ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ പകരംവയ്ക്കാനില്ലാത്ത പേരാണ് അമിതാഭ് ബച്ചൻ. അഞ്ച് പതിറ്റാണ്ടിലേറെയായി സിനിമാലോകത്ത് നിറഞ്ഞുനിൽക്കുന്ന അദ്ദേഹം, അഭിനയമികവുകൊണ്ടും ശബ്ദഗാംഭീര്യംകൊണ്ടും സ്‌ക്രീനിലെ സാന്നിധ്യംകൊണ്ടും തലമുറകളുടെ ആരാധന നേടിയ താരമാണ്. 'ആംഗ്രി യങ് മാൻ' എന്ന വിശേഷണത്തിലൂടെ ഇന്ത്യൻ സിനിമയിൽ പുതിയൊരു നായകസങ്കൽപ്പം സൃഷ്ടിച്ച അമിതാഭ്, കാലത്തിനൊപ്പം സ്വയം പുതുക്കിയും വ്യത്യസ്ത വേഷങ്ങളിലൂടെ വിസ്മയിപ്പിച്ചും ഇന്നും പ്രേക്ഷകരുടെ പ്രിയതാരമായി തുടരുകയാണ്. ഇന്ന് 84-ാം പിറന്നാൾ ആഘോഷിക്കുന്ന അദ്ദേഹത്തെ ലോകം ഒരു ഇതിഹാസതാരമായി കാണുമ്പോൾ, കുടുംബത്തിന് അദ്ദേഹം പ്രിയപ്പെട്ട അച്ഛനും മുത്തച്ഛനുമാണ്. അച്ഛനെക്കുറിച്ച് മകൻ അഭിഷേക് ബച്ചൻ മുൻപ് പങ്കുവച്ച വാക്കുകൾ ഇപ്പോൾ വീണ്ടും ശ്രദ്ധനേടുകയാണ്. 

കഴിഞ്ഞ വർഷം ഇ-ടൈംസിന് നൽകിയ അഭിമുഖത്തിൽ സിനിമയിലെ തന്റെ 26 വർഷത്തെ യാത്രയെക്കുറിച്ചും കരിയറിലെ ഉയർച്ചതാഴ്ചകളെക്കുറിച്ചും അഭിഷേക് സംസാരിച്ചിരുന്നു. സിനിമയിലെ തന്റെ നേട്ടങ്ങളിൽ അച്ഛനും അമ്മയും അഭിമാനിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം.

''ഞാൻ ചെയ്യുന്ന ഏത് കാര്യത്തിലും അച്ഛനും അമ്മയും അഭിമാനിക്കുമെന്ന് എനിക്ക് തോന്നുന്നു. ആ കാര്യം എന്റെ കഴിവിന്റെ പരമാവധി ആത്മാർഥമായി ചെയ്തിട്ടുണ്ടെന്ന് അവർക്ക് ബോധ്യമായാൽ മതി. ആളുകൾ മറന്നുപോകുന്ന ഒരു കാര്യമുണ്ട്, അദ്ദേഹം ഒരു അച്ഛൻ കൂടിയാണ്. ഞങ്ങൾക്ക് അമിതാഭ് ബച്ചൻ ഒരു ഹീറോയാണ്. അത് ക്യാമറാക്കണ്ണുകളിലൂടെയല്ല ഞങ്ങൾ അദ്ദേഹത്തെ കാണുന്നത്. അദ്ദേഹം ഒരു കുടുംബനാഥൻ കൂടിയാണ്. ഒരു അച്ഛനും മുത്തച്ഛനുമാണ്. എന്തുകൊണ്ടോ അദ്ദേഹത്തിന് അങ്ങനെയാകാനോ സാധാരണ മനുഷ്യനെപ്പോലെ വികാരങ്ങൾ പ്രകടിപ്പിക്കാനോ അവകാശമില്ലെന്ന മട്ടിലാണ് ആളുകൾ പെരുമാറുന്നത്. എന്നാൽ അദ്ദേഹവും ഒരു അച്ഛനാണ്. എന്റെ അമ്മയും ഒരു അമ്മയാണ്. ഞാൻ അവരുടെ മകനാണ്. മറ്റേതൊരു മാതാപിതാക്കളെയും പോലെ വികാരങ്ങൾ പ്രകടിപ്പിക്കാൻ അവർക്കും അവകാശമുണ്ട്,'' അഭിഷേക് പറഞ്ഞു.

പ്രശസ്തിയുടെ സ്ഥിരതയില്ലായ്മയെക്കുറിച്ചും അഭിഷേക് അഭിമുഖത്തിൽ സംസാരിച്ചു. പ്രശസ്തിയോട് അമിതമായ താൽപര്യം തോന്നാത്തതിന്റെ കാരണവും കുടുംബജീവിതത്തിൽനിന്ന് ലഭിച്ച തിരിച്ചറിവുകളും അദ്ദേഹം പങ്കുവച്ചു.

''പ്രശസ്തി താൽക്കാലികമാണ്. വീട്ടിൽനിന്നുതന്നെ അതിന് ഉദാഹരണങ്ങൾ കണ്ടാണ് ഞാൻ വളർന്നത്. അച്ഛൻ വീട്ടിലെത്തുമ്പോൾ അദ്ദേഹം അമിതാഭ് ബച്ചനല്ല, എന്റെ അച്ഛനാണ്. പ്രശസ്തി വരും, പോകും. ഒന്നോ രണ്ടോ സിനിമകൾ കഴിയുമ്പോൾത്തന്നെ ഈ യാഥാർഥ്യം നമുക്ക് മനസ്സിലാകും,'' അഭിഷേക് പറഞ്ഞു.

നിലവിൽ 'കൗൻ ബനേഗാ ക്രോർപതി'യുടെ പുതിയ സീസണിന്റെ അവതാരകനാണ് അമിതാഭ് ബച്ചൻ. അതേസമയം, ഷാരൂഖ് ഖാൻ, ദീപിക പദുക്കോൺ, സുഹാന ഖാൻ തുടങ്ങിയവർ അഭിനയിക്കുന്ന 'കിങ്' ആണ് അഭിഷേക് ബച്ചന്റെ വരാനിരിക്കുന്ന ചിത്രം. ക്രിസ്മസ് റിലീസായാണ് ചിത്രം നിശ്ചയിച്ചിരിക്കുന്നത്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi