ഈയാഴ്ചയിലെ കഥയിലെ നായികമാരിലേക്ക് സവിനയം കടന്നുവരുന്നത് 1980-90 കാലത്ത് തെന്നിന്ത്യൻ സിനിമയിലെ നിറസാന്നിധ്യമായിരുന്ന നായികാതാരം രാധയാണ്. നമ്മുടെയെല്ലാം പ്രിയതാരമായിരുന്ന അംബികയുടെ അനുജത്തിക്കുട്ടിയെന്ന വിശേഷണവുമായിട്ടാണ് രാധ എന്ന പെൺകുട്ടി കടന്നുവന്നത്. രാധയെക്കുറിച്ചുള്ള കുറിമാനം കുറിയ്ക്കാനായി ഇരുന്നപ്പോൾ എന്റെ മനസ്സിലേക്ക് ആദ്യം കയറിവന്ന ഒരു ഓർമ്മചിത്രമുണ്ട്. ഒരു വല്ലാത്ത ദുരന്തചിത്രം. കാലം എത്ര കഴിഞ്ഞാലും മനസ്സിൽ നൊമ്പരമുണർത്തിയ ഓർമ്മകൾക്ക് അങ്ങനെ പെട്ടെന്ന് വിട ചൊല്ലിപ്പോകാനാവില്ലല്ലോ. എന്നിൽ മാത്രമല്ല, ഇന്ത്യയിലും വിദേശത്തുമുള്ള മനസ്സിൽ നന്മകൾ സൂക്ഷിക്കുന്ന സകലമാന മനുഷ്യരിലും ദുഖവും നൊമ്പരവുമുണർത്തിയ ഒരു ചരിത്രരേഖയാണിത്. ഇനി കൂടുതൽ ജിജ്ഞാസയും ആകാംക്ഷയും ടെൻഷനും കൊടുക്കാതെ ആ ദുരന്താനുഭവത്തിന്റെ നാൾവഴിയിലേക്ക് പോകാം.
സ്ഥലം മദ്രാസ്, വർഷം 1991 മേയ് 21.
ഞാൻ തിരക്കഥ എഴുതി പി.ജി. വിശ്വംഭരൻ സംവിധാനം ചെയ്ത ‘ഇന്നത്തെ പ്രോഗ്രാ’മിന്റെ റിലീസാവശ്യവുമായി ഞങ്ങൾ മദ്രാസിലെ പാംഗ്രോവ് ഹോട്ടലിൽ താമസിക്കുകയാണ്. കൂടെ നിർമ്മാതാവ് സിംപിൾ ബഷീറുമുണ്ട്. രണ്ടുദിവസം കഴിഞ്ഞ് പടം റിലീസ് ചെയ്യാനുള്ളതുകൊണ്ട് അതിന്റെ തിരക്കിൽ ഓടിനടക്കുകയാണ് ഞങ്ങൾ. ഇതിനിടയിൽ വൈകുന്നേരം ആറുമണിക്ക് ഇന്നത്തെ പ്രോഗ്രാമിലെ താരങ്ങൾക്കും ടെക്‌നീഷ്യൻസിനും ക്ഷണിക്കപ്പെട്ട വ്യക്തികൾക്കും വേണ്ടി ഒരു പ്രത്യേക പ്രൊജക്ഷനും വച്ചിട്ടുണ്ട്. മൗണ്ട് റോഡിനടുത്തുള്ള മദ്രാസ് ഫിലിം ചേംബറിന്റെ തിയേറ്ററിലാണ് പ്രൊജക്ഷൻ വച്ചിരിക്കുന്നത്. സംവിധായകൻ ജോഷി മദ്രാസിൽ ഉണ്ടായിരുന്നതുകൊണ്ട് പടം കാണാൻ ഞാൻ അയാളെയും വിളിച്ചിരുന്നു.
Also Read
രാധയോടൊപ്പം സിനിമ കാണാൻ അംബികയും അമ്മ കല്ലറ സരസമ്മയും ഉണ്ടായിരുന്നു. എവിടെ മക്കൾ പോകുന്നുവോ അവിടെയെല്ലാം ഒരു നിഴൽപോലെ അമ്മയും കൂടെയുണ്ടാകും. വളരെ ഐശ്വര്യമുള്ള മുഖവും വിടർന്ന ചിരിയോടെയുള്ള സരസമ്മയുടെ സരസമായ സംസാരവും കേൾക്കാൻ തന്നെ വളരെ രസമാണ്. അംബികയും അമ്മയെപ്പോലെ തന്നെ വളരെ തുറന്ന പെരുമാറ്റമാണ്. എന്നാൽ രാധ അല്പം ഒതുങ്ങിയ പ്രകൃതത്തിന്റെ ഉടമയാണ്. അങ്ങനെ കൂടുതലൊന്നും സംസാരിക്കില്ല. എല്ലാം കേട്ടുകൊണ്ട് വാക്കുകൾക്ക് കൂടുതൽ ശബ്ദം കൊടുക്കാതെ നിശ്ശബ്ദസാന്നിധ്യമായി അങ്ങനെ നിൽക്കും. ഞങ്ങളുടെ കഥാപാത്രവും ഏകദേശം രാധയുടെ രൂപസാദൃശ്യമാണ്.
ഇന്നത്തെ പ്രോഗ്രാമിലേക്ക് രാധയെ നായികയാക്കണമെന്ന് സംവിധായകന് ഒട്ടും താത്പര്യമുണ്ടായിരുന്നില്ല. മറ്റൊന്നും കൊണ്ടല്ല, ആ സമയത്ത് രാധ അഭിനയിച്ച എല്ലാ മലയാള സിനിമകളും പരാജയമായിരുന്നു. അൺലക്കി ആർട്ടിസ്റ്റാണെന്ന് പലരും പറഞ്ഞ് കേട്ടിരുന്നതുകൊണ്ടാണ് വിശ്വംഭരന് അങ്ങനെ പറയാൻ തോന്നിയത്.
“പടം ഓടാത്തത് നായികയുടെ കുറ്റം കൊണ്ടാണോ? സിനിമ ജനത്തിന് ഇഷ്ടപ്പെടേണ്ടേ? ഈ അന്ധവിശ്വാസമൊക്കെ കളഞ്ഞിട്ട് രാധയെ തന്നെ അഭിനയിപ്പിക്കുന്നതാണ് നല്ലത്.”
ഞാനും എന്റെ സുഹൃത്തും സ്‌ക്രിപ്റ്റ് അസിസ്റ്റന്റുമായ കുഞ്ഞുമോനും കൂടി ബ്രെയിൻവാഷ് ചെയ്താണ് വിശ്വംഭരനെ രാധയിലേക്ക് കൊണ്ടെത്തിച്ചത്.
ആറുമണിയോടെ പ്രൊജക്ഷൻ തിയേറ്ററിലേക്ക് കയറുമ്പോൾ എന്റെ മനസ്സിൽ ഈ ചിത്രം വലിയ വിജയമായി മാറും എന്ന ചിന്തയായിരുന്നു.
പടം തുടക്കംമുതലേതന്നെ മുകേഷിന്റെയും സിദ്ദിക്കിന്റെയും സൈനുദ്ദീന്റെയുമൊക്കെ രസകരമായ കോമഡി രംഗങ്ങൾ കൊണ്ട് തിയേറ്ററിൽ ചിരിയുടെ ഉത്സവമേളമായിരുന്നു.
ഇന്റർവെൽ ഒന്നും കൊടുക്കാതെയാണ് പടം മുന്നോട്ടുനീങ്ങിയത്. ഇതിനിടയിൽ മദ്രാസിലെ സിനിമാക്കാർക്കെല്ലാം സുപരിചിതനും മലയാളിയുമായ ഒരു ഐ.പി.എസ് ഓഫീസർ സിനിമ കാണുന്നതിനിടയിൽ പെട്ടെന്ന് എഴുന്നേറ്റ് പുറത്തേക്ക് പോകുന്നത് കണ്ടു. എന്താണോ ഇടയ്ക്കുവച്ച് ഇറങ്ങിപ്പോകുന്നതെന്ന ഒരു സന്ദേഹം എന്നിൽ കയറിക്കൂടുകയും ചെയ്തു.
സിനിമ കഴിഞ്ഞപാടെ തന്നെ രാധ വളരെ പതിഞ്ഞ സ്വരത്തിൽ എന്നോടും വിശ്വംഭരനോടുമായി പറഞ്ഞു.
"ഞാൻ വിചാരിച്ചതിലും പടം വളരെ നന്നായിട്ടുണ്ട്.”
രാധയുടെ അതേ അഭിപ്രായമായിരുന്നു അംബികയ്ക്കും അമ്മയ്ക്കും.
അപ്പോഴാണ് പെട്ടെന്ന് ഒരു അശുഭവാർത്തയുമായി സിംപിൾ ബഷീർ വരുന്നത്.
“പെരുമ്പുത്തൂരിൽവെച്ച് പ്രധാനമന്ത്രി രാജീവ് ഗാന്ധിക്ക് വെടിയേറ്റു.”
എന്താണ് എപ്പോഴാണ് സംഭവിച്ചതൊന്നും ബഷീറിന് ഒരു രൂപവുമുണ്ടായിരുന്നില്ല.
വിശ്വംഭരനും സിംപിൾ ബഷീറും കൂടി വേഗംതന്നെ തിയേറ്ററിന്റെ വാടകയും മറ്റും കൊടുക്കാനായി പോയപ്പോൾ ഞാനും ജോഷിയുംകൂടി ഭക്ഷണം കഴിക്കാനായി മൗണ്ട് റോഡിലുള്ള ബുഹാരി ഹോട്ടലിലേക്ക് പോയി.
ഞങ്ങൾ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോൾ സപ്ലയർമാർ വന്ന് തിടുക്കം കൂട്ടാൻ തുടങ്ങി.
“സാർ വേഗം ശാപ്പിടുങ്കോ സാർ. രാജീവ് ഗാന്ധി ഇരന്താച്ച്. യാരോ തീവ്രവാദികൾ വെടിവച്ചാച്ച്. കട അടക്ക പോറെ സാർ.”
അവന്റെ സംസാരവും തിടുക്കവും കണ്ടപ്പോൾ ഞാനും ജോഷിയും ഭക്ഷണം കഴിപ്പ് നിർത്തി വേഗം തന്നെ പുറത്തേക്കിറങ്ങിയപ്പോൾ പരിസരത്തുള്ള ഓരോ കടകൾ അടയ്ക്കുന്നതും ആളുകളുടെ ഒച്ചയും ബഹളവുമൊക്കെ കേൾക്കാമായിരുന്നു. ഞങ്ങൾ വേഗം തന്നെ ഹോട്ടലിന് പുറത്തേക്കിറങ്ങി.
എന്നെ ജോഷി പാംഗ്രോവ് ഹോട്ടലിൽ കൊണ്ടുപോയി വിട്ടിട്ട് പറഞ്ഞു.
“നീ ഇറങ്ങിക്കോ, പെരുമ്പുത്തൂരിൽ എന്താണ് സംഭവിച്ചതെന്ന് അറിഞ്ഞിട്ട് ഞാൻ വിളിക്കാം.”
ഞാൻ ചെന്നുകയറിയ ഉടനെതന്നെ ബഷീറും വിശ്വംഭരനും കൂടി എന്റെ മുറിയിലേക്ക് വന്നു.
അരമണിക്കൂർ കഴിഞ്ഞപ്പോൾ ജോഷി എന്നെ വിളിച്ചു.
“തീവ്രവാദി ആക്രമമാണ്. രാജീവ് ഗാന്ധി തത്ക്ഷണം മരിച്ചു.”
രണ്ടുദിവസം മദ്രാസിൽ ബന്ദായിരുന്നു. മുറിക്ക് പുറത്തിറങ്ങാനാവാതെ രണ്ടുദിവസം ഞങ്ങൾ ഹോട്ടലിൽതന്നെ കഴിച്ചുകൂട്ടി.
ഒരാഴ്ച കഴിഞ്ഞപ്പോൾ ഇന്നത്തെ പ്രോഗ്രാം റിലീസ് ചെയ്തു. ഞങ്ങൾ പ്രതീക്ഷിച്ചതിനേക്കാൾ വലിയ വിജയമായിരുന്നു ഇന്നത്തെ പ്രോഗ്രാമിനെ തേടിയെത്തിയത്. ഇതോടെ രാധയുടെ അൺലക്കി ആർട്ടിസ്റ്റ് എന്ന പേരും മാറിക്കിട്ടി.
മലയാളത്തിലുള്ള അൺലക്ക് തമിഴിലും തെലുങ്കിലും രാധയ്ക്ക് ഉണ്ടായിരുന്നില്ല. അവിടെത്തെ ലക്കി സൂപ്പർസ്റ്റാറായിരുന്നു രാധ. മലയാളത്തേക്കാൾ കൂടുതലും അന്യഭാഷാ ചിത്രങ്ങളിലാണ് രാധ അഭിനയിച്ചതും.
തുടർന്ന് ഞാൻ തിരക്കഥ എഴുതിയ അനിൽബാബുവിന്റെ ഒരു ചിത്രത്തിനുവേണ്ടി രാധയെ വിളിച്ചെങ്കിലും തമിഴിലെ തിരക്കുമൂലം ഞങ്ങൾക്ക് കോൾഷീറ്റ് തരാനായില്ല.
1981-ൽ ഭാരതിരാജയുടെ ‘അലൈകൾ ഒയ് വതില്ലൈ’ എന്ന ചിത്രത്തിലൂടെയാണ് കൗമാരക്കാരിയായ ഒരു നാടൻപെൺകുട്ടിയുടെ വേഷമണിഞ്ഞുകൊണ്ട് വെള്ളിത്തിരയുടെ വെള്ളിവെളിച്ചത്തിലേക്ക് വരുന്നത്. കാർത്തിക്കായിരുന്നു നായകൻ. കാർത്തിക്കിന്റെയും രാധയുടെയും പ്രഥമ തമിഴ് ചിത്രമായിരുന്നത്. ഈ ചിത്രത്തിലൂടെയാണ് ഈ താരജോഡികൾ തമിഴ് സിനിമയുടെ പുതുവസന്തങ്ങളായി മാറിയത്. തമിഴ് സിനിമയിൽ പുതിയൊരു നവതരംഗം കുറിച്ച ചിത്രമായിരുന്നു അലൈകൾ ഒയ് വതില്ലൈ. ചിത്രം വലിയ വിജയ ചിത്രമായി മാറുകയും ചെയ്തു.
ഇതേപോലെതന്നെയായിരുന്നു ഭാരതിരാജയുടെ 1985ൽ പുറത്തിറങ്ങിയ ‘മുതൽ മര്യാദ’യും. തമിഴ് സിനിമാ ലോകത്ത് പുതിയ ഒരു കഥാപരിചരണരീതി കൊണ്ടുവന്ന ചിത്രമായിരുന്നു മുതൽ മര്യാദ.
യൗവ്വനാരംഭത്തിലേക്ക് കടന്ന നാട്ടിൻപുറത്തുകാരിയായ ഒരു പെൺകുട്ടിയും വളരെ പ്രായക്കൂടുതലുള്ള ഒരു ചിത്രകാരനും തമ്മിലുള്ള മാനസിക അടുപ്പവും അതേ തുടർന്നുണ്ടാകുന്ന നാടകീയ മുഹൂർത്തങ്ങളും അതിന്റെ പരിസമാപ്തിയുമാണ് മുതൽ മര്യാദയിലൂടെ ഭാരതി രാജ പറയുന്നത്. ഈ ചിത്രത്തിലും രാധയായിരുന്നു നായിക. അഭിനയചക്രവർത്തിയായ ശിവാജി ഗണേശനാണ് ചിത്രകാരനായി വേഷമിട്ടത്. പടം പുറത്തുവന്നപ്പോൾ കലാപരമായും കച്ചവടപരമായും വലിയ വിജയം നേടാനും കഴിഞ്ഞു.
തുടർന്ന് ഒത്തിരി തെലുങ്ക്, കന്നട ചിത്രങ്ങളും രാധയെ തേടി എത്തുകയുണ്ടായി. ഇപ്പോൾ സിനിമയെല്ലാം ഉപേക്ഷിച്ച് നല്ലൊരു കുടുംബജീവിതം നയിച്ചുവരികയാണ് രാധയെന്ന ഈ ‘വലിയ പെൺകുട്ടി’.
(തുടരും)
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Kaloor Dennis recalls Radha’s cinema days and the shock of Rajiv Gandhi’s assassination
Published: 09 May 2026, 11:11 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented