1982 ഒക്ടോബറിലാണ് ഞാൻ തിരക്കഥ എഴുതിയ 'ആ രാത്രി'യുടെ ഷൂട്ടിങ് തിരുവനന്തപുരത്ത് തുടങ്ങുന്നത്. പ്രേംനസീർ, മധു, സോമൻ തുടങ്ങിയവർ അഭിനയിച്ച മൾട്ടി സ്റ്റാർസ് ചിത്രങ്ങളായ 'രക്ത'വും 'കർത്തവ്യ'വും കഴിഞ്ഞ് ഞാനും ജോഷിയുംകൂടി ചെയ്ത മൂന്നാമത്തെ ചിത്രമാണ് 'ആ രാത്രി'. രക്തത്തിന്റെയും കർത്തവ്യത്തിന്റെയും വമ്പൻ വിജയം കണ്ട് ഇതേ സ്റ്റൈലിലുള്ള ഒരു മൾട്ടിസ്റ്റാർ ചിത്രം ഉടനെ ചെയ്യണമെന്നുള്ള ആഗ്രഹവുമായി എവർഷൈൻ പ്രൊഡക്ഷൻസിന്റെ സാരഥികൾ ഞങ്ങളെ കാണാൻ വന്നിരുന്നു. പക്ഷേ. കർത്തവ്യത്തിന്റെ ഷൂട്ടിങ് സമയത്തുതന്നെ ഞങ്ങൾ ജൂബിലിക്കുവേണ്ടി 'ആ രാത്രി' ചെയ്യാമെന്നുള്ള തീരുമാനത്തിൽ എത്തിച്ചേർന്നിരുന്നു.

To advertise here,

ഈ ചിത്രത്തിൽ നായകനായി ഞങ്ങൾ മനസ്സിൽ കണ്ടിരുന്നത് മമ്മൂട്ടിയെയാണ്. അന്ന് മമ്മൂട്ടി ഒത്തിരി സിനിമകളിൽ നായകനായും ഉപനായകനായുമൊക്കെ ഓടിനടന്ന് അഭിനയിച്ചുകൊണ്ടിരിക്കുന്ന സമയമാണ്. ഇതിൽ നസീർ സാറിനെയും മധു സാറിനെയും സോമനെയുമൊന്നും നായകനാക്കാനാവില്ല. അല്പം യുവത്വമുള്ള ഒരു കഥാപാത്രമാണ്. അന്ന് ഞങ്ങളുടെ സിനിമകളുടെ സ്ഥിരം പ്രൊഡക്ഷൻ കൺട്രോളറാണ് പി. ഷണ്മുഖം. വളരെ സമ്മതനും നേരായവഴിയിലൂടെ സഞ്ചരിക്കുന്ന ഒരു കൺട്രോളർ കക്ഷിയാണ് ഷണ്മുഖം. ഏത് ആർട്ടിസ്റ്റിനെ വേണമെന്ന് പറഞ്ഞാൽ എത്ര തിരക്കുള്ള നടനെയായാലും ഷണ്മുഖം പോയി തഞ്ചത്തിലും തരത്തിലും വേണ്ടിവന്നാൽ അല്പം ഭീഷണിയിലും ആളെ കൊണ്ടുവന്നുതരും. ജൂബിലി ജോയിയും ഷണ്മുഖവും കൂടി പോയാണ് മമ്മൂട്ടിയുടെ കോൾഷീറ്റ് വാങ്ങിയത്. ഇനി വേണ്ടത് നായികാവേഷം ചെയ്യാൻ പറ്റുന്ന അധികം കണ്ടുമുഷിയാത്ത ഒരു നടിയെയാണ്. ഫാസിലിന്റെ 'മഞ്ഞിൽ വിരിഞ്ഞ പൂക്കൾ' കണ്ടപ്പോൾ പൂർണിമാ ജയറാമിനെ എന്റെ ഏതെങ്കിലും ഒരു സിനിമയിൽ അഭിനിയിപ്പിക്കണമെന്ന് തോന്നിയതാണ്. ഇതിനിടയിൽ ഞങ്ങൾ പല നായികമാരെയും നോക്കിയെങ്കിലും ഒന്നും ശരിയായി വന്നില്ല. സമയമാകുമ്പോൾ ഞങ്ങളുടെ കഥാപാത്രത്തിന് ഇണങ്ങുന്ന ഒരു താരസ്വരൂപം വന്നുവീഴുമെന്നുള്ള പ്രതീക്ഷയിലായിരുന്നു ഞങ്ങൾ.
ആ രാത്രി കമിറ്റ് ചെയ്യുന്നതിനുമുൻപുതന്നെ പി.ചന്ദ്രകുമാറിന്റെ 'ആയുധം' എന്ന ചിത്രത്തിന്റെ തിരക്കഥ എഴുതാനുള്ള അഡ്വാൻസ് ഞാൻ വാങ്ങിയിരുന്നു. അന്നത്തെ പ്രശസ്ത നിർമ്മാതാവായ ആർ.എസ്.പ്രഭു മദ്രാസിൽനിന്നും നേരിട്ടുവന്നാണ് ആയുധത്തിന്റെ തിരക്കഥ എഴുതിത്തരണമെന്ന് എന്നോട് പറഞ്ഞത്. എനിക്ക് തിരക്കുണ്ടെങ്കിലും അദ്ദേഹത്തോട് ഉപേക്ഷ പറയാൻ എനിക്കായില്ല. ഞാൻ രണ്ടാഴ്ചയ്ക്കുള്ളിൽത്തന്നെ തിരക്കഥ എഴുതിക്കൊടുക്കുകയും ചെയ്തു.

ആർ.എസ്. പ്രഭു നിർമ്മിക്കുന്ന ചിത്രമായതുകൊണ്ട് 'ആയുധ'ത്തിന്റെ ഷൂട്ടിങ് മദ്രാസിലായിരുന്നു. എറണാകുളത്ത് 'ആ രാത്രി'യുടെ തിരക്കഥാ ജോലികൾ നടന്നുകൊണ്ടിരുന്നതുകൊണ്ട് ആയുധത്തിന്റെ പൂജയ്ക്കും സ്വിച്ച് ഓൺ കർമത്തിനുമൊന്നും എനിക്ക് മദ്രാസ്സിലേക്ക് പോകാനായില്ല. പിന്നെ ചിന്ദ്രകുമാറിന്റെ നിർബന്ധംകൂടി വന്നപ്പോഴാണ് ഷൂട്ടിങ് തീരുന്നതിന്റെ ഒരാഴ്ച മുൻപ് ഞാൻ മദ്രാസിലെത്തിയത്.

മദ്രാസ്സിലെ ഒരു ആഢംബര വീട്ടിലായിരുന്നു ഷൂട്ടിങ്. സുകുമാരനും പൂർണിമാ ജയറാമും തമ്മിലുള്ള ഒരു സീനാണ് ചന്ദ്രകുമാർ എടുത്തുകൊണ്ടിരുന്നത്. പൂർണിമ ഇതിലേക്ക് പെട്ടെന്ന് കയറിവന്ന ഒരു അതിഥി താരമായിരുന്നു. സുകുമാരനുമായി ചേർന്നുള്ള ഒരു പ്രണയഗാനവും നാലഞ്ച് സീനും മാത്രമേ പൂർണിമയ്ക്ക് ഇതിലുണ്ടായിരുന്നുള്ളൂ. 'മഞ്ഞിൽ വിരിഞ്ഞ പൂക്കളി'ലൂടെ ഏറ്റവും തിരക്കുള്ള താരമായി മാറിയ പൂർണിമാജയറാം എങ്ങനെയാണ് ഇത്ര ചെറിയ വേഷം ചെയ്യാനെത്തിയതെന്ന ചിന്തയായിരുന്നു എനിക്ക്.
സുകുമാരനാണ് പൂർണിമയെ എനിക്ക് പരിചയപ്പെടുത്തിയത്.
' പൂർണിമ കലൂർ ഡെന്നിസിനെ അറിയില്ലേ? ഈ ചിത്രത്തിന്റെ തിരക്കഥാകാരനാണ്.' പൂർണിമ അപരിചിത ഭാവത്തിൽ എന്നെ നോക്കിയപ്പോൾ സുകുമാരൻ വാചാലനായി.
' ജോഷിയുടെ മെഗാഹിറ്റായ രക്തത്തിന്റെയും കർത്തവ്യത്തിന്റെയും തിരക്കഥ എഴുതിയിരിക്കുന്നത് ഈ സാക്ഷാൽ ശ്രീമാനാണ്.'
സുകുമാരൻ അങ്ങനെയാണ്, ഒരാളോട് ഇഷ്ടം തോന്നിയാൽ പിന്നെ വാക്കുകൾക്ക് ഒട്ടും പിശുക്ക് കാണിക്കില്ല. അതങ്ങ് തുറന്നുവിടും. അതുപോലെ ഇഷ്ടമില്ലാത്തവർ ആരെങ്കിലും അറിയാതെ മുൻപിൽ വന്നുപെട്ടാൽ പിന്നെ ആ വശത്തേക്ക് മുഖം കൊടുക്കാതെ നാവിൻ തുമ്പിൽ പെട്ടെന്ന് മൗനം കയറ്റിവച്ച് ഒരു വടക്കുനോക്കിയന്ത്രംപോലെ ഇരിക്കും. സുകുമാരന് സിനിമയിൽ നന്നായിട്ട് അഭിനയിക്കാനറിയാമെങ്കിലും ജീവിതത്തിൽ ഒട്ടും അഭിനയിക്കാനറിയില്ല.

എന്നെക്കുറിച്ച് നല്ല മൊഴികൾ ഉരുവിടുന്നതുകേട്ട് പൂർണിമ തമിഴിലും തമിഴ് ചുവയുള്ള മലയാളത്തിലും ചില സംശയങ്ങൾ ചോദിക്കാൻ തുടങ്ങിയപ്പോൾ ഞാൻ സുകുമാരനെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു.
'ഞാൻ ഒരു ഫിലിം റൈറ്ററാകാൻ പ്രചോദനമായത് ഇദ്ദേഹത്തിന്റെ സിനിമയിലെ ഡയലോഗ് പ്രസന്റേഷൻ പോലെ എന്നോട് പറഞ്ഞ ഒരു വാചകമാണ്. ആർക്കും അറിയാത്ത ഒരു സത്യമാണത്.'
'അതെന്നാ'…
പൂർണിമയ്ക്കും അത് എന്താണെന്നറിയാനുള്ള ജിജ്ഞാസയായി.
' വളരെ വർഷങ്ങൾക്കുമുൻപ് 1977ൽ ഹൈദരാബാദിലെ ഐ.വി.ശശിയുടെ 'അംഗീകാര'ത്തിന്റെ ലൊക്കേഷനിൽ വച്ച് സുകുമാരൻ പറഞ്ഞ ആ വാചകങ്ങൾ ഇന്നലെ കഴിഞ്ഞതുപോലെ ഇന്നും എന്റെ മനസ്സിൽ മായാതെ നിൽപുണ്ട്.
' ഹാ, താൻ സസ്‌പെൻസ് നിർത്തി ഞാൻ എന്താണ് പറഞ്ഞതെന്ന് കേൾക്കട്ടെ.'
പൂർണിമയെപോലെ സുകുമാരനും അത് എന്താണെന്ന് അറിയാനുള്ള ആകാംക്ഷയായി.
' എടോ ഡെന്നിസേ, താൻ കഥയും സിനിമാ ലേഖനങ്ങളുമൊക്കെ എഴുതുന്നതല്ലേ? തന്റെ ചില ലേഖനങ്ങളൊക്കെ ഞാൻ വായിച്ചിട്ടുണ്ട്. മനസ്സുവെച്ചാൽ തനിക്ക് നല്ല തിരക്കഥകൾ എഴുതാൻ പറ്റും. ഇങ്ങനെ പറഞ്ഞത് സുകുമാരൻ ഓർക്കുന്നുണ്ടോ?'
' ങേ, ഇങ്ങനെ ഞാൻ പറഞ്ഞോ? വർഷങ്ങൾ പലതും പോയില്ലേ? ആര് ഓർക്കുന്നു ഇതൊക്കെ? ഏതായാലും എന്റെ വാചകം പൊന്നായില്ലേ?' എന്നു പറഞ്ഞുകൊണ്ട് ഒരു സുകുമാരൻ സ്റ്റൈൽ ചിരി പാസ്സാക്കി. പൂർണിമ ജയറാമിൽ ഞാൻ പറഞ്ഞ മലയാളത്തിന്റെ അർഥം പൂർണമായും മനസ്സിലായില്ലെങ്കിലും സുകുമാരന്റെ ചിരിയോടൊപ്പം പൂർണിമയും ചേർന്നുനിന്നു.
ഉച്ചവരെ സുകുമാരനും പൂർണിമയും തമ്മിലുള്ള കോമ്പിനേഷൻ സീനുകൾ എടുക്കുന്നതുകണ്ട് ഞാൻ ലോക്കേഷനിൽ തന്നെ നിന്നു.
പൂർണിമയുടെ അഭിനയം കണ്ടപ്പോൾ 'ആ രാത്രി'യിലെ നായികാവേഷത്തിന് ഇണങ്ങുന്ന ഒരു മുഖം പോലെയാണ് എനിക്ക് തോന്നിയത്. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ കണ്ടിറങ്ങിയപ്പോൾ എന്റെ ഏതെങ്കിലും ഒരു സിനിമയിൽ പൂർണിമയെ നായികയാക്കണമെന്ന് മനസ്സ് പറയുകയും ചെയ്തു.

ഞാൻ തിരിച്ച് എറണാകുളത്ത് ചെന്നപ്പോൾ ജോഷിയോട് പൂർണിമയുടെ കാര്യം പറഞ്ഞു. മഞ്ഞിൽ വിരിഞ്ഞ പൂക്കളിനുശേഷം പൂർണിമയുടെ പല ചിത്രങ്ങളും ജോഷി കണ്ടിട്ടുള്ളതുകൊണ്ട് അയാൾക്കും പൂർണിമയുടെ കാര്യത്തിൽ താല്പര്യക്കുറവൊന്നുമുണ്ടായിരുന്നില്ല.
അങ്ങനെയാണ് ആ രാത്രിയിലെ മമ്മൂട്ടിയുടെ നായികയായി പൂർണിമാ ജയറാം വരുന്നത്. കൂടാതെ സീമ, സോമൻ, രതീഷ്, രോഹിണി, ലാലു അലക്‌സ്, ജഗതി, മാള, സുകുമാരി, പ്രതാപ ചന്ദ്രൻ തുടങ്ങിയ ഒരു നീണ്ട താരനിരതന്നെ ഈ ചിത്രത്തിലുണ്ടായിരുന്നു.
ആ രാത്രിയുടെ ഷൂട്ടിങ് തുടങ്ങിയ ആദ്യ ദിവസം മുതൽ ഒരാഴ്ചക്കാലം ഞാൻ തിരുവനന്തപുരത്തെ ലൊക്കേഷനിൽ ഉണ്ടായിരുന്നു. ഞാനും ജോഷിയും മമ്മൂട്ടിയും പൂർണിമാജയറാമും എല്ലാവരും താമസിച്ചിരുന്നത് അവിടത്തെ ഗീത് ഹോട്ടലിലായിരുന്നു. വലിയൊരു ആഘോഷം പോലെയായിരുന്നു ആ രാത്രിയുടെ ഷൂട്ടിങ് മുന്നേറിയിരുന്നത്.
മദ്രാസിൽവച്ച് സുകുമാരൻ പറഞ്ഞ സ്തുതിമൊഴികൾ മനസ്സിലുണ്ടായിരുന്നതുകൊണ്ടായിരിക്കാം വളരെ സ്‌നേഹമസൃണമായ സംസാരവും പെരുമാറ്റവുമായിരുന്നു എന്നോട് പൂർണിമയ്ക്ക്.
ആ രാത്രി റിലീസായപ്പോൾ ഞങ്ങൾ ആരും പ്രതീക്ഷിക്കാത്ത ഒരു വൻവിജയമാണുണ്ടായത്. മമ്മൂട്ടി അന്നേവരെ അഭിനയിച്ചിട്ടുള്ള ചിത്രങ്ങളിൽ വച്ച് ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രം എന്ന ഖ്യാതി നേടാൻ ആ രാത്രിക്ക് കഴിഞ്ഞു. പൂർണിമാജയറാമിന്റെ ഇന്ദു എന്ന നായികാ കഥാപാത്രം സ്ത്രീജനങ്ങളുടെ മനസ്സിൽ വല്ലാത്തൊരു നൊമ്പരമുണ്ടാക്കിയ ഒരു വേഷമായിരുന്നു. ഈ ചിത്രത്തോടെയാണ് പൂർണിമ ബാലു മഹേന്ദ്രയുടെ ഓളങ്ങളിലും പി.ചന്ദ്രകുമാറിന്റെ ഞാൻ ഏകനാണ്, പി.ജി. വിശ്വംഭരന്റെ കേൾക്കാത്ത ശബ്ദം തുടങ്ങി വളരെയധികം മലയാള ചിത്രങ്ങളിലും തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി എന്നീ ഭാഷകളിലുമൊക്കെ അഭിനയിച്ചത്. കൈനിറയെ സിനിമകളാണ് പൂർണിമയ്ക്ക് വന്നുചേർന്നത്.

പിന്നീട് ഒന്നര വർഷം കഴിഞ്ഞാണ് ഞാൻ കഥ എഴുതിയ പി.ജി. വിശ്വംഭരൻ സംവിധാനം ചെയ്ത 'ഒന്നാണ് നമ്മളി'ലെ നായികയായി പൂർണിമ വരുന്നത്. ഇതിൽ മമ്മൂട്ടി, മോഹൻലാൽ, സീമ തുടങ്ങിയവരുമായിരുന്നു മറ്റ് താരങ്ങൾ. വർക്കലയിലായിരുന്നു ഇതിന്റെ ഷൂട്ടിങ് എന്നാണ് എന്റെ ഓർമ്മ.
ഒരുദിവസം ഞാൻ ഒന്നാണ് നമ്മളിന്റെ ലൊക്കേഷനിൽ ചെന്നപ്പോൾ മമ്മൂട്ടി, മോഹൻലാൽ, പൂർണിമ ജയറാം, സീമ തുടങ്ങി എല്ലാവരുമുണ്ടവിടെ. ഞാൻ മമ്മൂട്ടിയോടും മോഹൻലാലിനോടുമൊക്കെ സംസാരിച്ചുകൊണ്ട് നിൽക്കുമ്പോൾ പൂർണിമ തെല്ലുമാറി നിൽക്കുന്നുണ്ടായിരുന്നു. എന്നെ ആലുവാ മണപ്പുറത്തുവച്ച് കണ്ട പരിചയംപോലും കാണിക്കാതെ നിൽക്കുന്നതുകണ്ടപ്പോൾ മമ്മൂട്ടി എന്നോട് പറഞ്ഞു.
' എന്താടോ, തന്റെ കഥയിലെ നായിക തന്നെ കണ്ടിട്ട് ഒരു മൈൻഡും ചെയ്യാതെ നിൽക്കുന്നത്.'
' ചിലപ്പോൾ എന്നെ കണ്ടുകാണില്ലായിരിക്കും.'
അതുകേട്ട മാത്രയിൽ മമ്മൂട്ടി വേഗംതന്നെ പൂർണിമയെ വിളിച്ചുവരുത്തിയിട്ട് എന്റെ നേരെ നോക്കിയിട്ട് ചോദിച്ചു.
' പൂർണിമയ്ക്ക് ഈ കക്ഷിയെ അറിയില്ലേ?'
പൂർണിമ എന്നെ നന്നായിട്ട് ശ്രദ്ധിച്ചുകൊണ്ട് പതുക്കെ പറഞ്ഞു.

'ഞാൻ എവിടെയോ കണ്ടിട്ടുണ്ട്. പക്ഷേ, ആളെ ശരിക്ക് ഓർക്കുന്നില്ല.'
'അത് കൊള്ളാമല്ലോ, തിരക്കഥാകൃത്ത് കലൂർ ഡെന്നീസ് എന്നു കേട്ടിട്ടില്ലേ? ഇയാളുടെ രണ്ടുമൂന്ന് പടത്തിലെ നായികയല്ലേ നിങ്ങൾ?'
പെട്ടെന്ന് ഓർമ്മവന്നതുപോലെ ആ മുഖം തെളിഞ്ഞുവരുന്നതുകണ്ടു.
'അയ്യോ, സോറി സാർ, ആ രാത്രിയുടെ ലൊക്കേഷനിൽവച്ച് സാറിനെ കാണുമ്പോൾ സാറ് മുടി വളർത്തിയിരുന്നു. ഇപ്പോൾ സാറ് മുടി കട്ട് ചെയ്ത് ചിന്നപ്പയ്യനെപ്പോലിരിക്കുന്നതുകൊണ്ടാണ് എനിക്ക് മനസ്സിലാകാതിരുന്നത്. സോറി, ഒത്തിരിവട്ടം സോറി.'
അതുകേട്ട് എല്ലാവരും ചിരിച്ചു. ഒന്നാണ് നമ്മളും ഹിറ്റ് ചാർട്ടിൽ ഇടംനേടി. അതിനുശേഷം ഞങ്ങൾ തമ്മിൽ സിനിമ ഒന്നും ചെയ്യാനായില്ല. അധികം വൈകാതെ തന്നെ പൂർണിമാ ജയറാം തമിഴിലെ സംവിധായകപ്രതിഭ ഭാഗ്യരാജിനെ വിവാഹം കഴിച്ച് പൂർണിമാ ഭാഗ്യരാജായി മാറുകയും ചെയ്തു.
(തുടരും)

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi