'ഫ്രണ്ട്‌സ്' എന്ന അമേരിക്കൻ ടെലിവിഷൻ പരമ്പരയിലൂടെ ലോകം മുഴുവൻ ആരാധകരെയുണ്ടാക്കിയ താരമായിരുന്നു മാത്യു പെറി. പത്തുവർഷത്തോളം നീണ്ടുനിന്ന സീരീസ്, മാത്യു പെറിയുടെ ജീവിതത്തെയും മാറ്റിമറിച്ചു. ''24 വയസ്സുള്ളപ്പോൾ തുടങ്ങിയ ഷോ, എനിക്ക് 34 വയസ്സുള്ളപ്പോഴാണ് അവസാനിച്ചത്. അത് എന്റെ ഇന്നത്തെ ജീവിതത്തെ രൂപപ്പെടുത്തി'', എന്നാണ് മാത്യു പിന്നീട് പറഞ്ഞത്.

54-ാം വയസ്സിലാണ് അദ്ദേഹം മരിക്കുന്നത്. ലോസ് ഏഞ്ചൽസിലെ തന്റെ അപ്പാർട്ട്‌മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കെറ്റാമിൻ ഉപയോഗം മൂലമുണ്ടായ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളും, അതിനിടയിൽ അബദ്ധത്തിൽ വെള്ളത്തിൽ മുങ്ങിയതുമാണ് മരണകാരണം.

മാത്യു പെറിയെക്കുറിച്ച് ഈയിടെ റിലീസായ നെറ്റ്ഫ്‌ളിക്‌സ് ഡോക്യുസീരീസിലൂടെ 'The One About Matthew Perry'-യിലൂടെ വീണ്ടും താരത്തിന്റെ ജീവിതം ചർച്ചയാവുകയാണ്. അതിൽ അദ്ദേഹത്തിന്റെ സൗഹൃദങ്ങളും മദ്യപാനശീലവുമെല്ലാം പറഞ്ഞുപോവുന്നുണ്ട്.

14-ാം വയസ്സിലാണ് അദ്ദേഹം ആദ്യമായി മദ്യപിക്കുന്നത്. ആ നിമിഷത്തെക്കുറിച്ച് അദ്ദേഹം ഓർത്തെടുക്കുന്നത്, താൻ 'സ്വർഗ്ഗത്തിലാണെന്ന്' തനിക്ക് അനുഭവപ്പെട്ടു എന്നാണ്. നെറ്റ്ഫ്‌ളിക്‌സ് ഡോക്യുപരമ്പരയിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

14-ാം വയസ്സിൽ ഒരു കുപ്പി മുഴുവൻ ഒറ്റയടിക്ക് കുടിച്ചതിനെക്കുറിച്ച് അദ്ദേഹം പറയുന്നൊരു വീഡിയോ ക്ലിപ്പും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ''സാധാരണ ആളുകൾക്ക് എപ്പോഴും അനുഭവപ്പെടുന്ന അവസ്ഥ ഇതായിരിക്കണം എന്ന് എനിക്ക് തോന്നി''.

അദ്ദേഹം മദ്യപിക്കുന്ന കാര്യം തുടക്കത്തിൽ സുഹൃത്തുക്കൾക്ക് അറിയില്ലായിരുന്നുവെന്നും, അദ്ദേഹം ഇക്കാര്യം രഹസ്യമായി സൂക്ഷിക്കുകയും ഒറ്റയ്ക്ക് മദ്യപിക്കുകയുമായിരുന്നു പതിവെന്നും സുഹൃത്തുക്കൾ പറയുന്നുണ്ട്. താൻ ഒന്നിനും മതിയായവനല്ല എന്ന് എപ്പോഴും കരുതിയിരുന്ന അദ്ദേഹത്തിന്റെ ഉള്ളിലെ ആഴമേറിയ ആ ഭാഗത്തേക്ക് മദ്യം എത്തിച്ചേർന്നിട്ടുണ്ടാകാമെന്നും അവർ പറയുന്നു.

തന്റെ ഓർമ്മക്കുറിപ്പുകളിലും, 14-ാം വയസ്സിൽ താൻ മദ്യത്തിന് അടിമയായിരുന്നുവെന്ന് പെറി എഴുതിയിട്ടുണ്ട്. തന്റെ ആദ്യ മദ്യപാന അനുഭവത്തെക്കുറിച്ച് അദ്ദേഹം പിന്നീട് ഇങ്ങനെ വിവരിച്ചു, ''എന്റെ ജീവിതത്തിൽ ആദ്യമായി, ഒന്നും എന്നെ അലട്ടിയില്ല. ലോകം എനിക്ക് മനസ്സിലാകുന്ന ഒന്നായി മാറി; അത് വികൃതമോ ഭ്രാന്തമോ ആയിരുന്നില്ല. ഞാൻ പൂർണ്ണനും സമാധാനമുള്ളവനുമായിത്തീർന്നു. ഞാൻ ചിന്തിച്ചു, ഇതാണ് എനിക്ക് നഷ്ടമായിരുന്നത്''.

തന്റെ ലഹരിയോടുള്ള അടിമത്തം മൂലം 9 ദശലക്ഷം ഡോളർ ചെലവഴിച്ചതായി 2022-ൽ അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. 14 ശസ്ത്രക്രിയകളും, 15 ഡീ-അഡിക്ഷൻ സെന്ററിലെ താമസവും, 30 വർഷത്തോളം ആഴ്ചയിൽ രണ്ടുതവണ വീതമുള്ള തെറാപ്പിയും...ഇങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. മൂന്നുഭാഗങ്ങളായിട്ടുള്ള ഡോക്യുസീരീസായിട്ടാണ് 'The One About Matthew Perry' പുറത്തിറങ്ങുന്നത്. അതിന്റെ ആദ്യഭാഗമാണ് ഇപ്പോൾ റിലീസായിരിക്കുന്നത്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi