് പറഞ്ഞു, 'ഭരത് ഭൂഷൺ ഇവിടെ നിന്ന് ഒഴിഞ്ഞുപോയതാണ്, ഇനി എന്റെ ഊഴമാണെന്ന് തോന്നുന്നു. ഇതേ അവസ്ഥ തുടരുകയാണെങ്കിൽ, എന്റെ കരിയർ തുടങ്ങുന്നതിന് മുൻപേ തന്നെ അവസാനിക്കും.' അച്ഛനും അത് ശരിവെച്ചു, അങ്ങനെ ഞങ്ങൾ അവിടെ നിന്ന് താമസം മാറി''.
വർഷങ്ങൾക്ക് ശേഷം, ആ ബംഗ്ലാവിൽ ചില മാറ്റങ്ങൾ വരുത്താൻ അദ്ദേഹം തീരുമാനിച്ചു. നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങുന്നതിന് മുൻപുതന്നെ, ആ വസ്തു അദ്ദേഹത്തിന് ഒട്ടും പ്രതീക്ഷിക്കാത്ത വിധത്തിലുള്ള നേട്ടങ്ങൾ നൽകിത്തുടങ്ങിയിരുന്നു.
''പിന്നീട് ഒരാൾ ആ ബംഗ്ലാവ് വികസിപ്പിക്കാൻ എന്നെ സമീപിച്ചു. ഞാൻ അതിന് സമ്മതിച്ചു. വിശ്വസിക്കാൻ പ്രയാസമായിരിക്കും, എന്നാൽ ആ കെട്ടിടം പൊളിച്ചപ്പോൾ, അതിന്റെ നിർമ്മാണത്തിന് ഉപയോഗിച്ചിരുന്ന ബർമ്മ തേക്ക് തടികളിൽ നിന്ന് മാത്രം എനിക്ക് 11.5 ലക്ഷം രൂപ ലഭിച്ചു! ഞാൻ ആ ബംഗ്ലാവ് മുഴുവനായും വാങ്ങിയത് 4.25 ലക്ഷം രൂപയ്ക്കായിരുന്നു. എന്നാൽ തടികളിൽ നിന്ന് മാത്രം എനിക്ക് 11.5 ലക്ഷം രൂപ ലഭിച്ചു''.
ഇത്രയും വിലപ്പെട്ട വസ്തു വെറും നാലേകാൽ ലക്ഷം രൂപയ്ക്ക് വിറ്റ ഭരത് ഭൂഷൺ വളരെ നിഷ്‌കളങ്കനായിരുന്നുവെന്നും ജിതേന്ദ്ര ഓർക്കുന്നു. അദ്ദേഹത്തിന് ഭൂമിയിൽനിന്നും കെട്ടിടത്തിൽനിന്നും വെവ്വേറെ ലാഭമുണ്ടാക്കാൻ കഴിയുമായിരുന്നു.
പിന്നീട് ഈ സ്ഥലം വികസിപ്പിച്ച് ഒരു കെട്ടിടസമുച്ചയമുണ്ടാക്കി ജിതേന്ദ്ര. അതിലെ ഫ്‌ളാറ്റുകൾ ചതുരശ്ര അടിക്ക് 85 രൂപ നിരക്കിലാണ് വിറ്റത്. അധികകാലം വെച്ചാൽ വിറ്റുപോലില്ലെന്നതായിരുന്നു അദ്ദേഹത്തിന്റെ ചിന്ത. ആ തീരുമാനം മണ്ടത്തരമായെന്ന് തനിക്കിപ്പോൾ തോന്നുന്നുവെന്നും അദ്ദേഹം പറയുന്നു. ''ഈ കെട്ടിടം സ്ഥിതി ചെയ്യുന്ന ഭൂമിക്ക് മാത്രം ഏകദേശം 450 കോടി രൂപയോളം വില വരും''.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Actor Jeetendra bought a Pali Hill bungalow from Bharat Bhushan for Rs 4.25 lakhs., Initial belief that the house was unlucky led Jeetendra to move out after films flopped., Teak wood from the demolished house alone yielded Rs 11.5 lakhs., The land is currently valued at approximately Rs 450 crores
Published: 27 Oct 2026, 03:05 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented