കരിയറിൽ ഏറ്റവും തിളങ്ങിനിൽക്കുന്ന സമയത്താണ് നടി അസിൻ വിവാഹം കഴിച്ച് അഭിനയത്തോട് വിടപറയുന്നത്. അതിനുമുമ്പ് ഒട്ടേറെ സൂപ്പർതാരങ്ങൾക്കൊപ്പം അവർ അഭിനയിച്ചിരുന്നു. കമൽഹാസൻ, ആമിർ ഖാൻ, സൽമാൻ ഖാൻ, അജയ് ദേവ്ഗൺ, അക്ഷയ് കുമാർ, അഭിഷേക് ബച്ചൻ, സൂര്യ, വിജയ്, പവൻ കല്യാൺ, അജിത് കുമാർ, കുഞ്ചാക്കോ ബോബൻ തുടങ്ങിയ താരങ്ങൾക്കൊപ്പം അവർ സ്‌ക്രീൻസ്‌പേസ് പങ്കുവെച്ചു. 2016-ലാണ് മൈക്രോമാക്‌സ് സഹസ്ഥാപകൻ രാഹുൽ ശർമയെ വിവാഹം കഴിക്കുന്നത്. ക്രിസ്ത്യൻ-ഹിന്ദു ആചാരപ്രകാരമുള്ള വിവാഹത്തോടെ അവർ സിനിമയോട് ഗുഡ്‌ബൈ പറഞ്ഞു.

പിന്നീട് അവർ വളരെ സ്വകാര്യമായ ജീവിതമായിരുന്നു തിരഞ്ഞെടുത്തത്. സോഷ്യൽമീഡിയയിലും സജീവമായിരുന്നില്ല. അതിനിടെ മകൾ അരിൻ ജനിച്ചു. ഇടയ്ക്ക് മകളുടെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ പങ്കുവെയ്ക്കാനും തുടങ്ങി അസിൻ. അടുത്തിടെ നടന്ന ഒരു സംഭാഷണത്തിനിടയിൽ, തങ്ങളുടെ ഏഴ് വയസ്സുകാരിയായ മകൾ അരിൻ റെയ്ൻ ശർമ്മയെ വളർത്തുന്നതിൽ അസിൻ വഹിക്കുന്ന പങ്കിനെക്കുറിച്ച് രാഹുൽ ശർമ സംസാരിച്ചു. മകളെ മൊബൈൽ ഫോൺ ഉപയോഗിക്കാനോ ടെലിവിഷൻ കാണാനോ തങ്ങൾ അനുവദിക്കാറില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി. 'മൈഗവ് ഇന്ത്യ'യുമായുള്ള (MyGov India) സംഭാഷണത്തിനിടയിലാണ്, ഒരു അമ്മയെന്ന നിലയിലുള്ള അസിന്റെ പങ്കിനെക്കുറിച്ച് രാഹുൽ സംസാരിച്ചത്. തങ്ങളുടെ മകൾക്ക് ഭാഷകളോട് വലിയ താത്പര്യമാണെന്നും അദ്ദേഹം വെളിപ്പെടുത്തി.
''ഞങ്ങൾക്ക് സുന്ദരിയായ ഒരു മകളുണ്ട്. അവൾക്ക് ഇപ്പോൾ ഏഴ് വയസ്സേ ആയിട്ടുള്ളൂ. എങ്കിലും കൊറിയൻ, ജാപ്പനീസ്, തായ്, ചൈനീസ് എന്നിവയുൾപ്പെടെ ഏകദേശം 12 ഭാഷകൾ അവൾക്ക് മനസ്സിലാക്കാനും സംസാരിക്കാനും കഴിയും. എനിക്ക് രണ്ട് ഭാഷകൾ സംസാരിക്കാൻ പോലും പ്രയാസമാണ്. ഞങ്ങൾ ഇംഗ്ലീഷിലും ഹിന്ദിയിലും ഒതുങ്ങിനിൽക്കുന്നു''.

വീട്ടിൽ ടെലിവിഷൻ ഇല്ലാത്തതും, ഇതുവരെ മകൾക്ക് സ്‌ക്രീൻ സമയം നൽകാത്തതുമാകാം ഭാഷകളോട് ഇത്രയധികം താത്പര്യം തോന്നാൻ കാരണമെന്ന് രാഹുൽ ശർമ പറയുന്നു, ''ഇതുവരെ ഞങ്ങൾ അരിന് സ്‌ക്രീനുകളൊന്നും നൽകിയിട്ടില്ല. ടിവിയോ മൊബൈൽ ഫോണുകളോ ഇല്ല. ഞങ്ങളുടെ വീട്ടിൽ പുസ്തകങ്ങൾ മാത്രമേയുള്ളൂ. ഒരുപക്ഷേ, അരിൻ പഠിക്കുന്ന സ്‌കൂളിലുള്ളതിനേക്കാൾ കൂടുതൽ പുസ്തകങ്ങൾ ഞങ്ങളുടെ വീട്ടിലുണ്ടാകും. അവൾ ഇപ്പോൾ രണ്ടാം ക്ലാസിലാണ് പഠിക്കുന്നത്. എന്നാൽ എട്ടാം ക്ലാസിലേക്കും ഒമ്പതാം ക്ലാസിലേക്കുമുള്ള പുസ്തകങ്ങൾ ഇപ്പോൾത്തന്നെ ഞങ്ങളുടെ പക്കലുണ്ട്. 'അവൾ പത്താം ക്ലാസ് ബോർഡ് പരീക്ഷയും എഴുതട്ടെ, അതുകൊണ്ട് എന്ത് കുഴപ്പമാണ്?' എന്ന് ഞാൻ ഇടയ്ക്കിടെ തമാശയായി പറയാറുണ്ട്. ഇതെല്ലാം അസിൻ ഞങ്ങൾക്ക് നൽകിയ സംഭാവനയാണ്''.

അതേ സംഭാഷണത്തിനിടയിൽ, അസിനുമായുള്ള തന്റെ ബന്ധത്തെക്കുറിച്ചും രാഹുൽ സംസാരിച്ചു. അവളെ വിവാഹം കഴിച്ചത് തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. തനിക്ക് വലിയൊരു താങ്ങായി അസിൻ കൂടെയുണ്ടെന്നും, പ്രതിസന്ധി ഘട്ടങ്ങളിൽ ഒപ്പം നിൽക്കുകയും മുന്നോട്ട് പോകാൻ തന്നെ പ്രോത്സാഹിപ്പിക്കുകയും ചെയ്തത് അസിനാണെന്നും അദ്ദേഹം പറഞ്ഞു. അസിൻ എപ്പോഴും തന്നിൽ വിശ്വാസമർപ്പിച്ചിരിക്കുന്നുവെന്നും, അവൾ ജീവിതത്തിലുണ്ടായത് കാര്യങ്ങൾ തനിക്ക് കൂടുതൽ എളുപ്പമാക്കിയെന്നും രാഹുൽ കൂട്ടിച്ചേർത്തു. ''നമ്മുടെ ജീവിതത്തിൽ അങ്ങനെയൊരാളുണ്ടെങ്കിൽ, ജീവിതം വളരെ എളുപ്പമായിരിക്കും. അവളെ പോലെ ഒരാളെ ഞാനെന്റെ ജീവിതത്തിൽ കണ്ടിട്ടേയില്ല''.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi