വടക്കേ അമേരിക്കയിൽ ശരത്കാലത്ത് മൂത്തുപഴുത്തു തുടങ്ങും ചുവന്ന ക്രാൻബെറികൾ, ക്രിസ്മസിന്റെ വരവറിയിച്ചെത്തുന്ന ചുവന്ന കുഞ്ഞൻ പഴങ്ങൾ. ഉത്സവകാലത്ത് തീൻമേശയിലും അലങ്കാരങ്ങളിലും രാജാക്കന്മാരാണീ ബെറികൾ. നേർത്ത പുളിപ്പും മധുരവുമാണ് രുചി.

യൂറോപ്യൻ കുടിയേറ്റക്കാർ എത്തുന്നതിന് വളരെക്കാലം മുമ്പ് തന്നെ ഇവിടുത്തെ തദ്ദേശീയർ പലവിധത്തിലുള്ള ഭക്ഷണങ്ങൾക്കായി ക്രാൻബെറി ഉപയോഗിച്ചിരുന്നു. ഉണക്കിയ ഇറച്ചിയും കൊഴുപ്പും ചേർത്തുണ്ടാക്കുന്ന പരമ്പരാഗത ഭക്ഷണങ്ങളിലടക്കം അവർ ക്രാൻബെറി ഉൾപ്പെടുത്തി.

ക്രിസ്മസും ക്രാൻബെറിയും തമ്മിലുള്ള ബന്ധവും പരമ്പരാഗത ഭക്ഷണ രീതികളിൽ നിന്നുതന്നെ വന്നതാണ്. ക്രാൻബെറികൾ പ്രധാനമായും ശരത്കാലത്താണ് വിളവെടുത്തു തുടങ്ങുക. അതുകൊണ്ടുതന്നെ വടക്കേ അമേരിക്കയിലെ താങ്ക്സ്ഗിവിംഗ്, ക്രിസ്മസ് ആഘോഷങ്ങൾക്ക് രുചി പകരാൻ ഈ ബെറികൾ മുമ്പിലുണ്ടാവും. ഉത്സവകാലത്ത് പരമ്പരാഗതമായി ഉണ്ടാക്കിയിരുന്ന വറുത്ത മാംസം, ബേക്ക് ചെയ്ത പലഹാരങ്ങൾ, മധുരമുള്ള പാനീയങ്ങൾ എന്നിവയുമായി നന്നായി ഇണങ്ങുന്നവയാണ് ക്രാൻബെറികൾ. 

ടർക്കിയും ക്രാൻബെറി സോസും ജനപ്രിയ കോമ്പിനേഷനാണ്. ക്രിസ്മസ് പുഡ്ഡിങ്, കേക്ക്, മഫിൻ, ജാം, വൈൻ, അവധിക്കാല പാനീയങ്ങൾ എന്നിവയിലും ക്രാൻബെറികൾ ഉപയോഗിക്കുന്നു. ശീതകാല, അവധിക്കാല ഭക്ഷണങ്ങൾക്കും ബെറികൾ പ്രധാന ചേരുവതന്നെ.

ചില വീടുകളിൽ ക്രാൻബെറികൾ അലങ്കാര മാലകളിലും ഡൈനിങ് ടേബിൾ സെന്റർപീസുകളിലും ഉപയോഗിക്കും. ക്രാൻബെറിയുടെ സമൃദ്ധമായ ചുവന്ന നിറം റിബണുകൾ, റീത്തുകൾ എന്നിവയുൾപ്പെടെയുള്ള പരമ്പരാഗത ക്രിസ്മസ് അലങ്കാരങ്ങൾക്കും ഇണങ്ങുന്നതാണ്.

വിറ്റാമിൻ സി, ഡയറ്ററി ഫൈബർ, പോളിഫെനോളുകൾ ഉൾപ്പെടെയുള്ള വിവിധ സസ്യ പോഷകസംയുക്തങ്ങൾ ഇതിലടങ്ങിയിട്ടുണ്ട്. യൂറോപ്യൻ കുടിയേറ്റക്കാർ ഈ പഴത്തെക്കുറിച്ച് മനസ്സിലാക്കിയതോടെയാണ് ക്രാൻബെറി വലിയതോതിൽ പാചകരീതിയുടെ ഭാഗമായതെന്നു പറയാം. പത്തൊൻപതാം നൂറ്റാണ്ടിൽ, പ്രത്യേകിച്ച് മസാച്യുസെറ്റ്സിൽ ഇതിന്റെ വില്പന വിപുലമായി. കാലക്രമേണ, ക്രാൻബെറി ഫ്രഷായും ഉണക്കിയ രൂപത്തിലും സംസ്കരിച്ചുമെല്ലാം വിപണിയിലെത്തി.

ക്രാൻബെറി പല വിധത്തിൽ വിളവെടുക്കാറുണ്ട്. ഇതിൽ പ്രധാനപ്പെട്ട ഒന്നാണ് കൃഷിയിടങ്ങളിൽ വെള്ളം നിറച്ചുള്ള വിളവെടുപ്പ്. കൃഷിയിടങ്ങളിൽ വെള്ളം നിറച്ചശേഷം പഴുത്ത ബെറികൾ യന്ത്രങ്ങൾ ഉപയോഗിച്ച് ചെടികളിൽ നിന്ന് അടർത്തിമാറ്റും. ക്രാൻബെറികളിൽ ചെറിയ വായു അറകൾ ഉള്ളതിനാൽ, അവ വെള്ളത്തിന്റെ ഉപരിതലത്തിൽ പൊങ്ങിക്കിടക്കും. അതുകൊണ്ട് എളുപ്പത്തിൽ ശേഖരിച്ചെടുക്കുകയും ചെയ്യാം. 

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi