തെന്നിന്ത്യൻ സിനിമാ ലോകത്ത് ചോക്ലേറ്റ് ഹീറോയായി കടന്നുവന്ന് പിന്നീട് ഇന്ത്യൻ സിനിമയുടെ തന്നെ പ്രിയനടനായി മാറിയ താരമാണ് ആർ. മാധവൻ. മണിരത്നത്തിന്റെ സംവിധാനത്തിൽ 2000-ൽ പുറത്തിറങ്ങിയ 'അലൈപായുതേ' എന്ന ചിത്രത്തിലൂടെയായിരുന്നു നായകനായുള്ള മാധവന്റെ അരങ്ങേറ്റം. എന്നാൽ ചിത്രത്തിന്റെ റിലീസിന് തൊട്ടുമുമ്പ് തന്റെ ജീവിതത്തിലുണ്ടായ രസകരമായ ഒരനുഭവം തുറന്നുപറഞ്ഞിരിക്കുകയാണ് താരം.

To advertise here,

ഇന്ത്യൻ സ്കൂൾ ഓഫ് ബിസിനസിൽ (ISB) നടന്ന പരിപാടിയിലാണ് മാധവൻ ഈ ഓർമകൾ പങ്കുവെച്ചത്. സിനിമയുടെ പ്രൊമോഷൻ സമയത്ത് തന്റെ വിവാഹക്കാര്യം മാധ്യമങ്ങളിൽ നിന്ന് മറച്ചുവെക്കണമെന്ന് പബ്ലിസിറ്റി ടീം ആവശ്യപ്പെട്ടിരുന്നു. "സിനിമ റിലീസ് ചെയ്യുന്നതിന് ആറു മാസം മുമ്പായിരുന്നു എന്റെ വിവാഹം. 'വിവാഹക്കാര്യം പ്രസ് മീറ്റിൽ പറയരുത്, മാധവൻ വിവാഹിതനാണെന്ന് അറിഞ്ഞാൽ ചിത്രം ഫ്ലോപ്പാകും' എന്നാണ് അവർ എന്നോട് പറഞ്ഞത്. പ്രണയനായകനായി പ്രേക്ഷകർ സ്വീകരിക്കില്ല എന്നതായിരുന്നു അവരുടെ ഭയം,"മാധവൻ പറഞ്ഞു.

എന്നാൽ ഇതിൽ അസ്വസ്ഥനായ മാധവൻ കാര്യം സംവിധായകൻ മണിരത്നത്തോട് തുറന്നുപറഞ്ഞു. "നിനക്ക് ഇഷ്ടമുള്ളത് ചെയ്യൂ" എന്നായിരുന്നു മണിരത്നത്തിന്റെ മറുപടി. താൻ വിവാഹിതനായതുകൊണ്ട് മാത്രം മണിരത്നം എന്ന സംവിധായകന്റെ സിനിമ ഫ്ലോപ്പാകുമെന്ന വാദം അദ്ദേഹത്തിനുള്ള അപമാനമാണെന്ന് മാധവൻ വിശ്വസിച്ചു.

തുടർന്ന് നടന്ന വാർത്താസമ്മേളനത്തിൽ മാധവന്റെ തൊട്ടടുത്ത് തന്നെ ഭാര്യ സരിതയുമുണ്ടായിരുന്നു. പ്രതീക്ഷിച്ചത് പോലെ തന്നെ മാധ്യമപ്രവർത്തകരിൽ നിന്നും ആദ്യ ചോദ്യമെത്തി, "വിവാഹിതനായ ഒരാളെ പ്രേക്ഷകർ പ്രണയനായകനായി സ്വീകരിക്കും എന്ന് കരുതുന്നുണ്ടോ?

അതിന് മാധവൻ നൽകിയ മറുപടി ഇതായിരുന്നു: "ഞാൻ ഇവിടെ ഒരു അഭിനേതാവെന്ന നിലയിലാണ് എത്തിയിരിക്കുന്നത്, ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. എന്നാൽ സിനിമയ്ക്ക് വേണ്ടി എന്റെ കൂടെയുള്ള, ഞാൻ വിവാഹം കഴിച്ച സ്ത്രീയെ അറിയാത്തതുപോലെ അഭിനയിക്കാൻ എനിക്കാവില്ല. അത് അവളെ അപമാനിക്കുന്നതിന് തുല്യമാണ്. ഈ കാരണം കൊണ്ട് ഞാൻ ഒരു റൊമാന്റിക് ഹീറോ ആയില്ലെങ്കിലും കുഴപ്പമില്ല. ഭാര്യയെ ബഹുമാനിക്കാതെ മുന്നോട്ടുപോകുന്നതിലും നല്ലത് ആ റിസ്ക് എടുക്കുന്നതാണ്."

മാധവന്റെ ഈ നിലപാട് അന്ന് വലിയ രീതിയിൽ ചർച്ചയായി. ഈ നിലപാടിനെ പ്രേക്ഷകർ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. റിലീസിന് പിന്നാലെ 'അലൈപായുതേ' ബോക്സ് ഓഫീസിൽ വൻ തരംഗമായി മാറി. തമിഴ് സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ക്ലാസിക് പ്രണയചിത്രങ്ങളിൽ ഒന്നായി മാറിയ സിനിമ, മാധവനെ ഒറ്റരാത്രികൊണ്ട് ഇന്ത്യയൊട്ടാകെ ആരാധകരുള്ള സൂപ്പർ താരവുമാക്കി.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi