ഇന്ന് ലോകമെമ്പാടും അറിയപ്പെടുന്ന ഇന്ത്യൻ താരങ്ങളിലൊരാളാണ് പ്രിയങ്ക ചോപ്ര. അഭിനേത്രി എന്ന നിലയിലും നിർമാതാവായും സംരംഭകയായുമൊക്കെ ആഗോളതലത്തിൽ ഇന്ത്യയുടെ സാന്നിധ്യം അടയാളപ്പെടുത്തുന്ന വ്യക്തിത്വമായി അവർ വളർന്നിരിക്കുന്നു. വ്യക്തിജീവിതത്തിലും കരിയറിലും നിരവധി ഉയർച്ചകളും മാറ്റങ്ങളും അതിജീവിച്ചാണ് പ്രിയങ്ക ഈ നിലയിലെത്തിയത്. തുടക്കകാലത്ത് ബോളിവുഡിൽ സ്വന്തമായൊരു ഇടം കണ്ടെത്താൻ പ്രിയങ്കയ്ക്ക് ഒരുപാട് കഷ്ടപ്പെടേണ്ടി വന്നിട്ടുണ്ട്. പ്രതിഫലത്തിലെ അസമത്വം മുതൽ സിനിമാ സെറ്റുകളിലെ സ്ത്രീകളോടുള്ള വ്യത്യസ്ത സമീപനം വരെ, കരിയറിന്റെ ആദ്യകാല അനുഭവങ്ങളെക്കുറിച്ച് പ്രിയങ്ക പലപ്പോഴും തുറന്നുപറഞ്ഞിട്ടുണ്ട്. എന്നാൽ ഏറെക്കാലം പ്രിയങ്കയുടെ ആത്മവിശ്വാസത്തെ ബാധിച്ച മറ്റൊരു അനുഭവം കൂടിയുണ്ടായിരുന്നു. തന്റെ ചർമത്തിന്റെ നിറത്തെക്കുറിച്ചുള്ള മറ്റുള്ളവരുടെ വിലയിരുത്തലുകൾ. 2022 ഡിസംബറിൽ ബിബിസിയുടെ '100 Women'ന് നൽകിയ അഭിമുഖത്തിൽ, സിനിമയിലെത്തിയ ആദ്യകാലത്ത് നിറത്തിന്റെ പേരിൽ നേരിട്ട പരിഹാസങ്ങളെക്കുറിച്ച് പ്രിയങ്ക പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

To advertise here,

“ബ്ലാക്ക് ക്യാറ്റ്, ഡസ്‌കി തുടങ്ങിയ വിളിപ്പേരുകളായിരുന്നു അന്ന് എനിക്ക് ലഭിച്ചിരുന്നത്. മറ്റുള്ളവരുടെ ഇത്തരം വാക്കുകൾ പതിയെ എന്റെ രൂപത്തെക്കുറിച്ചുള്ള കാഴ്ചപ്പാടിനെയും മാറ്റി. ഞാൻ സുന്ദരിയല്ലെന്ന് സ്വയം കരുതാൻ തുടങ്ങി. എന്റെ നിറം കാരണം മറ്റുള്ളവരേക്കാൾ കൂടുതൽ കഠിനമായി പരിശ്രമിക്കേണ്ടിവരുമെന്ന വിശ്വാസവും അന്നുണ്ടായിരുന്നു. എന്നേക്കാൾ വെളുത്ത നിറമുള്ള ചില സഹതാരങ്ങളെക്കാൾ എനിക്ക് കഴിവുണ്ടെന്ന് തോന്നിയപ്പോഴും, ഇൻഡസ്ട്രിയിൽ മുന്നേറണമെങ്കിൽ ഞാൻ കൂടുതൽ പരിശ്രമിക്കണം എന്നത് സ്വാഭാവികമായ കാര്യമാണെന്നായിരുന്നു അന്നത്തെ ചിന്ത. കാരണം ചുറ്റുപാടുകളിൽ ഇത്തരം കാര്യങ്ങൾ സാധാരണമായി മാറിയിരുന്നു. അതുകൊണ്ടുതന്നെ അതിനെ ചോദ്യം ചെയ്യണമെന്ന് പോലും അന്ന് തോന്നിയിരുന്നില്ല. ശരിക്കും ഡസ്‌കി എന്നതുകൊണ്ട് എന്താണ് അർഥമാക്കുന്നത്? നമ്മളെല്ലാവരും തവിട്ടുനിറക്കാരായിരിക്കുന്ന ഒരു രാജ്യത്ത്?”, പ്രിയങ്ക പറഞ്ഞു.

വെളുത്ത നിറത്തോടുള്ള സമൂഹത്തിന്റെ അമിതമായ താൽപര്യം സിനിമാ വ്യവസായത്തിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും പ്രിയങ്ക ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ കൊളോണിയൽ ചരിത്രവും വെളുത്ത നിറത്തിന് ലഭിച്ച പ്രത്യേക പരിഗണനയും ഇന്നും സമൂഹത്തിന്റെ സൗന്ദര്യസങ്കൽപ്പങ്ങളെ സ്വാധീനിക്കുന്നുണ്ടെന്നാണ് താരത്തിന്റെ വിലയിരുത്തൽ.

“നമ്മുടെ കുട്ടികൾ വളരുമ്പോൾ, വെളുത്ത നിറമാണ് സൗന്ദര്യം എന്ന ചിന്ത അവരിലേക്ക് പകരാതിരിക്കാൻ നമ്മൾ മാറ്റം കൊണ്ടുവരണം. നിറത്തെക്കുറിച്ച് മറ്റുള്ളവർ പറയുന്ന വാക്കുകൾ ഒരു വ്യക്തിയുടെ മനസ്സിൽ എത്ര ആഴത്തിൽ പതിയാമെന്നതിന്റെ അനുഭവം കൂടിയായിരുന്നു എന്റേത്. മറ്റുള്ളവരുടെ വിലയിരുത്തലുകൾ പിന്നീട് ഒരാൾ സ്വന്തം രൂപത്തെ തന്നെ എങ്ങനെ കാണുന്നു എന്നതിലേക്കും മാറാം.” പ്രിയങ്ക പറഞ്ഞു.

2000-ൽ മിസ് വേൾഡ് കിരീടം നേടിയ ശേഷമാണ് പ്രിയങ്ക ചോപ്രയുടെ സിനിമാ യാത്ര തുടങ്ങുന്നത്. 2002-ൽ അഭിനയരംഗത്തേക്ക് എത്തിയ താരം പിന്നീട് 'അന്ദാസ്', 'എയ്ത്രാസ്', 'കൃഷ്', 'ഡോൺ', 'ഫാഷൻ', '7 ഖൂൻ മാഫ്', 'ബർഫി', 'മേരി കോം' തുടങ്ങിയ ചിത്രങ്ങളിലൂടെ ബോളിവുഡിൽ ശക്തമായ സാന്നിധ്യമായി മാറുകയായിരുന്നു. പിന്നീട് ഹോളിവുഡിലേക്കും ചുവടുവച്ച പ്രിയങ്ക 'ക്വാണ്ടിക്കോ'യിലൂടെ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടി. 'ബേവാച്ച്', 'ഇസ്ന്റ് ഇറ്റ് റൊമാന്റിക്', 'ദ മാട്രിക്‌സ് റിസറക്ഷൻസ്' തുടങ്ങിയ ചിത്രങ്ങളും ആ യാത്രയുടെ ഭാഗമായി.

ഒരിക്കൽ തന്റെ നിറത്തെക്കുറിച്ചുള്ള വാക്കുകൾ കേട്ട് 'ഞാൻ സുന്ദരിയല്ല' എന്ന് കരുതിയ പെൺകുട്ടിയിൽ നിന്ന്, ലോകമെമ്പാടും അറിയപ്പെടുന്ന അഭിനേത്രിയായി വളർന്ന താരമാണ് പ്രിയങ്ക. നിറത്തിന്റെ പേരിലുള്ള വിലയിരുത്തലുകൾ എത്ര സാധാരണമായി സമൂഹത്തിൽ ഇടംപിടിച്ചാലും, അവ ഒരാളുടെ ആത്മവിശ്വാസത്തിൽ ഉണ്ടാക്കുന്ന മുറിവുകൾ അത്ര സാധാരണമല്ലെന്ന് ഓർമപ്പെടുത്തുകയാണ് പ്രിയങ്കയുടെ വാക്കുകൾ.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi