മലയാളത്തിന്റെ വാനമ്പാടി, തമിഴിന്റെ ചിന്നക്കുയിൽ, തെലുങ്കിന്റെ സംഗീത സരസ്വതി, ഹിന്ദിയുടെ പിയാബസന്തി, കന്നഡയുടെ കന്നഡ കോഗില. ഇങ്ങനെയൊക്കെ വിശേഷിപ്പിക്കപ്പെടുമ്പോഴും അഹങ്കാരം തൊട്ടുതീണ്ടാതെ ഇന്നും തന്റെ സ്വരമാധുരിയിൽ ആസ്വാദകരെ ആനന്ദിപ്പിക്കുന്ന കെ.എസ്. ചിത്ര. സംഗീതത്തിന്റെ ചിത്രകാലം നാൽപ്പത്തിയേഴ് വർഷങ്ങൾ പിന്നിടുമ്പോൾ നമുക്ക് ലഭിച്ച എണ്ണമറ്റ പാട്ടുകളുടെ ഭാവവൈവിധ്യമാണ് ഗായികയെന്ന നിലയിൽ കെ.എസ്. ചിത്രയെ അടയാളപ്പെടുത്തുന്നത്.

To advertise here,

ചെയ്യുന്ന തൊഴിലിനോട് പൂർണ്ണമായ സമർപ്പണവും ഭക്തിയും കാത്തുസൂക്ഷിക്കുന്ന, മുൻതലമുറയിൽപ്പെട്ട സംഗീതജ്ഞരെ ഏറെ ആദരവോടെ കാണുന്ന, സംഗീതത്തെയും മനുഷ്യരെയും അത്രയും ആഴത്തിൽ സ്‌നേഹിക്കുന്ന കെ.എസ്. ചിത്ര മറ്റുള്ളവർക്ക് എന്നും മാതൃകയാണ്. വ്യത്യസ്ത ഭാഷകളിലായി എണ്ണിയാലൊടുങ്ങാത്ത ഗാനങ്ങൾ, വിവിധ സർക്കാരുകളിൽനിന്ന് നേടിയ അംഗീകാരങ്ങൾ, പതിനാറു തവണ കേരളസർക്കാരിന്റെ മികച്ച ഗായികാപദവി, ആറ് ദേശീയ അവാർഡുകൾ, പത്മശ്രീ, പത്മഭൂഷൺ, വിവിധ രാജ്യങ്ങളിലെ വ്യത്യസ്ത അംഗീകാരങ്ങൾ ഒക്കെ നേടിയിട്ടുണ്ടെങ്കിലും വിനയമാണെന്റെ വിജയം എന്ന് ഉറക്കെ പ്രഖ്യാപിക്കുന്ന മുഖഭാവം.

ഏത് ജോണറിലും സംഗീതസംവിധായകർക്കും ആസ്വാദകർക്കും ഒരുപോലെ തെരഞ്ഞെടുക്കാൻ കഴിയുന്ന ശൈലിയിലുള്ള ആലാപനത്തെക്കുറിച്ച് പറയുമ്പോൾ വനജ ഗിരിജ(1994)യിലെ ഒത്തയിലെ, സ്ഫടിക(1995)ത്തിലെ ഏഴിമല, പരുമല ചെരുവിലെ, കുടുംബകോടതി(1996)യിലെ മൂളിയലങ്കാരി, സിമ്മാസന(2000)ത്തിലെ കൊങ്ങ് നാട്ട് മാമാ, അരുന്ധതി(2009)യിലെ ഭും ഭും ഭുജംഗം, അപ്പത്ത(2023)യിലെ എങ്കൂര് കാത്തായി, അങ്കമ്മാളി(2024)ലെ സെണ്ടിപ്പൂവാ തുടങ്ങിയ ഗാനങ്ങൾ എടുത്തു പറയേണ്ടതാണ്. ഇത്തരം ഗാനങ്ങളിലൊക്കെയും ശബ്ദത്തിലും ഉച്ചാരണത്തിലും വൈവിധ്യം കൊണ്ടുവരാൻ ചിത്രയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഭാഷയുടെ താളഭേദത്തിനനുസരിച്ച് ശബ്ദം ക്രമീകരിക്കാനുള്ള കഴിവാണ് കെ.എസ്. ചിത്രയെ കൂടുതൽ ജനപ്രിയയാക്കിയത്. പാട്ടിനിടയിൽ അഭിനേതാവ് അവതരിപ്പിക്കുന്ന ചിരി, കരച്ചിൽ, നാണം, വാത്സല്യം തുടങ്ങിയ വികാരങ്ങൾക്ക് കൃത്യമായ എക്സ്പ്രഷൻ കൊടുക്കാനുള്ള കഴിവാണ് ഒരു ഗായികയ്ക്ക്/ ഗായകന് ഏറ്റവും ആവശ്യം.

സംഗീതസംവിധായകർ പറഞ്ഞുകൊടുക്കുന്ന സന്ദർഭത്തെ അതേപോലെ പകർത്തിയെടുക്കാനും ശബ്ദത്തിൽ ആവിഷ്‌കരിക്കാനും ആവശ്യാനുസരണം ശ്വാസം നിയന്ത്രിക്കാനും സവിശേഷമായൊരു സിദ്ധി കെ.എസ്. ചിത്രയ്ക്കുണ്ടെന്നുള്ളത് അവരോടൊപ്പം പ്രവർത്തിച്ചിട്ടുള്ള എല്ലാ സംഗീതസംവിധായകരും തുറന്നു പറഞ്ഞിട്ടുണ്ട്.

നന്നേ ചെറുപ്പം മുതലേ സംഗീതതാത്പര്യം പ്രകടിപ്പിച്ച കെ.എസ്. ചിത്ര അന്യഭാഷാഗായികമാർ മലയാളസിനിമാ മേഖല അടക്കി വാണിരുന്ന കാലത്താണ് മലയാളത്തനിമയുടെ ഉച്ഛാരണശൈലിയ്ക്ക് വഴങ്ങുന്ന ശബ്ദസൗകുമാര്യമായി രംഗപ്രവേശം ചെയ്യുന്നത്. 1979-ൽ എം.ജി. രാധാകൃഷ്ണന്റെ സംഗീതസംവിധാനത്തിൽ ആരംഭിച്ച ആ സംഗീതസപര്യ ഇന്ത്യയിലെ സംഗീതകുലപതികളായ ഇളയരാജ, എം.എം. കീരവാണി, ഹംസലേഖ, കെ.വി. മഹാദേവൻ, വിദ്യാസാഗർ, ജോൺസൺ, ഔസേപ്പച്ചൻ, മോഹൻ സിത്താര, കൈതപ്രം, എ.ആർ. റഹ്‌മാൻ, ശരത്, എം. ജയചന്ദ്രൻ (ലിസ്റ്റ് അപൂർണ്ണമാണ്) തുടങ്ങിയവരിൽനിന്നും ഏറ്റവും പുതിയ തലമുറയിൽപ്പെട്ട പ്രവീൺ രവീന്ദ്രൻ, ജേക്‌സ് ബിജോയ്, സാം സി.എസ്. വരെ വന്നു നിൽക്കുമ്പോൾ കാലാതിവർത്തിയായി നിലനിൽക്കുന്ന നാദവിസ്മയത്തിന് കെ.എസ്. ചിത്ര എന്നല്ലാതെ മറ്റേത് പേരാണ് യോജിക്കുക? ഗാനരചയിതാക്കൾ, സംഗീതസംവിധായകർ, സംഗീതോപകരണവാദകർ, സഹഗായകർ ഒക്കെയും മാറിമാറി വന്നാലും മാറാത്ത ശബ്ദമായി കെ.എസ്. ചിത്ര ഇനിയും ഏറെക്കാലം സംഗീതത്തിന്റെ പര്യായമായി നിലനിൽക്കും.

ചിത്ര താരാട്ടുപാടുമ്പോൾ അത് കേട്ടു മയങ്ങാൻ മനുഷ്യന് പ്രായമൊരു ഘടകമാകുന്നതേയില്ല. അപ്പോഴൊക്കെയും പാട്ടുകൊണ്ട് അമ്മയാകുന്ന ഒരു പ്രപഞ്ചസത്യത്തെ നാം നേരിട്ടു കാണുന്നു. അവരുടെ സ്വരം നാണത്താൽ നനയുമ്പോൾ നമ്മളും ഒപ്പം നനഞ്ഞുപോകും. ദുഃഖത്താലും വിരഹത്താലും ആ സ്വരം വേദനിക്കുമ്പോൾ നമ്മുടെ ഉള്ളും പിടയ്ക്കും. അഭിനയത്തിന്റെ സമ്പൂർണ്ണതയ്ക്ക് ഡബ്ബിംഗ് പോലെതന്നെ ഗായകരുടെ പങ്കും അനിഷേധ്യമാണ്. ഓരോ വരിയിലെയും വാക്കിലെയും വികാരങ്ങളുടെ കൃത്യമായ ആവിഷ്‌കാരമാണ് പാട്ടിന് ജീവൻ നൽകുന്നത്. ചുവടൊന്നു പിഴച്ചാൽ ഇടറുന്ന അഭിനയ കലപോലെ ഭാവാവിഷ്‌കാരത്തിൽ പിഴവുണ്ടായാൽ സംഗീതസംവിധായകരുദ്ദേശിച്ച തരത്തിലാവില്ല പാട്ട് ആസ്വാദകരിലേക്കെത്തുക. അങ്ങനെയുണ്ടാകാതിരിക്കാൻ ശ്രദ്ധയും സൂക്ഷ്മതയും കൃത്യതയും വളരെ ആവശ്യമാണ്. ഈ സംഗീതഗുണങ്ങളൊക്കെ തികഞ്ഞൊരാളാണ് കെ.എസ്. ചിത്ര എന്ന് നിസ്സംശയം പറയാം.

മലയാളിയായിരുന്നിട്ടും ഇളയരാജയുടെ സംഗീതത്തിൽ പിറന്ന ‘പാടറിയേൻ പടിപ്പറിയേൻ’ എന്ന ഗാനത്തിനാണ് കെ.എസ്. ചിത്ര ആദ്യമായി ദേശീയ അവാർഡ്(1985) സ്വന്തമാക്കുന്നതെന്നത് കൗതുകകരമാണ്. കർണ്ണാടക സംഗീതത്തിന്റെയും നാടൻ സംഗീതത്തിന്റെയും വ്യത്യസ്തരാഗങ്ങൾ ഉപയോഗിച്ച് ചിട്ടപ്പെടുത്തിയ സിന്ധുഭൈരവിയിലെ ഗാനങ്ങളെല്ലാം ഒന്നിനൊന്ന് മെച്ചമാണ്. ഇളയരാജയെന്ന ഇസൈജ്ഞാനിയുടെ സംഗീതപാണ്ഡിത്യം പ്രകടമാകുന്ന പാടറിയേൻ എന്ന ഗാനത്തിലെ ഓരോ സ്വരസ്ഥാനങ്ങളെയും ചെന്നുതൊടാൻ തൊണ്ടയുടെ വഴക്കവും സംഗീതജ്ഞാനവും കെ.എസ്. ചിത്രയെ ഏറെ സഹായിച്ചിട്ടുണ്ട്.

1986-ൽ മഞ്ഞൾ പ്രസാദവും എന്ന ഗാനവുമായി മലയാളത്തിൽ നിന്ന് ദേശീയ അവാർഡ് സ്വന്തമാക്കുമ്പോൾ ഒ.എൻ.വിയുടെ വരികൾപോലെ തന്നെ മഞ്ഞൾ പ്രസാദവും തൊട്ട് കെ.എസ്. ചിത്ര മലയാളമുറ്റത്ത് പൊന്നോണപുഞ്ചിരി വിടർത്തുന്ന പൂവായി മാറിക്കഴിഞ്ഞിരുന്നു. 1988-ൽ വൈശാലിയിൽ ഗീതയ്ക്ക് വേണ്ടി ‘ഇന്ദുപുഷ്പം ചൂടിനിൽക്കും രാത്രി’ എന്ന് പാടിക്കൊണ്ട് അടുത്ത ദേശീയ അവാർഡിലേക്ക് നിലാവ് പോലെ ഒഴുകിയിറങ്ങുമ്പോൾ ഗായികയെന്ന നിലയിൽ കെ.എസ്. ചിത്ര വളരെ ദൂരങ്ങൾ കീഴടക്കിയിരുന്നു. 1997-ൽ മിൻസാരക്കനവ് എന്ന ചിത്രത്തിലെ മാനാമധുരൈയും 2004-ൽ ഓട്ടോഗ്രാഫ് എന്ന സിനിമയിലെ ഒവ്വൊരു പൂക്കളുമേയും 2021-ൽ നരപ്പയിലെ മായാവി മാനവേയും ആ ദേശീയ അവാർഡ് നേട്ടത്തിന്റെ തിളക്കം കൂട്ടുന്ന ഗാനങ്ങളാണ്. 1985മുതൽ 1995വരെ തുടർച്ചയായി മികച്ച ഗായികയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ഏറ്റവും കൂടുതൽ തവണ നേടിക്കൊണ്ട് സ്വന്തം പേരിൽ ഒരു റെക്കോർഡ് എഴുതിച്ചേർക്കാൻ കെ.എസ്. ചിത്രയല്ലാതെ മറ്റേതൊരു ഗായികയാണുള്ളത്?

അവാച്യമായ അനുഭൂതി പോലെ ലോകമെമ്പാടുമുള്ള സംഗീതാസ്വാദകരെ ഒരുപോലെ സംതൃപ്തിപ്പെടുത്തുന്ന സ്വരത്തിന്റെ ബ്രാൻഡ് അംബാസിഡറായി കെ.എസ്. ചിത്ര മാറിക്കഴിഞ്ഞു. പഴകുന്തോറും വീഞ്ഞിന്റെ ലഹരിയേറും പോലെ ആ സ്വരത്തിന്റെ ലഹരിയും എന്നും സംഗീതപ്രേമികളെ മത്തുപിടിപ്പിക്കും. പ്രായഭേദമോ ഭാഷാഭേദമോ ഇല്ലാതെ ആ സ്വരം മനുഷ്യഹൃദയങ്ങൾ ആസ്വദിക്കുന്നു എന്നതിന്റെ തെളിവാണ് ഈ അടുത്തും കാണുന്ന സ്‌റ്റേജ് ഷോകളിലെ തിരയിളക്കങ്ങൾ. ആകാശത്തോളം വളരുമ്പോഴും ലാളിത്യത്തിന്റെ അതിസുന്ദരമായൊരു പുഞ്ചിരിയോടെയല്ലാതെ ആ വാനമ്പാടിയെ കാണുന്നത് വിരളമാണ്. ഒരേ പാട്ട് തന്നെ പല തവണ കേൾക്കുമ്പോൾ പുതുമയുള്ള എന്തോ ഒന്ന് ആ സ്വരത്തിൽ നിന്ന് നമുക്ക് ലഭിക്കും.

ആ പേര് കേൾക്കുമ്പോൾത്തന്നെ നമ്മുടെ ഉള്ളിലേക്കൊഴുകി വരുന്ന കണ്ണാംതുമ്പി, വരുവാനില്ലാരുമെൻ, കണ്ണാളനെ, കാർമുകിൽ വർണ്ണന്റെ, ഏതോ വാർമുകിലിൻ, ഉണ്ണി വാവാവോ, കണ്ണാമൂച്ചി, എങ്കേ എനതു കവിതേ, കെഹനാഹേ ക്യാ, തെലുസാ, ശ്രുതി നീവു... എത്രയെത്ര ഗാനങ്ങൾ. ഭക്തിയും പ്രണയവും രതിയും വാത്സല്യവും സാന്ത്വനവും ഹാസ്യവും എന്നുവേണ്ട എല്ലാ മനുഷ്യവികാരങ്ങളും ഒരേ തൊണ്ടയിൽ നിന്ന് ബഹിർഗമിക്കുമ്പോൾ ആ സ്വരത്തിൽക്കൂടി നാം നമ്മളെത്തന്നെ കാണുന്നു, അനുഭവിക്കുന്നു. ചിലപ്പോഴൊക്കെ ജീവിതത്തിന്റെ തളർച്ചകളിൽനിന്ന് ഉയർന്നുവരാനും വേദനകളൊക്കെ മറക്കാനും സഹായിക്കുന്ന ഔഷധംപോലെ, സ്‌നേഹം കൊണ്ട് പൊതിഞ്ഞു പിടിക്കുന്ന കൈകൾപോലെ, തനിച്ചിരിക്കുമ്പോൾ സമാശ്വാസംപോലെ ഒക്കെ കെ.എസ്. ചിത്ര നമ്മോടൊപ്പമുണ്ട്. ഉറങ്ങാനും ഉണരാനും ജീവിതത്തിന്റെ ഓരോ നിമിഷവും കടന്നു പോകുവാനും നിഴലുപോലെ ആ സ്വരം കൂടെയുണ്ടെന്നുള്ളതാണ് നമ്മുടെ തലമുറയ്ക്ക് ലഭിച്ച ഏറ്റവും വലിയ ഭാഗ്യം. കാതിൽതേൻ മഴയായി, പീലിയേഴും വീശുന്ന സ്വരരാഗമായി, പുലർകാല സുന്ദരസ്വപ്‌നത്തിലെ പൂമ്പാറ്റയായി, വാൽക്കണ്ണാടി നോക്കുന്ന താരമായി ആ സ്വരം, താളം, രാഗം, ഭാവത്തിന് പിറന്നാളാശംസകൾ.

ഭാഷയുടെ അതിർത്തികളൊന്നും തനിക്ക് പ്രശ്‌നമല്ലെന്നുള്ള തലപ്പൊക്കമാണ്, ഏതുയരത്തിൽ നിൽക്കുമ്പോഴും ഭൂമിയോളം ശിരസ്സുതാഴ്ത്തുന്ന വിനയമാണ്, എല്ലാ ദുഃഖത്തിനും മേലെ വിരിയുന്ന ചിരിയാണ് കെ.എസ്. ചിത്ര.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi