‘ഘൂമർ’ എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിലൂടെ ഏറെ പ്രശംസ നേടിയ താരമാണ് സായാമി ഖേർ. എന്നാൽ പ്രശംസകളേറെ ലഭിച്ചിട്ടും ചിത്രം തിയറ്ററുകളിൽ വലിയ വിജയം നേടാതിരുന്നത് താരത്തെ നിരാശപ്പെടുത്തിയിരുന്നു. സിനിമയുടെ ബോക്‌സ് ഓഫീസ് പ്രകടനവും ഒരു അഭിനേതാവിന്റെ കരിയറിൽ അതിനുള്ള സ്വാധീനവും തുറന്നുപറയുകയാണ് സായാമി. ഒരു സിനിമ എത്ര കോടി നേടിയെന്നതിലുപരി പ്രേക്ഷകരുടെ മനസ്സിൽ ആ ചിത്രം എത്രത്തോളം ഇടംനേടി എന്നതിനാണ് പ്രാധാന്യമെന്നും താരം പറയുന്നു.
‘8 AM മെട്രോ’യുടെ ഉദാഹരണമാണ് സായാമി ഇതിനായി ചൂണ്ടിക്കാണിക്കുന്നത്. തിയറ്റർ റിലീസ് പോലും ലഭിക്കാതിരുന്ന ചിത്രം പിന്നീട് യൂട്യൂബിൽ ശ്രദ്ധിക്കപ്പെടുകയും ഒടിടി പ്ലാറ്റ്‌ഫോം ഏറ്റെടുക്കുകയും ചെയ്യുകയായിരുന്നു. ‘‘‘8 AM മെട്രോ’ പോലൊരു സിനിമ ചെയ്തതിൽ ഞാൻ സന്തുഷ്ടയാണ്. ആദ്യം ആ സിനിമ വാങ്ങാൻ പോലും ആരും തയ്യാറായിരുന്നില്ല. പിന്നീട് യൂട്യൂബിൽ വലിയ ഹിറ്റായതോടെയാണ് ഒടിടിയിലേക്കും എത്തിയത്. ആ സിനിമയിലൂടെ എനിക്ക് ലഭിച്ച ബഹുമാനം മറ്റൊരു സിനിമയിലൂടെയും ലഭിച്ചിട്ടില്ല. വലിയ താരങ്ങളോ പിന്തുണയോ ഇല്ലാതിരുന്നിട്ടും അത് പ്രേക്ഷകരുടെ മനസ്സിൽ തൊട്ടു. അവസാനം പ്രേക്ഷകരാണ് രാജാവ്. അവരിൽ നിന്നാണ് യഥാർഥ ബഹുമാനം ലഭിക്കുന്നത്. ആയിരക്കണക്കിന് കോടി നേടുന്ന സിനിമകൾ പോലും ഉണ്ടാകും. പക്ഷേ സിനിമ കണ്ടിറങ്ങിയ ശേഷം ‘ഇതെന്ത് സിനിമയായിരുന്നു?’ എന്ന് ആളുകൾ ചോദിച്ചേക്കാം. ആയിരം കോടി നേടിയതുകൊണ്ട് മാത്രം ഒരു അഭിനേതാവിന് ബഹുമാനം ലഭിക്കണമെന്നില്ല,’’ സായാമി പറഞ്ഞു.
Also Read
ബോളിവുഡിൽ ബോക്‌സ് ഓഫീസ് കണക്കുകൾക്ക് നൽകുന്ന അമിത പ്രാധാന്യത്തെക്കുറിച്ചും താരം സംസാരിച്ചു. ഒരു സിനിമ എത്ര പണം നേടി എന്നതിന്റെ അടിസ്ഥാനത്തിൽ അടുത്ത അവസരങ്ങൾ പോലും തീരുമാനിക്കപ്പെടുന്ന സാഹചര്യമുണ്ടെന്നും ഇത് പൂർണമായും കഴിവിനെ അടിസ്ഥാനമാക്കിയുള്ളതല്ലെന്നും സായാമി ചൂണ്ടിക്കാട്ടി. ‘‘ബോളിവുഡിൽ ബോക്‌സ് ഓഫീസ് കളക്ഷനെക്കുറിച്ച് ഒരുപാട് സംസാരിക്കുന്നുണ്ട്. ഒരു സിനിമ എത്ര പണം നേടി എന്നതിനെ ആശ്രയിച്ചാണ് പലപ്പോഴും നിങ്ങളുടെ അടുത്ത സിനിമ പോലും തീരുമാനിക്കുന്നത്. അത് അൽപം നിരാശപ്പെടുത്തുന്ന കാര്യമാണ്. കാരണം ഇത് പൂർണമായും കഴിവിനെ അടിസ്ഥാനമാക്കിയുള്ളതല്ല; സിനിമ എത്ര പണം നേടി എന്നതിനാണ് കൂടുതൽ പ്രാധാന്യം. പക്ഷേ സിനിമ ഒരു ബിസിനസ് കൂടിയാണ്. സിനിമ സാമ്പത്തികമായി വിജയിക്കാതെ വന്നാൽ നിർമാതാവിന് എങ്ങനെ അടുത്ത സിനിമ ചെയ്യാനാകും? അതുകൊണ്ട് തന്നെ ബോക്‌സ് ഓഫീസ് വിജയത്തിന്റെ പ്രാധാന്യം ഞാൻ മനസ്സിലാക്കുന്നു. അതേസമയം, എല്ലാ സാഹചര്യങ്ങൾക്കിടയിലും എന്നെ വിശ്വസിച്ച ചില സംവിധായകരും നിർമാതാക്കളും എനിക്കുണ്ടായിട്ടുണ്ട്,’’ താരം പറഞ്ഞു.
ഒരു സിനിമ സാമ്പത്തികമായി വിജയിക്കണമെന്ന് താനും ആഗ്രഹിക്കുന്നുണ്ടെന്ന് സായാമി വ്യക്തമാക്കി. കൂടുതൽ പ്രേക്ഷകരിലേക്ക് ഒരു ചിത്രം എത്തണമെങ്കിൽ അതിന്റെ ബിസിനസ് വിജയം പ്രധാനമാണെന്നും താരം സമ്മതിക്കുന്നു. ‘‘എല്ലാവരും തങ്ങളുടെ സിനിമ പണം നേടണമെന്ന് ആഗ്രഹിക്കും. കാരണം പണം നേടുന്നു എന്നതിനർഥം അത് കൂടുതൽ പ്രേക്ഷകരിലേക്ക് എത്തുന്നു എന്നതാണ്. ഒടിടി ഇപ്പോൾ വലിയൊരു പ്രേക്ഷകവിഭാഗത്തിലേക്ക് സിനിമകളെ എത്തിക്കാൻ സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ സാമ്പത്തികമായി വിജയിക്കുന്ന, കൂടുതൽ പ്രേക്ഷകരിലേക്ക് എത്തുന്ന സിനിമകൾ ചെയ്യാനാണ് എനിക്കും ആഗ്രഹം.’’ സായാമി പറഞ്ഞു.
‘ഘൂമറി’ന്റെ തിയറ്റർ പരാജയവും താരത്തിന് എളുപ്പത്തിൽ മറക്കാനാകുന്ന ഒന്നല്ല. ആർ. ബാല്കി സംവിധാനം ചെയ്ത ചിത്രത്തിൽ അപകടത്തിൽ വലതുകൈ നഷ്ടപ്പെട്ടതിനെ തുടർന്ന് ക്രിക്കറ്റ് കരിയർ അവസാനിക്കുമെന്ന് കരുതുന്ന യുവതാരമായാണ് സായാമി എത്തിയത്. അഭിഷേക് ബച്ചനും പ്രധാന വേഷത്തിലെത്തിയ ചിത്രം നിരൂപകരിൽനിന്നും പ്രേക്ഷകരിൽനിന്നും മികച്ച പ്രതികരണം നേടിയെങ്കിലും തിയറ്ററുകളിൽ പ്രതീക്ഷിച്ച വിജയം നേടാനായില്ല. പിന്നീട് സീ5ൽ സ്ട്രീമിങ് ആരംഭിച്ചതോടെ ചിത്രത്തിന് കൂടുതൽ പ്രേക്ഷകരെ ലഭിച്ചു.
‘‘‘ഘൂമർ’ സ്ട്രീമിങ്ങിനെത്തിയപ്പോൾ വളരെ നന്നായി സ്വീകരിക്കപ്പെട്ടു. ഇന്നും ദിവസവും 25-30 പേരെങ്കിലും ‘ഘൂമർ’ വളരെ ഇഷ്ടപ്പെട്ടെന്ന് പറഞ്ഞ് എനിക്ക് സന്ദേശങ്ങൾ അയക്കാറുണ്ട്. അത് വളരെ സന്തോഷം നൽകുന്ന കാര്യമാണ്. ഒരു സിനിമയ്ക്ക് ഒടുവിൽ അതിന്റെ പ്രേക്ഷകരെ കണ്ടെത്താൻ കഴിയുമ്പോൾ സന്തോഷം തോന്നും. പക്ഷേ, നമ്മൾ ഹൃദയം നൽകി ചെയ്ത ഒരു സിനിമയ്ക്ക് തിയറ്ററിൽ നല്ല കളക്ഷൻ ലഭിക്കാതെ വരുമ്പോൾ അത് വേദനിപ്പിക്കും. ചില സിനിമകൾ അർഹിക്കുന്നതിലും കുറവ് ശ്രദ്ധ നേടുമ്പോൾ അതിൽ വിഷമം തോന്നാറുണ്ട്. ‘ഘൂമർ’ അത്തരത്തിലൊരു സിനിമയായിരുന്നു,’’ സായാമി പറഞ്ഞു.
ബോക്‌സ് ഓഫീസ് കണക്കുകൾക്കപ്പുറം ഒരു അഭിനേതാവിന്റെ പ്രകടനം പ്രേക്ഷകരിൽ എത്രത്തോളം സ്വാധീനം ചെലുത്തുന്നു എന്നതിലാണ് സായാമിയുടെ വിശ്വാസം. അതിനിടെ, അക്ഷയ് കുമാറും സെയ്ഫ് അലി ഖാനും പ്രധാന വേഷങ്ങളിലെത്തുന്ന പ്രിയദർശൻ ചിത്രം ‘ഹൈവാനാ’ണ് സായാമിയുടെ പുതിയ ചിത്രം. അടുത്ത മാസം ചിത്രം തിയറ്ററുകളിലെത്തും.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: saiyami-kher-ghoomer-box-office-bollywood-interview
Published: 23 Aug 2026, 02:10 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented