ബോളിവുഡിലെ എക്കാലത്തെയും ശ്രദ്ധേയ നായികമാരിലൊരാളാണ് സീനത്ത് അമൻ. സിനിമയിലെ ഗ്ലാമറസ് താരമെന്നതിനപ്പുറം, തന്റെ വ്യക്തിജീവിതത്തിലെ ഉയർച്ചകളും താഴ്ചകളും തുറന്നുപറയാൻ മടിക്കാത്ത വ്യക്തിത്വം കൂടിയാണ് അവർ. വിവാഹം, പ്രണയം, മാതൃത്വം, ബന്ധങ്ങളിലെ അതിരുകൾ തുടങ്ങി ജീവിതത്തിലെ പല നിർണായക വിഷയങ്ങളെപ്പറ്റിയും സീനത്ത് അമൻ മുമ്പും തുറന്നുപറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ, നടനും സംവിധായകനുമായ മസ്ഹർ ഖാനുമായുള്ള തന്റെ സങ്കീർണമായ വിവാഹജീവിതത്തെക്കുറിച്ചും അന്ന് ആ ബന്ധത്തിൽ തുടരാൻ തീരുമാനിച്ചതിന്റെ കാരണങ്ങളെക്കുറിച്ചും സംസാരിക്കുകയാണ് താരം.
1985-ലാണ് സീനത്ത് അമനും മസ്ഹർ ഖാനും വിവാഹിതരായത്. ദമ്പതികൾക്ക് രണ്ട് ആൺ മക്കളാണ്, അസാനും സഹാനും. എന്നാൽ വിവാഹജീവിതം അത്ര സുഗമമായിരുന്നില്ല. പിന്നീട് ഇരുവരും വേർപിരിയുകയും 1998-ൽ വൃക്ക തകരാറിനെ തുടർന്ന് മസ്ഹർ ഖാൻ മരണപ്പെടുകയുമായിരുന്നു. വർഷങ്ങൾക്കിപ്പുറം ആ ബന്ധത്തെക്കുറിച്ച് സംസാരിക്കുമ്പോഴും അദ്ദേഹത്തെക്കുറിച്ച് മോശമായി ഒന്നും പറയാൻ താൻ ആഗ്രഹിക്കുന്നില്ലെന്നാണ് സീനത്ത് വ്യക്തമാക്കുന്നത്. അനാമികയുടെ Between Us എന്ന അഭിമുഖ പരിപാടിയിലാണ് സീനത്ത് മനസ്സ്തുറന്നത്.
Also Read
“ബന്ധങ്ങൾ എല്ലായ്‌പ്പോഴും പിന്നീട് ഗോസിപ്പായി മാറുന്ന കഥകളേക്കാൾ സങ്കീർണമാണ്. മസ്ഹറിനെ വിവാഹം കഴിക്കുമ്പോൾ ഒരു അമ്മയാകാൻ ഞാൻ തയ്യാറായിരുന്നു. അതേക്കുറിച്ച് ഞാൻ തുറന്നുപറഞ്ഞിട്ടുമുണ്ട്. ഒരു കുടുംബം കെട്ടിപ്പടുക്കാനുള്ള വഴിയാണ് വിവാഹമെന്ന് ഞാൻ വിശ്വസിച്ചു. അതനുസരിച്ചാണ് ഞാൻ ആ തീരുമാനം എടുത്തത്. പ്രശ്‌നങ്ങളുണ്ടായശേഷവും ഞാനവിടെ തുടർന്നത് എന്റെ കുട്ടികളെ ഓർത്തായിരുന്നു. എന്നാൽ ഒടുവിൽ ഒരു കാര്യം ഞാൻ മനസ്സിലാക്കി. സ്വയം നശിപ്പിച്ചുകൊണ്ട് മറ്റൊരാളെ രക്ഷിക്കാനാകില്ല. മസ്ഹറിനായി ഞാൻ നിരവധി പോരാട്ടങ്ങൾ നടത്തി. പക്ഷേ, അദ്ദേഹത്തിനെ സഹായിക്കേണ്ടത് അദ്ദേഹത്തിന്റെതന്നെ ഉത്തരവാദിത്വമാണെന്ന് ഞാൻ തിരിച്ചറിയുകയായിരുന്നു. അദ്ദേഹം എന്റെ മക്കളുടെ അച്ഛനാണ്. അതുകൊണ്ടുതന്നെ അദ്ദേഹത്തെക്കുറിച്ച് അപകീർത്തികരമായി ഒന്നും പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല” അവർ വ്യക്തമാക്കി.
ജീവിതത്തിലെ വിജയവും ഹൃദയഭംഗവും നൽകുന്ന പാഠങ്ങൾ വ്യത്യസ്തമാണെന്നും സീനത്ത് പറയുന്നു. “വിജയം ആത്മവിശ്വാസം പഠിപ്പിച്ചേക്കാം. എന്നാൽ ഹൃദയഭംഗം അതിരുകളാണ് പഠിപ്പിക്കുന്നത്. ബഹുമാനം ലഭിക്കുന്നില്ലെങ്കിൽ സ്‌നേഹം മാത്രം മതിയാകില്ലെന്ന് അത് മനസ്സിലാക്കിത്തരും. ചിലപ്പോൾ വിട്ടുപോകുന്നത് സ്വന്തം കാര്യത്തിലും നമ്മളെ ആശ്രയിക്കുന്നവരുടെ കാര്യത്തിലും കാണിക്കുന്ന സ്‌നേഹത്തിന്റെ ഭാഗമാണ്. പല സ്ത്രീകളും മറ്റുള്ളവരോട് പൊരുത്തപ്പെടുന്നതിലും വിട്ടുവീഴ്ച ചെയ്യുന്നതിലും ഇത്രയും മികവ് നേടുന്നതിനിടെ സ്വന്തം വ്യക്തിത്വം മറന്നുപോകുന്നുണ്ട്", സീനത്ത് കൂട്ടിച്ചേർത്തു.
ആരോഗ്യകരമായൊരു ബന്ധത്തെക്കുറിച്ച് യുവതികൾക്ക് നൽകാനുള്ള ഉപദേശം എന്താണെന്ന ചോദ്യത്തിനും സീനത്ത് വ്യക്തമായ മറുപടിയാണ് നൽകിയത്. ഒരു ബന്ധം വ്യക്തിയെന്ന നിലയിൽ വളരാനുള്ള ഇടം നൽകണം. നമ്മളെ ചുരുക്കിക്കളയുന്നതാകരുത്. മിക്ക സ്ത്രീകളും മറ്റൊരാളെ ഉൾക്കൊള്ളാനും സന്തോഷിപ്പിക്കാനും ശ്രമിക്കുന്നതിനിടെ സ്വയം മറന്നുപോകാറുണ്ടെന്നും താരം പറയുന്നു.
"ആ വ്യക്തിക്കൊപ്പം ആയിരിക്കുമ്പോൾ നിങ്ങൾക്ക് എങ്ങനെയാണ് തോന്നുന്നത് എന്ന് നോക്കുക. നിങ്ങൾ സുരക്ഷിതരാണെന്ന് തോന്നുന്നുണ്ടോ? അവരോട് വിയോജിക്കാൻ കഴിയുന്നുണ്ടോ? നിങ്ങളുടെ സ്വന്തം ആഗ്രഹങ്ങളും സുഹൃത്തുക്കളും പണവും നിലനിർത്താൻ കഴിയുന്നുണ്ടോ? ഏറ്റവും പ്രധാനമായി, ആ വ്യക്തിക്കൊപ്പമായിരിക്കുമ്പോൾ നിങ്ങളായി മാറുന്ന സ്ത്രീയെ നിങ്ങൾക്ക് ഇഷ്ടമാണോ? തന്റെ വിവാഹജീവിതത്തിൽ പുറംലോകവുമായി അകലം പാലിക്കാൻ ഞാൻ ശ്രമിച്ചിരുന്നുവെന്നത് ഓർക്കുന്നു. അത്തരമൊരു സാഹചര്യം ഒരു വ്യക്തിയെന്ന നിലയിലും കലാകാരിയെന്ന നിലയിലും വളരുന്നതിനെ തടയും,” അവർ അഭിപ്രായപ്പെട്ടു.
ജീവിതത്തിന്റെ ഈ ഘട്ടത്തിൽ വീണ്ടുമൊരു പ്രണയത്തിന് വഴിയുണ്ടോ എന്ന ചോദ്യത്തിനും സീനത്തിന് ലളിതമായ മറുപടിയായിരുന്നു. “ഞാൻ ജീവിതത്തെ തുറന്ന മനസ്സോടെയാണ് കാണുന്നത്. എന്റെ മക്കളോടൊപ്പമുള്ള ജീവിതത്തിൽ ഒരുപാട് സ്‌നേഹമുണ്ട്.” വ്യക്തിജീവിതത്തിലെ വേദനകളെക്കുറിച്ച് തുറന്നുപറയുമ്പോഴും ആരെയും കുറ്റപ്പെടുത്താതെ, സ്വന്തം അനുഭവങ്ങളിൽനിന്ന് പഠിച്ച പാഠങ്ങളാണ് സീനത്ത് പങ്കുവച്ചത്. പ്രത്യേകിച്ച് ബന്ധങ്ങളിൽ സ്വയം നഷ്ടപ്പെടുത്താതെ സ്വന്തം സന്തോഷത്തിനും സ്വാതന്ത്ര്യത്തിനും അതിരുകൾക്കും പ്രാധാന്യം നൽകണമെന്ന അവരുടെ വാക്കുകൾ ഏറെ ശ്രദ്ധേയമാണ്.
സീനത്ത് അമൻ അവസാനമായി അഭിനയിച്ചത് ‘ദ റോയൽസ്’ എന്ന ചിത്രത്തിലാണ്. ശബാന ആസ്മിയും അഭയ് ഡിയോളും പ്രധാനവേഷങ്ങളിലെത്തുന്ന ‘ബൺ മസ്‌ക’യാണ് താരത്തിന്റെ അടുത്തതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: zeenat-aman-mazhar-khan-marriage-relationship-lessons
Published: 03 Sept 2026, 11:50 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented