കുട്ടികളുടെ വളർച്ചയുടെ ആദ്യകാലങ്ങളിൽ മാതാപിതാക്കൾ നൽകുന്ന സ്നേഹവും പിന്തുണയും പ്രധാനമാണ്. അതവരുടെ ആത്മവിശ്വാസത്തെ മാത്രമല്ല, മുതിരുമ്പോഴുള്ള മാനസികാരോഗ്യത്തെയും ആഴത്തിൽ സ്വാധീനിക്കുമെന്ന് പഠനങ്ങളും വ്യക്തമാക്കുന്നു. ചെറുപ്പകാലത്തെ സൗമ്യവും പോസിറ്റീവുമായ പാരന്റിങ് രീതികൾ (Gentle Parenting) കൗമാരപ്രായത്തിൽ കുട്ടികളിൽ ഉണ്ടാകാൻ ഇടയുള്ള വിഷാദരോഗത്തെ (Depression) പ്രതിരോധിക്കാൻ സഹായിക്കുമെന്നാണ് പുതിയ കണ്ടെത്തൽ.
അമേരിക്കയിലെ നോത്ര ദാം സർവകലാശാലയിലെ (University of Notre Dame) ക്ലിനിക്കൽ സൈക്കോളജിസ്റ്റായ കേലിൻ ഹില്ലിന്റെ നേതൃത്വത്തിൽ നടന്ന പഠനമാണ് ഈ വിവരങ്ങൾ പങ്കുവെക്കുന്നത്. 'കമ്മ്യൂണിക്കേഷൻസ് സൈക്കോളജി' എന്ന ശാസ്ത്ര ജേണലിൽ പ്രസിദ്ധീകരിച്ച ഗവേഷണത്തിനായി 465 കുട്ടികളെയും അവരുടെ മാതാപിതാക്കളെയുമാണ് 15 വർഷത്തോളം തുടർച്ചയായി നിരീക്ഷിച്ചത്. കുട്ടിക്ക് മൂന്ന് വയസ്സുള്ളപ്പോഴാണ്, മാതാപിതാക്കൾ അവരോട് എങ്ങനെ പെരുമാറുന്നുവെന്ന് ഗവേഷകർ ആദ്യം വിലയിരുത്തിയത്. പിന്നീട് ഇതേ കുട്ടികൾക്ക് 9, 12, 15, 18 വയസ്സുള്ളപ്പോൾ അവരുടെ തലച്ചോറിന്റെ പ്രതികരണങ്ങൾ ഇ.ഇ.ജി (Electroencephalography) സാങ്കേതികവിദ്യ ഉപയോഗിച്ച് നിരീക്ഷിക്കുകയായിരുന്നു.
Also Read
നമ്മുടെ ജീവിതത്തിൽ സന്തോഷകരമായ അനുഭവങ്ങൾ ഉണ്ടാകുമ്പോഴോ, ഒരു ലക്ഷ്യം നേടുമ്പോഴോ, അല്ലെങ്കിൽ പ്രശംസ ലഭിക്കുമ്പോഴോ തലച്ചോർ നൽകുന്ന പോസിറ്റീവ് പ്രതികരണത്തെയാണ് 'റിവാർഡ് പ്രൊസസിങ്' എന്ന് പറയുന്നത്. തലച്ചോറിന്റെ ഈ പ്രതികരണ ശേഷിയിലുണ്ടാകുന്ന കുറവോ വ്യതിയാനങ്ങളോ ആണ് പലപ്പോഴും പിൽക്കാലത്ത് വിഷാദരോഗത്തിലേക്ക് നയിക്കുന്നത്. പഠനത്തിന്റെ ഭാഗമായി കുട്ടികൾക്ക് സമ്മാനങ്ങൾ ലഭിക്കാനും നഷ്ടപ്പെടാനും സാധ്യതയുള്ള ഗെയിമുകൾ നൽകിയാണ് തലച്ചോറിലെ വൈദ്യുത തരംഗങ്ങൾ നിരീക്ഷിച്ചത്. മൂന്ന് വയസ്സുള്ളപ്പോൾ മാതാപിതാക്കളിൽ നിന്ന് കടുത്ത ശാസനകൾക്ക് പകരം കരുതലും പ്രോത്സാഹനവും പോസിറ്റീവായ പിന്തുണയും ലഭിച്ച കുട്ടികളിൽ കൗമാരപ്രായത്തിൽ ഈ 'റിവാർഡ് പ്രതികരണം' ശക്തമായി കാണപ്പെട്ടു.
"കുട്ടികളുടെ മാനസികാരോഗ്യ സാധ്യതകളെ മുൻകൂട്ടി സൂചിപ്പിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട സൂചകങ്ങളിലൊന്ന് ആദ്യകാല പാരന്റിങ്ങുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഈ പഠനത്തിലൂടെ തെളിയുന്നു," ഡോ. കേലിൻ ഹിൽ വ്യക്തമാക്കുന്നു.
പാരമ്പര്യമായി കൈമാറ്റം ചെയ്യപ്പെടുന്ന ജനിതക ഘടകങ്ങളെ മാറ്റിമറിക്കുക എളുപ്പമല്ല. എന്നാൽ മാതാപിതാക്കളുടെ പെരുമാറ്റത്തിലും ശിക്ഷണ രീതികളിലും ആവശ്യമായ മാറ്റങ്ങൾ വരുത്താൻ സാധിക്കും. അതിനാൽ കുട്ടികൾ വളരുമ്പോൾ തന്നെ മാതാപിതാക്കൾക്ക് ശരിയായ ബോധവൽക്കരണം നൽകുന്നതിലൂടെ വരുംതലമുറയിലെ വിഷാദരോഗ സാധ്യതകളെ ഒരു പരിധിവരെ തടയാനാകുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ.
കുട്ടികളെ വളർത്തുമ്പോൾ കടുത്ത ശാസനകളും അമിതമായ ദേഷ്യവും ഒഴിവാക്കാൻ മാതാപിതാക്കൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. കുട്ടികൾ തെറ്റുകൾ ചെയ്യുമ്പോൾ ശാസിക്കുന്നതിന് പകരം ശാന്തമായി കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കുന്ന രീതിയാണ് ഗുണം ചെയ്യുക. അതുപോലെ തന്നെ, കുട്ടിയുടെ ചെറിയ നേട്ടങ്ങളെപ്പോലും പ്രോത്സാഹിപ്പിക്കാനും അവരോടൊപ്പം ഗുണനിലവാരമുള്ള സമയം ചെലവഴിക്കാനും ശ്രദ്ധിക്കണം. കുട്ടികളുടെ സന്തോഷങ്ങളും സങ്കടങ്ങളും കേൾക്കാൻ തയ്യാറാവുകയും, അവർക്ക് വീട്ടിൽ സുരക്ഷിതത്വവും വൈകാരിക പിന്തുണയും ഉറപ്പാക്കുകയും ചെയ്യുമ്പോൾ, ഭാവിയിൽ ഉണ്ടാകാൻ ഇടയുള്ള മാനസിക സമ്മർദ്ദങ്ങളെയും വിഷാദത്തെയും അതിജീവിക്കാനുള്ള കരുത്ത് ചെറുപ്പത്തിലേ തന്നെ അവരിൽ വളർന്നുവരും.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Early childhood gentle parenting helps prevent depression in teenagers., A 15-year study by the University of Notre Dame observed 465 children., Positive parental support strengthens brain reward processing during development., Avoiding harsh scolding and encouraging children builds emotional resilience.
Published: 24 Oct 2026, 06:15 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented