ബോളിവുഡ് നടിമാരായ കരീന കപൂറും കരീഷ്മ കപൂറും അമ്മ ബബിതയ്ക്കൊപ്പമാണ് കുട്ടിക്കാലത്ത് കഴിഞ്ഞിരുന്നത്. ഭർത്താവ് രൺധീർ കപൂറിൽ നിന്ന് അകന്നു കഴിയുകയായിരുന്നു ബബിതയും കുടുംബവുമപ്പോൾ. നിയമപരമായി വിവാഹമോചിതരല്ലെങ്കിലും ബബിതയും രൺധീറും നീണ്ടകാലം പിരിഞ്ഞുകഴിഞ്ഞു. 

To advertise here,

15-ാം വയസ്സിലാണ് കരിഷ്മ സിനിമയിൽ അഭിനയിക്കാൻ ആഗ്രഹം പ്രകടിപ്പിക്കുന്നത്. അച്ഛനിൽ നിന്ന് വലിയ പിന്തുണയൊന്നും കരിഷ്മയ്ക്ക് കിട്ടിയിരുന്നില്ല. കപൂർ കുടുംബത്തിലെ സ്ത്രീകൾ സിനിമയിൽ നിന്ന് അകന്നുനിൽക്കുന്ന സമയമായിരുന്നു അത്. എന്നാൽ ബബിത തൻ്റെ മകളെ പിന്തുണയ്ക്കാൻ തയ്യാറായി.

കരിഷ്മ സിനിമയിൽ അഭിനയിക്കാൻ തീരുമാനിച്ചപ്പോൾ, ബബിത രൺധീറിനെ വിളിച്ചു, ചില മാർഗ്ഗനിർദ്ദേശങ്ങൾക്കു വേണ്ടിയായിരുന്നു അത്. അദ്ദേഹം ആദ്യം പിന്തുണ നൽകിയെങ്കിലും, ഉടൻ തന്നെ അത് പിൻവലിച്ചു. ഇതിനിടയിൽ, അവർ ഓഡിഷനുകളിൽ പങ്കെടുക്കാനും റിജക്ഷനുകൾ (rejection) നേരിടാനും തുടങ്ങിയെന്ന് കരീന ഒരിക്കൽ തുറന്നുപറഞ്ഞിട്ടുണ്ട്. പലരും അവളോടൊപ്പം പ്രവർത്തിക്കാൻ വിസമ്മതിച്ചു. അച്ഛനും ഒരു ഘട്ടത്തിൽ പിന്മാറി-അവർ പറഞ്ഞു.

സിമി ഗരേവാളിൻ്റെ ചാറ്റ് ഷോയിൽ കരീന ഓർമ്മിച്ചതിങ്ങനെയാണ്- "രാജ് കപൂറിൻ്റെ (മുത്തച്ഛൻ) പേരുണ്ടായിട്ടും, ആരും കരിഷ്മയെ പിന്തുണച്ചില്ല. എൻ്റെ അമ്മയ്ക്ക് വളരെ കഷ്ടപ്പെടേണ്ടി വന്നു. ലോലോ രാത്രികളിൽ കരഞ്ഞിരിക്കും. ഞാൻ ഒളിച്ചിരുന്ന് കാണുമായിരുന്നു. ഞാനെൻ്റെ അമ്മയിലൂടെയും സഹോദരിയിലൂടെയുമാണ് ജീവിച്ചത്. ആളുകൾ അവളെ എത്രമാത്രം താഴ്ത്തിപ്പറഞ്ഞു. അവൾ കരഞ്ഞ് ഉറങ്ങുമായിരുന്നു" 

എന്നാൽ ബബിത പ്രതീക്ഷ കൈവിട്ടില്ല, 1991ൽ 16-ാം വയസ്സിൽ കരിഷ്മ 'പ്രേം ഖൈദി'യിലൂടെ അരങ്ങേറ്റം കുറിച്ചു. പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. 2007ൽ മുംബൈ മിററിന് നൽകിയ അഭിമുഖത്തിൽ, കരീന തൻ്റെ അമ്മയുടെ ത്യാഗങ്ങളെക്കുറിച്ച് സംസാരിച്ചിരുന്നു. "അമ്മ എപ്പോഴും എന്തെങ്കിലും ചെയ്തുകൊണ്ടിരുന്നു. ഞങ്ങളെ ഒറ്റയ്ക്ക് വളർത്തി. ചെറുകിട ബിസിനസ്സുകൾക്ക് പുറമെ അമ്മയ്ക്ക് റിയൽ എസ്റ്റേറ്റ് ബിസിനസ്സും ഉണ്ട്. അത് വളരെ ബുദ്ധിമുട്ടായിരുന്നു."

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi