കൗമാരപ്രായത്തിൽ സിനിമയിലേക്ക് കടന്നയാളാണ് ബോളിവുഡ് നടി കരീന കപൂർ. വിദ്യാഭ്യാസം മാറ്റിവെച്ച് (Leaving School Early) സിനിമ തിരഞ്ഞെടുത്തതിനെപ്പറ്റി അവർ പലപ്പോഴും തുറന്നുപറഞ്ഞിട്ടുണ്ട്. പഠനം പൂർത്തിയാക്കാൻ കഴിയാത്തത് വർഷങ്ങൾക്ക് ശേഷവും തന്റെ ഖേദങ്ങളിലൊന്നാണെന്നും. ഇന്ത്യയിലെ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി യൂണിസെഫ് നടത്തുന്ന പ്രവർത്തനങ്ങൾ തന്റെ ഹൃദയത്തോട് വളരെ അടുത്തിരിക്കുന്നതിന്റെ ഒരു കാരണം ഈ അനുഭവമാണെന്നും അവർ പറയുന്നു.

To advertise here,

“ഞാൻ എന്റെ വിദ്യാഭ്യാസം പൂർത്തിയാക്കിയിട്ടില്ല, അതെന്റെയുള്ളിൽ എപ്പോഴും തങ്ങിനിൽക്കുന്ന ഒന്നാണ്. അവസരമുണ്ടായിട്ടും പതിനൊന്നാം ക്ലാസിന് ശേഷം പഠനം നിർത്തി, സിനിമയിലേക്ക് വന്നു. അതിനെ ആർക്കും കളിയാക്കാം, എന്തും പറയാം, പക്ഷേ എനിക്കെന്നെ ഒരു നടിയായി തെളിയിക്കണമായിരുന്നു. എന്റെ മനസ്സ് പറഞ്ഞത് ചെയ്യാൻ ഞാൻ ആഗ്രഹിച്ചു.”-ഒരു അഭിമുഖത്തിൽ കരീന പറഞ്ഞു.

പഠനം നിർത്തിയതിൽ ഖേദമുള്ളതുകൊണ്ടുതന്നെ, മക്കളായ തൈമൂറും ജെയും അവരുടെ താല്പര്യങ്ങൾ പിന്തുടരുന്നതിന് മുമ്പ് വിദ്യാഭ്യാസം പൂർത്തിയാക്കണമെന്ന് ആഗ്രഹിക്കുന്നുവെന്നും കരീന പറഞ്ഞു.

“എനിക്ക് പഠിക്കാനാവാത്തതിൽ വിഷമമുള്ളതുകൊണ്ടാണ് എന്റെ ആൺമക്കളോട് ആദ്യം വിദ്യാഭ്യാസം പൂർത്തിയാക്കാനും അതിനുശേഷമേ താല്പര്യങ്ങൾ പിന്തുടരാവൂ എന്നും ഞാൻ ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ത്യയിലെ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തെ പിന്തുണയ്ക്കുന്നതുമായി ബന്ധപ്പെട്ട് യൂണിസെഫ് എന്നെ സമീപിച്ചപ്പോൾ, എനിക്കത് ആഴത്തിൽ സ്പർശിച്ചു. കാരണം സ്വയം വിദ്യാഭ്യാസം പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ലെന്ന ഖേദം എപ്പോഴും എന്നിലുണ്ടായിരുന്നു”.

2014 മുതൽ യൂണിസെഫ് ഇന്ത്യയുമായി സഹകരിക്കുന്നുണ്ട് കരീന. 

അഭിഷേക് ബച്ചനൊപ്പം ജെ.പി. ദത്തയുടെ 'റെഫ്യൂജി' എന്ന ചിത്രത്തിലൂടെയാണ് കരീന ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. 2000 ജൂൺ 30നായിരുന്നു ഈ ചിത്രം റിലീസ് ചെയ്തത്. ഷൂട്ടിംഗ് നടക്കുമ്പോൾ അവർക്ക് 19 വയസ്സായിരുന്നു പ്രായം. കരീനയുടെയും അഭിഷേകിന്റെയും സിനിമാജീവിതത്തിൽ ചിത്രം വഴിത്തിരിവായി.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi