'രാമായണ: പാർട്ട് 1' സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട തിരക്കുകളിലാണിപ്പോൾ നടി സായ് പല്ലവി. ചിത്രത്തിന്റെ പ്രീമിയർ കഴിഞ്ഞദിവസം അക്കാദമി മ്യൂസിയം ഓഫ് മോഷൻ പിക്‌ചേഴ്‌സിലെ തിയേറ്ററിൽവെച്ച് നടന്നിരുന്നു. ചിത്രത്തിലെ താരങ്ങളെല്ലാം പ്രീമിയറിനെത്തിയിരുന്നു. രാമനായെത്തിയ റൺബീർ കപൂറിന്റെയും, രാവണനായി അഭിനയിച്ച യഷിന്റെയും, സീതയെ സ്‌ക്രീനിൽ അവതരിപ്പിച്ച സായ് പല്ലവിയെയും പ്രീമിയർ കണ്ട ആളുകൾ അഭിനന്ദിക്കുകയും ചെയ്തു. അവരുടെ അഭിനയത്തിനാണ് ഏറ്റവും കൂടുതൽ കൈയടി ലഭിച്ചതും.

'കോൻ ബനേഗാ ക്രോർപതി 18'-ൽ സഹതാരങ്ങളായ രൺബീർ കപൂറിനും രവി ദുബേയ്ക്കുമൊപ്പം സായ് പല്ലവി പങ്കെടുത്തിരുന്നു. പരിപാടിക്കിടയിൽ, തന്റെ ജീവിതപങ്കാളിയാകുന്ന ഒരാളിൽ ഉണ്ടായിരിക്കണമെന്ന് ആഗ്രഹിക്കുന്ന ഗുണങ്ങളെക്കുറിച്ച് അവതാരകൻ അമിതാഭ് ബച്ചൻ താരത്തോട് ചോദിച്ചു.

അതിന് സായ് പല്ലവി മറുപടി നൽകിയതിങ്ങനെ, ''ആദ്യമായി, അദ്ദേഹം ഒരു നല്ല മനുഷ്യനായിരിക്കണം. അമിതമായി സ്വയം കേന്ദ്രീകൃതനായ (self centred) ആയ ഒരാളാകരുത്. സ്വയം വിശകലനം ചെയ്യാൻ കഴിവുള്ള, തന്റെ പ്രവൃത്തികളെക്കുറിച്ച് ചിന്തിക്കുകയും വിലയിരുത്തുകയും ചെയ്യുന്ന ഒരാളായിരിക്കണം അദ്ദേഹം. അതായത്, ജീവിതത്തിൽ താൻ എവിടെ നിൽക്കുന്നു എന്നതിനെക്കുറിച്ച് വ്യക്തമായ ധാരണയുള്ള ഒരാൾ. തെറ്റുകൾ സംഭവിക്കാം, പക്ഷേ അവ തിരുത്താനും അദ്ദേഹം തയ്യാറാകണം. അല്ലാതെ, തന്റെ തെറ്റുകൾക്ക് മറ്റുള്ളവരെ കുറ്റപ്പെടുത്തുന്ന ആളാകരുത്. വലിയൊരു നിബന്ധനാ പട്ടികയൊന്നുമില്ല, എങ്കിലും അദ്ദേഹം ഒരു നല്ല വ്യക്തിയായിരിക്കണം. ഒപ്പം പാചകം ചെയ്യാനും അറിയാമെങ്കിൽ അത് വളരെ നല്ലതാണ്''.
 

'രാമായണ'യിൽ സീതയുടെ വേഷം അവതരിപ്പിക്കാൻ അവസരം ലഭിച്ചപ്പോൾ തനിക്കുണ്ടായ ആദ്യ പ്രതികരണത്തെക്കുറിച്ച് സായ് മനസ്സുതുറന്നു. ''ഓരോ തവണയും ഓരോ കഥാപാത്രങ്ങൾ കിട്ടുമ്പോഴും ഞാൻ കുറേ ചിന്തിക്കാറുണ്ട്. ഇത്തവണ ഞാൻ അമിതമായി ചിന്തിക്കാൻ ആഗ്രഹിച്ചില്ല. സാധാരണയായി ഒരു കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ, 'ആ കഥാപാത്രത്തിന് എനിക്ക് എന്ത് നൽകാൻ കഴിയും?' എന്നാണ് ചിന്തിക്കാറുള്ളത്. എന്നാൽ സീതാദേവിയെപ്പോലൊരു കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ, 'എനിക്ക് ഇതിൽ നിന്ന് എന്താണ് ലഭിക്കുക? എന്ത് അറിവാണ് എനിക്ക് ഇതിലൂടെ നേടാനാവുക?' എന്ന് ഞാൻ ആദ്യമായി ചിന്തിച്ചു. അതിനാൽ, ഈ പ്രക്രിയ സുതാര്യമായിരിക്കണമെന്ന് ഞാൻ ആഗ്രഹിച്ചു. മറ്റൊന്നും ആലോചിക്കാൻ ഞാൻ മുതിർന്നില്ല. സീതാദേവിയോട് പ്രാർത്ഥിച്ചുകൊണ്ട് ഞാൻ മുന്നോട്ട് പോയി'', സായ് വ്യക്തമാക്കി.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi