ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തിന് പിന്നാലെ ഉയർന്ന വിമർശനങ്ങൾക്കൊടുവിൽ ആദ്യമായി പ്രതികരിച്ച് നടൻ ധനുഷ്. 'റായൻ' മികച്ച തമിഴ് ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം നേടിയതും 'ക്യാപ്റ്റൻ മില്ലർ' എന്ന ചിത്രത്തിലെ അഭിനയത്തിന് പ്രത്യേക പരാമർശം ലഭിച്ചതുമാണ് വലിയ ചർച്ചകൾക്ക് വഴിവെച്ചത്. എന്നാൽ, 2024-ൽ റായനെക്കാൾ മികച്ച തമിഴ് സിനിമകൾ ഉണ്ടായിരുന്നുവെന്നത് താൻ അംഗീകരിക്കുന്നുവെന്ന് ധനുഷ് തുറന്നുപറഞ്ഞു. കഴിഞ്ഞദിവസം നടന്ന ഒരു പൊതുപരിപാടിയിലായിരുന്നു ധനുഷിന്റെ പ്രതികരണം.

To advertise here,

“റായൻ ദേശീയ പുരസ്‌കാരം നേടി. ആ വർഷം അതിനേക്കാൾ മികച്ച സിനിമകൾ തീർച്ചയായും ഉണ്ടായിരുന്നു. ആ സിനിമകളെ സ്‌നേഹിച്ച ആരാധകർ അവരുടെ അഭിപ്രായം പ്രകടിപ്പിച്ചു. അതിനെ ഞാൻ പൂർണമായും ബഹുമാനിക്കുന്നു,” എന്ന് അദ്ദേഹം പറഞ്ഞു. 

തുടർന്ന്, മികച്ച പ്രകടനം നടത്തിയിട്ടും ദേശീയ പുരസ്‌കാരം ലഭിക്കാതെ പോയ തന്റെ സിനിമകളെക്കുറിച്ചും ധനുഷ് സംസാരിച്ചു. 'അതു ഒരു കനാക്കാലം', 'പുതുപ്പേട്ടൈ', '3', 'മയക്കം എന്ന', 'വട ചെന്നൈ', 'കർണൻ', 'മരിയാൻ', 'റാഞ്ചണാ' തുടങ്ങിയ ചിത്രങ്ങളുടെ പേരുകൾ അദ്ദേഹം വേദിയിൽ പരാമർശിച്ചു. ഓരോ ചിത്രത്തിന്റെയും പേര് പറഞ്ഞപ്പോഴും ആരാധകരുടെ കൈയടിയും ആർപ്പുവിളിയും ഉയർന്നതോടെ പ്രസംഗം പലവട്ടം തടസ്സപ്പെട്ടു.

“ചില കാര്യങ്ങൾ എത്ര ശ്രമിച്ചാലും നമ്മുടെ കൈവശമല്ല; അത് സംഭവിക്കേണ്ട സമയത്ത് സംഭവിക്കും. റായൻ ഒരുക്കാൻ ഞാൻ നടത്തിയ പരിശ്രമം ആത്മാർഥമായിരുന്നു. ഒരു തമിഴനെന്ന നിലയിൽ ഒരേ വർഷം രണ്ട് ദേശീയ പുരസ്‌കാരങ്ങൾ കൂടി എനിക്ക് ലഭിച്ചു. അതിനെ തള്ളിക്കളയാതെ ആഘോഷിക്കുകയാണ് വേണ്ടത്,” എന്നും അദ്ദേഹം പറഞ്ഞു.

നടൻ അജിത് കുമാറിന്റെ ഒരു മാസ് ഡയലോഗും ധനുഷ് വേദിയിൽ എടുത്തുപറഞ്ഞു. “നിങ്ങൾ തോറ്റെന്ന് സ്വയം സമ്മതിക്കുന്നതുവരെ ആരും നിങ്ങളെ തോൽപ്പിക്കില്ല,” എന്ന സന്ദേശം ഓർമിപ്പിച്ചുകൊണ്ട് അദ്ദേഹം ആരാധകരുടെ കൈയടി നേടുകയായിരുന്നു.

ദേശീയ പുരസ്‌കാര പ്രഖ്യാപനത്തിന് പിന്നാലെ 'റായൻ' മികച്ച തമിഴ് ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടതിനെതിരെ സാമൂഹികമാധ്യമങ്ങളിൽ വ്യാപക വിമർശനമുയർന്നിരുന്നു. കാർത്തി-അരവിന്ദ് സ്വാമി എന്നിവർ അഭിനയിച്ച 'മെയ്യഴഗൻ', വിജയ് സേതുപതി-അനുരാഗ് കശ്യപ് എന്നിവർ ഒന്നിച്ച 'മഹാരാജ' എന്നീ ചിത്രങ്ങളായിരുന്നു പുരസ്‌കാരത്തിന് കൂടുതൽ അർഹതയുള്ളതെന്നായിരുന്നു പലരുടെയും അഭിപ്രായം.

അതുപോലെ, 'ക്യാപ്റ്റൻ മില്ലർ' എന്ന ചിത്രത്തിലെ പ്രകടനത്തിന് ധനുഷിന് ലഭിച്ച പ്രത്യേക പരാമർശത്തിലും ചിലർ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. മറ്റ് ചിത്രങ്ങളിലെ അഭിനേതാക്കൾക്കായിരുന്നു ആ അംഗീകാരം ലഭിക്കേണ്ടതെന്നാണ് വിമർശകർ ചൂണ്ടിക്കാട്ടിയത്.

പുരസ്‌കാരം പ്രഖ്യാപിച്ചതിന് പിന്നാലെ സോഷ്യൽമീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ, “നടനെന്ന നിലയിൽ ലഭിക്കുന്ന മൂന്നാമത്തെ ദേശീയ പുരസ്‌കാരവും സംവിധായകനെന്ന നിലയിലെ ആദ്യ ദേശീയ പുരസ്‌കാരവുമാണിത്. 'ക്യാപ്റ്റൻ മില്ലർ' എന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണെന്ന് ഞാൻ എപ്പോഴും വിശ്വസിച്ചിട്ടുണ്ട്. അതിന് ലഭിച്ച പ്രത്യേക പരാമർശം ഈ അംഗീകാരത്തെ കൂടുതൽ വിലപ്പെട്ടതാക്കുന്നു. സംവിധായകനെന്ന നിലയിൽ 'റായൻ' നേടിയ ദേശീയ പുരസ്‌കാരം ജീവിതകാലം മുഴുവൻ ഞാൻ നെഞ്ചോടു ചേർത്ത് സൂക്ഷിക്കും,” എന്നായിരുന്നു ധനുഷ് പ്രതികരിച്ചത്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi